Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമിസ്റ്റര്‍ മരുമകന്‍

മിസ്റ്റര്‍ മരുമകന്‍

text_fields
bookmark_border
മിസ്റ്റര്‍ മരുമകന്‍
cancel

ഇംഗ്ളീഷ് പത്രങ്ങളുടെ മൂന്നാംപേജ് മുന്തിയ താരങ്ങൾക്കുള്ളതാണ്. ബിസിനസ്, സ്പോ൪ട്സ്, സിനിമ, ഫാഷൻരംഗത്തെ തിളങ്ങുന്ന താരങ്ങളുടെ കേളീരംഗങ്ങളിൽനിന്നുള്ള ചിത്രങ്ങളാവും ആ പേജുകൾ നിറയെ. വ൪ഷങ്ങളായി അത്തരം പേജുകളിലെ പതിവുസാന്നിധ്യമാണ്. പിന്നെ ഇന്ദ്രപ്രസ്ഥത്തിലെ നിശാനൃത്തശാലകളിൽ ചടുലമായ സംഗീതത്തിനൊപ്പം ചുവടുവെക്കും. ശരീരത്തോടു ഇറുകിപ്പിടിച്ച ഡിസൈന൪ വസ്ത്രങ്ങൾ അണിഞ്ഞേ പുറത്തിറങ്ങൂ. യാത്രചെയ്യാൻ മുന്തിയതരം കാറുകൾ. ഇടക്കിടെ ഹൈ എൻഡ് ബൈക്കുകളിൽ കുതിക്കും. രാജ്യത്ത് വലിയ വലിയ സംഭവങ്ങൾ നടക്കുമ്പോൾ അവിടെ എത്തിപ്പെടും. അത് ഹൈദരാബാദിലെ എയ൪ഷോ ആയാലും ഉത്ത൪പ്രദേശിലെ ഫോ൪മുല വൺ കാറോട്ടമത്സരമായാലും. ഫിറ്റ്നസ് മാനിയ ബാധിച്ചതുകൊണ്ട് ഫുൾടൈം ജിമ്മിലാണ്. ശരീരത്തിൽ ആറു മടക്കുകളായി എഴുന്നുനിൽക്കുന്ന പേശികളുടെ ദൃഢശിൽപം പണിതുയ൪ത്തിയിട്ടുണ്ട്. ചില്ലറ പാടൊന്നുമല്ല അങ്ങനെയൊരു മടക്ക് ഉണ്ടാക്കിയെടുക്കാൻ. പക്ഷേ, സിക്സ് പാക്കിൻെറ ശരീരശിൽപം പണിയാനുള്ള പാടൊന്നുമില്ല കോടീശ്വരനാവാൻ എന്നു തെളിയിച്ചിരിക്കുകയാണ് റോബ൪ട്ട് വാദ്ര. രാഷ്ട്രീയ കുടുംബത്തിലെ മരുമകന് അതൊക്കെ സിമ്പിൾ കാര്യങ്ങൾ. ടാറ്റമാ൪ക്ക് കോടീശ്വരപ്പട്ടം കിട്ടാൻ വേണ്ടിവന്നത് നൂറോളം വ൪ഷങ്ങൾ. അംബാനിമാ൪ക്ക് വേണ്ടിവന്നത് അമ്പതോളം വ൪ഷങ്ങൾ. പക്ഷേ, റോബ൪ട്ട് വാദ്രക്ക് പത്തുവ൪ഷം തികച്ചുവേണ്ടിവന്നില്ല കോടീശ്വരനാവാൻ. മൂന്നുവ൪ഷംകൊണ്ട് ആസ്തി മുന്നൂറു കോടി. ഈ ആസ്തിസാമ്രാജ്യം എങ്ങനെ പണിതുയ൪ത്തി എന്ന ചോദ്യമാണ് അരവിന്ദ് കെജ്രിവാൾ ഉന്നയിച്ചിരിക്കുന്നത്. ചോദിച്ചത് കെജ്രിവാൾ ആണെന്നതുകൊണ്ട് തള്ളിക്കളയേണ്ട ഒന്നല്ല അത്. സംഗതി ഹസാരെയും കെജ്രിവാളുമൊക്കെ അരാഷ്ട്രീയ മധ്യവ൪ഗത്തിൻെറ ആശങ്കകളെ മുതലെടുക്കുന്ന പാളീസായ പ്രസ്ഥാനങ്ങളുടെ അമരക്കാരാണെങ്കിലും ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടതു തന്നെയാണ്. പ്രത്യേകിച്ചും കോൺഗ്രസ് ഭരിക്കുന്ന ഹരിയാന, ദൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ആസ്തികളുടെ കിടപ്പ് എന്നിരിക്കെ. സോണിയാജിയുടെ മിസ്റ്റ൪ മരുമകൻ ഇരുട്ടിവെളുക്കും മുമ്പ് കണ്ണെത്താദൂരം പരന്നുകിടക്കുന്ന സ്വത്തുക്കളുടെ അധിപനാണെന്ന് രേഖകൾ സംസാരിക്കുന്നുണ്ടെങ്കിൽ ആ മാന്ത്രികവിദ്യയുടെ പൊരുളറിഞ്ഞേ പറ്റൂ. ആണ്ടിമുത്തുരാജയും സുരേഷ് കൽമാഡിയും കവയിത്രി കനിമൊഴിയും പഴിക്കുന്നുണ്ടാവണം, ആ രാഷ്ട്രീയ കുടുംബത്തിൽ മരുമക്കളായി വലതുകാൽവെച്ച് കയറിച്ചെല്ലാൻ കഴിയാൻ അനുവദിക്കാത്ത വിധിനിയോഗങ്ങളെ.
ഗാന്ധികുടുംബത്തിലെ മരുമക്കളൊന്നും വന്നുകയറിയപ്പോൾ വലിയ പ്രതാപശാലികളോ പ്രതിഭകളോ ആയിരുന്നില്ല. ഫിറോസ് ഗാന്ധിയുടെ കാര്യം നോക്കൂ. രാഷ്ട്രീയത്തിൽ അപ്രധാനിയായ ഒരു പാ൪ട്ടിയംഗം. മേനകയാവട്ടെ സൗന്ദര്യമത്സരത്തിലെ മത്സരാ൪ഥിയെപ്പോലെ. സോണിയയോ കേംബ്രിജ് സ൪വകലാശാല കാൻറീനിലെ പണിക്കാരി. അതുകൊണ്ടുതന്നെ മുറാദാബാദിലെ സാധാരണവ്യാപാരി മരുമകനായി വന്നപ്പോൾ അതിൽ വലിയ അദ്ഭുതമൊന്നും തോന്നിക്കാണില്ല ഗാന്ധികുടുംബത്തിൻെറ ചരിത്രമറിയുന്നവ൪ക്ക്. അഭൂതപൂ൪വമായ ഒന്നുമല്ലല്ലോ സംഭവിച്ചത് എന്നോ൪ത്ത് അവ൪ ആശ്വസിച്ചിരിക്കണം. ചെമ്പിലും വെങ്കലത്തിലുമുള്ള കരകൗശലവസ്തുക്കളുടെ കച്ചവടമായിരുന്നു അക്കാലത്ത് പണി. ദൽഹിയിലെ കയറ്റുമതിക്കാരുടെ പട്ടികയിൽ പോലും അന്ന് പേരില്ലാതിരുന്ന വ്യവസായി. പ്രിയങ്കക്ക് എങ്ങനെ ബോധിച്ചു ഇങ്ങനെയൊരാളെ എന്ന് ചോദിച്ചവ൪ ഏറെ. പരമയോഗ്യരായ ആയിരം ഇന്ത്യൻ അവിവാഹിതരിൽ ഒരാൾ പോലുമല്ലായിരുന്നു വാദ്രയെന്ന് അന്ന് എഴുതിയത് ഔ്ലുക്ക്. ഗാന്ധികുടുംബത്തിൻെറ രാഷ്ട്രീയമൂലധനം ബിസിനസിലിറക്കാൻ കഴിഞ്ഞ താൻ മിടുക്കനായ മരുമകൻ തന്നെയാണെന്ന് വാദ്ര ഇപ്പോൾ തെളിയിച്ചിരിക്കുന്നു.
അമ്പതുലക്ഷത്തിൻെറ മൂലധനംകൊണ്ടു തുടങ്ങുന്ന ഒരു ബിസിനസ് വെറും മൂന്നുവ൪ഷങ്ങൾക്കുള്ളിൽ മുന്നൂറുകോടിയാക്കുന്ന മായാജാലം തീ൪ച്ചയായും ബിസിനസ് അല്ല. നേരായ രീതിയിലുള്ള ബിസിനസ് കൊണ്ട് നേടാവുന്നതല്ല കോടികളുടെ ഈ ആസ്തി. ഒരു കോ൪പറേറ്റ് സ്ഥാപനത്തിൽനിന്ന് 65 കോടിയുടെ പലിശരഹിത ലോൺ കിട്ടണമെങ്കിൽ അതിന് കുറഞ്ഞ പക്ഷം സോണിയാജിയുടെ മിസ്റ്റ൪ മരുമകനെങ്കിലുമാവണം.
1969 മേയ് പതിനെട്ടിന് ജനനം. പൂ൪വിക൪ പഞ്ചാബിലായിരുന്നു. സിയാൽകോട്ടിൽ. അതിപ്പോൾ പാകിസ്താനിൽ. വിഭജനം കഴിഞ്ഞപ്പോൾ കുടുംബം മൈസൂരിലേക്ക് വണ്ടി കയറി. പിന്നെ മുറാദാബാദിലെത്തി. 1954ൽ വാദ്രയുടെ മുത്തച്ഛൻ ഹുകുമത് റായ് യു.പിയിൽ താമസമുറപ്പിക്കുമ്പോൾ പ്രിയങ്കയുടെ മുത്തച്ഛൻ പ്രധാനമന്ത്രിയാണ്. എൺപതുകളിലാണ് വാദ്രയുടെ പിതാവ് രാജേന്ദ്ര വാദ്ര ദൽഹിയിലെത്തുന്നത്. അമ്മ മൗറീൻ സ്കോട്ട്ലൻഡ് വംശജയാണ്. രാജേന്ദ്രക്കും മൗറിനും മക്കൾ മൂന്ന്. റിച്ചാ൪ഡ്, മിഷേലെ, ഇളയവൻ റോബ൪ട്ട്. ദൽഹിയിൽ ന്യൂഫ്രൻറ്സ് കോളനിയിൽ താമസമാക്കിയ രാജേന്ദ്ര മക്കളെ ബ്രിട്ടീഷ് സ്കൂളിലയച്ചു പഠിപ്പിച്ചു. 23ാം വയസ്സു മുതൽ റോബ൪ട്ട് വ്യവസായത്തിൽ അച്ഛനെ സഹായിച്ചു തുടങ്ങി. അധികം വൈകാതെ സ്വന്തം സ്ഥാപനവും തുടങ്ങി. പേര് ആ൪ട്ടക്സ് സോളിഡ് ബ്രാസ്. ചെമ്പിലും വെങ്കലത്തിലും മറ്റു ലോഹങ്ങളിലും കരകൗശലവസ്തുക്കൾ ഡിസൈൻ ചെയ്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തു. അങ്ങനെയിരിക്കെ പ്രിയങ്കയും കൂട്ടുകാരികളും ആഭരണങ്ങൾ ഡിസൈൻ ചെയ്യാൻ ആ൪ട്ടെക്സിലെത്തി. പിന്നെ പതുക്കെ പ്രണയം മൊട്ടിട്ടു. പത്താംനമ്പ൪ ജനപഥിൻെറ സ്വീകരണമുറി അലങ്കരിക്കാൻ വാദ്രക്ക് കിട്ടിയ ക്ഷണം ആ പ്രണയത്തിൻെറ പാരിതോഷികം. ഏതൊരു ബോളിവുഡ് പ്രണയകഥയും പോലെ രാജകുടുംബത്തിലെ അനുരാഗം വലിയ പ്രശ്നമായി. ഭരണം കൈയിലുള്ളതുകൊണ്ട് ചെക്കൻെറ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ നാട്ടുകാരോട് ചോദിക്കേണ്ടിവന്നില്ല. സാക്ഷാൽ ഇൻറലിജൻസ് ബ്യൂറോതന്നെ ആ പണി ചെയ്തു. പരിഗണിക്കാനില്ലാത്ത ഇടത്തരം കുടുംബം എന്ന് റിപ്പോ൪ട്ടു കിട്ടി. മരുമകന് കുടുംബമഹിമ പോരെന്ന് തോന്നിയത് അമ്മായിയമ്മക്ക്. രാജീവ് ഗാന്ധി വിഷയത്തിൽ കാര്യമായി ഇടപെട്ടില്ല. വില്ലനായ പിതാവായി രംഗം വഷളാക്കാൻ നിന്നതുമില്ല. രാജീവിൻെറ മരണശേഷം അദ്ദേഹത്തിൻെറ ഫോട്ടോ ആൽബം ഡിസൈൻ ചെയ്യാൻ അവസരം കിട്ടിയത് വാദ്രക്ക്. അതോടെ രാഹുൽ വാദ്രയുടെ സുഹൃത്തായി. വ൪ഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രിക്കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന തനിക്കിട്ട് പാരവെക്കാനിരിക്കുന്ന അളിയനാവും ഇവനെന്ന് പാവം രാഹുൽ അന്ന് ഓ൪ത്തില്ല. കാലത്തിൻെറ ഓരോ കളി! ഏഴുകൊല്ലം നീണ്ട പ്രണയം. ഒടുവിൽ 1997ൽ മിന്നുകെട്ട്. അന്ന് റോബ൪ട്ടിന് മുപ്പത്. പ്രിയങ്കക്ക് 26. പ്രിയങ്ക വാദ്രയാവുമോ റോബ൪ട്ട് ഗാന്ധിയാവുമോ എന്നു ചോദിച്ചവ൪ ഏറെ. ഒടുവിൽ പ്രിയങ്ക വാദ്രയായി. വാദ്ര ഗാന്ധികുടുംബത്തിന് പാരയുമായി. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയസ്വപ്നങ്ങൾക്കിട്ട് എട്ടിൻെറ പണികൊടുത്തിരിക്കുകയാണ് വാദ്ര. അച്ഛനുമായി ഒട്ടും സ്വരച്ചേ൪ച്ചയിലായിരുന്നില്ല. പ്രിയങ്കയുമായുള്ള കല്യാണം അച്ഛന് ഇഷ്ടമായിരുന്നില്ല. അച്ഛനെതിരെ പരസ്യനോട്ടീസ് വരെ പുറത്തിറക്കിയ ആളാണ്. അച്ഛനും സഹോദരൻ റിച്ചാ൪ഡും ചേ൪ന്ന് ആളുകൾക്ക് ഉത്ത൪പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും മറ്റ് സ്ഥാപനങ്ങളിലും ഉന്നതസ്ഥാനമാനങ്ങൾ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണംപറ്റി വഞ്ചിക്കുകയാണെന്നായിരുന്നു നോട്ടീസിൻെറ ഉള്ളടക്കം. മകനെതിരെ അപകീ൪ത്തിക്കേസു കൊടുക്കുമെന്ന് അന്ന് തുറന്നടിച്ചിരുന്നു അച്ഛൻ. അച്ഛനും സഹോദരനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ് എന്നും വാദ്ര നോട്ടീസിൽ പറഞ്ഞിരുന്നു.
അപമൃത്യുവിൻെറ കരിനിഴൽ പതിഞ്ഞ കുടുംബമാണ്. 2001ൽ സഹോദരി മിഷേല ദൽഹി-ജയ്പൂ൪ ഹൈവേയിൽ റോഡപകടത്തിൽ മരിച്ചു. 2003ൽ സഹോദരൻ റിച്ചാ൪ഡ് മുറാദാബാദിൽ ആത്മഹത്യ ചെയ്തു. മൂന്നുവ൪ഷം മുമ്പ് യൂസുഫ് സരായിയിലെ ഗെസ്റ്റ്ഹൗസിൽ അച്ഛൻ രാജേന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊബേൽ സമ്മാന ജേതാവ് ദലൈലാമക്കുശേഷം വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനയിൽനിന്ന് ഒഴിവാക്കപ്പെട്ട വി.വി.ഐ.പിയാണ്. പ്രത്യേകസുരക്ഷാ വിഭാഗത്തിൻെറ സംരക്ഷണത്തിലുള്ള വ്യക്തിയോടൊപ്പം, അതായത് പ്രിയങ്കയോടൊപ്പം യാത്ര ചെയ്യുമ്പോൾ വാദ്രയെ ആരും പരിശോധിക്കരുതെന്ന് സിവിൽവ്യോമയാന സുരക്ഷാവിഭാഗം ഉത്തരവിറക്കിയിട്ടുണ്ട്. സ്വത്തുവിവാദത്തിൽപെട്ട മിസ്റ്റ൪ മരുമകനെ അമ്മായിയമ്മയും അളിയനുമടങ്ങുന്ന സംഘം എങ്ങനെ സഹായിക്കുമെന്ന് കാത്തിരുന്നു കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story