12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി

ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി

ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കുന്നു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്. വിദഗ്ധര്‍ക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രതിനിധികളുമടങ്ങുന്ന പഠനസമിതി രണ്ടു മാസംകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തി അതിലെ ശിപാര്‍ശകളില്‍ നടപ്പാക്കാന്‍ സാധിക്കുന്നവ ഏതൊക്കെയെന്നും മറ്റു ശിപാര്‍ശകളില്‍ എന്തു നടപടി സ്വീകരിക്കാമെന്നും സര്‍ക്കാറിനെ ഉപദേശിക്കുകയാണ് പഠനസമിതിയുടെ ചുമതലയെന്ന് വനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചു. സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന എതിര്‍പ്പുകളും സമിതി പരിശോധിക്കും.
അതിനിടെ, റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയെ വെക്കാനുള്ള നീക്കത്തിനെതിരെ മാധവ് ഗാഡ്ഗില്‍ രംഗത്തെത്തി. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് വനം-പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠനം നടത്താന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തിന്റെ ജൈവ സമ്പത്ത് നിലനിര്‍ത്താനുള്ള നിബന്ധനകളും ഉള്‍പ്പെടുത്തി കഴിഞ്ഞ ആഗസ്റ്റില്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായ ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ മടിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ദല്‍ഹി ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് ശിപാര്‍ശകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും എതിര്‍ത്തും ആറായിരത്തിലേറെ അഭിപ്രായങ്ങള്‍ സര്‍ക്കാറിന് ലഭിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഒരു നിലക്കും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി അനുവദിക്കരുതെന്ന ശിപാര്‍ശയാണ് കേരളത്തിന്റെ എതിര്‍പ്പിന്റെ മുഖ്യകാരണം. മാത്രമല്ല, മേഖലയില്‍ പുതിയ അണക്കെട്ടുകള്‍ പാടില്ലെന്നും 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ പൊളിച്ചുനീക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഇത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടസ്സമാകും. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളെയും വൈദ്യുതി പദ്ധതികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com