12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഇ.പി. ജയരാജന്‍ വധശ്രമത്തിനുപിന്നില്‍ സുധാകരനെന്ന് വെളിപ്പെടുത്തല്‍

ഇ.പി. ജയരാജന്‍ വധശ്രമത്തിനുപിന്നില്‍ സുധാകരനെന്ന് വെളിപ്പെടുത്തല്‍

കണ്ണൂര്‍: ഇ.പി. ജയരാജന്‍ വധശ്രമം ഉള്‍പ്പെടെ രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എം.പിക്ക് പങ്കുണ്ടെന്ന് മുന്‍ കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറിയും സേവറി ഹോട്ടല്‍ ആക്രമണക്കേസ് പ്രതിയുമായ എം. പ്രശാന്ത് ബാബു. കെ. സുധാകരന്റെ കാര്‍ ഡ്രൈവറും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു ഇദ്ദേഹം.
ഇ.പി. ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് കെ. സുധാകരന്റെ നടാലിലെ വസതിയിലായിരുന്നെന്നും ഈസമയത്ത് താന്‍ അവിടെയുണ്ടായിരുന്നെന്നും വാര്‍ത്താചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പ്രശാന്ത് ബാബു പറഞ്ഞു. കണ്ണൂരിലെ സേവറി ഹോട്ടലിന് ബോംബെറിഞ്ഞ് ജീവനക്കാരനായ സി.പി.എം പ്രവര്‍ത്തകന്‍ നാണുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും കണ്ണൂരിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ പ്രസ് ആക്രമിച്ചതിലും സുധാകരന് പങ്കുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.
ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടക്കുമ്പോള്‍, തന്നെ സുധാകരന്‍ വീട്ടിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. അന്ന് താന്‍ സുധാകരന്റെ ഡ്രൈവറായിരുന്നില്ല. അഡ്വ. ടി.പി. ഹരീന്ദ്രനും കുറച്ച് സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. അവരോടൊക്കെ പുറത്തുപോകാന്‍ സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യണമെന്ന് കോണ്‍ഗ്രസുകാരനെന്ന നിലക്ക് ആഗ്രഹമില്ലേ എന്ന് തന്നോട് ചോദിച്ചു. ഞങ്ങള്‍ ചില പദ്ധതികളൊക്കെയിട്ടിട്ടുണ്ട്.
നിനക്ക് ഞാനൊരു ഡ്യൂട്ടി തരും. ജില്ലയുടെ എല്ലാ ഭാഗത്തും ഞാനുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ട് ഞാന്‍ തരുന്ന മെസേജ് കൈമാറണം -സുധാകരന്‍ പറഞ്ഞു. ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും അതിനെക്കുറിച്ചാണ് അവിടെ സംസാരിച്ചതെന്നും തനിക്ക് മനസ്സിലായത് അങ്ങനെയാണ്. ഗുണ്ടകളെ ഉപയോഗിച്ചാണ് സേവറി ഹോട്ടല്‍ ആക്രമണം നടത്തിയത്. പിന്നീട് യഥാര്‍ഥ പ്രതികള്‍ക്കുപകരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കി. താനും അതില്‍പെട്ടു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് സേവറി ഹോട്ടല്‍ അക്രമക്കേസില്‍ തങ്ങള്‍ പ്രതികളാണെന്ന് അറിഞ്ഞത്. സുധാകരന്‍ തന്ന ലിസ്റ്റാണ്, ഞാനെന്തു ചെയ്യും എന്നാണ് കേസന്വേഷിച്ച സി.ഐ ജനാര്‍ദനന്‍ പറഞ്ഞത്. ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരെ രക്ഷിക്കാനാണ് ഇത് ചെയ്തത്. സംഘത്തില്‍പെട്ടവരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഇവര്‍ മാസങ്ങള്‍ കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് താമസിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു.
കണ്ണൂര്‍ നഗരസഭയിലെ തെക്കീബസാര്‍ വാര്‍ഡില്‍ കൗണ്‍സിലറായിരുന്ന പ്രശാന്ത് ബാബു 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി, സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനാല്‍ റിബലായി മത്സരിച്ചിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതോടെയാണ് കെ. സുധാകരനുമായി അകന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com