ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന്‍ ഫോറം വരുന്നു

ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന്‍ ഫോറം വരുന്നു

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയിലെ പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും അടുത്തമാസം ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലും ഈ വര്‍ഷം വിനോദസഞ്ചാര വര്‍ഷമായി ആചരിക്കാനും തീരുമാനമായി. ഈ വര്‍ഷം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും ഉന്നമനത്തിനായി നടപ്പാക്കേണ്ട പരിഷ്കാരങ്ങളും ചര്‍ച്ച ചെയ്ത് നിര്‍ദേശിക്കുന്നതിന് ടൂറിസം പ്രമോഷന്‍ ഫോറം നിലവില്‍ വരും.
യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് നേതൃത്വം നല്‍കുന്ന ഫോറം ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ അടങ്ങുന്നതാണ്. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ എജന്‍സികള്‍, വിമാന കമ്പനി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഫോറ·ില്‍ അംഗങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ടൂറിസം അധികൃതരുമായുള്ള ചര്‍ച്ചക്കും ഇന്ത്യന്‍ ടൂറിസത്തിന്‍െറ ‘ഇന്‍ക്രഡ്ബിള്‍ ഇന്ത്യ’ റോഡ് ഷോയുമായി ബന്ധപ്പെട്ടും ദുബൈയിലത്തെിയ സുബോധ് കാന്ത് സഹായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വിസ സംബന്ധിച്ച പ്രശ്നങ്ങള്‍, ഇന്ത്യന്‍ ടൂറിസത്തിന്‍െറ പ്രചാരണം സംബന്ധിച്ച പാകപ്പിഴകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഫോറം ചര്‍ച്ച ചെയ്യും. ഫോറത്തിന്‍െറ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമേ ടൂറിസം കാമ്പയിന്‍ അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കൂയെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.ഇക്ക് പുറമേ, മറ്റ് രാജ്യങ്ങളുമായും ഇത്തരത്തില്‍ ടൂറിസം പ്രമോഷന്‍ ഫോറം രൂപവത്കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 20 രാജ്യങ്ങളുമായി ഇത്തരത്തില്‍ ഫോറം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2012ല്‍ ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്. ഇതോടനുബന്ധിച്ചാണ് ഈ മേഖലയില്‍ പുതിയ കരാറുകളും സമിതികളും വരുന്നത്. ടൂറിസം മേഖലയിലെ വികസനത്തിന് വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തും. അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, എക്സിബിഷന്‍ സെന്‍ററുകള്‍, ഹോട്ടലുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കാണ് ഇത്രയും തുക ചെലവഴിക്കുക. 2016ഓടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും. സര്‍വ സൗകര്യങ്ങളുമുള്ള രണ്ട് ലക്ഷം ഹോട്ടല്‍ മുറികളുടെ ആവശ്യം ഇന്ത്യയിലുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വികസനം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയിലെ വൈവിധ്യത്തെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം ശക്തമാക്കും. ആയുര്‍വേദം, സിദ്ധവൈദ്യം, യോഗ എന്നിവയുള്‍പ്പെട്ട മെഡിക്കല്‍ ടൂറിസവും കടലോര സൗന്ദര്യം ആസ്വദിക്കാവുന്ന ബീച്ച് ടൂറിസവും ഹിമാലയത്തിലെ ശാന്തത അനുഭൂതി പകരുന്ന പീസ് ടൂറിസവും സാഹസിക ടൂറിസവും ഗോവയിലെയും കേരളത്തിലെയും മണ്‍സൂണ്‍ ടൂറിസവും എല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. യു.എ.ഇയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പാക്കേജും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഇന്ത്യന്‍ ടൂറിസം ജോയന്‍റ് സെക്രട്ടറി ആനന്ദ്കുമാര്‍, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി അമൃത റാവത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇന്‍ക്രഡ്ബിള്‍ ഇന്ത്യ’ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റോഡ് ഷോയില്‍ ഇന്ത്യയുടെ പാരമ്പര്യ നൃത്തരൂപങ്ങളും അവതരിപ്പിച്ചു. യു.എ.ഇ ടൂറിസം വകുപ്പ് പ്രതിനിധികള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus