Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസത്നംസിങ്ങിന്‍െറ മരണം...

സത്നംസിങ്ങിന്‍െറ മരണം ഒറ്റപ്പെട്ടതല്ല

text_fields
bookmark_border
സത്നംസിങ്ങിന്‍െറ മരണം ഒറ്റപ്പെട്ടതല്ല
cancel

പണയപ്പെടുത്തിയ വാച്ച് തിരിച്ചെടുക്കാൻ പണവുമായി വന്ന ഭക്തനെ തല്ലിക്കൊല്ലുന്ന ‘ബ്രഹ്മചാരികളെപ്പറ്റി’ കേട്ടിട്ടുണ്ടോ. സാക്ഷാൽ മാതാ അമൃതാനന്ദമയിയുടെ ‘വത്തിക്കാനായ’ കൊല്ലം വള്ളിക്കാവിൽ വ൪ഷങ്ങൾക്ക് മുമ്പുണ്ടായ സംഭവമാണ്. കൃത്യമായി പറഞ്ഞാൽ 1990ൽ. മരിച്ചത് ചില്ലറക്കാരനായിരുന്നില്ല. സ൪ക്കാ൪ ഉദ്യോഗസ്ഥൻ. തൃശൂ൪ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കണോമിക്സ് ഡിപാ൪ട്മെൻറിൽ ജോലിയുള്ള കൊടുങ്ങല്ലൂ൪ മഠത്തിൽ പറമ്പിൽ നാരായണൻകുട്ടിയായിരുന്നു ആ ഹതഭാഗ്യൻ. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻെറയും, മുൻ മന്ത്രി വി.വി. രാഘവൻെറയും അടുത്ത ബന്ധുവും, മാ൪ക്സിസ്റ്റ് സൈദ്ധാന്തികൻ പ്രഫ.വി. അരവിന്ദാക്ഷൻെറ സഹോദരനുമാണ് നാരായണൻ കുട്ടി. സത്നംസിങ്ങിനെപ്പോലെ ബിഹാറിൽനിന്ന് വന്ന ‘പരദേശി’യല്ല. കേരളത്തിൽ ഉദ്യോഗസ്ഥ- ഭരണതലത്തിൽ നല്ല സ്വാധീനമുള്ള വ്യക്തിയാണ്.
അന്ന് കൊല്ലത്തെ തുള്ളൽക്കാരി സുധാമണി , ലോകമെമ്പാടും ശാഖകളുള്ള ആത്മീയ സാമ്രാജ്യത്തിൻെറ അധിപയായിരുന്നില്ല. ആശുപത്രികളും, ചാനലും, സ്വാശ്രയകോളജുകളുമൊക്കെയായി കോടികളുടെ സ്വത്ത് ഉണ്ടായിരുന്നില്ല. ഭരിക്കുന്നതാവട്ടെ കയ്യൂ൪ സമരനായകൻ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സ൪ക്കാറും. നാരായണൻ കുട്ടിയുടെ ദുരൂഹമരണം സംബന്ധിച്ച് സാക്ഷാൽ അച്യുതമേനോൻ നേരിട്ട് നായനാ൪ക്ക് പരാതി നൽകിയിട്ടും പേരിന് ഒരു അന്വേഷണമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇന്ന് സത്നംസിങ്ങിൻെറ മരണം അമൃതാനന്ദമയീ ഭക്തയായ ഐ.ജി ബി. സന്ധ്യയെക്കൊണ്ട് അന്വേഷിപ്പിച്ചപോലെ.
അന്ന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇന്നാണോ അന്വേഷണം മര്യാദക്ക് നടക്കുക. അതും മന്ത്രിമാരിൽ ചുരുങ്ങിയത് മൂന്നുപേരെങ്കിലും കടുത്ത ‘അമ്മ’ ഭക്തരായ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉള്ളപ്പോൾ. സന്ധ്യ ‘അമ്മ’ ഭക്തയാണെന്ന് മാത്രമല്ല അവരുടെ ഏകമകൾ കൊച്ചിയിൽ അമൃതാനന്ദമയി മഠത്തിൻെറ നിയന്ത്രണത്തിലുള്ള ഇടപ്പള്ളിയിലെ മെഡിക്കൽ കോളജിലാണ് എം.ബി.ബി.എസ് പഠിക്കുന്നതെന്നും കൂട്ടിവായിക്കണം. സംസ്ഥാനത്തെ രണ്ട് എ.ഡി.ജി.പിമാരുടെ മക്കളും 30ലക്ഷം രൂപ ‘സംഭാവനയുണ്ടെന്ന്’ പറയുന്ന, പ്രതിവ൪ഷം മൂന്നുലക്ഷം ഫീസുള്ള ഇവിടെയാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ തിരുവഞ്ചൂരിൻെറ പൊലീസ് അമൃതാനന്ദമയി മഠത്തെ ഒലത്തിക്കളയുമെന്ന് (വാക്കിന് കടപ്പാട് സി.പി.എം നേതാവ് എം.എം.മണിക്ക്) ആരും കരുതേണ്ടെന്ന് ചുരുക്കം.

വെറുമൊരു വാച്ച് വരുത്തിയ വിന
നാരായണൻകുട്ടിയുടെ ദുരന്തത്തിലേക്ക് തിരിച്ചുവരാം. ബന്ധുക്കളുടെ പരാതിയെ തുട൪ന്ന് ദേശാഭിമാനി, ജനയുഗം, ഇന്ത്യൻ എക്സ്പ്രസ് എന്നീ പത്രങ്ങളിൽ വന്ന വാ൪ത്തകളുടെ ചുരുക്കമാണ് ചുവടെ. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറും കേസ് സാധൂകരിക്കുന്നു. 1990 ഫെബ്രുവരിയിലാണ് നാരായണൻ കുട്ടിയും, തൃശൂ൪ ഹെഡ്പോസ്റ്റോഫിസിൽ ക്ള൪ക്കായ ഭാര്യ സിംപതിയും രണ്ടുമക്കളും കൊല്ലം വള്ളിക്കാവ് ആശ്രമത്തിലെത്തുന്നത്. രണ്ടാഴ്ച താമസിച്ചതോടെ കൈയിലെ കാശുതീ൪ന്നു. വണ്ടിക്കൂലിക്ക്പോലും പണമില്ലാതായതോടെ ഇയാൾ കൈയിലുള്ള വാച്ച് അവിടെയുള്ള ‘ബ്രഹ്മചാരികൾക്ക്’ പണയംവെച്ച് 700രൂപ കടം വാങ്ങി. ഒരാഴ്ചകഴിഞ്ഞ് നാരായണൻകുട്ടി തിരികെ വാച്ചെടുക്കാനായി ഒറ്റക്ക് ആശ്രമത്തിലെത്തി. 700 രൂപ നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും വാച്ച് തിരികെ കിട്ടാതായതോടെ ഇയാൾ പണം തിരിച്ചുചോദിച്ചു. ക്രൂരമ൪ദനമായിരുന്നു ഫലം. ഒടുവിൽ എങ്ങനെയോ തോണിയിൽ അക്കരെ എത്തിയ നാരായണൻ കുട്ടി, നാട്ടുകാരിൽ ചിലരെക്കൂട്ടി വീണ്ടും ആശ്രമത്തിലെത്തി. അവ൪ കാലെടുത്തുകുത്തിയപ്പോൾ ബ്രഹ്മചാരികൾ എന്ന ബ്ളാക് ക്യാറ്റ്സ് മ൪ദനം തുടങ്ങി. ആശ്രമ അധികൃതരുടെ പരാതിയനുസരിച്ച് കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടി. അങ്ങനെ വാദി, ആശ്രമത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതിയായി. ലോക്കപ്പിലിട്ട് പൊലീസും നന്നായി പെരുമാറിക്കാണണം. എന്തായാലും 1990 ഏപ്രിൽ നാലിന് നാരായണൻകുട്ടിയുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് മോ൪ച്ചറിയിൽ കണ്ടത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒന്നും രണ്ടുമല്ല ഒരു ഡസനിലേറെ ദുരൂഹമരണങ്ങളാണ് അമൃതാനന്ദമയി മഠത്തെ ചുറ്റിപ്പറ്റി ഉണ്ടായത്. ശ്രീനി പട്ടത്താനം എഴുതിയ ‘ മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാ൪ഥ്യവും’ എന്ന പുസ്തകത്തിലും യുക്തിവാദി സംഘം പുറത്തിറക്കിയ നിരവധി പുസ്തകങ്ങളിലും ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്.

സഹോദരൻ തൊട്ട് സത്നംസിങ് വരെ
സുധാമണി തുള്ളിക്കൊണ്ട് ഫലം പ്രവചിക്കുന്നതിനെയും കൃഷ്ണഭാവം ആടുന്നതിനെയും എക്കാലവും എതി൪ത്തുവന്ന വ്യക്തിയായിരുന്നു സഹോദരൻ സുഭഗൻ. ഇക്കാര്യത്തെചൊല്ലി ഇദ്ദേഹം സുധാമണിയെ മ൪ദിക്കുകവരെയുണ്ടായിരുന്നെന്ന് അമൃതാനന്ദമയിയുടെ ഔദ്യാഗിക ജീവചരിത്രത്തിലുമുണ്ട്. സുഭഗനെ ഒരു സുപ്രഭാതത്തിൽ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഇത് അന്വേഷിക്കണമെന്ന് ഒരു വിഭാഗം നാട്ടുകാരും, സി.പി.എം പ്രാദേശികനേതൃത്വവും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല ( ഭക്തരുടെ ദുരിതങ്ങൾ പ്രവചിക്കുന്ന ദൈവത്തിന് സ്വന്തം സഹോദരൻെറ ദുരന്തം പ്രവചിക്കാനാവാതിരുന്നതും വിധിയുടെ വിളയാട്ടം).
സത്നംസിങ്ങുമായി ഏറെ സാമ്യമുള്ളതാണ് ചരിത്രകാരൻ ധരംധറിൻെറ മരണം. ബനാറസ് സ൪വകലാശാലയിൽ എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ അധ്യാത്മിക വിഷയങ്ങളിൽ ആകൃഷ്ടനായ ഇദ്ദേഹം തുട൪ന്നുള്ള ജീവിതകാലം ആത്മീയ അന്വേഷണങ്ങൾക്ക് മാറ്റിവെച്ചു. 96 മുതൽ വള്ളിക്കാവിലെ അന്തേവാസിയായ ധരംധ൪ 2000 ജൂലൈ 15നാണ് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. തുട൪ന്ന് മണിക്കൂറുകൾക്കകം മൃതദേഹം ദഹിപ്പിച്ചു. മരണവിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് സുഹൃത്തുക്കൾ എങ്ങനെയോ വിവരമറിയുന്നത്. അവ൪ പൊലീസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതികളും മായയായി അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു.
ഏറെ വിവാദങ്ങൾക്ക് തിരിയിട്ട മറ്റൊരു മരണമായിരുന്നു അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനും, ഭക്തയുടെ മകളുടെ ഭ൪ത്താവുമായ പ്രദീപ്കുമാറിൻെറ കസ്റ്റഡിമരണം. കൊച്ചി ഫിഷിങ് ഹാ൪ബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു പ്രദീപ്. അമൃതാനന്ദമയിയുടെ ആശീ൪വാദത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ, കല്യാണത്തിനുകിട്ടിയ സ്വ൪ണത്തെയുംപണത്തെയും ചൊല്ലി പ്രദീപ്കുമാറും അമൃതാനന്ദമയിയുടെ പിതാവ് സുഗുണനുമായി ത൪ക്കമുണ്ടായിരുന്നെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. എന്തായാലും കൊച്ചി ഫിഷിങ് ഹാ൪ബറിലേക്ക് ജോലിക്കുപോയ പ്രദീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 1994 ആഗസ്റ്റ് 16ന് പ്രദീപ് മരിച്ചു. മഠത്തിൻെറ നി൪ദേശപ്രകാരം പൊലീസ് പെരുമാറിയതാണ് മരണകാരണമെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം പതിവുപോലെ ധൂളിയായി.
പറയക്കടവിലെ ഭാസ്കരദാസിൻെറ ദുരൂഹ മരണത്തിലും മഠം പ്രതിക്കൂട്ടിലായി. തികഞ്ഞ ആശ്രമവാസിയും സംസ്കൃത പണ്ഡിതനുമായ ദാസ്, വള്ളിക്കാവ് ആശ്രമത്തിൽനിന്ന് പതിവുപോലെ ഭാഗവത പാരായണവും കഴിഞ്ഞ്, ഒരു ഗ്ളാസ് പാൽ കുടിച്ച് തിരികെ വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്. ഈ വിഷയം ആസ്പദമാക്കി പ്രദേശത്തെ ചില൪ നാടകമെഴുതി അവതരിപ്പിച്ചെങ്കിലും, പൊലീസ് അവരെ വേട്ടയാടുകയായിരുന്നു.

തീരത്തടിയുന്ന ജഡങ്ങൾ; കെട്ടിടത്തിൽനിന്ന് വീഴുന്നവ൪
ഇടക്കിടെ ചില മൃതദേഹങ്ങൾ മഠത്തിനരികെ കടൽതീരത്തടിയും. ചില൪ കെട്ടിടത്തിൽനിന്ന് വീണു മരിക്കും. പലതും പുറംലോകം അറിയാറില്ല. 2001 സെപ്റ്റംബ൪ ആറിന് മുംബൈ സ്വദേശി രാമനാഥ അയ്യ൪ വള്ളിക്കാവ് മഠത്തിലെ 12ാം നിലയിൽനിന്ന് വീണു മരിച്ചത് വാ൪ത്തയായിരുന്നു. ആശ്രമത്തിലെ അന്തേവാസിയും ക൪ണാടകയിലെ ബീജാപു൪ സ്വദേശിയുമായ സിദ്ധരാമൻ എന്ന 22കാരൻെറ മൃതദേഹം 98 മേയ് രണ്ടിന് കരക്കടിഞ്ഞു. 97 ഏപ്രിൽ പത്തിന് ആശ്രമത്തിൻെറ തെക്കുവശത്ത് മറ്റൊരു അന്തേവാസിയുടെ മൃതദേഹവും കരക്കടിഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഭാരതീയ യുക്തിവാദി സംഘത്തിൻെറ ആഭിമുഖ്യത്തിൽ കാമ്പയിൻ നടത്തുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മഠത്തിനുവരുന്ന വിദേശ പണത്തിൻെറയടക്കം ഉറവിടം സി.ബി.ഐ അന്വേഷിക്കണമെന്നും സംഘം പരാതിയിൽ ഉന്നയിച്ചിരുന്നു. പരാതി ചവറ്റുകുട്ടക്ക് മാറ്റുകൂട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ ഒളിക്കാനും മറക്കാനും ഒരുപാടുണ്ടാവുന്നു. കഴിഞ്ഞ കുറേ വ൪ഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ പണം വരുന്നത് അമൃതാനന്ദമയി ട്രസ്റ്റിനാണ്. സ്ഥാപനങ്ങൾ ഒന്നൊന്നായി കെട്ടിപ്പൊക്കി അവ൪ സി.പി.എമ്മിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി, കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള സംഘടനയായി. അങ്ങനെ വള൪ന്ന് പന്തലിക്കുമ്പോൾ ആശ്രമം മുഴുവൻ ഒളികാമറകൾ വെക്കേണ്ടിവരുന്നു. ബ്രഹ്മചാരികൾ ബ്ളാക് ക്യാറ്റുകളാവുന്നു ( 90കളിൽ നാരായണൻ കുട്ടിയെ മ൪ദിച്ച അതേ മോഡൽ കാഷായ ബ്ളാക് ക്യാറ്റുകളാണ്, ഈയടുത്ത് അമൃത ആശുപത്രിയിൽ നക്കാപ്പിച്ച വേതനത്തിന് ജോലിമടുത്ത് സമരംചെയ്ത നഴ്സുമാരുടെ മുട്ടിൻെറ ചിരട്ട അടിച്ചുപൊട്ടിച്ചത്. ലോക സമസ്താ സുഖിനോ ഭവന്തു!). ശത്രുക്കൾ ഏതു നിമിഷവും പിറകിലുണ്ടെന്ന സംശയം പടരുന്നു. ആ സംശയരോഗമാണ് പാവം സത്നംസിങ്ങിൻെറ ജീവനെടുത്തത്.
ഇത് അമൃതാന്ദമയി മഠത്തിൻെറ മാത്രം കഥയല്ല. ആൾദൈവ വ്യവസായം ചിട്ടയും വ്യവസ്ഥാപിതവുമായി നടത്തുന്ന ലോകത്തെല്ലായിടത്തും ഇത്തരം ദു൪മരണങ്ങൾ പതിവാണ്.

പോട്ട തൊട്ട് ബാബ വരെ
ഏ൪വാടി ദ൪ഗയിലും, പോട്ട ധ്യാനകേന്ദ്രത്തിലും സായിബാബ ആശ്രമത്തിലും ഇത്തരം ദുരൂഹമരണങ്ങളും പീഡനവാ൪ത്തകളും പതിവാണ്. ഏ൪വാടി ദ൪ഗയിൽ രോഗികളെ ക്രൂരമായി മ൪ദിച്ച് ചങ്ങലക്കിടുന്നത് നേരിട്ടുകണ്ട ഈ ലേഖകന് തല കറങ്ങിപ്പോയിട്ടുണ്ട്. നല്ല ആരോഗ്യമുള്ളവരെ ചങ്ങലക്കിട്ട് കടപ്പുറത്തെ പൊരിവെയിലിൽ ‘ഉണക്കിയെടുക്കുകയാണ്’ ഇവിടത്തെ മറ്റൊരുരീതി. നൂറുകിലോ തൂക്കമുള്ളവനെ ഇങ്ങനെ ഒരാഴ്ച പട്ടിണിക്കിട്ട് ഉണക്കിക്കഴിഞ്ഞാൽ കൊതുമ്പുപോലെയാവും. പിന്നെ അവനെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. മലയാളികൾ ധാരാളമായെത്തുന്ന ഈ ദ൪ഗയിൽ ഇതുവരെ എത്രപേരെ തല്ലിക്കൊന്നെന്ന് ആ൪ക്കുമറിയില്ല. വ൪ഷങ്ങൾക്ക്മുമ്പ് ഇവിടെ തീ പിടിച്ചപ്പോൾ ചങ്ങലക്കിട്ട നിരവധി രോഗികൾ വെന്തുമരിച്ചപ്പോൾ മാത്രമാണ് പേരിന് ഒരു അന്വേഷണമെങ്കിലും ഉണ്ടായത്.
മുരിങ്ങൂ൪ പോട്ട ധ്യാനകേന്ദ്രത്തിൻെറ സ്ഥിതിയാണെങ്കിൽ പറയുകയും വേണ്ട. അവിടത്തെ ദുരൂഹമരണങ്ങളെപ്പറ്റി എ.ഡി.ജി.പി വിൻസൻ എം.പോളിൻെറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു കണ്ടെത്തി, ഹൈകോടതിക്ക് കൈമാറിയത്. എന്നാൽ, സുപ്രീംകോടതിയിൽ ‘സാമൂഹിക നീതിക്ക്’ പേരുകേട്ട ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻെറ അടുത്തെത്തിയതോടെ പോട്ട കേസും പൊട്ടയായി.
പുട്ടപ൪ത്തിയിലുണ്ടായ വെടിവെപ്പിൽ മലയാളിയടക്കം ആറുപേ൪ മരിച്ചതും സായിബാബ തലനാരിഴക്ക് രക്ഷപ്പെട്ടതും ആരും മറന്നിട്ടുണ്ടാവില്ല. ബാബയുടെ സന്തത സഹചാരിയായിരുന്ന താൾ ബ്രൂക്ക് എന്ന സായിപ്പ് എഴുതിയ ലോ൪ഡ് ഓഫ് എയ൪ (വായുഭഗവാൻ) എന്ന പുസ്തകത്തിൽ നിറയെ മഞ്ഞപ്പുസ്തകങ്ങളെ അമ്പരപ്പിക്കുന്ന ബാബയുടെ രതി വൈകൃത ലീലകളാണ് (കുട്ടികൾ ഇല്ലാത്തവ൪ക്ക് ബാബയുടെ ദ൪ശനശേഷം ഉണ്ണി പിറക്കുന്നതിൻെറ ടെക്നിക്കും താൾ സായ്വ് ഇതിൽ വിശദീകരിക്കുന്നു!). മുൻ രാഷ്ട്രപതി ശങ്ക൪ദയാൽ ശ൪മയുടെ തലയിൽ ചവിട്ടി അനുഗ്രഹിക്കാൻ തക്ക ശക്തനായ ബാബയെ ആരു തൊടാൻ.
മതവുമായി ബന്ധപ്പെട്ട ഒരു കേസിലും ഇന്ത്യയിൽ നല്ലരീതിയിൽ അന്വേഷണം നടക്കാറില്ല. ചേകന്നൂ൪ മൗലവി കേസുതൊട്ട് സിസ്റ്റ൪ അഭയ കേസുവരെ ഉദാഹരണം. കെനിയയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിഷപ് കൂണ്ടുകുളം തിരുമേനിയുടെ കൈയിലുണ്ടായിരുന്ന കോടികൾ വിലവരുന്ന സ്വ൪ണക്കുരിശുകൾ എവിടെപ്പോയി എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരംവേണ്ടവ൪ ലോനപ്പൻ നമ്പാടൻെറ ആത്മകഥ, ‘സഞ്ചരിക്കുന്ന വിശ്വാസി’ വായിക്കുക. എന്തിനധികം, സഭയിലെ ഉന്നത൪ ബാലപീഡനത്തിലടക്കംപെട്ടതിന് എത്രകോടിയാണ് വത്തിക്കാൻ നഷ്ടപരിഹാരം നൽകേണ്ടിവന്നത്.
ഇതു പറയുമ്പോൾ സായിബാബയടക്കമുള്ളവ൪ ചെയ്ത സാമൂഹിക സേവനം പറഞ്ഞാണ് ആരാധക൪ പ്രതിരോധിക്കുക. പുട്ടപ൪ത്തിയിലെയും വൈറ്റ് ഫീൽഡിലെയും കാഷ്കൗണ്ടറില്ലാത്ത, ലോകത്തിലെ അത്യപൂ൪വ ആശുപത്രികൾചെയ്യുന്ന സേവനങ്ങൾ വിലമതിക്കേണ്ടതുതന്നെയാണ്. പക്ഷേ, ഇത് എന്തും ചെയ്യാനുള്ള ലൈസൻസാണോ. ആളുകളെ തല്ലിക്കൊന്നാൽ കേസെടുക്കേണ്ട എന്നാണോ. നൂറുപേ൪ക്ക് തൊഴിൽ കൊടുത്താൽ തലമുറകൾ ഉപയോഗിക്കുന്ന ഒരു പുഴയെ മലിനപ്പെടുത്താമെന്ന, ഗ്രാസിം സമരകാലത്ത് സജീവമായിരുന്ന പൊതുബോധംപോലെ തന്നെയാണിതും. പിന്നെ ആരാണിവിടെ ജീവകാരുണ്യ പ്രവ൪ത്തനം നടത്താത്തത്. വീരപ്പൻ ആദിവാസികൾക്കിടയിലും ദാവൂദ് ഇബ്രാഹിം മുംബൈ ചുവന്ന തെരുവിലും ജീവകാരുണ്യപ്രവ൪ത്തനം നടത്തിയെന്നോ൪ക്കണം.
മാധ്യമങ്ങളുടെ തമസ്കരണം
ചുരുക്കിപ്പറഞ്ഞാൽ ക്രിമിനൽ നടപടി ചട്ടം ബാധകമല്ലെന്ന രീതിയിൽ ചിലരെയൊക്കെ പൊക്കിവിട്ടതിൻെറ അനിവാര്യമായ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. സന്തോഷ് മാധവൻ പിടിയിലായപ്പോൾ ചെറുകിട സിദ്ധന്മാരുടെയും സ്വാമിമാരുടെയും താടി വടിക്കുകയും ആശ്രമം തല്ലിത്തക൪ക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐവരെ കോ൪പറേറ്റ് ആൾദൈവങ്ങൾക്കുനേരെ മൗനം പാലിക്കുകയാണ് പതിവ്. പത്മനാഭ സ്വാമി ക്ഷേത്രത്തിൻെറ കാര്യത്തിൽ കൃത്യവും ശക്തവുമായ മതേതര ജനാധിപത്യ നിലപാടെടുത്ത വി.എസ്. അച്യുതാനന്ദൻ പോലും സത്നം സിങ്ങിൻെറ മരണത്തിൽ ശക്തമായി പ്രതികരിച്ചിട്ടില്ല.
എബ്രഹാം മാത്യു ചൂണ്ടിക്കാട്ടിയപോലെ (അമ്മയെ കാണാൻ-17.8.12) ദയനീയമാണ് മാധ്യമങ്ങളുടെ വിധേയത്വം. എ.കെ.ജി സെൻററിൽ പിണറായി വിജയനോട് കയ൪ത്ത ഒരു യുവാവ് ഇടിവെട്ടേറ്റ് മരിച്ചാൽപോലും നമ്മുടെ മാധ്യമ ശിങ്കങ്ങൾ ഉണ്ടാക്കുന്ന ബഹളം ഊഹിക്കാവുന്നതേയുള്ളൂ. സിംഗപ്പൂരിൽനിന്ന് കമല എക്സ്പോ൪ട്ടിങ് കമ്പനി വഴി പിണറായി സിൽവ൪ അയഡൈഡ് പൊടി ആകാശത്ത് വിതറി കൃത്രിമ മഴയുണ്ടാക്കി ഇടിവെട്ടിച്ച് യുവാവിനെ കൊന്നതാണ് എന്ന പേരിൽ കാടുകയറുമായിരുന്നു നമ്മുടെ ചാനൽ ച൪ച്ചകൾ. അല്ലെങ്കിലും അമ്മക്കുനേരെ കൈയോങ്ങാൻ ഏത് ഉണ്ണിക്കാണ് കൈപൊങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story