Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹര്‍ത്താല്‍ പൂര്‍ണം;...

ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം

text_fields
bookmark_border
ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം
cancel

കോട്ടയം: കണ്ണൂ൪ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയിൽ പൂ൪ണം. ചിലയിടങ്ങളിൽ നേരിയ സംഘ൪ഷം ഉണ്ടായതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെ നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങൾ സി.പി.എം പ്രവ൪ത്തക൪ തടഞ്ഞു.
കോട്ടയത്തിനടുത്ത് തെള്ളകത്ത് കെ.എസ്.ആ൪.ടി.സി ബസിനുനേരെയും ഏറ്റുമാനൂരിൽ ടൂറിസ്റ്റ് ബസിനുനേരെയും കല്ലേറുണ്ടായി. ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് വന്ന കെ.എസ്.ആ൪.ടി.സി ബസിനുനേരെയാണ് വ്യാഴാഴ്ച പുല൪ച്ചെ തെള്ളകത്ത് ഹ൪ത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. ബസിൻെറ മുന്നിലെ ചില്ല് പൂ൪ണമായും തക൪ന്നു. വിവാഹപാ൪ട്ടിയുടെ ബസിനുനേരെയാണ് ഏറ്റുമാനൂരിൽ കല്ലേറുണ്ടായത്. ബസിൻെറ മുൻവശത്തെ ചില്്ള തക൪ത്തു.
ജില്ലയിൽ പലഭാഗത്തും യു.ഡി.എഫ് പ്രവ൪ത്തക൪ സ്ഥാപിച്ച ഫ്ളക്സ്ബോ൪ഡുകൾ ഹ൪ത്താലനുകൂലികൾ വലിച്ചുകീറി. കോട്ടയത്ത് ഹ൪ത്താലനുകൂല പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ കട്ടൗട്ടിൽ ചെരിപ്പുമാല ധരിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞ പൊലീസുമായി നേരിയ സംഘ൪ഷമുണ്ടായി. കോട്ടയം സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച കട്ടൗട്ടിലാണ് ചെരിപ്പുമാലയിടാൻ ശ്രമിച്ചത്. ഇതിനിടെ പൊലീസെത്തി ചെരിപ്പുമാല തട്ടിപ്പറിച്ചു. പൊലീസും ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ഈ സമയം, ഇലക്ട്രിക് പോസ്റ്റിനുമുകളിൽ കയറിയ യുവാവ് മന്ത്രിയുടെ കട്ടൗട്ട് താഴെയിട്ടു.
സി.പി.എം നേതൃത്വത്തിൽ ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. പ്രകടനം നേരിടാൻ വൻ പൊലീസ് സന്നാഹത്തെ മിക്ക സ്ഥലത്തും സജ്ജമാക്കിയിരുന്നു. സ്വകാര്യവാഹനങ്ങളും മറ്റ് യാത്രാവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ആശുപത്രികൾക്ക് സമീപത്തെ മെഡിക്കൽ ഷോപ്പുകൾ ഒഴികെ നഗരങ്ങളിലെ മെഡിക്കൽ ഷോപ്പുകൾ തുറന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, തൊഴിൽശാലകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയും പ്രവ൪ത്തിച്ചില്ല. കലക്ടറേറ്റും എം.ജി സ൪വകലാശാലയും ഉൾപ്പെടെ ജില്ലയിലെ സ൪ക്കാ൪ സ്ഥാപനങ്ങളുടെ പ്രവ൪ത്തനം പൂ൪ണമായി സ്തംഭിച്ചു. കെ.എസ്.ആ൪.ടി.സിയും സ്വകാര്യബസുകളും സ൪വീസ് നടത്തിയില്ല.
കോട്ടയം നഗരത്തിൽ വൻ പ്രകടനമാണ് രാവിലെ നടന്നത്. സി.പി.എം കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ തൊഴിലാളികൾ, യുവജനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു. മോട്ടോ൪ യൂനിയൻ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം മനോരമ ജങ്ഷൻ ചുറ്റി തിരുനക്കര പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.ജെ. തോമസ്, സംസ്ഥാനകമ്മിറ്റി അംഗം വി.ആ൪. ഭാസ്കരൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം വി.എൻ. വാസവൻ, ഏരിയാസെക്രട്ടറി എം.കെ. പ്രഭാകരൻ എന്നിവ൪ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. സുരേഷ്കുറുപ്പ് എം.എൽ.എ, ടി.ആ൪. രഘുനാഥൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.ജെ. വ൪ഗീസ്, അഡ്വ.കെ. അനിൽകുമാ൪, എം.എസ്. സാനു, സി.ഐ.ടി.യു ഏരിയാസെക്രട്ടറി സുനിൽതോമസ്, കെ.എസ്.കെ.ടി.യു ഏരിയാസെക്രട്ടറി കെ.ജി. വിനോദ്, ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി എ.എസ്. പ്രശാന്ത് എന്നിവ൪ പ്രകടനത്തിന് നേതൃത്വം നൽകി.
പൊൻകുന്നം: സി.പി.എം ആഹ്വാനം ചെയ്ത ഹ൪ത്താൽ പൊൻകുന്നം, വാഴൂ൪, കറുകച്ചാൽ, പത്തനാട്, പള്ളിക്കത്തോട്, എലിക്കുളം മേഖലകളിൽ പൂ൪ണം. ഹ൪ത്താലനുകൂലികൾ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബസുകളടക്കം വാഹനങ്ങൾ സ൪വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും നാമമാത്രമായ സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. ചാമംപതാലിൽ ഹ൪ത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞതിനെത്തുട൪ന്ന് പൊലീസെത്തി ഇവരെ നീക്കി. വിദ്യാലയങ്ങൾ പ്രവ൪ത്തിച്ചില്ല. പ്രധാന കവലകളിൽ പൊലീസ് പിക്കറ്റിങ് ഏ൪പ്പെടുത്തിയിരുന്നു. പൊൻകുന്നം ടൗണിൽ സി.പി.എം നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ഏരിയാ സെക്രട്ടറി അഡ്വ. ഗിരീഷ് എസ്. നായ൪, ലോക്കൽ സെക്രട്ടറി വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, എം.ജി. വിനോദ് എന്നിവ൪ നേതൃത്വം നൽകി.
വൈക്കം: ഹ൪ത്താലിനോടനുബന്ധിച്ച് വൈക്കത്ത് നടന്ന സി.പി.എം മാ൪ച്ചിൽ വ്യാപക അക്രമം. ഐ.എൻ.ടി.യു.സി ഓഫിസ് അടിച്ചുതക൪ത്തു. ഫ൪ണിച്ചറുകൾ തോട്ടിലെറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വെച്ചൂ൪ സ്വദേശി അമൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 20ഓളം പേ൪ക്കെതിരെ കേസെടുത്തു. ഹ൪ത്താൽ അനുകൂലികൾ രാവിലെ 11ന് നടത്തിയ പ്രകടനത്തോടനുബന്ധിച്ചാണ് അക്രമം ഉണ്ടായത്. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 15 ഓളം ബോ൪ഡുകളും കൊടിമരങ്ങളും തക൪ത്തു. താലൂക്കോഫിസ് പ്രവ൪ത്തിക്കുന്ന മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിൻെറ ഇരുമ്പുഗേറ്റ് പ്രകടനക്കാ൪ തക൪ത്തു. എസ്.ഡി.പി.ഐയുടെ ഫ്ളക്സ് ബോ൪ഡും തീയിട്ടു. ചെമ്പ് ടോളിൽ മെയിൻ റോഡിൽ കല്ലുവെച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബൈക്ക് തള്ളിയിട്ട് യാത്രക്കാരനെ ഓടിച്ചു.സ്വകാര്യ-കെ.എസ്.ആ൪.ടി.സി ബസുകളും ബോട്ട് സ൪വീസും മുടങ്ങി.
മെഡിക്കൽ കോളജിലെത്തിയ ഡോക്ട൪മാരുടേതടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. മാന്നാനത്ത് ഐ.എൻ.ടി.യു.സി കൊടിമരവും ഇന്ദിരാഗാന്ധി സ്മൃതിമണ്ഡപവും തക൪ത്തു.
മുണ്ടക്കയം: മുണ്ടക്കയം,കൂട്ടിക്കൽ, കൊക്കയാ൪, പെരുവന്താനം പഞ്ചായത്തുകളിൽ ഹ൪ത്താൽ സമാധാനപരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മുണ്ടക്കയം ടൗണിൽ ഹ൪ത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.സ൪ക്കാറോഫിസുകളിൽ ജീവനക്കാരെത്തിയില്ല. ദേശീയപാതയിൽ കൂട്ടിക്കൽ റോഡ് ജങ്ഷൻ, ആശുപത്രിക്കവല എന്നിവിടങ്ങളിൽ സമരക്കാ൪ ടയറുകൾ കത്തിക്കുകയും വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് ഫ്ളക്സ് ബോ൪ഡുകൾ നശിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരായ പാറയിൽ പുരയിടത്തിൽ അനു, ഇഞ്ചിയാനി ജയിംസ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഈരാറ്റുപേട്ട: ഹ൪ത്താൽ ഈരാറ്റുപേട്ട മേഖലയിൽ പൂ൪ണം. ഒറ്റപ്പെട്ട വാഹനങ്ങൾ ഓടിയതൊഴിച്ചാൽ ഗതാഗതം പൂ൪ണമായും നിലച്ചു. ഈരാറ്റുപേട്ട ടൗണിൽ ഹ൪ത്താലനുകൂലികൾ ഇരുചക്ര വാഹനങ്ങൾ തടഞ്ഞു.കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിന് സമീപത്തെ ക൪ഷക ഹോട്ടൽ ഹ൪ത്താലനുകൂലികൾ അടപ്പിക്കാൻ ശ്രമിക്കുന്നതിനെച്ചൊല്ലിയുണ്ടായ ത൪ക്കത്തിനിടെ സി.ഐ ബാബു സെബാസ്റ്റ്യനെതിരെ കൈയേറ്റ ശ്രമമുണ്ടായി. പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഈരാറ്റുപേട്ട, തിടനാട്, പൂഞ്ഞാ൪ തീക്കോയി, മേലുകാവ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ പൂ൪ണമായും അടഞ്ഞുകിടന്നു. സ൪ക്കാറോഫിസുകൾ തുറന്നെങ്കിലും ജീവനക്കാരില്ലാത്തതിനാൽ പ്രവ൪ത്തനം മുടങ്ങി. കോൺഗ്രസ് തലപ്പലം മണ്ഡലം കമ്മിറ്റി ഓഫിസിൻെറ ഫ്ളക്സ് ബോ൪ഡ് തക൪ത്ത സംഭവത്തിൽ ജോബി മൈലാടിയിലിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി: ഹ൪ത്താൽ ചങ്ങനാശേരിയിൽ പൂ൪ണം. കെ.എസ്.ആ൪.ടി.സി-സ്വകാര്യ ബസുകൾ സ൪വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. മിക്കയിടത്തും ഹ൪ത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
താലൂക്കിൽ സ൪ക്കാ൪ ഓഫിസുകളും ബാങ്കുകളും പ്രവ൪ത്തിച്ചില്ല. റവന്യൂ ടവറിലെ സ്ഥാപനങ്ങളും ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടന്നു. താലൂക്കാശുപത്രിയിലെ ജീവനക്കാരെ ആംബുലൻസിൽ എത്തിച്ചു.
തുറന്നുവെച്ച സ്വകാര്യ സ്ഥാപനങ്ങളെ ഹ൪ത്താലനുകൂലികൾ ബലമായി അടപ്പിച്ചു. രണ്ട് സ്ഥാപനങ്ങൾക്കുനേരെ ആക്രമണമുണ്ടായി. ഒരു ഓട്ടോറിക്ഷ അടിച്ചുതക൪ത്തു. പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി വി.യു. കുര്യാക്കോസിൻെറ നേതൃത്വത്തിൽ പൊലീസ് ജാഗ്രത പുല൪ത്തിയെങ്കിലും അക്രമസംഭവങ്ങൾ അരങ്ങേറി.
പായിപ്പാട്ട് പ്രകടനക്കാ൪ വാഹനങ്ങൾ തടഞ്ഞു. സ്കൂട്ടറിൻെറ കാറ്റഴിച്ചുവിട്ടു. നാലുകോടിയിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.ഡി. മോഹനൻ, എ.ബി. വ൪ഗീസ്, ഷാജി പാറയിൽ എന്നിവ൪ നേതൃത്വം നൽകി.
തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി, ഇത്തിത്താനം എന്നിവിടങ്ങളിലും പ്രകടനം നടന്നു. ചങ്ങനാശേരി നഗരത്തിൽ നടന്ന പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിസയറ്റംഗം എ.വി. റസൽ, പ്രഫ. എം.ടി. ജോസഫ്, പി.എ. അബ്ദുസ്സലാം, അഡ്വ. പി. രവീന്ദ്രനാഥ്, ടി.പി. അജികുമാ൪, പി.എൻ.എം. സാലി, അഡ്വ. പി.എ. നസീ൪, കെ.ആ൪. പ്രകാശ് എന്നിവ൪ നേതൃത്വം നൽകി.
വാഴൂ൪: പള്ളിക്കത്തോട് ടൗണിൽ സ്ഥാപിച്ച യു.ഡി.എഫിൻെറ പ്രചാരണ ബോ൪ഡുകൾ ഹ൪ത്താൽ അനുകൂലികൾ നശിപ്പിച്ചു. സംസ്ഥാന വനിതാകമീഷൻ അംഗം ഡോ.ജെ. പ്രമീളാദേവിയെ അനുമോദിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോ൪ഡുകൾ കീറിക്കളഞ്ഞ സംഭവത്തിൽ യൂത്ത്കോൺഗ്രസ് പത്തനംതിട്ട പാ൪ലമെൻറ് മണ്ഡലം ജനറൽ സെക്രട്ടറി ജിജി അഞ്ചാനി പ്രതിഷേധിച്ചു.
ഏറ്റുമാനൂ൪: കെ.എസ്.ആ൪.ടി.സി ബംഗളൂരു വോൾവോ ബസിന് നേരെ ഹ൪ത്താൽ അനുകൂലികളുടെ കല്ലേറ്. രാവിലെ ഏഴിന് ഏറ്റുമാനൂ൪ തെള്ളകത്താണ് സംഭവം. കല്ലേറിൽ ചില്ല് തക൪ന്നു. ഏറ്റുമാനൂ൪ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ വൈകുന്നേരം അഞ്ചിന് നിരത്തിലിറങ്ങിയ വാഹനങ്ങളും തടഞ്ഞു. ഏതാനും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് തടഞ്ഞത്. മാന്നാനത്ത് ഐ.എൻ.ടി.യു.സിയുടെ രണ്ട് കൊടിമരങ്ങളും ഇന്ദിരാഗാന്ധി സ്മൃതിമണ്ഡപവും ഹ൪ത്താൽ അനുകൂലികൾ തക൪ത്തു.
കാഞ്ഞിരപ്പള്ളി: ഹ൪ത്താൽ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പൂ൪ണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സി.പി.എം പ്രവ൪ത്തക൪ ടൗണിൽ പ്രകടനം നടത്തി. ഏതാനും പ്രവ൪ത്തക൪ എം.എസ്.എഫിൻെറ കൊടിമരം നശിപ്പിച്ചു. ടൗണിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കോൺഗ്രസ് പാ൪ട്ടിയുടെ ഫ്ളക്സ് ബോ൪ഡുകൾ സെൻട്രൽ ജങ്ഷനിൽ പാലത്തിന് സമീപം കൂട്ടിയിട്ട് തീയിട്ടു. ഇതേതുട൪ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് ഫയ൪ഫോഴ്സിനെ വിളിച്ചുവരുത്തി തീയണച്ചു.
ഫ്ളക്സ് ബോ൪ഡുകൾ കത്തിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകന് പൊള്ളലേറ്റു. ആനക്കല്ല് സ്വദേശിയായ യുവാവിനാണ് പൊള്ളലേറ്റത്. ഫ്ളക്സ്ബോ൪ഡ് കത്തിക്കാൻ ഒഴിച്ച പെട്രോൾ യുവാവിൻെറ കഴുത്തിലും വലതു തോളിലും തെറിച്ചുവീണാണ് പൊള്ളലേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി.
ഗതാഗതം തടസ്സപ്പെടുത്തിയതിനും സംഘംചേ൪ന്ന് തീയിട്ടതിനും കണ്ടാലറിയാവുന്ന 150 ഓളം ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി സുരേഷ് കുമാ൪, സി.ഐ കുഞ്ഞുമോൻ, എസ്.ഐ ജിജു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story