Mon, 08/13/2012 - 11:30 ( 40 weeks 3 hoursago)
ദല്‍ഹിയിലെ നജഫ്ഗഢിനടുത്ത ബാപ്റോല ഗ്രാമം. ഇവിടുത്തെ സാധാരണ വീട്ടമ്മമാരിലൊരാളാണ് കമലാദേവി. പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് പശുവിനെ കറന്ന് ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ജോലിക്കാരനായ ഭര്‍ത്താവ് ദിവാന്‍ സിങ്ങിന്റെ പക്കല്‍ കമലാദേവി എന്നും പാല്‍ കൊടുത്തയക്കുന്നത് കുറേദൂരെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ അഖഡ (ഗുസ്തി സ്കൂള്‍)യില്‍ പരിശീലനം നടത്തുന്ന മകന്‍ സുശീലിനു നല്‍കാനാണ്. ശനിയോ ഞായറോ എന്ന വ്യത്യാസമില്ലാതെ എന്നും ദിവാന്‍സിങ് പാലുമായി അഖഡയിലെത്തും. സുശീല്‍ എന്നെങ്കിലുമൊരിക്കല്‍ ഒളിമ്പിക് മെഡലിന്റെ തിളക്കത്തിലേറുന്നത് കാണാന്‍ കൊതിച്ച തന്റെ പിതാവിന്റെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടിയാണ് ദിവാന്‍ മകനെ ഗോദയിലയച്ച് കാത്തിരുന്നത്. തനി വെജിറ്റേറിയനായ സുശീലിന്റെ ആരോഗ്യ പരിപാലനത്തിനായി ബാപ്റോലയിലെ വീട്ടില്‍നിന്ന് പാലിനുപുറമെ, വെണ്ണയും നെയ്യുമൊക്കെ മുറപോലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെത്തും.
****
14ാം വയസ്സില്‍ ഛത്രസാലിലെ ഗുസ്തിയുടെ ഗോദയിലിറങ്ങിയ സുശീല്‍ കുമാറിനെ കരിയറില്‍ പിന്നീട് കാത്തിരുന്നത് പ്രശസ്തിയുടെ വെള്ളിവെളിച്ചമായിരുന്നു. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ വെങ്കലമെഡല്‍ നേട്ടത്തിനുശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡലുമൊക്കെ അലങ്കാരം ചാര്‍ത്തിയ കരിയര്‍ ലോകഗുസ്തിയുടെ മുന്‍നിരയില്‍തന്നെ ശ്രദ്ധേയമായി. പ്രതീക്ഷകളുടെ അമരത്ത് ഇന്ത്യന്‍ കൊടിപിടിച്ച് ലണ്ടന്‍ ഒളിമ്പിക്സിനിറങ്ങിയ സുശീല്‍ മേളയുടെ അവസാനദിനം രജത മുദ്രയിലേക്ക് നടന്നുകയറി പുതിയ ചരിത്രമെഴുതുകയും ചെയ്തു. ഒളിമ്പിക്സില്‍ രണ്ടുതവണ വ്യക്തിഗത മെഡല്‍ തിളക്കത്തിലേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന തിരുത്താനാവാത്ത റെക്കോഡിലേക്ക് നടന്നുകയറിയ സുശീല്‍ രാജ്യത്തെ കായിക ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത്.
അര്‍പ്പണ ബോധവും കഠിനാധ്വാനം ഇഴപിരിയുന്ന ഇതുപോലൊരു ഇച്ഛാശക്തി മറ്റൊരു ഇന്ത്യന്‍ കായികതാരത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നത് അപൂര്‍വമാണ്. വാചാലനാവുന്ന ബോക്സിങ് താരം വിജേന്ദര്‍ സിങ്ങുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ നാണം കുണുങ്ങിയും മൃദുഭാഷിയുമാണ് ഈ 29കാരന്‍. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാത്രമാണ് സുശീല്‍ ബാപ്റോലയിലെ വീട്ടിലെത്തുക. മറ്റുസമയങ്ങളിലെല്ലാം സ്റ്റേഡിയത്തില്‍ തന്നെ തങ്ങും; പരിശീലനം മുടങ്ങാതിരിക്കാന്‍.
മാധ്യമങ്ങള്‍ക്ക് വിരളമായി അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ സിംഹഭാഗവും സുശീല്‍ പ്രതിപാദിക്കുക പരിശീലന നിഷ്ഠകളെക്കുറിച്ചും മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചുമാവും. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഭാരം ക്രമീകരിക്കുന്നതിലും ഭക്ഷണ രീതി നിയന്ത്രിക്കുന്നതിലുമെല്ലാം അത്രമാത്രം ശ്രദ്ധയുണ്ട് ഈ ഫയല്‍വാന്.
ഒന്നോ രണ്ടോ ദിവസം പരിശീലനം മുടങ്ങിയാല്‍പോലും താന്‍ എതിരാളിക്ക് പിന്നിലായിപ്പോവുമെന്ന കൃത്യമായ ബോധമുണ്ട് സുശീലിന്. ബെയ്ജിങ്ങിലെ വെങ്കലമെഡല്‍ നേട്ടത്തിനുശേഷം സ്വീകരണ ചടങ്ങുകളും സാമൂഹിക പരിപാടികളുമൊക്കെ അധികരിച്ചപ്പോള്‍ തിരിച്ചെത്തുന്നത് ചിലപ്പോള്‍ രാത്രി വൈകിയാവും. എന്നാലും അത്യാവശ്യം വ്യായാമവും മറ്റും അര്‍ധരാത്രിയാണെങ്കില്‍പോലും മുടക്കാറില്ല. ഗുസ്തിയാണ്; സ്വീകരണമല്ല വലുതെന്നതിനാല്‍ ഒടുവില്‍ ചടങ്ങുകള്‍ നന്നേ കുറച്ചുവെന്നും സുശീല്‍.
അടുത്തദിവസത്തേക്കുള്ള പരിശീലനക്രമവും മറ്റും തലേന്നുതന്നെ നിശ്ചയിച്ചാണ് സുശീല്‍ മത്സരങ്ങള്‍ക്ക് മുന്നൊരുക്കം നടത്തുക. ട്രെയ്നിങ് ഒരിക്കലും ഈസിയായി എടുക്കാറില്ല ഈ ഒളിമ്പ്യന്‍. ഓരോ തവണ പരിശീലനത്തിനിറങ്ങുമ്പോഴും കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയാണ് തന്നിലുണ്ടാവുന്നതെന്ന് സുശീല്‍ പറയുന്നു. എതിരാളിയെ മനസ്സില്‍ കണ്ടാണ് പരിശീലനത്തില്‍ മുന്നേറുന്നതിനാല്‍ 'പോരാപേരാ' എന്ന തോന്നല്‍ എപ്പോഴും മനസ്സിലുണ്ടാവും.
വിദേശത്ത് മത്സരങ്ങള്‍ക്ക് പോയാല്‍ കാഴ്ച കാണാനും കറങ്ങിയടിക്കാനുമൊന്നും സുശീല്‍ മെനക്കെടാറില്ല. സ്ഥലം കാണാനല്ല, ഗുസ്തി പിടിക്കാനാണ് വന്നതെന്ന ഉത്തമബോധ്യം എപ്പോഴും മനസ്സിലുറപ്പിക്കാറുണ്ട്. ഭാരം ക്രമീകരിക്കുന്നതിനായി പട്ടിണി കിടക്കുന്നതിനാല്‍ എന്തു സൈറ്റ്സീയിങ് എന്നും സുശീല്‍ ചോദിക്കുന്നു.
ലക്ഷ്യത്തിലേക്ക് മനസ്സുറപ്പിച്ച സുശീലിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും ഭാര്യ സാവിക്കൊപ്പം ഇതുവരെ മധുവിധു യാത്ര പോകാന്‍ കഴിഞ്ഞിട്ടില്ല. കല്യാണത്തിനുശേഷം ഒളിമ്പിക്സിന്റെ തിരക്കിട്ട ഒരുക്കങ്ങളിലായിരുന്നു ഞാന്‍. സമയം തീരെ കിട്ടിയില്ല. മനസ്സില്‍ ഒളിമ്പിക് മെഡലെന്ന സ്വപ്നമായിരുന്നു നിറയെ. സാവി ജീവിതത്തിലെത്തിയശേഷം വേള്‍ഡ് ക്ളാസ് ഗുസ്തിക്കാരെ പലരെയും മലര്‍ത്തിയടിക്കാന്‍ കഴിഞ്ഞത് ഭാഗ്യത്തിന്റെ കടന്നുവരവായി സുശീല്‍ കാണുന്നു. തന്റെ കോച്ചും മുന്‍ രാജ്യാന്തര താരവുമായ സത്പാല്‍ സിങ്ങിന്റെ മകളാണ് സാവി. സുശീല്‍ ഗുസ്തി പരിശീലിക്കുമ്പോള്‍ ഐ.എ.എസ് ട്രെയ്നിങ്ങിലാണ് ഗുസ്തിവീരന്റെ നല്ല പാതിയുടെ ശ്രദ്ധ മുഴുവന്‍.
ഗോദയില്‍ മറ്റാര്‍ക്കുമറിയാത്ത ചില ടെക്നിക്കുകളൊക്കെ തനിക്ക് വശമുണ്ടെന്നാണ് സുശീലിന്റെ പക്ഷം. ഫൈറ്റിങ് സ്റ്റൈല്‍ ഒന്നു മാറ്റിയെടുക്കാനും ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ക്കുമായി അമേരിക്കയില്‍ കൊളറാഡോ സ്പ്രിങ്സിലെ യു.എസ് ഒളിമ്പിക്സ് സെന്ററിലായിരുന്നു പരിശീലനം. ഡേവ് ഷൂള്‍സ് മെമ്മോറിയല്‍ ഇന്റര്‍നാഷനല്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയാണ് പുതിയ സ്റ്റൈല്‍ വിജയകരമാണെന്ന് തെളിയിച്ചത്. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശൈലിയില്‍ ഇടക്ക് മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്ന പക്ഷക്കാരനാണ് സുശീല്‍.
നജഫ്ഗഢിന്റെ ഗല്ലികളില്‍ പന്തടിച്ച് ലോകക്രിക്കറ്റിന്റെ മുന്‍നിരയിലെത്തിയ വീരേന്ദര്‍ സെവാഗിന്റെ നാട്ടുകാരനാണ് ചെമ്മണ്‍കോര്‍ട്ടില്‍ ഗുസ്തിപിടിച്ച് ചരിത്രനേട്ടത്തിലേക്ക് മുന്നേറിയ സുശീല്‍. ലണ്ടന്‍ ഒളിമ്പിക്സിന്റെ അവസാന യോഗ്യതാ വേദിയില്‍ ലക്ഷ്യംനേടി വിശ്വമേളയില്‍ വീണ്ടും മെഡല്‍ തിളക്കത്തിലേറിയ സുശീല്‍ രാജ്യത്തെ കായികഭൂപടത്തില്‍ വീരുവിനെയും വെല്ലുന്ന വീരനായകനായി മാറിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍