ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ സിനിമക്കെതിരെയുള്ള പ്രതിഷേധം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യന്‍ മേഖലയില്‍ നേരത്തെ തുര്‍ക്കിയില്‍ മാത്രം ഒതുങ്ങിയ പ്രതിഷേധമാണ് ഇപ്പോള്‍ ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കൂടി പടര്‍ന്നത്. വിവാദ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമാണ് കാര്യമായ സമരങ്ങള്‍ നടന്നത്. വിവാദം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും, ഏഷ്യയില്‍ നിന്നടക്കം 20 രാജ്യങ്ങളിലെങ്കിലും ഇസ്ലാം വിരുദ്ധ സിനിമക്കെതിരായ പ്രക്ഷോഭം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലണ്ടനിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ ഹിസ്ബു തഹ്രീറിന്‍െറ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. യു.എസ് എംബസിക്കു മുന്നില്‍ നടത്തിയ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. അമേരിക്കന്‍ വിരുദ്ധ പ്ളക്കാര്‍ഡുകളേന്തി നടന്ന സമരം സമാധാനപരമായിരുന്നു.
അമേരിക്കന്‍ ചിത്രത്തിനെതിരായ കേവല പ്രതിഷേധമല്ല, മറിച്ച് ലോക മുസ്ലിംകളുടെ ആഴത്തിലുള്ള വികാരമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക മുസ്ലിംകളുടെ മണ്ണിനും വിശ്വാസത്തിനും മേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. തങ്ങളെ പിന്തുണക്കുന്ന അറബ് സ്വേച്ഛാധിപതികളെ കൂട്ടുപിടിച്ച് അഫ്ഗാനിലും ഇറാഖിലും ഗ്വണ്ടാനമോ തടവറയിലും അവര്‍ ഇതുതന്നെ ചെയ്യുന്നു -പ്രതിഷേധകര്‍ പറഞ്ഞു. സമരക്കാരെ നേരിടാന്‍ ഏതാനും പൊലീസുകാരും എംബസിക്കുമുന്നിലുണ്ടായിരുന്നു.
ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പ്പിലെ യു.എസ് എംബസിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഫ്രാന്‍സിലെ പാരിസാണ് ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ പ്രതിഷേധം നടന്ന മറ്റൊരു യൂറോപ്യന്‍ നഗരം.
ആസ്ട്രേലിയയിലും അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. സിഡ്നിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നടന്ന സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധം ശക്തമാവുന്നതിനിടെ അമേരിക്ക വിവിധ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കുകയാണ്. സുഡാന്‍, തുനീഷ്യ എന്നീ രാജ്യങ്ങളിലെ എംബസികളില്‍നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് രാജ്യം വിടാന്‍ യു.എസ് നിര്‍ദേശിച്ചിട്ടുണ്ട്.
സിനിമ നിര്‍മിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ രാജ്യത്തെ മുഴുവന്‍ യു.എസ് കോണ്‍സുലേറ്റുകളും എംബസിയും അടച്ചിടണമെന്ന് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് മുഹമ്മദ് സഈദ് പാക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, യു.എസ് എംബസികള്‍ ആക്രമിക്കാനുള്ള അല്‍ഖാഇദ ആഹ്വാനത്തിനു തൊട്ടുടനെ ഇതേ ആഹ്വാനവുമായി ഹിസ്ബുല്ലയും രംഗത്തു വന്നു. ഈ ചിത്രത്തിന് യു.എസ് കണക്കു പറയേണ്ടിവരുമെന്ന് ഹിസ്ബുല്ല നേതാവ് ശൈഖ് നസ്റുള്ള ഹസന്‍ ഒരു ടെലിവിഷന്‍ സംഭാഷണത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതിലൂടെ തങ്ങളുടെ വികാരം അറിയിക്കുക മാത്രമല്ല നടപടിക്ക് നേതാക്കളോട് ആവശ്യപ്പെടുകയാണെന്നും നസ്റുല്ല പറഞ്ഞു


നിങ്ങളുടെ അഭിപ്രായങ്ങള്‍