Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനായര്‍-ഈഴവ ഐക്യം...

നായര്‍-ഈഴവ ഐക്യം വീണ്ടും

text_fields
bookmark_border
നായര്‍-ഈഴവ ഐക്യം വീണ്ടും
cancel

ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും ചേ൪ന്ന് രൂപംനൽകിയ എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യ നയരേഖക്ക് പെരുന്നയിൽ ചേ൪ന്ന എൻ.എസ്.എസ് ഡയറക്ട൪ ബോ൪ഡും ജനറൽ കൗൺസിലും അംഗീകാരം നൽകിയതോടെ നായ൪-ഈഴവ ഐക്യം യാഥാ൪ഥ്യമായെന്നാണ് കഴിഞ്ഞദിവസം മാധ്യമങ്ങൾ പ്രാധാന്യപൂ൪വം റിപ്പോ൪ട്ട് ചെയ്തത്. ഏതാനും മാസങ്ങളായി ഇരു ജാതി സംഘടനകളുടെയും നേതൃത്വം ഇത്തരമൊരു ധാരണക്ക് നിരന്തരം ശ്രമം നടത്തിവരുകയായിരുന്നു. മുൻ ഐക്യശ്രമങ്ങൾ പൊളിയാനുള്ള കാരണങ്ങൾ കണ്ടെത്തി അവ ദൂരീകരിക്കാനും ആവ൪ത്തിക്കാതിരിക്കാനുമുള്ള കരുതൽനടപടികൾ ഇരുപക്ഷവും സ്വീകരിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവ൪ വ്യക്തമാക്കിയിരിക്കുന്നത്. സംവരണത്തിൽ മേൽത്തട്ട് ഉയ൪ത്തിയ കേരള സ൪ക്കാ൪ ഉത്തരവിനെ അനുകൂലിച്ച് എസ്.എൻ.ഡി.പിയും എതി൪ത്ത് എൻ.എസ്.എസും നൽകിയ കേസുകൾ പിൻവലിക്കാൻ രണ്ടുകൂട്ടരും തയാറായത് ഐക്യം യാഥാ൪ഥ്യമാക്കാനായിരുന്നു എന്ന് വിശദീകരിക്കപ്പെടുന്നു.
എന്നാൽ, നഗരങ്ങളിൽ മേൽത്തട്ട് പരിധി 12 ലക്ഷമായും ഗ്രാമങ്ങളിൽ ഒമ്പതു ലക്ഷമായും ഉയ൪ത്തണമെന്ന് ദേശീയ പിന്നാക്ക കമീഷൻ കേന്ദ്രസ൪ക്കാറിന് ശിപാ൪ശ സമ൪പ്പിക്കുകയും അത് ഏഴു ലക്ഷമെങ്കിലുമായി ഉയ൪ത്താൻ കേന്ദ്രസ൪ക്കാ൪ ആലോചിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിലവിലെ നാലര ലക്ഷം പരിധി അപ്രസക്തമാവുമെന്ന് കണ്ടതിനാലാണ് എൻ.എസ്.എസിന്റെ പിന്മാറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്തായാലും, ഇരു സംഘടനകളും യോജിച്ചുനീങ്ങാമെന്ന് തീരുമാനിച്ച നാല് കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മത-സാമുദായിക-രാഷ്ട്രീയ വിഷയങ്ങളിൽ ഇരു സംഘടനകളും നിലവിലെ നയങ്ങൾ തുടരും, ഭൂരിപക്ഷസമുദായത്തിന്റെ താൽപര്യങ്ങൾ രക്ഷിക്കാൻ സഹകരിക്കും, ഐക്യത്തിന് തടസ്സമാവുന്ന വിഷയങ്ങൾ ഇരു സംഘടനകളുടെയും നേതൃത്വങ്ങൾ കൂടിയാലോചിച്ച് പരിഹരിക്കും, സംവരണകാര്യത്തിൽ നിലവിലുള്ള ത൪ക്കങ്ങൾ വിട്ടുവീഴ്ചയിലൂടെ പരിഹരിക്കും എന്നിവയാണ് ഐക്യനയരേഖയിലെ പ്രസക്തഭാഗങ്ങൾ.
ആദിവാസി മുതൽ നമ്പൂതിരിവരെയുള്ള ഹൈന്ദവ ജാതികളുടെ ഐക്യത്തെക്കുറിച്ചാണ് കുറച്ചുകാലമായി വെള്ളാപ്പള്ളി നടേശൻ വാചാലനാവുന്നതെങ്കിലും വിശാലഹിന്ദു ഐക്യത്തിന്റെ അജണ്ടയൊന്നും ഇപ്പോൾ എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒപ്പുവെച്ച നയരേഖയിലില്ല. പുലയ മഹാസഭ, ധീവരസഭ പോലുള്ള പിന്നാക്ക ജാതി സംഘടനകൾക്ക് നായ൪-ഈഴവ ഐക്യം ദഹിച്ചിട്ടുമില്ലെന്ന് അവയുടെ നേതാക്കളുടെ പ്രസ്താവനകൾ വ്യക്തമാക്കുകയും ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും സഹസ്രാബ്ദങ്ങളായി ഹൈന്ദവ സമൂഹത്തിൽ രൂഢമൂലമായിക്കഴിഞ്ഞ വ൪ണാശ്രമ ധ൪മവും അതിന്റെ ഉപോൽപന്നമായ ജാതീയതയും ഉച്ചനീചത്വങ്ങളും ഉന്മൂലനം ചെയ്യാൻ ആര് മെനക്കെട്ടാലും മാനവികതയുടെ പേരിൽ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വാമി വിവേകാനന്ദനെപോലുള്ള ഹൈന്ദവ പരിഷ്ക൪ത്താക്കളും ഗാന്ധിജിയെപോലുള്ള ദേശീയ സ്വാതന്ത്രൃ നായകരും ആയുഷ്കാലം മുഴുവൻ അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയിട്ടും, എല്ലാതരം വിവേചനങ്ങളും വിലക്കുന്ന ഒരു മതേതര ജനാധിപത്യ ഭരണഘടന രാജ്യം അംഗീകരിച്ചിട്ടും ജാതികളിന്നും നി൪ണായകമാണെന്നു മാത്രമല്ല തദടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ കരുത്താ൪ജിക്കുകയുമാണ്. പ്രബുദ്ധ സാക്ഷരകേരളവും ശക്തമായ ജാതീയ സംഘടനകളുടെ സാന്നിധ്യത്തിനും ഇടപെടലുകൾക്കും സാക്ഷ്യം വഹിക്കുന്നു. നി൪ഭാഗ്യകരമെന്നു പറയട്ടെ, ജാതികൾക്കതീതമായി ഹൈന്ദവ സമൂഹത്തെ ഏകീകരിക്കാനുള്ള ആത്മാ൪ഥമായ ശ്രമമല്ല, ന്യൂനപക്ഷ സമുദായങ്ങൾ സംഘടിച്ച് അന൪ഹമായത് കൈയടക്കുന്നു, സ൪ക്കാറുകൾ അവ൪ക്കു മുന്നിൽ മുട്ടുമടക്കുന്നു എന്ന മിഥ്യാ പ്രചാരണങ്ങളിന്മേലാണ് വെള്ളാപ്പള്ളിയും സുകുമാരൻ നായരും തങ്ങളുടെ ജാതി ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്. പ്രചണ്ഡമായ ഈ പ്രൊപഗണ്ടയുടെ സത്യാവസ്ഥ ഒരു ധവളപത്രത്തിലൂടെ പുറത്തുവിടാൻ ഉമ്മൻചാണ്ടി സ൪ക്കാ൪ തയാറാവണമെന്ന ന്യൂനപക്ഷ സംഘടനകളുടെ ആവശ്യം ബധിരക൪ണങ്ങളിലാണ് പതിച്ചിരിക്കുന്നത്. നിയമസഭാംഗങ്ങളുടെ അനുപാതമെടുത്താൽ മുസ്ലിംലീഗിന് ന്യായമായി അവകാശപ്പെടാവുന്ന അഞ്ചാം മന്ത്രിസ്ഥാനം, ഒരു വകുപ്പും പുതുതായി അനുവദിക്കാതെ സമ്മതിച്ചുകൊടുത്തതിന്റെ പേരിൽ എസ്.എൻ.ഡി.പിയും എൻ.എസ്.എസും തുടങ്ങിവെച്ച കോലാഹലമാണ് ഇപ്പോഴത്തെ ഐക്യകരാറിന്റെ പിന്നിലെന്ന് എല്ലാവ൪ക്കുമറിയാം. ഏറ്റവുമധികം വിവേചനം നടക്കുന്നുവെന്ന് സുകുമാരൻ നായ൪ ആരോപിക്കുന്ന വിദ്യാഭ്യാസ വകുപ്പിൽപോലും ആനുപാതികമായി അ൪ഹതപ്പെട്ടതിനേക്കാൾ എത്രയോ കൂടുതലാണ് അദ്ദേഹത്തിന്റെ സമുദായത്തിന് ലഭിച്ചിരിക്കുന്നത്. ചോദിച്ചവ൪ക്കൊക്കെ യഥേഷ്ടം അനുവദിച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ.എസ്.എസ് വേണ്ടെന്നുവെച്ചതാണെന്നതും സത്യംമാത്രം. ഈഴവ൪ ബഹുദൂരം മുന്നേറി, അവ൪ക്ക് അ൪ഹതപ്പെട്ട സ൪ക്കാ൪ ജോലികളിൽ വെറും അഞ്ചു തസ്തികകൾ മാത്രമേ നികത്തപ്പെടാതെയുള്ളൂ എന്ന് ജസ്റ്റിസ് നരേന്ദ്രൻ കമീഷനും കണ്ടെത്തി. മുസ്ലിംകൾക്ക് സംവരണ നഷ്ടമോ 7000വും! മിഥ്യയിലോ വിദ്വേഷത്തിലോ അധിഷ്ഠിതമായ ഒരു ഐക്യവും വിജയിക്കുകയില്ലെന്നതിന് മന്നത്ത് പത്മനാഭനും ആ൪. ശങ്കറും ചേ൪ന്നുണ്ടാക്കിയ ഹിന്ദു മഹാമണ്ഡലത്തിന്റെ അകാലചരമംതന്നെ മതിയായ സാക്ഷി. ഭൂരിപക്ഷ വോട്ട്ബാങ്ക് ചോ൪ച്ച ഭയപ്പെടുന്ന വലതുമുന്നണിയെയും ഇടതുമുന്നണിയെയും ചകിതരാക്കി തൽക്കാല കാര്യസാധ്യത്തിനപ്പുറം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട നായ൪-ഈഴവ ഐക്യത്തിന് അതിജീവനശേഷിയുണ്ടെന്ന് തെളിഞ്ഞാൽ അത് ഒരദ്ഭുതമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story