പശ്ചിമ അസമിലെ ബോഡോ സ്വയംഭരണ മേഖലയില്‍ ഉള്‍പ്പെടുന്ന കൊക്രജര്‍, ബോണ്‍ഗൈഗാവോണ്‍, ചിറാങ്, സമീപസ്ഥ ധുബ്റി എന്ന ജില്ലകളില്‍നിന്ന് താല്‍ക്കാലിക അഭയാര്‍ഥി ക്യാമ്പില്‍ രക്ഷതേടിയെത്തിയ നാലു ലക്ഷത്തോളം മനുഷ്യരുടെ അതീവ ഗുരുതരവും ദയനീയവുമായ പ്രശ്നം വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ പാര്‍ലമെന്റ് അമ്പേ പരാജയപ്പെട്ടുവെന്നു മാത്രമല്ല തീര്‍ത്തും അവാസ്തവികമായ ഉപരിപ്ലവ പ്രസംഗങ്ങളിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും പ്രശ്നപരിഹാരത്തില്‍നിന്ന് ഒളിച്ചോടുകയും ചെയ്തു. അസമിലേത് കേവലമൊരു വര്‍ഗീയ കലാപമോ ക്രമസമാധാന പ്രശ്നമോ താല്‍ക്കാലിക ദുരിതാശ്വാസ നടപടികളിലൂടെ പരിഹാരംകാണേണ്ട കാര്യമോ അല്ലെന്ന് മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും ഒരുപോലെ സൗകര്യപൂര്‍വം മറന്നു. തീവ്ര വംശീയ വെറിയുടെ ഇന്ത്യന്‍ പതിപ്പായ ബി.ജെ.പി ബോധപൂര്‍വം അസം കലാപത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ തെളിവുകളുടെയും വസ്തുതകളുടെയും വെളിച്ചത്തില്‍ പ്രതിരോധിക്കേണ്ട മതേതര കോണ്‍ഗ്രസിന്റെ വക്താക്കളും ആഭ്യന്തര മന്ത്രിയും അബദ്ധജടിലമായ വാദം അടിസ്ഥാനപരമായി അംഗീകരിച്ചുകൊണ്ട് തൊലിപ്പുറമെയുള്ള മിനുക്കുപണികളിലൂടെ പ്രശ്നത്തില്‍നിന്ന് തലയൂരാനാണ് ശ്രമിച്ചതെന്ന് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നു. അസമിലെ വംശീയ കലാപം രാഷ്ട്രത്തിന് അസ്വീകാര്യമാണെന്നും ഇതിന് അന്ത്യംകുറിക്കണമെന്നും കൊക്രജറിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രഖ്യാപനത്തിന്റെ ഒരു ചൈതന്യവും ഉള്‍ക്കൊള്ളാതെയാണ് പുതുതായി ആഭ്യന്തരമന്ത്രി പദത്തില്‍ അവരോധിതനായ സുശീല്‍കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ തദ്വിഷയകമായ ചര്‍ച്ചക്ക് മറുപടി പറഞ്ഞത്. വിദേശികളെ പുറത്താക്കുക എളുപ്പമുള്ള പണിയല്ലെന്നുപറഞ്ഞ് മറുപടി പ്രസംഗം തുടങ്ങിയ ഷിന്‍ഡെ കലാപ ബാധിതര്‍ക്കായി സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിവരിക്കാനാണ് സമയംകളഞ്ഞത്്, വിഷയത്തിന്റെ മര്‍മം സ്പര്‍ശിക്കാനല്ല. മറുവശത്ത് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി തന്റെ സ്വതഃസിദ്ധമായ വാചാലത മുഴുവന്‍ പ്രയോഗിച്ചത് അസമിലെ ബംഗ്ളാദേശികളായ കുടിയേറ്റക്കാരാണ് സംഘര്‍ഷത്തിന് പൂര്‍ണ ഉത്തരവാദികളെന്ന് സ്ഥാപിക്കാനും. വിദേശികളെ സംബന്ധിച്ച നിയമം നടപ്പാക്കാനും അനധികൃത കുടിയേററക്കാരെ പുറത്താക്കാനും നടപടികളെടുക്കാത്തതില്‍ അദ്ദേഹം സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തു. നേരത്തേ എല്‍.കെ. അദ്വാനി ലോക്സഭയില്‍ ചെയ്ത പ്രസംഗത്തിന്റെ തനിയാവര്‍ത്തനം.
അസമിലെ വംശീയ പ്രശ്നത്തിന്റെ അടിവേര്, കാവിപ്പടയും രാജ്യത്തെ വലതുപക്ഷ മീഡിയയും നിരന്തരം പ്രചരിപ്പിക്കുന്ന ബംഗ്ളാദേശികളുടെ അനധികൃത കുടിയേറ്റമല്ല എന്നതാണ് സത്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അന്നത്തെ കിഴക്കന്‍ ബംഗാളില്‍നിന്ന് അസമിലേക്ക് കുടിയേറിപ്പാര്‍ത്ത കര്‍ഷകരാണ് ഇന്ന് ബംഗ്ളാദേശികളായ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും. ബ്രിട്ടീഷ് ഭരണകാലത്ത് 1901 മുതല്‍ 1931 വരെയുള്ള കാലഘട്ടത്തില്‍ മാത്രം 4.98 ലക്ഷം ബംഗാളി മുസ്ലിംകള്‍, ഇന്നത്തെ കൊക്രജര്‍, ബോണ്‍ഗൈഗാവോണ്‍, ചിറാങ്, ധുബ്റി ജില്ലകള്‍ ഉള്‍പ്പെടുന്ന അന്നത്തെ ഗോള്‍പാറ ജില്ലയിലേക്ക് കുടിയേറിയിരുന്നതായി രേഖകള്‍ പറയുന്നു. എങ്കില്‍, സെന്‍സസ് പ്രകാരമുള്ള 5.19 ശതമാനം ജനസംഖ്യ വളര്‍ച്ചാ നിരക്കുമാത്രം കണക്കിലെടുത്താലും ഇന്നത്തെ ബംഗാളി മുസ്ലിം പെരുപ്പത്തിന്റെ യാഥാര്‍ഥ്യം ബോധ്യമാവും. പിന്നീട്, 1971ലെ ബംഗ്ളാദേശ് യുദ്ധത്തിന്റെ മുന്നോടിയായി ഒരു കോടിയോളം കിഴക്കന്‍ പാകിസ്താന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലെത്തിയിരുന്നു. പാകിസ്താന്റെ പരാജയത്തിനും ബംഗ്ളാദേശിന്റെ പിറവിക്കും ശേഷം അവരില്‍ വലിയൊരു ഭാഗം തിരിച്ചുപോയില്ല. പാകിസ്താന്റെ ആഭ്യന്തര യുദ്ധത്തില്‍ സൈനികമായി ഇടപെടാനുള്ള ന്യായമൊരുക്കാന്‍ ബോധപൂര്‍വം അഭയാര്‍ഥികളെ സൃഷ്ടിക്കുകയായിരുന്നു എന്ന പാകിസ്താന്റെ ആരോപണം നിരാകരിക്കാം. എന്നാലും, അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അഭയാര്‍ഥികളായി വന്നവരില്‍ ഒരു പങ്കു കൂടി പില്‍ക്കാലത്ത് പശ്ചിമ അസമിലേക്കും കുടിയേറിപ്പാര്‍ത്തതായി കരുതാന്‍ ന്യായമുണ്ട്. ഇവരെ സൂക്ഷ്മമായി കണ്ടെത്താന്‍ അസം ട്രൈബ്യൂണല്‍ നേരത്തേ നിലവില്‍വരുകയും ഇത്തരക്കാരെ കണ്ടെത്തി പട്ടിക തയാറാക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കാര്യത്തില്‍ രാഷ്ട്രാന്തരീയ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുകയല്ലാതെ ഇന്ത്യക്കൊന്നും ചെയ്യാനില്ല. നിലവിലെ ബംഗ്ളാദേശ് സര്‍ക്കാര്‍ നൂറുശതമാനവും ഇന്ത്യയോട് സൗഹൃദം പുലര്‍ത്തുന്നതായിരിക്കെ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാന്‍ വഴിതുറന്നു കിടക്കുകയും ചെയ്യുന്നു. ഈ ദിശയില്‍ ഒന്നുംചെയ്യാതെ സര്‍ക്കാര്‍ നിഷ്ക്രിയമാവുമ്പോള്‍ അക്രമാസക്തമായ വംശവെറി താണ്ഡവമാടുന്നതാണ് അസമിലെ യഥാര്‍ഥ പ്രശ്നം.
വിഷമസന്ധിയുടെ സ്ഥായിയായ പരിഹാരത്തിന് സുചിന്തിത നീക്കങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ, ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ നരകതുല്യമായ ജീവിതത്തിന് അറുതിവരുത്താനും അവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടികളെടുത്തേ തീരൂ. 300 കോടി ഇതിന് നീക്കിവെച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെറും പണംകൊണ്ട് ദുരിത നിവാരണമാവുകയില്ല. പണം നേരാംവണ്ണം ഉപയോഗിച്ച് ജാഗ്രതയോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംവിധാനമുണ്ടാവണം. ബോഡോ വിഘടനവാദം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സ്വയംഭരണമേഖല അനുവദിച്ചതുപോലെ പ്രധാനമാണ്, അവിടെ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന മറ്റു വംശജരുടെയും മതസ്ഥരുടെയും ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷ ഉറപ്പാക്കുക എന്നതും. അതിനിടെ, ബംഗ്ളാദേശില്‍നിന്നുള്ള ആയുധ സഹായം പോലുള്ള അങ്ങേയറ്റം നിരുത്തരവാദപരവും വൈകാരികവുമായ പ്രോപഗണ്ട അവസാനിപ്പിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍