Tue, 11/20/2012 - 01:23 ( 25 weeks 6 daysago)
ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യണം -ധോണി
(+)(-) Font Size
ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യണം -ധോണി

അഹ്മദാബാദ്: മൊടേറ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ സ്പിന്‍ ബൗളിങ്ങിനെ തുണക്കുന്ന വിക്കറ്റ് തയാറാക്കി ഇംഗ്ളണ്ടിനെതിരെ ഒമ്പതു വിക്കറ്റ് ജയം നേടിയിട്ടും പിച്ചിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അത്രകണ്ട് തൃപ്തിയില്ല. ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യുന്ന പിച്ചാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മത്സരശേഷം ധോണി വ്യക്തമാക്കുന്നു. മത്സരശേഷം ആതിഥേയ ക്യാപ്റ്റന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്
? മൊടേറയിലെ പിച്ചില്‍ സംതൃപ്തനാണോ.
സ്പിന്നര്‍മാര്‍ക്ക് മതിയായ ടേണും ബൗണ്‍സും ഈ പിച്ച് നല്‍കിയില്ല. അടുത്ത മത്സരങ്ങളില്‍ തുടക്കംമുതല്‍ നല്ല ടേണുള്ള വിക്കറ്റായിരിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗത്തില്‍ പന്ത് വെട്ടിത്തിരിയാന്‍ തുടങ്ങുകയാണെങ്കില്‍ ടോസിന് വലിയ പ്രാധാന്യമുണ്ടായിരിക്കില്ല.
? തുടക്കം മുതല്‍ ടേണ്‍ ചെയ്യുന്ന വിക്കറ്റ് മാച്ച് റഫറിമാരുടെ എതിര്‍പ്പിന് കാരണമാകില്ലേ.
പിച്ചില്‍ ടേണിങ് ഉള്ളതിന് മാച്ച് റഫറിമാര്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. വിക്കറ്റ് പേസ് ബൗളിങ്ങിനെ തുടക്കംമുതല്‍ തുണക്കുമ്പോള്‍ ആരെങ്കിലും ചോദ്യം ചെയ്യാറുണ്ടോ. വിക്കറ്റില്‍ ഉയര്‍ച്ചതാഴ്ചകളില്ലാതിരിക്കുകയും ഒരു പന്ത് തലക്കു കൊള്ളുമ്പോള്‍ അടുത്തത് കാല്‍പാദത്തിന് കൊള്ളുന്ന രീതിയിലുള്ള അപകടസ്വഭാവം ഇല്ലാതിരിക്കുകയുമാണ് വേണ്ടത്.
? ബൗളര്‍മാരുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു.
ജയത്തിനുവേണ്ടി ടീമിന് ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ഫോളോഓണ്‍ ചെയ്തശേഷം ഇംഗ്ളണ്ട് മികച്ച ചെറുത്തുനില്‍പ് കാഴ്ചവെച്ചു. രണ്ടര ദിവസത്തോളം തുടരെ ടീമിന് ഫീല്‍ഡ് ചെയ്യേണ്ടിവന്നു. ബൗളര്‍മാര്‍ക്ക് വളരെ ജാഗ്രതയോടെ പന്തെറിയേണ്ടതുണ്ടായിരുന്നു. പ്രഗ്യാന്‍ ഓജ 80 ഓവറിനടുത്തും അശ്വിന്‍ 72 ഓവറും ബൗള്‍ ചെയ്തു. ഫാസ്റ്റ് ബൗളര്‍മാര്‍ അവര്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

മത്സരത്തിലെ നിര്‍ണായക മുഹൂര്‍ത്തം ഏതായിരുന്നു?
രണ്ടാം ദിവസത്തെ അവസാന സെഷനും മൂന്നാം ദിവസത്തെ ആദ്യ സെഷനുമാണ് മത്സരത്തില്‍ നിര്‍ണായകമായത്. നമുക്ക് അനുകൂലമായി മത്സരം ഗതിമാറിയത് ഈ വേളയിലായിരുന്നു. ഇംഗ്ളണ്ടിന്‍െറ ഒന്നാമിന്നിങ്സ് കുറഞ്ഞ സ്കോറിലൊതുക്കാന്‍ കഴിഞ്ഞത് തുണയായി.

ഈ ട്രാക്കില്‍ പേസ് ബൗളര്‍മാരുടെ പ്രകടനം വിലയിരുത്താമോ?
നമ്മുടെ ഫാസ്റ്റ് ബൗളര്‍മാര്‍ പ്രശംസനീയമായ രീതിയിലാണ് പന്തെറിഞ്ഞത്.  സഹീര്‍ഖാന്‍ ഏറെ പരിശ്രമിച്ചു. ഉമേഷാകട്ടെ, പ്രകടനം മെച്ചപ്പെടുത്തിയതിനൊപ്പം വേഗത്തില്‍ പന്തെറിയുകയും ചെയ്യുന്നു. ഫാസ്റ്റ് ബൗളര്‍മാരുടെ സംഭാവന മത്സരത്തില്‍ സുപ്രധാനമായിരുന്നു. ആവശ്യമായ സമയത്ത് അവര്‍ ടീമിന് ബ്രേക്ക്ത്രൂ നല്‍കി. പേസ് ബൗളര്‍മാരെ തുണക്കാത്ത വിക്കറ്റായിരുന്നിട്ടും അവര്‍ ആറ് വിക്കറ്റുകള്‍ നേടി.

ഒരു സ്പിന്നറെ മാത്രം കളിപ്പിച്ചത് ഇംഗ്ളണ്ടിന് തിരിച്ചടിയായില്ലേ?
മൂന്ന് പേസര്‍മാരുമായി കളിക്കാനിറങ്ങിയ അവരുടെ തീരുമാനം  ശരിയായിരുന്നു.  പേസ് ബൗളിങ്ങാണ് അവരുടെ ശക്തി.  മികച്ച ബൗളിങ് അറ്റാക്കാണ് അവരുടേത്. അവരുടെ മോശം ദിനമായിരുന്നു മൊടേറയിലെന്ന് വേണമെങ്കില്‍ പറയാം.  പ്രതിഭാധനരായ കളിക്കാരാണ് അവരുടേത്.  സ്വാന്‍ ലോകത്തിലെ മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളാണ്.

കളിയിലെ കേമനായ ചേതേശ്വര്‍ പുജാരയെക്കുറിച്ച്?
വളരെ ശാന്തനായ കളിക്കാരനാണവന്‍.  തന്‍െറ റോള്‍ എന്താണെന്ന് അവന് നന്നായറിയാം. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നുവെന്നതാണ് വളരെ പ്രധാനം.  200 റണ്‍സ് സ്കോര്‍ ചെയ്ത ശേഷം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ അവന്‍ മടിയൊന്നും കാട്ടിയില്ല. ക്ഷീണമുണ്ടെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കില്‍ അവന് ഒഴിഞ്ഞുമാറാമായിരുന്നു.  പക്ഷേ, അവനതിന് മുതിര്‍ന്നില്ല.  വലിയ ഇന്നിങ്സുകള്‍ കളിക്കാനുള്ള മനസ്സാന്നിധ്യമുണ്ടെന്ന് മൊടേറയില്‍ അവന്‍ തെളിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus