Sat, 08/18/2012 - 22:40 ( 39 weeks 4 daysago)
ഗുഡ് ബൈ ലക്ഷ്മണ്‍...
(+)(-) Font Size
ഗുഡ് ബൈ ലക്ഷ്മണ്‍...

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് കാത്തുനില്‍ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രതിഭകളിലൊരാളായ വി.വി.എസ്. ലക്ഷ്മണ്‍ കളി മതിയാക്കി. യുവനിരക്ക് വഴിമാറിക്കൊടുക്കുകയാണ് താനെന്നും ക്രിക്കറ്റ് താരമാവുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിത്തന്നതിന് ദൈവത്തോട് നന്ദിപറയുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അടുത്ത ദിവസം ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷമായിരിക്കും 37കാരന്‍ കളംവിടുകയെന്നായിരുന്നു വാര്‍ത്തകള്‍.
ഉടന്‍ നിലവില്‍ വരുന്ന വിധത്തിലാണ് വിരമിക്കലെന്ന് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷം ഡ്രസിങ് റൂമില്‍ ഒരുമിച്ചുണ്ടായിരുന്നവരോട് വിട ചോദിക്കുകയെന്നത് വൈകാരികമാണ്. എം.എസിന് (എം.എസ്. ധോണി) സംസാരിക്കാന്‍പോലും കഴിയുന്നില്ല. മത്സരത്തിന്‍െറ ഗതി നിര്‍ണയിക്കുന്ന ഏത് ഇന്നിങ്സും സുപ്രധാനമാണ്. അത്തരത്തില്‍ നിരവധിയെണ്ണം കരിയറിലുണ്ടായി. സചിന്‍ ടെണ്ടുല്‍കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുംബ്ളെ, വീരേന്ദര്‍ സെവാഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചു. അവരാണ് റോള്‍മോഡല്‍. എല്ലാവരും ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ പുരോഗതിയാണ് ആഗ്രഹിച്ചതെന്നതിനാല്‍ തന്നെ നന്നായി പ്രോത്സാഹിപ്പിട്ടുണ്ടെന്ന് ലക്ഷ്മണ്‍ നന്ദിയോടെ സ്മരിച്ചു.

ഡെക്കായി തുടങ്ങിയ
ഡെക്കാന്‍കാരന്‍
ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് പൂര്‍ണ വിരാമംകുറിച്ച് വന്‍ഗിപ്പുറപ്പു വെങ്കട്ടസായി ലക്ഷ്മണ്‍ തിരിച്ചുനടക്കുമ്പോള്‍ സാങ്കത്തേികത്തികവിന്‍െറ ഒരു യുഗം അവസാനിക്കുകയാണ്. ടെസ്റ്റ് സ്പെഷലിസ്റ്റായി അറിയപ്പെട്ട അദ്ദേഹം എക്കാലവും ടീമിന്‍െറ വിശ്വാസം കാത്തു. 134 ടെസ്റ്റിലും 86 ഏകദിനങ്ങളിലുമാണ് ‘വെരി വെരി സ്പെഷല്‍’ ദേശീയ ജഴ്സിയണിഞ്ഞത്.
1974 നവംബര്‍ ഒന്നിന് ഡോക്ടര്‍ ദമ്പതിമാരായ ശാന്താറാമിന്‍െറയും സത്യഭാമയുടെയും മകനായി ഹൈദരാബാദിലാണ് ജനനം. ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാതാപിതാക്കളെ പിന്തുടര്‍ന്ന് മെഡിക്കല്‍ പഠനത്തിന് ചേര്‍ന്ന അദ്ദേഹം പക്ഷേ ക്രിക്കറ്റാണ് തന്‍െറ ലോകമെന്ന് മനസ്സിലാക്കി കളിക്കളത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചു. 1992-93 രഞ്ജി ട്രോഫി സീസണില്‍ പഞ്ചാബിനെതിരെ ഹൈദരാബാദിന്‍െറ കുപ്പായമണിഞ്ഞ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറി. ആദ്യ ഇന്നിങ്സില്‍ ഡെക്കായാണ് തുടക്കം.
1994ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനുവേണ്ടി കളിച്ചു. അരങ്ങേറ്റക്കാരായ ബ്രെറ്റ് ലീയെയും ജെയ്സണ്‍ ഗില്ലസ്പിയെയും നേരിട്ട് പ്രഥമ ഇന്നിങ്സില്‍ തന്നെ പുറത്താവാതെ 88 റണ്‍സടിച്ച ഈ സ്റ്റൈലിഷ് ബാറ്റ്സ്മാന്‍ പ്രതിഭ ലോകത്തിന് കാട്ടിക്കൊടുത്തു. രണ്ടാം മത്സരത്തിന്‍െറ ആദ്യ ഇന്നിങ്സില്‍ 151ഉം രണ്ടാമത്തേതില്‍ 77ഉം റണ്‍സായിരുന്നു സമ്പാദ്യം. പരമ്പരയിലുടനീളം മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനായി.
1994-95ലെ ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലക്കുംവേണ്ടി ലക്ഷ്മണ്‍ ഇറങ്ങി. അടുത്ത രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായി റണ്‍സ് വാരിക്കൂട്ടിയ വലംകൈയന്‍ ബാറ്റ്സ്മാന് താമസിയാതെ ദേശീയ ടീമിലേക്ക് വിളിയെത്തി.
1996 നവംബര്‍ 20ന് ദക്ഷിണാഫ്രിക്കക്കെതിരെ അഹ്മദാബാദില്‍ ആരംഭിച്ച ഒന്നാം ടെസ്റ്റിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ 11 റണ്‍സ് മാത്രം നേടി മടങ്ങിയ ലക്ഷ്മണ്‍ പക്ഷേ രണ്ടാമത്തേതില്‍ 51 റണ്‍സടിച്ച് ടോപ്സ്കോററായി വിശ്വാസം കാത്തു. 2000ത്തിലെ സിഡ്നി ടെസ്റ്റിലാണ് കരിയറിലെ ആദ്യ ശതകം (167) പിറന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആസ്ട്രേലിയക്കെതിരെ അഡലെയ്ഡിലായിരുന്നു അവസാന ടെസ്റ്റ്.
1998ല്‍ കട്ടക്കില്‍ സിംബാബ്വെക്കെതിരെയായിരുന്നു ഏകദിനത്തിലെ തുടക്കം. എന്നാല്‍, കൂറ്റനടിക്കാരനല്ലാത്ത ലക്ഷ്മണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ അധികകാലം പിടിച്ചുനില്‍ക്കാനായില്ല. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലായിരുന്നു അവസാന ഏകദിനം.
2007ലും 2009ലും ഇംഗ്ളീഷ് കൗണ്ടി ക്ളബായ ലങ്കാഷെയറിനുവേണ്ടി കളിച്ചു. 2008ലെ പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് ടീമായ ഡെക്കാന്‍ ചാര്‍ജേഴ്സിന്‍െറ നായകന്‍ ലക്ഷ്മണായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ആദം ഗില്‍ക്രിസ്റ്റിനായി സ്ഥാനമൊഴിഞ്ഞെങ്കിലും 2010വരെ ഡെക്കാനില്‍ തുടര്‍ന്നു. 2011ല്‍ കൊച്ചി ടസ്കേഴ്സ് കേരളക്കുവേണ്ടിയാണ് ലക്ഷ്മണ്‍ ഐ.പി.എല്ലില്‍ ബാറ്റേന്തിയത്. എന്നാല്‍, ഈ വര്‍ഷം ഒരു ടീമും ലേലത്തിലെടുക്കാന്‍ മുന്നോട്ടുവന്നില്ല.

കങ്കാരുവിനെ ചതച്ച ബാറ്റ്
മുഹമ്മദ് അസ്ഹറുദ്ദീനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹൈദരാബാദിന്‍െറ പ്രതിനിധിയായിരുന്നു ലക്ഷ്മണ്‍. കളിക്കളത്തില്‍ അസ്ഹറായിരുന്നു തനിക്കെന്നും പ്രചോദനമെന്ന് പറഞ്ഞ അദ്ദേഹം മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന തരത്തില്‍ പെരുമാറിയില്ല. ക്രിക്കറ്റ് ലോകത്തിന് എന്നെന്നേക്കുമായി ഓര്‍ത്തുവെക്കാന്‍ ഒരു പിടി സുവര്‍ണ നിമിഷങ്ങള്‍ ലക്ഷ്മണിന്‍െറ കരിയറിലുണ്ടായി. ആസ്ട്രേലിയയായിരുന്നു മിക്കപ്പോഴും ഇര. ടെസ്റ്റില്‍ കുറേക്കാലം ഒന്നാം നമ്പര്‍ ടീമായിരുന്ന ഓസീസിനെ അതിന്‍െറ പ്രതാപകാലത്ത് ലക്ഷ്മണ്‍ സധൈര്യം കൈകാര്യം ചെയ്തു. ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ ഏറ്റവും മികവ് കാണിച്ച ഇന്ത്യന്‍ താരമെന്ന് വി.വി.എസിനെ വിശേഷിപ്പിക്കുന്നത് അധികമാവില്ല.
റെക്കോഡ് വിജയങ്ങളുമായി ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസിന്‍െറ കുതിപ്പിന് 2001ല്‍ അന്ത്യമിട്ടത് ലക്ഷ്മണിന്‍െറ നേതൃത്വത്തിലായിരുന്നു. ദ്രാവിഡിനൊപ്പം രണ്ടു ദിവസത്തോളം ക്രീസില്‍ നിന്ന് 281 റണ്‍സ് എന്ന ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കിയ അദ്ദേഹത്തിന്‍െറ പ്രകടനം ടെസ്റ്റിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിസ്ഡണ്‍ വിലയിരുത്തിയത്. ഒരു ഏകദിന പരമ്പരയില്‍ മൂന്ന് സെഞ്ച്വറി നേടിയ അപൂര്‍വം താരങ്ങളിലൊരാളാണ് ലക്ഷ്മണ്‍. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തിന്‍െറ ഭൂരിഭാഗം ശതകങ്ങളും പിറന്നത് വിദേശത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus