മനാമ: വര്‍ധിച്ചു വരുന്ന ആത്മഹത്യകളുടെ കാരണങ്ങള്‍ പരിശോധിച്ച് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍ കുമാര്‍ പറഞ്ഞു. എംബസിയില്‍ നടന്ന ഓപണ്‍ ഹൗസിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ നടന്ന ആത്മഹത്യകള്‍ ഓരോന്നും പരിശോധിക്കാന്‍ ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ച വ്യക്തികള്‍ക്ക് ആത്മഹത്യക്ക് പ്രചോദനമായത് എന്തെന്ന് കണ്ടത്തെുകയാണ് ലക്ഷ്യം. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ലീഡര്‍മാരുടെയും സഹായവും ഇക്കാര്യത്തില്‍ ആവശ്യമാണ്. മാനസിക പിരിമുറക്കവും ഏകാന്തതയും തൊഴില്‍ പ്രശ്നങ്ങളും ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. കമ്യൂണിറ്റിയുടെ എന്ത് പ്രശ്നവും കേള്‍ക്കാനും പരിഹരിക്കാനും എംബസി സന്നദ്ധമാണ്. എന്താണ് ആത്മഹത്യ തെരഞ്ഞെടുക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്ന് കണ്ടത്തെി അതിന് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശമ്പളം കിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നൊ രണ്ടൊ മാസങ്ങള്‍ക്കപ്പുറം താമസിപ്പിക്കാതെ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് അംബാസഡര്‍ നിര്‍ദേശിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഒന്നൊ രണ്ടൊ മാസം വൈകുന്നത് മനസ്സിലാക്കാം. രണ്ടില്‍ കൂടുതല്‍ മാസം ശമ്പളം ലഭിക്കാതായാല്‍ ഉടനെ പരിഹാരത്തിന് മറ്റു വഴികള്‍ തേടണം. ഇല്ളെങ്കില്‍ തൊഴിലാളികള്‍ക്കത് വന്‍ നഷ്ടമുണ്ടാക്കുന്ന അവസ്ഥ സംജാതമാകും. യാത്രാ നിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ അഭിമുഖീകരിക്കുന്നുണ്ട്. ബഹ്റൈന്‍ ഭരണകൂടം ഇതിന് പരിഹാരണം കാണാനുള്ള ശ്രമത്തിലാണെന്നാണ് അറിവ്. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍