12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ഓര്‍ക്കാപ്പുറത്തെ ഒഴിച്ചുപോക്ക്

ഓര്‍ക്കാപ്പുറത്തെ ഒഴിച്ചുപോക്ക്

അത്യന്താധുനിക സാങ്കേതികവിദ്യ മനുഷ്യസമൂഹത്തിന് സമ്മാനിച്ച വാര്‍ത്താവിനിമയ, ആശയവിനിമയ സംവിധാനങ്ങളും മാധ്യമങ്ങളും ഒരേസമയം അപാരമായ അനുഗ്രഹവും വന്‍ശാപവുമായി മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബുധനാഴ്ച മുതല്‍ ദക്ഷിണേന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് യുവാക്കളുടെ അവിചാരിതവും അമ്പരപ്പിക്കുന്നതുമായ ഒഴിച്ചുപോക്ക്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് മുതലായ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വന്നുതാമസിക്കുന്നവരോട് അസം കലാപത്തിന്റെ പേരില്‍ പകരംചോദിക്കുമെന്ന അജ്ഞാത സന്ദേശവും തദ്വിഷയകമായ കിംവദന്തികളും സോഷ്യല്‍ മീഡിയയിലൂടെയും എസ്.എം.എസിലൂടെയും പ്രകാശവേഗത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആയിരങ്ങള്‍ പ്രസ്തുത നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഒഴുകിവന്ന് തമ്പടിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടത് മണിക്കൂറുകള്‍ക്കകം ഗുവാഹതിയിലേക്കുള്ള തീവണ്ടികളില്‍ കയറിപ്പറ്റുകയാണ്. സ്പെഷല്‍ ട്രെയിനുകളും അധിക കോച്ചുകളും പെട്ടെന്നേര്‍പ്പെടുത്താന്‍ റെയില്‍വേ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുനിമിഷം പെരുകുന്ന 'അഭയാര്‍ഥികളെ' കയറ്റിവിടാന്‍ അതൊന്നും പര്യാപ്തമായിട്ടില്ല. അടിസ്ഥാനരഹിതമായ കിംവദന്തികളില്‍ വിശ്വസിച്ച് സ്ഥലംവിടാന്‍ തത്രപ്പെടുന്നവരെ സമാധാനിപ്പിക്കാനും പിടിച്ചുനിര്‍ത്താനും സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതയും സമാധാനവും പാലിക്കാന്‍ ജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും മാത്രമല്ല രാഷ്ട്രീയ, സാമുദായിക നേതാക്കളും സംഘടനകളും റെയില്‍വേ സ്റ്റേഷനുകളിലെത്തി പരിഭ്രാന്തരായ ജനക്കൂട്ടത്തിന് സുരക്ഷ നല്‍കി സമാശ്വസിപ്പിക്കാന്‍ മുന്നോട്ടുവന്നിട്ടുമുണ്ട്. പക്ഷേ, ഇത്തരം ഉറപ്പുകളിലൊന്നും വിശ്വാസമര്‍പ്പിക്കാന്‍ പ്രാണനില്‍ കൊതിയോടെ നാടുവിടാനുറച്ചവര്‍ക്ക് കഴിയുന്നില്ലെന്നതാണ് ദുരവസ്ഥ.
കിംവദന്തികളും അവാസ്തവിക പ്രചാരണങ്ങളുമാണ് രാജ്യത്ത് ഇന്നേവരെ താണ്ഡവമാടിയ ആയിരക്കണക്കില്‍ കലാപങ്ങളില്‍ മിക്കതിന്റെയും രാസത്വരകമായി വര്‍ത്തിച്ചതെന്ന് വിസ്മരിക്കരുത്. 2002ല്‍ ഗുജറാത്തിനെ വിറങ്ങലിപ്പിച്ച വര്‍ഗീയാക്രമണങ്ങളുടെ വ്യാപനത്തില്‍ പങ്കുവഹിച്ചത്, ഗോധ്ര തീവണ്ടി ദുരന്തത്തെ തുടര്‍ന്ന് അഹ്മദാബാദിലെ രണ്ട് പത്രങ്ങള്‍ മാത്സര്യപൂര്‍വം നടത്തിയ കിംവദന്തി പ്രചാരണമായിരുന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. എന്നാല്‍, ഇപ്പോഴത്തെ സംഭവങ്ങളില്‍ പത്രങ്ങളോ ചാനലുകളോ സംയമനവും സൂക്ഷ്മതയും പാലിച്ചാലും പ്രയോജനമില്ലെന്നിടത്താണ് കാര്യത്തിന്റെ കിടപ്പ്. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഏതസംബന്ധവും നിമിഷങ്ങള്‍ക്കകം ജനങ്ങളിലെത്തിക്കാന്‍ കഴിയും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കൊന്നും ഈ വിപത്ത് ഫലപ്രദമായി തടയാനാവുന്നില്ല. നിയമപാലകര്‍ക്ക് ജാഗ്രത പോരെന്നത് മാത്രമല്ല കാരണം. സ്വാതന്ത്രൃത്തിന്റെ അറുപത്താറാം വാര്‍ഷികമാഘോഷിച്ച ഇന്ത്യാ റിപ്പബ്ലിക് 120 കോടിയോളം വരുന്ന നാനാജാതി മതസ്ഥരും വംശജരുമായ ജനതക്കിടയില്‍ പരസ്പരവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തിയെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന തിക്ത സത്യം നാം അംഗീകരിക്കുകതന്നെ വേണം. പരസ്പര വിശ്വാസം സൃഷ്ടിക്കാനുതകുന്ന പ്രവൃത്തികളും പരിപാടികളും രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക കൂട്ടായ്മകളുടെ അജണ്ടയില്‍ ഉള്‍പ്പെടാതെയല്ല. കേന്ദ്ര സര്‍ക്കാറുകളും ദേശീയോദ്ഗ്രഥന സമിതിയും ഇക്കാര്യത്തില്‍ തീരെ ജാഗ്രത പുലര്‍ത്താതെയുമല്ല. പക്ഷേ, ദേശീയൈക്യവും ഉദ്ഗ്രഥനവും ഉന്നമാക്കിയുള്ള ക്രിയാത്മക പദ്ധതികളേക്കാളും പരിപാടികളേക്കാളും എത്രയോ ശക്തവും ഭയാനകവുമാണ് ജനങ്ങളെ തമ്മിലകറ്റാന്‍ ആസൂത്രിതമായി ചില ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെന്ന് കരുതേണ്ടിവരുന്നു. നഞ്ഞെന്തിന് നാരായം എന്ന് ചോദിച്ചപോലെ നിസ്സാര പ്രകോപനങ്ങള്‍കൊണ്ട് പ്രദേശത്തെയാകെ കലാപത്തിന്റെ എരിതീയില്‍ വീഴ്ത്താന്‍ ചില ദുശ്ശക്തികള്‍ക്കാവുന്നു. അതിന്റെ പശ്ചാത്തലമാകട്ടെ, അധികാര രാഷ്ട്രീയം ലക്ഷ്യംവെച്ച് ചില പ്രസ്ഥാനങ്ങള്‍ ആസൂത്രണം ചെയ്യുന്ന നിരന്തര പ്രചാരണങ്ങളാണ്. ഇന്ദിരഗാന്ധിയുടെ വധം പൊടുന്നനെ ഭീകര സിഖ് വിരുദ്ധ കലാപമായി മാറാന്‍ മണിക്കൂറുകള്‍ മതിയായി. വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടി പുറത്തെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ വിഭാഗങ്ങളെയാകെ പിന്നാക്കവിഭാഗങ്ങള്‍ക്കെതിരെ രംഗത്തിറക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. വര്‍ഷങ്ങളോളം നടത്തിയ വിഷലിപ്തമായ രാമജന്മഭൂമി പ്രക്ഷോഭമാണ് 1992 ഡിസംബര്‍ രണ്ടിലെ ബാബരി മസ്ജിദ് ധ്വംസനത്തിലും അനുബന്ധ കലാപങ്ങളിലും കലാശിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേരളത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചപ്പോള്‍ മലയാളി സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ് തമിഴ്നാട് അതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ അസമില്‍ ലക്ഷക്കണക്കിന് വാസികളെ സര്‍വസം ഉപേക്ഷിച്ച് അഭയാര്‍ഥി ക്യാമ്പുകളിലെത്തിച്ചത് വംശവെറിയുടെ ഭൂമികയില്‍ തുടരുന്ന ഏകപക്ഷീയമായ പ്രോപഗണ്ട ഇളക്കിവിട്ട ഗോത്രവര്‍ഗഭ്രാന്താണ്. അതിന്റെതന്നെ പ്രത്യാഘാതമാണ് കഴിഞ്ഞദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പ്രകടമാവുന്ന, വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ഗ്രസിച്ചുകഴിഞ്ഞ സുരക്ഷാഭീതിയും. 'നാം ഇന്ത്യക്കാര്‍, നമ്മളൊന്ന്' എന്ന് വൃഥാ നാക്കിട്ടടിക്കുകയല്ലാതെ, ഓരോരുത്തരും എന്റെ ജാതി, എന്റെ സമുദായം, എന്റെ പ്രദേശം എന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തീ തല്ലിക്കെടുത്തുന്നതിലല്ല, ആളിക്കത്തിക്കുന്നതിലാണ് ചിലര്‍ക്ക് താല്‍പര്യമെന്ന് ഒഴിച്ചുപോക്ക് സംഭവത്തോടുള്ള അവരുടെ പ്രതികരണം വ്യക്തമാക്കുന്നു. ഏത് സംഭവത്തില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പ് എങ്ങനെ സാധ്യമാവും എന്നാണ് അത്തരക്കാര്‍ ആലോചിക്കുന്നത്. പച്ചയായ ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ ദേശദ്രോഹികളായ ഈ ദുശ്ശക്തികളെ തുറന്നുകാട്ടാനും ജനങ്ങള്‍ക്കിടയില്‍ വിശ്വാസവും സൗഹൃദവും സമാധാനവും വളര്‍ത്താനും മനുഷ്യസ്നേഹികളായ എല്ലാവരും ഒത്തുപിടിച്ച് രംഗത്തിറങ്ങേണ്ട സമയമാണിത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com