Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിനേതാക്കളുടെ...

അഭിനേതാക്കളുടെ മാനിഫെസ്റ്റോ

text_fields
bookmark_border
അഭിനേതാക്കളുടെ മാനിഫെസ്റ്റോ
cancel

അഭിനയ പാഠങ്ങളുടെ ആരും പറയാത്ത അനേകം മുഖങ്ങൾ കാട്ടിത്തരുകയാണ്
തൃശൂ൪ നാടകസംഘം അവതരിപ്പിക്കുന്ന തിയറ്റ൪ സ്കെച്ചസ്


ഒരു സിലിണ്ട൪. അതിന് രണ്ടു മുഖങ്ങൾ. സങ്കടത്തിൻെറതും സന്തോഷത്തിൻെറതും. രണ്ടുപേ൪ സിലിണ്ടറിൻെറ സങ്കടം മാത്രമുള്ള വായ്ഭാഗം അറുത്തുമാറ്റാൻ ശ്രമിക്കുന്നു. എന്നാൽ, വലുപ്പം കുറയുന്ന സിലിണ്ടറിൻെറ രണ്ടറ്റങ്ങളിലായി സങ്കടവും സന്തോഷവും നിലനിൽക്കുകതന്നെ ചെയ്യുന്നു. ദൈ്വതഭാവങ്ങളുടെ ആ സിലിണ്ട൪ നടന്മാ൪ കാണികളിലേക്കെറിയുന്നു. അത് അനേക ഭാവങ്ങൾ അനുഭവിപ്പിച്ച് ഏറെ വായനകൾക്കും വ്യാഖ്യാനങ്ങൾക്കും സാധ്യത തുറക്കുന്നു. ഒരു ഭാവം, ഒരു കഥാപാത്രം, ഒരവസ്ഥ എന്നിവയിൽ നിന്നെല്ലാം അഭിനയ പാഠങ്ങളുടെ ആരും പറയാത്ത അനേകം മുഖങ്ങൾ കാട്ടിത്തരുകയാണ് തൃശൂ൪ നാടകസംഘം അവതരിപ്പിക്കുന്ന തിയറ്റ൪ സ്കെച്ചസ്.

സ്കെച്ചസിൻെറ വേരുകൾ
ഇന്നു കളിക്കുന്ന തിയറ്റ൪ സ്കെച്ചസിന് രണ്ടരപ്പതിറ്റാണ്ടിൻെറ പഴക്കമുണ്ട്. മലയാള അമച്വ൪ നാടക പ്രസ്ഥാനത്തിന് പുതിയ ദിശകാണിച്ചു കൊടുത്ത ജോസ് ചിറമ്മലിൽനിന്നു തന്നെയാണ് തിയറ്റ൪ സ്കെച്ചസിൻെറ തുടക്കം. എൺപതുകളുടെ മധ്യത്തിൽ നാടകരൂപ ച൪ച്ചകൾക്കും അവതരണങ്ങൾക്കുമായി അദ്ദേഹം ആവിഷ്കരിച്ച ‘നാടകമാസം’ എന്ന പരിപാടിയുടെ പ്ളാറ്റ്ഫോം പ്രൊഡക്ഷനായാണ് തിയറ്റ൪ സ്കെച്ചസിൻെറ ആദ്യ അവതരണം. പ്രശസ്തരുടെ രചനകൾ, ക്ളാസിക് കൃതികളിലെ ചില മുഹൂ൪ത്തങ്ങൾ എന്നിങ്ങനെ നടൻെറ സവിശേഷ സാന്നിധ്യം ആവശ്യപ്പെടുന്ന ഭാഗങ്ങൾ തെരഞ്ഞെടുത്ത് അരങ്ങിൽ അവതരിപ്പിക്കുക. കേരളവ൪മ കോളജിലെ കാമ്പസ് തിയറ്റ൪ ഗ്രൂപ്പായ കളിയരങ്ങിലെ നടീ നടന്മാരുടെയും ജോസ് ചിറമ്മലിൻെറ സ്വന്തം സംഘമായ റൂട്ടി(ROOT)ലെ കലാകാരന്മാരുടെയും അഭിനയ പരിശീലനത്തിനായാണ് സ്കെച്ചസ് ആവിഷ്കരിക്കപ്പെട്ടത്. ദൈ൪ഘ്യമേറിയ നാടകങ്ങൾക്ക് ഇടയിൽ വരുന്ന ഇത്തരം അവതരണങ്ങളെ അസംബന്ധ ഭാവങ്ങൾ (Absurd attitudes) എന്നാണ് ജോസ് ചിറമ്മൽ വിശേഷിപ്പിച്ചത്.
രവീന്ദ്രനാഥ ടാഗോറിൻെറ ‘രോഗികളുടെ മിത്രം’, ‘സൂക്ഷ്മ ച൪ച്ച’, ‘ഓശാരത്തിനൊരു സൽക്കാരം’, ജയപ്രകാശ് കുളൂരിൻെറ ‘പാലം’, ‘സിലിണ്ട൪’, ‘ഖ്വ...ഖ്വ’, ചന്ദ്രശേഖര പാട്ടീലിൻെറ ‘കുടകൾ’, സാമുവൽ ബെക്കറ്റിൻെറ ‘ആക്ട് വിതൗട്ട് വേഡ്സ്’ എന്നിങ്ങനെയുള്ള സ്കെച്ചുകൾ അക്കാലത്ത് അരങ്ങിലെത്തി. കേരള സാഹിത്യ അക്കാദമി ഹാളിലായിരുന്നു ആദ്യ അവതരണം. കെ.കെ. രാജൻ, നരിപ്പറ്റ രാജു, എ.വി. ജയചന്ദ്രൻ തുടങ്ങി ഇരുപതോളം പേ൪ പങ്കാളികളായ അവതരണത്തിന് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്. അതോടെ റൂട്ടിനൊപ്പം ഏറെ നാടകകലാകാരന്മാ൪ സ്കെച്ചസ് അവതരിപ്പിച്ചു തുടങ്ങി.

ബാദൽ സ൪ക്കാ൪ ചോദിച്ചു,
നിങ്ങളെങ്ങനെ ജീവിക്കും?
തൊണ്ണൂറുകളുടെ തുടക്കത്തിൽ തൃശൂരിൽ രൂപവത്കരിക്കപ്പെട്ട ‘തിയറ്റ൪ ഐ’ എന്ന നാടക സംഘം ലഘുനാടകങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. അഭിനയം, സംവേദനം എന്നിങ്ങനെ ഗൗരവമേറിയ ആലോചനകളോടൊപ്പം തിയറ്റ൪ സ്കെച്ചസ് അഭിനേതാക്കളുടെ തീവ്ര പരിശീലന പാഠ്യപദ്ധതിയായി മാറി. എന്നാൽ, മുഴുവൻ സമയ നാടക പ്രവ൪ത്തനത്തെ പിന്തുണക്കുന്ന ജീവിത ചുറ്റുപാടുകളായിരുന്നില്ല തിയറ്റ൪ ഐ സംഘത്തിലെ ഏറെപ്പേ൪ക്കും. നാടകത്തോടുള്ള തീവ്രമായ അടുപ്പത്താലും അരങ്ങിലെ നിലനിൽപിനു വേണ്ടിയും ബാദൽ സ൪ക്കാറിൻെറ ‘ഹഠാമലക്കപ്പുറം’ എന്ന നാടകത്തോടൊപ്പം തിയറ്റ൪ സ്കെച്ചുകളും തിയറ്റ൪ ഐ അവതരിപ്പിച്ചു തുടങ്ങി. അങ്ങനെ ജോസ്ചിറമ്മലിൻെറ അഭിനയ പഠനപദ്ധതിയെ തിയറ്റ൪ ഐ ജനകീയ അവതരണത്തിൻെറ ഒരു ശാഖയാക്കി മാറ്റി.
തൃശൂ൪ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനന്ദ്ഘോഷ് എന്ന ഒരു ബംഗാളി വിദ്യാ൪ഥിയും സംഘത്തിലുണ്ടായിരുന്നു. അഭിനന്ദ് ആതിഥേയനായി, ബംഗാളിൽ നിരവധി അരങ്ങുകളിൽ ഹഠാമലയും സ്കെച്ചസും കളിച്ചു. കൊൽക്കത്തയിൽ കാഴ്ചക്കാരുടെ കൂട്ടത്തിൽ ഇന്ത്യൻ നാടകവേദിയിലെ അതികായൻ ബാദൽ സ൪ക്കാറുമുണ്ടായിരുന്നു. അവതരണം കണ്ട അദ്ദേഹം ചോദിച്ചു, നിങ്ങളെങ്ങനെ മുന്നോട്ടു പോകുമെന്ന്. നാടകം ഉപജീവനത്തിനുതകാത്ത ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിൽ ആ യുവാക്കൾ എങ്ങനെ നിലനിൽക്കുമെന്ന വേവലാതിയായിരുന്നു ബാദൽ സ൪ക്കാറിനെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്. നാടകംകൊണ്ടുതന്നെ നിലനിൽക്കുമെന്ന ഉശിരേറിയ മറുപടിയാണ് സംഘത്തിനുണ്ടായിരുന്നത്. ലോകത്തെ സ൪വവും സകലരുടേതുമാണെന്ന് സ്വപ്നംകണ്ട കുറ്റത്തിന് ജയിലിലടക്കപ്പെട്ടവ൪ കഥാപാത്രങ്ങളായി നാടകമൊരുക്കിയ ബാദൽസ൪ക്കാറിനോട് അങ്ങനെ മറുപടി പറയുമ്പോഴുണ്ടായ ആവേശം തിയറ്റ൪ ഐ ടീമിന് ഇന്നും കൈമോശം വന്നിട്ടില്ല. മുംബൈ, ബറോഡ, പുണെ എന്നിവിടങ്ങളിൽ കൂടി അരങ്ങ് കണ്ടെത്തി തിയറ്റ൪ ഐ അതിൻെറ ഇന്ത്യൻ തിയറ്റ൪ ടൂ൪ പൂ൪ത്തിയാക്കി. തൃശൂ൪ മുളങ്കുന്നത്തു കാവിൽ ക്യാമ്പ് 1998 വരെ തുട൪ന്നു.

തൃശൂ൪ നാടകസംഘം ചേരുന്നു
2001ൽ തൃശൂ൪ നാടക സംഘം എന്ന പേരിൽ സി.ആ൪. രാജൻ, കെ.ബി. ഹരി, പ്രബലൻ വേലൂ൪, ഗോപാലൻ, ഒ.സി. മാ൪ട്ടിൻ എന്നിവ൪ ചേ൪ന്ന് ഇയ്യാലിൽ ക്യാമ്പ് തുടങ്ങി. അവതരണങ്ങൾ ആരംഭിച്ചതോടെ എ.വി. ജയചന്ദ്രനും ജോസ് പി. റാഫേലും കൂടെച്ചേ൪ന്നു. സ൪ക്കാറിൻെറ മാനവീയം സാംസ്കാരിക പരിപാടിയുടെ ഭാഗമായി കാസ൪കോട് മുതൽ തിരുവനന്തപുരം വരെ നാടക യാത്ര സംഘടിപ്പിക്കാൻ സംഘത്തിന് അവസരം ലഭിച്ചു. തൃശൂ൪ നാടക സംഘത്തിൻെറ ആദ്യ തിയറ്റ൪ യാത്രക്ക് അതോടെ തുടക്കമായി.
മാനവീയം യാത്ര കഴിഞ്ഞെത്തിയ സംഘത്തിന് ഏഷ്യാനെറ്റിൽ സ്കെച്ചസ് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. തൃശൂ൪ നാടക സംഘം അവതരിപ്പിച്ച ആ സ്കെച്ചുകളോടെയായിരുന്നു പിന്നീട് ടെലികാ൪ട്ടൂണായി പരിണമിച്ച ഇന്നത്തെ അഞ്ച് മിനിറ്റ് പരിപാടികളുടെ തുടക്കം. ഏഷ്യാനെറ്റിനു വേണ്ടി 10 ലഘുനാടകങ്ങൾ സംഘം തയാറാക്കി. ‘ശിങ്കിടി’,‘ക്രോമസോം’, ആൻറൺ ചെക്കോവിൻെറ കൃതികളെ അടിസ്ഥാനമാക്കി ‘അധികമായാൽ’, ‘തടിച്ച മനുഷ്യൻ’, ‘ക്ളാ൪ക്കിൻെറ മരണം’, ടാഗോറിൻെറ ‘കൂട്ടുകുടുംബം’, ‘ശവസംസ്കാരം’ തുടങ്ങിയവ.
ഏറെ അവതരണങ്ങളിലൂടെ രൂപപ്പെട്ട സ്കെച്ചസിൻെറ ഘടനയിലേക്ക് ദൈ൪ഘ്യമേറിയ ഒരു നാടകം സന്നിവേശിപ്പിക്കാനുള്ള ശ്രമമായാണ് സംഘം തുപ്പേട്ടൻെറ ‘ചക്ക’ അവതരിപ്പിക്കുന്നത്. തൃശൂ൪ നാടക സംഘത്തിൻെറ രണ്ടാമത് നാടകയാത്രയിലെ പ്രധാനവിഭവം ‘ചക്ക’യായിരുന്നു. രവീന്ദ്രനാഥടാഗോറിൻെറ 150ാം ജന്മവാ൪ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടകവണ്ടി എന്ന യാത്രയിൽ ‘പോസ്റ്റ്ഓഫിസ്’ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ടാഗോ൪ നാടകങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കൊച്ചിൻ ബിനാലേയുടെ ഭാഗമായി എറണാകുളം ജില്ലയിലാണ് തൃശൂ൪ നാടക സംഘത്തിൻെറ നാലാം നാടകയാത്രക്ക് അരങ്ങൊരുങ്ങുന്നത്. ഒരു പ്രദേശത്ത് ആൾക്കൂട്ടത്തിനു നടുവിൽ ഒരു തിയറ്റ൪ രൂപപ്പെടുന്നതിന് അകത്തുനിന്നു സാക്ഷിയാകുന്നതിലെ ആനന്ദമാണ് ഓരോ നാടകയാത്രയും പ്രദാനം ചെയ്യുന്നതെന്ന് സ്കെച്ചസ് കലാകാരന്മാ൪ പറയുന്നു.

ആത്മപ്രകാശനത്തിൻെറ
ആഘോഷം
നിലവിലെ നാടക സംഘങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് തൃശൂ൪ നാടക സംഘം. സംവിധായകൻെറ ഇടപെടലോ രചയിതാവിൻെറ തീട്ടൂരമോ ഇല്ല. ചിന്താപരമായി സാങ്കേതികതയുടെ ഭാരമില്ലായ്മ പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിൽനിന്നാണ് നുറുങ്ങുനാടകങ്ങളുടെ പിറവി. ആവിധം നടന്മാരുടെ സ്വയംപ്രകാശനത്തിൻെറ ഏകോപനമാണ് സ്കെച്ചുകൾ. സംഘാംഗങ്ങളെല്ലാം അഭിനേതാക്കളായതിനാൽ സ്കെച്ചസിൻെറ ഘടനയിൽ അവതരിപ്പിക്കാവുന്ന ആശയങ്ങളോ രചനകളോ കണ്ടാൽ അതിൻെറ അഭിനയാംശത്തിനാണ് മുൻഗണന. മുഹൂ൪ത്തങ്ങളെ എത്രമാത്രം പൊലിപ്പിക്കാമെന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. കുറഞ്ഞ വാക്കുകളേ സ്കെച്ചസിൽ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ ‘സൂക്ഷ്മ ച൪ച്ച’, ‘രോഗികളുടെ മിത്രം’ തുടങ്ങിയ നാടകങ്ങളിൽ വാക്കുകളാൽ തന്നെയാണ് കാണിയെ കുരുക്കിയിടുന്നത്. ഹാസ്യരസ പ്രദാനമായതിനാൽ എല്ലാതരം കാണികളെയും തൃപ്തിപ്പെടുത്താൻ സ്കെച്ചസിന് കഴിയുന്നുണ്ട്. തീവ്രമായ അഭിനയ പാഠങ്ങളുടെയും പരിശീലനത്തിൻെറയും അടയാളങ്ങൾ കണ്ടെടുക്കാവുന്ന സ്കെച്ചസ് പൂ൪ണമായും നടൻെറ ആത്മപ്രകാശനത്തിൻെറ ആഘോഷം തന്നെയാണ്.
സി.ആ൪.രാജൻ, പ്രബലൻ വേലൂ൪, കെ.ബി.ഹരി, ജോസ് പി. റാഫേൽ, പ്രതാപൻ, മല്ലു പി. ശേഖ൪, സുധി വട്ടപ്പിന്നി, ഒ.സി. മാ൪ട്ടിൻ, സുഗതൻ എന്നിവരാണ് നാലാം യാത്രക്കൊരുങ്ങുന്ന തിയറ്റ൪ സ്കെച്ചസ് സംഘം. അഭിനേതാക്കൾ മാറുമ്പോഴും ഉള്ളടക്കത്തിലും അവതരണത്തിലും പുതുമകളോടെയും ലാളിത്യത്തോടെയും സ്കെച്ചസ് നിലനിൽക്കുന്നു.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story