12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ചെകുത്താന്മാരുടെ നാട്?

 ചെകുത്താന്മാരുടെ നാട്?

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 2011ല്‍ കേരളത്തിലാണത്രെ ഇന്ത്യയില്‍വെച്ച് ഏറ്റവുംകൂടിയ നിരക്ക് രേഖപ്പെടുത്തിയത്. നാഷനല്‍ ക്രൈംസ് ബ്യൂറോ പുറത്തുവിട്ട കണക്കുകളനുസരിച്ച് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലേറെയാണ് കേരളത്തിലെ കുറ്റകൃത്യനിരക്ക്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്ന നഗരങ്ങളില്‍ കൊല്ലവും ഉള്‍പ്പെടും. 60 വയസ്സിനുമേല്‍ കൂടുതല്‍ ആത്മഹത്യനടക്കുന്ന സംസ്ഥാനവും കേരളമത്രെ. കുടുംബ ആത്മഹത്യകളുടെ കണക്കില്‍ നാം രാജസ്ഥാനുമാത്രം പിന്നില്‍ രണ്ടാം സ്ഥാനത്തായി നില്‍ക്കുന്നു. മാനവവികസന സൂചികയില്‍ ഉന്നതനിലവാരവും 93.9 ശതമാനം സാക്ഷരതയും ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന സല്‍പ്പേരും ഇ-സാക്ഷരതയില്‍ അതിവേഗം 100 ശതമാനത്തിലേക്ക് കുതിക്കുന്ന പ്രദേശമെന്ന പെരുമയും കേരളത്തിന് സ്വന്തമാണ്. അതോടൊപ്പമാണ് സൈബര്‍ കുറ്റങ്ങളിലും സാമൂഹിക കുറ്റകൃത്യങ്ങളിലും രാഷ്ട്രീയ അക്രമങ്ങളിലും നാം പുരോഗതി നേടിക്കൊണ്ടിരിക്കുന്നത്. ക്രൈംസ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്ര മോശമല്ല നാം എന്നു വാദിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ രേഖകളില്‍ പ്രതിഫലിക്കുകയോ ചെയ്യുന്നില്ലെന്നും കേരളത്തില്‍ എല്ലാം രേഖകളില്‍ വരുന്നുണ്ടെന്നും പറയാം. അത് ശരിയുമായേക്കും. പക്ഷേ, അപ്പോഴും താരതമ്യത്തിലേ മെച്ചമുണ്ടാകൂ.
‘ഐ.പി.സി കുറ്റകൃത്യങ്ങളുടെ’ നിരക്ക് 515.6 എന്നത്, മറ്റേതെങ്കിലും സംസ്ഥാനം ഇതിലും മോശമാണെന്ന് വന്നാല്‍പോലും അഭിമാനകരമല്ല. ഇന്‍റര്‍നെറ്റില്‍ അശ്ളീലം പോസ്റ്റ് ചെയ്യുന്നതിലും മലയാളികളാണത്രെ മുന്നില്‍. രാഷ്ട്രീയ വൈരാഗ്യത്തിന്‍െറ പേരില്‍ നടക്കുന്ന അക്രമങ്ങളും കൂട്ട ആത്മഹത്യകളും വര്‍ധിക്കുന്നു എന്നത് കേരളീയന്‍െറ നിത്യജീവിതാനുഭവമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ഒന്നുമില്ലെങ്കില്‍പോലും മദ്യപാനവും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാമൂഹികാന്തരീക്ഷവും ഇവിടെ നിലനില്‍ക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. സദാചാരം ഒരു ശകാരപദവും അമിതമായ അനുവദനീയത പുരോഗമനവും കുടുംബവും ദാമ്പത്യവും വ്യക്തിസ്വാതന്ത്ര്യത്തിനു വിഘാതവും മദ്യക്കച്ചവടം സര്‍ക്കാര്‍ സ്പോണ്‍സേഡ് വ്യവസായവും രാഷ്ട്രീയം നെറിയില്ലായ്മയുടെ അറ്റവും ധാര്‍മികത എടുക്കാച്ചരക്കുമാകുമ്പോള്‍ എന്തുസംഭവിക്കുമോ അതൊക്കെത്തന്നെയേ ഇവിടെ സംഭവിക്കുന്നുള്ളൂ. ഏറെ പഠിപ്പുണ്ടായിട്ടും ഒട്ടും വിവരമില്ലാത്തവനായി മലയാളി മാറുന്നു എന്നത് പുതിയ വാര്‍ത്തയൊന്നുമല്ലല്ലോ. നമ്മുടെ നാടിന് ചെകുത്താന്മാരില്‍നിന്ന് ദൈവത്തിലേക്കൊന്നു തിരിഞ്ഞുനടക്കാന്‍ കഴിയില്ലേ ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com