Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറബ് പണ്ഡിതലോകത്തെ...

അറബ് പണ്ഡിതലോകത്തെ മലബാറിന്റെ പൗര്‍ണമി

text_fields
bookmark_border
അറബ് പണ്ഡിതലോകത്തെ മലബാറിന്റെ പൗര്‍ണമി
cancel

ഡോ. യൂസുഫ് മുഹമ്മദ് നദ്വി
മലയാളിയും ദുബൈ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് അറബികിലെ ഇസ്ലാമിക പഠന വിഭാഗം മേധാവിയുമായ ഡോ. ഹംസ അബ്ദുല്ല മലൈബാരി, സമകാലിക അറബ് പണ്ഡിത ലോകത്തെ സജീവ സാന്നിധ്യമാണ്. ഇസ്ലാമിലെ രണ്ടാം പ്രമാണമായ ഹദീസ് വിജ്ഞാനീയങ്ങളിൽ പണ്ഡിത൪ക്ക് വരെ സങ്കീ൪ണമായ ഹദീസ് നിദാനശാസ്ത്രത്തിലെ നിരൂപണ പഠനങ്ങളിലൂടെയാണ് ഡോ. മലൈബാരി അറബ്ലോകത്ത് ശ്രദ്ധേയനായത്.
ഹദീസുകളുടെ പ്രാമാണികത, സ്വീകാര്യത, ഹദീസ് റിപ്പോ൪ട്ട൪മാരുടെ വിശ്വാസയോഗ്യത എന്നിവയെല്ലാം ച൪ച്ചചെയ്യുന്ന ഈ വിജ്ഞാന ശാഖയിൽ പുതിയ നിരൂപണ പഠനങ്ങൾ വളരെ വിരളമാണ്. ഇത്തരമൊരു മേഖലയാണ് മലൈബാരി പഠന ഗവേഷണങ്ങൾക്ക് തെരഞ്ഞെടുത്തത്. പൂ൪വികരുടേയും പിൽക്കാല പണ്ഡിതരുടെയും വൈജ്ഞാനിക സംഭാവനകളെ ആദരവോടെ സമീപിക്കുകയും ഈ രംഗത്ത് സൂക്ഷ്മമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ് മലൈബാരിയെ വ്യത്യസ്തനാക്കുന്നത്.
കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പിനടുത്ത പട്ടുവത്ത് 1952ൽ ജനിച്ച അദ്ദേഹം കേരളത്തിലെ വിവിധ പള്ളിദ൪സുകളിലെ പഠനത്തിനുശേഷം 1973 ൽ വെല്ലൂരിലെ അൽബാഖിയാതുസ്സ്വാലിഹാത്തിൽനിന്ന് മൗലവി ഫാദിൽ ബാഖവി ബിരുദം നേടി. 1981ൽ ഈജിപ്തിലെ അൽഅസ്ഹ൪ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും 1987ൽ മക്കയിലെ ഉമ്മുൽഖുറാ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റും നേടി.
വിജ്ഞാനത്തെ അതിരറ്റ് സ്നേഹിച്ച ഈ പണ്ഡിതൻ ഏത് വിഷയത്തെയും അപ്രഗ്രഥനബുദ്ധിയോടെ സമീപിക്കുന്ന രീതിയാണ് ചെറുപ്പം മുതലേ ശീലിച്ചത്. അനാവശ്യ സംസാരങ്ങൾക്കും പാ൪ശ്വപ്രശ്നങ്ങളിലുള്ള വിവാദങ്ങൾക്കും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒട്ടും സ്ഥാനമില്ലായിരുന്നു. മുഴുസമയവും വീട്ടിലും ഓഫിസിലും ഗവേഷണനിരതനാണദ്ദേഹം.
കാൽനൂറ്റാണ്ടിലധികമായി ലോകരാഷ്ട്രങ്ങളിലെ വിവിധ സ൪വകലാശാലകളിലും കോളജുകളിലും നടക്കുന്ന ഹദീസ് സെമിനാറുകളിൽ നിറസാന്നിധ്യമായ ശൈഖ് മലൈബാരി അൽജീരിയയിലെ അമീ൪ അബ്ദുൽഖാദി൪ സ൪വകലാശാലയിൽ അസിസ്റ്റന്റ് പ്രഫസ൪ (1988-1993), അസോസിയേറ്റ് പ്രഫസ൪ (1993-1995), അൽജീരിയയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ഇസ്ലാമിക് സ്റ്റഡീസിൽ പ്രഫസ൪ (1995-96), അമ്മാനിലെ ജോ൪ഡൻ സ൪വകലാശാലാ പ്രഫസ൪ (1990-2000) എന്നീ ജോലി നോക്കി. 2000 മുതൽ ദുബൈയിലെ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് അറബികിൽ ഇസ്ലാമിക് ഫാക്കൽറ്റി മേധാവിയായി സേവനമനുഷ്ഠിച്ചുവരുന്നു. ഷാ൪ജ യൂനിവേഴ്സിറ്റി (യു.എ.ഇ), കിങ് സുഊദ് യൂനിവേഴ്സിറ്റി (റിയാദ്), കുവൈത്ത് യൂനിവേഴ്സിറ്റി (കുവൈത്ത്), ആലുൽബ്ധൈ് യൂനിവേഴ്സിറ്റി (ജോ൪ഡൻ), ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഫലസ്തീൻ), മുഅ്ത്ത യൂനിവേഴ്സിറ്റി (ജോ൪ഡൻ), ബൽഖ യൂനിവേഴ്സിറ്റി (ജോ൪ഡൻ) എന്നിവിടങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനി൪ണയ ചുമതലയും വഹിക്കുന്നു.
അൽഹദീസുൽ മഅ്ലൂൽ -ഖവാഇദുൻ വ ദവാബിതുൻ (ദാറു ഇബ്നി ഹസം, ബൈറൂത് 1996), നദറാതുൻ ജദീദ ഫീ ഉലൂമിൽ ഹദീസ് (ബൈറൂത്, അൽജീരിയ 1995), അൽമുവാസന ബൈനൽ മുതഖദ്ദിമീന വൽമുതഅഖ്ഖിരീന ഫീ തസ്ഹീഹിൽ അഹാദീസി വ തഹ്ലീലിഹാ (കൈറോ, ബൈറൂത്, അൽജീരിയ), തസ്ഹീഹുൽ ഹദീസ് ഇൻദ ഇബ്നിസ്സ്വലാഹ് (ബൈറൂത് 1997), അബ്ഖരിയ്യതുൽ ഇമാം മുസ്ലിം (ബൈറൂത് 1997), കൈഫ നദ്റുസു ഇൽമ തഖ്രീജിൽ ഹദീസി (ബൈറൂത്, ജോ൪ഡൻ 1998), ഉലൂമുൽ ഹദീസ് ഫീ ദൗഇ തത്ബീഖിൽ മുഹദ്ദിസീന (ബൈറൂത്), മാ ഹാകദാ തൂറദു യാ സഅ്ദ് അൽഇബ്ല (ബൈറൂത്), സുആലാതുൻ ഹദീസിയ്യ (ബൈറൂത്), അൽഹദീസുത്തഹ്ലീലിയ്യ്, അൽഹദീസുൽ മൗദൂഇയ്യ് എന്നിവ ശൈഖ് മലൈബാരിയുടെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്. ഇവയിൽ പലതും വിവിധ യൂനിവേഴ്സിറ്റികളിൽ പാഠ്യവിഷയങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമാണ്.
പ്രശസ്ത ഹദീസ് പണ്ഡിതരായ അല്ലാമാ നാസിറുദ്ദീൻ അൽബാനി, ശൈഖ് അബുൽ ഫത്താഹ് അൽഗുദ്ദ എന്നിവരുടെ ഹദീസ് പഠനങ്ങളെ ശൈഖ് മലൈബാരി ആദരവോടെ സമീപിക്കുമ്പോഴും അവയെ നിരൂപിക്കുകയും അവരുടെ അഭിപ്രായങ്ങളോട് വിയോജിക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ സലഫി പണ്ഡിതനായ ശൈഖ് റബീഉബ്നു ഹാദി അൽമദ്ഖലി മലൈബാരിയുടെ ഹദീസ് നിരൂപണ പഠനങ്ങളെ നിശിതമായി വിമ൪ശിച്ച് ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. എന്നാൽ, ഈ വിമ൪ശങ്ങളെ ആരോഗ്യപരമായും വൈജ്ഞാനികമായും നേരിടുകമാത്രമാണ് മലൈബാരി ചെയ്തത്. വ്യക്തിഹത്യയോ വിമ൪ശങ്ങളോ അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല. മദ്ഖലിയുടെ എല്ലാ വിമ൪ശങ്ങളുടെയും മുനയൊടിക്കുന്ന മലൈബാരിയുടെ അപഗ്രഥന ഗ്രന്ഥമാണ് 'മാ ഹാകദാ തൂറദു യാ സഅ്ദ് അൽഇബ്ല' എന്നത്. ഇത് പ്രസിദ്ധീകരിച്ച ശേഷം മദ്ഖലിയുടെ ഭാഗത്തുനിന്ന് വിമ൪ശങ്ങളൊന്നും ഉണ്ടായിട്ടില്ല.
കേരള യൂനിവേഴ്സിറ്റി ഫെബ്രുവരി 14 മുതൽ 18 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് സെമിനാറിൽ ഡോ. മലൈബാരിയെ ആദരിക്കുകയുണ്ടായി. കേരളത്തിലെ ഏതെങ്കിലും ഇസ്ലാമിക സംഘടനകളോട് പ്രത്യേക വിധേയത്വമോ വിരോധമോ പുല൪ത്താത്തതായിരിക്കാം അറബ് ലോകത്ത് ഇത്രയും ശ്രദ്ധേയനായ ഈ മഹാപണ്ഡിതനെ കേരളക്കാ൪ അറിയാതെപോയത്.
അറബ് ലോകത്ത് സൂഫിയായും ഇന്ത്യയിൽ സലഫിയായും തന്നെ മുദ്രകുത്തുന്നവരോട് താനൊരു മുസ്ലിം മാത്രമാണെന്ന് മലൈബാരി പറയാറുണ്ട്. ഗൂഗ്ളിൽ Dr. Hamza Malibari എന്ന് സ൪ച് ചെയ്താൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഡൗൺലോഡ് ചെയ്യാം. hamzapk@hotmail എന്നാണ് ഇ മെയിൽ വിലാസം.
ഹദീസ് വിജ്ഞാനത്തിൽ ഡോ. ഹംസ മലൈബാരി നൽകിയ സേവനങ്ങളെ മുൻനി൪ത്തി പെരുമ്പിലാവ് ഹദ്ദാദ് ചാരിറ്റബ്ൾ ട്രസ്റ്റ് ഏ൪പ്പെടുത്തിയ ഇമാം ഹദ്ദാദ് എക്സലൻസി അവാ൪ഡ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസ്സമദ് സമദാനി, ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാ൪, പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, ഹുസൈൻ മടവൂ൪, അബ്ദുശ്ശുകൂ൪ മൗലവി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലഖ്നോ ദാറുൽ ഉലൂം നദ്വതുൽ ഉലമ ഹദീസ് വിഭാഗം മേധാവി സയ്യിദ് സൽമാൻ ഹുസൈനി നദ്വി ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് അസ്മ ടവറിൽ സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story