കുണ്ടറ: ജീവിതം ദുരിതമാക്കി ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു.
പച്ചപ്പുകള്‍ കാര്‍ന്ന് തിന്നും, വീടും പരിസരവും വികൃതമാക്കിയും പെരുകുന്ന ഓച്ചുകളെ കൂട്ടത്തോടെ കൊല്ലാന്‍ കെണിയൊരുക്കി കൃഷിവകുപ്പെത്തി. കുണ്ടറ പഞ്ചായത്തിലെ ഇളമ്പള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ഒച്ചുകള്‍ കൂടുതല്‍.
അക്കാന്‍ഷ്യാ ഫ്യൂളിക്ക എന്ന് ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചിനെ വളഞ്ഞ് നശിപ്പിക്കുന്ന രീതിയാണ് ശാസ്ത്രീയവും അപകടരഹിതവും. കൊട്ടാരക്കര, സദാനന്ദപുരത്തെ കേരള കാര്‍ഷിക സര്‍വ്വകലാശാല ഫാമിങ് സിസ്റ്റം റിസര്‍ച് സ്റ്റേഷനിലെ കീടശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ലേഖയും കുണ്ടറ കൃഷി ഓഫിസര്‍ ഷീലാആന്‍റണിയും കൃഷി അസിസ്റ്റന്‍റ് ചന്ദ്രസേനനും പഞ്ചായത്തംഗം ഗീതാ രാജുവും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തണുപ്പുള്ള പ്രദേശങ്ങളിലാണ് ഒച്ചിനെ കണ്ടുവരുന്നത്. രാത്രിയാണ് സഞ്ചാരം. ചണച്ചാക്കുകള്‍ നനച്ചിട്ട് അതിനുമുകളില്‍ ഓമയ്ക്ക (കപ്പക്ക) യുടെ ഇലകളും തണ്ടുകളും കാബേജ് തോടും ഇട്ടുവെക്കുന്ന കെണിയിലേക്ക് ഒച്ചുകള്‍ ആകര്‍ഷിക്കപ്പെടും. ഇവയെ ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാന്‍ കഴിയും.
ഇതിനുപകരം തുരിശ് ഉള്‍പ്പെടെ കീടനാശിനികള്‍ ഉപയോഗിക്കാമെങ്കിലും അത് മറ്റ് ജീവജാലങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന അനധികൃത മണലില്‍നിന്നാകാം ഇവിടെ ഒച്ചെത്തിയതെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍