Sat, 08/04/2012 - 10:50 ( 41 weeks 14 hoursago)
ലണ്ടന്‍: ബോക്സിങ് റിങ്ങില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്സ് ബോക്സിങ്ങില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യന്‍ താരം വികാസ് കൃഷ്ണനെ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ അയോഗ്യനാക്കി. വികാസിന്‍െറ എതിരാളി എറോള്‍ സ്പെന്‍സ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലം തിരുത്തിയത്. ഇതോടെ അമേരിക്കന്‍ താരം എറോള്‍ സ്പെന്‍സ് ക്വാര്‍ട്ടറില്‍
പ്രവേശിച്ചു. അതേ സമയം ഫലം തിരുത്തിയ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ ബോക്സിങ് അസോസിയേഷന്‍ തള്ളി. ഇന്ത്യന്‍ സംഘത്തലവന്‍ പി.കെ മുരളീധരന്‍ രാജയുടെ നേതൃത്തതിലാണ് വിധിക്കെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെ നടന്ന 69 കിലോഗ്രാം വിഭാഗം മത്സരത്തില്‍ വികാസ് കൃഷ്ണ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.13-11ന് ഇഞ്ചോടിച്ച് പോരാടിയാണ് 20കാരനായ വികാസ് കൃഷ്ണ ജയം സ്വന്തമാക്കിയത്. എന്നാല്‍, മത്സരശേഷം അമേരിക്കന്‍ ടീം മത്സരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ച ബോക്സിങ് അസോസിയേഷന്‍ അമേരിക്കന്‍ താരം എറോള്‍ സ്പെന്‍സ് 15-13ന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
വികാസ് കൃഷ്ണ ചെയ്ത ഫൗളുകള്‍ റഫറി കണ്ടില്ലെന്നും മത്സരം പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് അമേരിക്ക പരാതി നല്‍കിയത്.
മൂന്നാം റൗണ്ടില്‍ വികാസ് കൃഷ്ണ ഒമ്പത് ഫൗളുകള്‍ ചെയ്തെങ്കിലും റഫറി ഒന്ന് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. രണ്ടാം റൗണ്ടില്‍ വികാസ് ബോധപൂര്‍വം ഗംഷീല്‍ഡ് തുപ്പിയിട്ടും റഫറി മുന്നറിയിപ്പ് നല്‍കിയില്ല. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജൂറി അമേരിക്കന്‍ താരം സ്പെന്‍സിന് നാല് പോയന്‍റ് അധികം നല്‍കാന്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ പറഞ്ഞു. പരാതി സ്വീകരിച്ചതായും സ്പെന്‍സ് വിജയിച്ചതായും അസോസിയേഷന്‍ പ്രഖ്യാപിച്ചു.
ഇതോടെ വികാസ് മത്സരത്തില്‍ നിന്ന് പുറത്തായി. സപെന്‍സ് ക്വാര്‍ട്ടറില്‍ റഷ്യയുടെ ആന്‍ഡ്രി സാംകോവോയെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍