കണ്ണൂര്‍: ഷുക്കൂര്‍ വധകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍െറ വാദം കണക്കിലെടുത്താണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സെഷന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ ഈ കേസിന്‍െറ മറ്റു കാര്യങ്ങളില്‍ മജിസ്ട്രേറ്റ് കോടതി ഇടപെടുന്നില്ലെന്നും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞു. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ല. നിരവധി പ്രതികള്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ജയരാജന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പലഭാഗങ്ങളിലും അക്രമങ്ങള്‍ ഉണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാശമുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമത്തിനിരകളായി. ഇക്കാര്യങ്ങള്‍ പരിഗണിച്ചും കുറ്റകൃത്യത്തിന്‍െറ ഗൗരവം കണക്കിലെടുത്തുമാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. കേസ് തെളിയിക്കാന്‍ തക്കതായ തെളിവുകള്‍ കോടതിമുമ്പാകെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍െറ വാദം കോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ച 1.05നാണ് ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവുണ്ടായത്.
ആഗസ്റ്റ് ഒന്നിന് അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലടച്ച ജയരാജനുവേണ്ടി രണ്ടിന് രാവിലെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പൊലീസ് റിപ്പോര്‍ട്ടിനുവേണ്ടി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ച അപേക്ഷയില്‍ പ്രോസിക്യൂഷന്‍െറ വാദംകേട്ടശേഷമാണ് വെള്ളിയാഴ്ച തീര്‍പ്പാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. ശ്രീധരനാണ് ഹാജരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍