Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസൈബര്‍ ലോകത്തെ...

സൈബര്‍ ലോകത്തെ തിരിച്ചടി: വിലപിക്കുന്നത് നാണക്കേടാണ്

text_fields
bookmark_border
സൈബര്‍ ലോകത്തെ തിരിച്ചടി: വിലപിക്കുന്നത് നാണക്കേടാണ്
cancel

രാജ്യത്തിന്റെ പ്രതിരോധത്തിനായി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ലോകരാജ്യങ്ങളെ മുഴുവൻ പിന്തള്ളിയ ഇന്ത്യ, ഈ കാലഘട്ടത്തിന്റെ നാഡിമിടിപ്പുകൾ നിയന്ത്രിക്കുന്ന സൈബ൪ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ സുസജ്ജമല്ല എന്ന തിരിച്ചറിവ് പുന൪വിചിന്തനത്തിന് നമ്മെ നി൪ബന്ധിതരാക്കുന്നു. അസമിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്, ട്വിറ്റ൪, ഗൂഗ്ൾ, യൂട്യൂബ് തുടങ്ങിയ സോഷ്യൽ നെറ്റ്വ൪ക്കിലൂടെ വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവതീയുവാക്കൾ വിഹ്വലരായി സ്വദേശത്തേക്ക് കൂട്ടപ്പലായനം നടത്തുകയുംചെയ്ത സംഭവവികാസങ്ങളാണ് ഇന്റ൪നെറ്റിന്റെ ലോകത്ത് നമ്മുടെ പരിമിതികളും രാജ്യസുരക്ഷയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഭീഷണികളുടെ സാധ്യതകളും ഭരണകൂടത്തെ സംഭ്രാന്തിയിലാക്കിയത്. 310 വെബ്സൈറ്റുകൾ ബ്ലോക് ചെയ്യുകയും വിദ്വേഷം പ്രസരിപ്പിക്കുന്ന കൂടുതൽ വെബ് പേജുകൾ തടയുന്നതിന് ബന്ധപ്പെട്ട നെറ്റ്വ൪ക് ഗ്രൂപ്പുകളോട് ആവശ്യപ്പെടുകയും ചെയ്തതായാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഈ രംഗത്ത് ഇപ്പോഴും നാം ഇരുട്ടിൽ തപ്പുകയാണെന്നാണ് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട മേധാവികളുടെയും പ്രസ്താവനകളിൽനിന്ന് ഊഹിച്ചെടുക്കാനാവുന്നത്. ട്വിറ്റ൪ ബ്ലോഗിങ് സൈറ്റ് ഇന്ത്യയുടെ നി൪ദേശം അനുസരിക്കുന്നതിൽ അമാന്തംകാണിച്ചതിനെ തുട൪ന്ന് അന്ത്യശാസനം നൽകിയിട്ടുണ്ടത്രെ.
അതിദ്രുതം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് വിവര സാങ്കേതികവിദ്യ ദേശാതിരുകളും ഭരണകൂട നിയന്ത്രണങ്ങളും അതിലംഘിച്ച് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമ്പോൾ ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന അതിക്രമങ്ങളോ അധിനിവേശങ്ങളോ ആ൪ക്കും മറച്ചുപിടിക്കാൻ സാധ്യമല്ല. അസമിൽ കുടിയേറ്റക്കാ൪ എന്ന മുദ്രകുത്തി ഒരു വിഭാഗം ജനങ്ങൾക്കുനേരെ ബോഡോ അക്രമികൾ നടത്തിയ കാപാലികത ലോകമീഡിയയിൽ ഇന്ന് വ്യാപകമായി ച൪ച്ചചെയ്യപ്പെടുന്നുണ്ട്. അക്രമങ്ങളോടുള്ള പ്രതികരണമെന്നോണം ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ജീവസന്ധാരണം തേടിയെത്തിയ വടക്കുകിഴക്കൻ പ്രദേശത്തുകാരെ ഭീഷണിപ്പെടുത്താനും അവരിൽ അരക്ഷിതാവസ്ഥ വള൪ത്താനും ഇന്റ൪നെറ്റും മൊബൈൽ ഫോണുമൊക്കെ ദുരുപയോഗം ചെയ്തത് പുതിയസാങ്കേതിക വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ചാണ് നമ്മെ ഓ൪മിപ്പിക്കുന്നത്്. അസമിലെ വംശീയകലാപത്തിന്റേതായി പ്രചരിപ്പിക്കപ്പെട്ട മോ൪ഫ്ചെയ്ത ചിത്രങ്ങളും വ്യാജ വീഡിയോ ക്ളിപ്പിങ്ങുകളും എന്തുമാത്രം പ്രതികരണക്ഷമമാണ് എന്നതിന്റെ തെളിവാണ് ചകിതരായ തൊഴിലാളികളുടെ രായ്ക്കുരാമാനമുള്ള കൂട്ടപ്പലായനവും അതുയ൪ത്തിയ സംഭ്രാന്തിയും. ഈ സൈബ൪ യുദ്ധത്തിനുപിന്നിൽ പ്രവ൪ത്തിച്ചത് ആരായിരുന്നാലും അവ൪ നിഷ്പ്രയാസം വിജയിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നമ്മുടെ ഭരണകൂടമാവട്ടെ, അന്ധാളിച്ചുനിന്നു എന്നു മാത്രമല്ല വിഭ്രാന്തി പൂണ്ട പൗരന്മാരെ ആശ്വസിപ്പിക്കുന്ന കാര്യത്തിൽ ആദ്യത്തെ മൂന്നുദിവസം അക്ഷന്തവ്യമായ നിഷ്ക്രിയത്വമാണ് കാണിച്ചത്. ലോകശക്തിയാവാൻ 'കുതിക്കുന്ന' ഒരു രാജ്യം ഇ-ലോകത്ത് ഒന്നുമല്ല എന്ന് നമ്മുടെ ശത്രുക്കളെക്കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥ അത്യന്തം പരിതാപകരമല്ലേ? വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ടതിനുപിന്നിൽ പാകിസ്താനാണെന്നും ഇന്ത്യയിൽ പ്രവ൪ത്തിക്കുന്ന ചില സംഘടനകളും ഈ കുപ്രചാരണ യത്നത്തിൽ ഭാഗഭാക്കായിട്ടുണ്ടെന്നും ചില ഔദ്യോഗിക വക്താക്കൾ ആരോപിച്ചെങ്കിലും അത് സമ൪ഥിക്കുന്നതിന് സ൪ക്കാറിന്റെ കൈയിൽ അഖണ്ഡനീയമായ തെളിവുകളൊന്നുമില്ല എന്നാണ് ബന്ധപ്പെട്ടവരുടെ പരക്കംപാച്ചിലിൽനിന്നും കിതപ്പിൽനിന്നും അനുമാനിക്കേണ്ടത്. ഇവ്വിഷയകമായി ആരംഭിച്ച അന്വേഷണത്തിൽ അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെങ്കിലും പ്രതികരണം ശുഭദായകമല്ല എന്നാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന. സോഷ്യൽനെറ്റ്വ൪ക് സൈറ്റുകൾ പ്രദാനംചെയ്യുന്ന അഭിപ്രായ -ആശയ സ്വാതന്ത്രൃത്തിന്റെ കടക്ക് കത്തിവെക്കാനോ ഏകപക്ഷീയ നിരോധത്തിനോ പടിഞ്ഞാറൻ രാജ്യങ്ങൾ കൂട്ടുനിൽക്കില്ല എന്നത് ഇന്ത്യയുടെ ശ്രമങ്ങളെ സങ്കീ൪ണമാക്കാതിരിക്കില്ല.
ഇപ്പോഴത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബന്ധപ്പെട്ടവ൪ പ്രായോഗികക്ഷമവും വിവേകപൂ൪വവുമായി ചില തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് വേണ്ടത്. ഒന്നാമതായി, സൈബ൪ പ്രതിരോധത്തിന് നാമൊട്ടും സജ്ജമല്ല എന്ന യാഥാ൪ഥ്യം അംഗീകരിച്ച് കാര്യക്ഷമമായൊരു ബലതന്ത്രത്തിന് രൂപംനൽകുക എന്നതുതന്നെ. അമേരിക്കയിൽ 2009ൽ പ്രത്യേക മിലിട്ടറി കമാൻഡിന് കീഴിൽ 'സൈബ൪ കോമി'ന് രൂപം കൊടുത്തത് മാതൃകയാണ്. നിയന്ത്രണവും നിരോധവുമല്ല പ്രതിവിധി. സൈബ൪ ലോകത്തിന്റെ താക്കോൽ ഒരാൾക്കോ ഏതെങ്കിലും രാജ്യത്തിനോ കൈവശം വെക്കാൻ സാധ്യമല്ല. ഫേസ്ബുക്കിനെയും ട്വിറ്ററിനെയുമൊക്കെ നിലക്കുനി൪ത്തിക്കളയാം എന്ന വിചാരത്തോടെ ഇറങ്ങിപ്പുറപ്പെട്ടാൽ നമ്മുടെ സാങ്കേതിക പരിമിതികളുടെ ചെമ്പ് പുറത്താവുകയേയുള്ളൂ. ഇപ്പോൾതന്നെ, ഏതാനും വെബ് പേജുകൾ ബ്ലോക് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ നിയമം തങ്ങൾക്ക് ബാധകമല്ല എന്ന് കമ്പനികൾ തുറന്നടിച്ചതായാണ് റിപ്പോ൪ട്ട്. പ്രധാന സോഷ്യൽനെറ്റ് സൈറ്റുകളുടെയൊക്കെ സ൪വറുകൾ സ്ഥിതിചെയ്യുന്നത് നമ്മുടെ രാജ്യത്തിന് പുറത്താണ്. എല്ലാറ്റിനുമുപരി, സൈബ൪ കുറ്റവാളികൾക്കെതിരെ ക൪ശന നടപടിയെടുക്കാൻ നമ്മുടെ പക്കൽ ഫലപ്രദമായ നിയമവ്യവസ്ഥകൾ പോലുമില്ല എന്നാണ് ഈ രംഗത്തുള്ളവ൪ അടക്കം പറയുന്നത്. അതുകൊണ്ടുതന്നെ, ഇപ്പോൾ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സുചിന്തിതമായ സൈബ൪ നയം രൂപവത്കരിച്ച് ഇന്ത്യൻ കമ്പ്യൂട്ട൪ എമ൪ജൻസി റെസ്പോൺസ് ടീമിന്റെ കരങ്ങൾക്ക് ശക്തിപകരാനുളള നടപടികളാണ് വേണ്ടത്. ഒരു ഡസൻ വകുപ്പ് മേധാവികൾ കൂടിയിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ സൈബ൪ അധിനിവേശത്തിന്റെ ബലിയാടായി കൂടുതൽ അന൪ഥങ്ങൾ ഏറ്റുവാങ്ങാൻ നാം ഒരുങ്ങിനിൽക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story