Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസ്വകാര്യ സ്വത്താക്കിയ...

സ്വകാര്യ സ്വത്താക്കിയ ‘പൊതുമുതല്‍’

text_fields
bookmark_border
സ്വകാര്യ സ്വത്താക്കിയ ‘പൊതുമുതല്‍’
cancel

ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള കോട്ടയത്തിൻെറ പൈതൃക സ്വത്ത് എന്നവകാശപ്പെടാവുന്ന സ്ഥാപനമാണ് കോട്ടയം പബ്ളിക് ലൈബ്രറി. പ്രായത്തിൻെറ കാര്യത്തിൽ ഈ ഗ്രന്ഥശാലക്കൊപ്പം പഴക്കമുള്ളത് സംസ്ഥാനത്ത് അഞ്ചെണ്ണം മാത്രം. ഗ്രന്ഥശാലാ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി സ്വകാര്യസ്ഥാപനം പോലെ ചിലയാളുകൾ ഈ പ്രസ്ഥാനം കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അപൂ൪വ താളിയോലകളും ഗ്രന്ഥങ്ങളും ദ്രവിച്ച് നാമാവശേഷമാകുന്നത് നോക്കിനിൽക്കാനേ ജനങ്ങൾക്ക് സാധിക്കുന്നുള്ളൂ. ലൈബ്രറിയിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട ഒരുആവശ്യവും ലഭിക്കുന്നില്ളെന്നതാണ് അടിസ്ഥാന പ്രശ്നം. സാക്ഷര കേരളത്തിലെ ‘അക്ഷര നഗരി’യെന്ന് അവകാശപ്പെടുന്ന കോട്ടയത്തുതന്നെയാണ് അക്ഷര സ്നേഹികൾക്ക് അപമാനമായി ഈ സ്ഥാപനം. അതിൻെറ ഉള്ളറകളിലേക്ക് ‘മാധ്യമം’ നടത്തുന്ന അന്വേഷണം ‘ചിതലരിക്കുന്ന അക്ഷരകേന്ദ്രം’ ഇന്നു മുതൽ....
_______________________________________________
കോട്ടയം പബ്ളിക് ലൈബ്രറിയുടെ ഒരു പൊതുയോഗം, ഹാജരുള്ളത് പ്രസിഡൻറിന് വിശ്വാസമുള്ള കുറച്ചാളുകൾ മാത്രം. അംഗങ്ങൾക്ക് നൽകിയ വാ൪ഷിക റിപ്പോ൪ട്ടിൽ 15ലക്ഷത്തോളം രൂപ കടമുള്ളതായി രേഖപ്പെടുത്തിയിരുന്നു.കെട്ടിട നി൪മാണ കരാറുകാരന് കുടിശ്ശിക ഇനത്തിൽ നൽകാനുള്ള തുകയാണിത്്. യോഗനടപടികൾ ആരംഭിച്ചപ്പോൾ പ്രസിഡൻറ് പറഞ്ഞു ‘ഇനി പുതിയ ഭരണ സമിതി വരേണ്ടതുണ്ട്’
അപ്പോൾ പിൻനിരയിൽ നിന്ന് ഒരാൾ ചാടി എഴുന്നേറ്റ് പറഞ്ഞു ‘കടം കേറ്റിവെച്ചിട്ട് ചുളിവിലങ്ങ് ഇറങ്ങിപ്പോകാൻ പ്രസിഡൻറ് വിചാരിക്കുന്നുണ്ടങ്കിൽ ആ പൂതി മനസ്സിലിരിക്കട്ടെ,കടം വീട്ടിയിട്ടുമതി പോക്കും വരവുമൊക്കെ’
കാലാവധി കഴിഞ്ഞ് വ൪ഷങ്ങളായ കമ്മിറ്റിയാണിത് ഇനിയും തുട൪ന്നാൽ അത് അനീതിയാണ്,ദൈവത്തെ ഓ൪ത്ത് നി൪ബന്ധിക്കരുത്-പ്രസിഡൻറ് വിനയാന്വിതനായി.
പിൻനിരയിൽ വീണ്ടും ശബ്ദമുയ൪ന്നു ‘ആ വേല മനസ്സിലിരിക്കട്ടെ, മൂന്നുവ൪ഷം ഇരുന്ന് കടം വീട്ടിയിട്ട് പോയാൽ മതി’
അംഗങ്ങൾ ആവേശപൂ൪വം കൈയടിച്ചു. ഭരണസമിതി അധികാരത്തിൽ തുട൪ന്നു. കോട്ടയം പബ്ളിക് ലൈബ്രറിയുടെ പ്രസിഡൻറ് ആപദവിയിലത്തെിയിട്ട് ഇപ്പോൾ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. കടമാകട്ടെ ഒരു കോടിക്കടുത്തു. മേയിൽ നടന്ന തെരഞ്ഞെടുപ്പിലും എബ്രഹാം ഇട്ടിച്ചെറിയയും അദ്ദേഹത്തോടൊപ്പമുള്ള ചിലരും തന്നെയാണ് ഭാരവാഹികളായത്്.
പാരമ്പര്യംകൊണ്ട് കേരളത്തിലെ പഴക്കം ചെന്ന ലൈബ്രറികളിലൊന്നാണിത് . 1882ൽ ദിവാൻ പേഷ്കാ൪ ടി.രാമറാവുവാണ് ലൈബ്രറി സ്ഥാപിച്ചത്. ഹോ൪ത്തൂസ് മലബാറിക്കസ് മുതൽ ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ ഗ്രന്ഥങ്ങളും താളിയോലകളും സൂക്ഷിക്കപ്പെട്ട ലൈബ്രറി ദക്ഷിണേന്ത്യയിലെ തന്നെ ഏറെ പുരാതനമായതാണ് . സി.എം.എസ് ച൪ച്ചിൻെറ ആ൪ച്ച് ഡീക്കണായിരുന്ന ജോൺ കെയ്ലിയാണ് സ്ഥാപക സെക്രട്ടറി. നാട്ടുകാരിൽ നിന്ന് ശേഖരിച്ച 674 പുസ്തകങ്ങളും 35 അംഗങ്ങളുമായാണ് ലൈബ്രറി പ്രവ൪ത്തനം ആരംഭിച്ചത്.തുടക്കത്തിൽ ഇംഗ്ളീഷ് പുസ്തകങ്ങൾ മാത്രമാണുണ്ടായിരുന്നത്. 1933 മുതൽ മലയാള പുസ്തകങ്ങളും. തുട൪ന്ന് ഹിന്ദി,തമിഴ് തുടങ്ങി വിവിധ പുസ്തകങ്ങളും ലഭ്യമായി. 1964 ൽ സെൻട്രൽ ജങ്ഷനിൽ റീഡിങ്റൂം പ്രവ൪ത്തനം ആരംഭിച്ചു. 1965ൽ കുട്ടികളുടെ ലൈബ്രറിയും ആരംഭിച്ചു. മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച സമ്മേളനത്തിൻെറ നി൪ണായക യോഗം ചേ൪ന്നത് പബ്ളിക് ലൈബ്രറിയിലാണ്. 1966ൽ ലൈബ്രറിയിൽ റഫറൻസ് വിഭാഗം ആരംഭിച്ചു. ശാസ്ത്രി റോഡിലെ ലൈബ്രറി കെട്ടിടത്തിൽ നിന്നാണ് ഇപ്പോൾ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സെൻട്രൽ ജങ്ഷനിൽ റീഡിങ് റൂം ചെറുതാണെങ്കിലും നിലനി൪ത്തിയിട്ടുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള കേരളത്തിലെ ലൈബ്രറികളൊക്കെ സ൪ക്കാ൪ ഉടമസ്ഥതയിൽ പ്രവ൪ത്തിക്കുമ്പോൾ കോട്ടയം ലൈബ്രറി സ്വകാര്യ സ്ഥാപനമോ പൊതുസ്ഥാപനമോ എന്ന് ഇപ്പോഴും വ്യക്തമല്ല.നഗര മധ്യത്തിൽ മൂന്നരയേക്ക൪ പുരയിടവും കൂറ്റൻ കെട്ടിടങ്ങളും കൈമുതലായുള്ള ഈ സ്ഥാപനം പതിറ്റാണ്ടുകളായി ഏതാനും ചില വ്യക്തികളുടെ കൈകളിൽ എത്തി ഗ്രന്ഥശാലകളുടെ ആത്യന്തിക ലക്ഷ്യം തന്നെ അവഗണിക്കപ്പെട്ടു. വിജ്ഞാനം പകരുക എന്ന അടിസ്ഥാന ധ൪മം മറന്ന് വ്യവസായവത്കരണത്തിൻെറയും സ്വകാര്യ താൽപ്പര്യത്തിൻെറയും അഴിമതിയുടെയും മുഖമുദ്രയായി ലൈബ്രറി രൂപാന്തരപ്പെട്ടിട്ട് നാളുകളായി.സമാന കാലയളവിലും അടുത്തകാലത്തുമൊക്കെ സ്ഥാപിതമായ കേരളത്തിലെ മറ്റ് ലൈബ്രറികളൊക്കെ കമ്പ്യൂട്ട൪വത്കരിച്ചും പ്രവ൪ത്തനങ്ങൾ വ്യവസ്ഥാപിതമാക്കിയും വൈജ്ഞാനിക ശാഖ വിപുലീകരിച്ചപ്പോൾ കോട്ടയം ലൈബ്രറി അതിൻെറ ശൈശവ ദശയെക്കാൾ പിന്നിലേക്ക് കൂപ്പുകുത്തി. വാടകയിനത്തിലും മറ്റും ലക്ഷങ്ങൾ വരുമാനമുള്ളപ്പോഴും കോടികളുടെ കടബാധ്യതയിൽ സ്ഥാപനം എത്ത പ്പെട്ടതിലെ ദുരൂഹത ഈ അക്ഷരനഗരിയിൽ ച൪ച്ചാവിഷയമാകുന്നുപോലുമില്ലതാനും.
വ൪ഷങ്ങൾ കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന ‘വാ൪ഷിക’റിപ്പോ൪ട്ടുകളും ആരെയും ബോധിപ്പിക്കേണ്ടതില്ലാത്ത വരവുചെലവ് കണക്കുകളും പൊരുത്തപ്പെടാത്ത റിപ്പോ൪ട്ടുകളും അംഗങ്ങളെപ്പോലും അറിയിക്കാതെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങളുമൊക്കെയാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്.
ലൈബ്രറിയുടെ വാ൪ഷിക റിപ്പോ൪ട്ടുകളിലൊന്നിൽ ചൂണ്ടിക്കാട്ടുന്നത് സ്വകാര്യ മേഖലയിലെ ഏറ്റവും നല്ല പബ്ളിക് ലൈബ്രറി എന്നാണ്,അതേ സമയം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നത് കോട്ടയം പബ്ളിക് ലൈബ്രറി സ്വകാര്യ മേഖലയിലുള്ളതല്ല എന്നാണ്. 130വ൪ഷം പഴക്കമുള്ള സ്ഥാപനം ഇനിയും രജിസ്റ്റ൪ ചെയ്തിട്ടില്ലത്രേ, ഗ്രന്ഥശാലാസംഘത്തിലെ അഫിലിയേഷൻ നമ്പറാണ് സ്ഥാപനത്തിൻെറ ഏക രജിസ്റ്റ൪ രേഖ.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,രാജാറാം മോഹൻ റായി ഫൗണ്ടേഷൻ, ബാലഭവൻ സൊസൈറ്റി ഓഫ് ഇന്ത്യ,ജില്ലാ താലൂക്ക് ലൈബ്രറി കൗൺസിലുകൾ,വാണിജ്യ മന്ത്രാലയം,നാഷനൽ ബുക് ട്രസ്റ്റ്,പബ്ളിക്കേഷൻ ഡിവിഷൻ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നൊക്കെ യഥേഷ്ടം ഗ്രാൻറും പുസ്തകങ്ങളുമൊക്കെ വാങ്ങിയെടുക്കുന്ന സ്ഥാപനം പക്ഷേ, അതിൻെറ ഭരണ നി൪വഹണ മേഖലയിൽ നിന്ന് ജനപ്രതിനിധികളെ അകറ്റിനി൪ത്തി. കറവപ്പശുവിനെപ്പോലെ ചിലരുടെ സ്വകാര്യ സ്വത്തായി ലൈബ്രറിയെ കൊണ്ടുനടക്കാനുള്ള തന്ത്രങ്ങളിൽ അവ൪ ഇതിനെ കുരുക്കിയിടുകയും ചെയ്തു. ഭരണഘടനാ ഭേദഗതിയിലൂടെ മാനേജിങ് കമ്മിറ്റിയിൽ ഏതെങ്കിലും തരത്തിൽ വരാൻ സാധ്യതയുള്ള ജനപ്രതിനിധികളെ ഒഴിവാക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. 12അംഗ മാനേജിങ് കമ്മിറ്റിയിൽ ഒരാൾ നഗരസഭാ കൗൺസിൽ നി൪ദേശിക്കുന്ന ആൾ ഉണ്ടാകണമെന്ന നിയമമാണ് ഭേദഗതിയിലൂടെ അടുത്തകാലത്ത് ഒഴിവാക്കിയത്. ചിലരുടെയൊക്കെ കസേരക്ക് ഇളക്കം തട്ടുമെന്നും ലൈബ്രറി കാര്യങ്ങൾ നഗരസഭാ കൗൺസിലിൽ ച൪ച്ചക്ക് വരുമെന്നും കണ്ടാണ് ഈ നീക്കം നടത്തിയത്.ഇതോടെ ലൈബ്രറിയുടെ നിയന്ത്രണകാര്യത്തിൽ ഒരുജനപ്രതിനിധിയുടെ പോലും പങ്കാളിത്തമില്ലാതായി.
സംസ്ഥാനത്തെ മറ്റു ലൈബ്രറികളിലൊക്കെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശക്തമായ നിയന്ത്രണമുള്ളപ്പോഴാണ് കോട്ടയത്തുമാത്രം ഈ വിചിത്ര സംവിധാനം. ’77ൽ പബ്ളിക് ലൈബ്രറിയുടെ സെക്രട്ടറിയായി ചുമതല ഏറ്റ ആളാണ് എബ്രഹാം ഇട്ടിച്ചെറിയ,രണ്ടുവ൪ഷം കഴിഞ്ഞപ്പോൾ അദ്ദേഹം പ്രസിഡൻറായി. ഇപ്പോൾ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം ആപദവി ഒഴിഞ്ഞിട്ടില്ല, ഇതിനിടെ കഴിഞ്ഞമാസമടക്കം മൂന്നോ നാലോ തവണമാത്രമാണ് പ്രഹസനമായെങ്കിലും തെരഞ്ഞെടുപ്പ് നടന്നത്.
10 വ൪ഷത്തെ ഇടവേളക്കുശേഷം നടന്ന തെരഞ്ഞെടുപ്പിനെതിരെയും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. (തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story