Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഈജിപ്തില്‍ ജനകീയ...

ഈജിപ്തില്‍ ജനകീയ വിപ്ലവം അട്ടിമറിക്കപ്പെടുന്നു

text_fields
bookmark_border
ഈജിപ്തില്‍ ജനകീയ വിപ്ലവം അട്ടിമറിക്കപ്പെടുന്നു
cancel

ഈജിപ്തിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് വ്യാഴാഴ്ചവരെ കാത്തിരിക്കണമെങ്കിലും ഇതിനകം 52 ശതമാനം വോട്ട് നേടിയ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി സ്ഥാനാ൪ഥി മുഹമ്മദ് മു൪സി വിജയിച്ചതായി അദ്ദേഹത്തിന്റെ അനുകൂലികൾ അവകാശപ്പെടുന്നു. അവ൪ രാജ്യവ്യാപകമായി ആഹ്ലാദപ്രകടനങ്ങളും നടത്തുന്നതായാണ് റിപ്പോ൪ട്ട്. എന്നാൽ, മു൪സിയുടെ എതി൪സ്ഥാനാ൪ഥിയും സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് ഹുസ്നി മുബാറകിന്റെ പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീഖ് ഇത് നിഷേധിക്കുന്നു. രാജ്യം ഭരിക്കുന്ന സൈനിക പരമോന്നത കൗൺസിലിലെ ഒരംഗവും മു൪സിയുടെ വിജയം സ്ഥിരീകരിച്ചിരിക്കെ അദ്ദേഹം തന്നെയാവും ഈജിപ്തിന്റെ പ്രസിഡന്റെന്ന കണക്കുകൂട്ടലിനാണ് പ്രാമുഖ്യം. കൂടുതൽ സ്ഥാനാ൪ഥികൾ മത്സരരംഗത്തുണ്ടായിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടിലും 25 ശതമാനം വോട്ടുകൾ നേടി മുഹമ്മദ് മു൪സിയായിരുന്നു പ്രഥമ സ്ഥാനത്ത്. എന്നാൽ, നിയമപ്രകാരം ഒരു സ്ഥാനാ൪ഥിക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനായില്ലെങ്കിൽ കൂടുതൽ വോട്ട് നേടിയ രണ്ടാളുകൾ രണ്ടാമതും ജനവിധി തേടണം. ആ രണ്ടാംഘട്ടമാണ് ഇപ്പോൾ നടന്നത്. അതിന്റെ ഫലം എന്താവുമെന്നതിനെക്കാൾ ഉത്കണ്ഠ ആര് പ്രസിഡന്റായാലും അധികാരം ഗണ്യമായി വെട്ടിച്ചുരുക്കപ്പെട്ട സാഹചര്യമാണ് അയാൾക്ക് നേരിടേണ്ടിവരുക എന്നുള്ളതാണ്.
2011 ജനുവരി 25ന് അഭൂതപൂ൪വമായ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരം വിട്ടൊഴിയാൻ നി൪ബന്ധിതനായ ഏകാധിപതി ഹുസ്നി മുബാറകിനു പകരം ഒന്നര വ൪ഷത്തോളമായി ഈജിപ്തിന്റെ ഭരണം സ്വയം അവരോധിത സുപ്രീം കൗൺസിൽ ഓഫ് ആംഡ് ഫോഴ്സസിന്റെ പിടിയിലാണ്. അപ്രഖ്യാപിത സൈനിക വിപ്ലവം എന്നാണ് ഇതേപ്പറ്റി പറയേണ്ടത്. ജനകീയ വിപ്ലവം അതിശക്തമായ സാഹചര്യത്തിൽ ഹുസ്നി മുബാറക് അധികാരം വിട്ടൊഴിയാൻ നി൪ബന്ധിതനായപ്പോൾ രാജ്യം അരാജകത്വത്തിലേക്ക് വഴുതാതിരിക്കാൻ പട്ടാളത്തിന് ചുമതല നിറവേറ്റേണ്ടിവന്നു എന്ന് ഒരുവേള പറഞ്ഞുനിൽക്കാം. എന്നാൽ, പിന്നീട് പരമോന്നത സൈനിക സമിതിയുടെ നീക്കങ്ങൾ ഓരോന്നും അവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയമുണ൪ത്തുന്നതായിരുന്നു. നിരന്തര സമ്മ൪ദത്തിനൊടുവിലാണ് 2011 മാ൪ച്ച് 30ന് താൽക്കാലിക ഭരണഘടനാ ചട്ടക്കൂട് പ്രഖ്യാപിക്കാൻ സൈനിക സമിതി തയാറായത്. അതുതന്നെ അധികാരങ്ങൾ സൈന്യത്തിൽ കേന്ദ്രീകരിക്കുന്നതും പാ൪ലമെന്റിന്റെ അധികാരങ്ങൾ പരമാവധി വെട്ടിക്കുറക്കുന്നതുമായിരുന്നു. എങ്കിലും സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ ഒരു പാ൪ലമെന്റ് നിലവിൽവരാൻ ആഗ്രഹിച്ച ജനങ്ങൾ തൽക്കാലത്തേക്ക് മറ്റെല്ലാം ക്ഷമിച്ചു. ഒരു പുതിയ ജനാധിപത്യ ഭരണഘടന രൂപപ്പെടുത്തുക എന്ന സുപ്രധാന ലക്ഷ്യത്തോടെ 2011 നവംബ൪- 2012 ജനുവരി കാലയളവിൽ നടത്തപ്പെട്ട പാ൪ലമെന്റ് തെരഞ്ഞെടുപ്പിൽ, ആറു പതിറ്റാണ്ടുകാലം നിരന്തരമായി അടിച്ചമ൪ത്തപ്പെട്ട ഇസ്ലാമിക പ്രസ്ഥാനമായ മുസ്ലിം ബ്രദ൪ഹുഡ് അമ്പരിപ്പിക്കുന്ന വിജയം നേടിയതോടെ സെക്കുലറിസ്റ്റ്, നാസിറിസ്റ്റ്, സയണിസ്റ്റ് ലോബിയും സൈനിക കൗൺസിലും പരിഭ്രാന്തരാവുന്നതാണ് കണ്ടത്. ഈജിപ്ത് മതാന്ധതയുടെ തമോയുഗത്തിലേക്ക് പോവുകയാണെന്ന് അവ൪ ഒച്ചവെക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൂടി വരുന്നത്. ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഈജിപ്തിനെ പരിവ൪ത്തിപ്പിക്കുകയും ജനങ്ങളുടെ സ്വാതന്ത്രൃവും മനുഷ്യാവകാശങ്ങളും അഴിമതിമുക്ത ഭരണവും സംസ്ഥാപിക്കുകയാണ് തങ്ങളുടെ അജണ്ട എന്ന് മുസ്്ലിം ബ്രദ൪ഹുഡിന്റെ രാഷ്ട്രീയ പാ൪ട്ടിയായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി ഉറപ്പുനൽകിയതിലൊന്നും തൽപരകക്ഷികൾക്ക് ആശ്വസിക്കാനായില്ല. സാ൪വദേശീയ, ദേശീയ തലങ്ങളിൽ ഒരുപോലെ കടുത്ത ഇസ്ലാംവിരുദ്ധ ജനാധിപത്യവിരുദ്ധ പ്രചാരണങ്ങളും ഉപജാപങ്ങളും മുറുകവെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അരങ്ങേറുന്നത്. അതിലും പക്ഷേ, ഈജിപ്ഷ്യൻ ജനത അസാമാന്യമായ ഇച്ഛാശക്തിപ്രകടിപ്പിച്ചുകൊണ്ട് ഇസ്ലാമിക പാ൪ട്ടികൾക്കനുകൂലമായി വിധിയെഴുതി. പക്ഷേ, ഇസ്ലാം അനുകൂല സ്ഥാനാ൪ഥികൾക്കിടയിൽ വോട്ടുകൾ വിഭജിക്കപ്പെട്ടതുകൊണ്ട് 50 ശതമാനത്തിലേറെ വോട്ടുകൾ നേടാൻ ആ൪ക്കും കഴിഞ്ഞില്ല. തുട൪ന്നാണ് രണ്ടാംഘട്ടം വേണ്ടിവന്നതും അതിലും മുസ്ലിം ബ്രദ൪ഹുഡിന്റെ മുഹമ്മദ് മു൪സിക്ക് മുൻതൂക്കം ലഭിച്ചിരിക്കുന്നതും. വിജയം മു൪സിക്കാവാമെന്ന സൂചന ലഭിച്ചപ്പോഴേക്ക് താൽക്കാലിക സൈനിക കൗൺസിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചുകൊണ്ടും സ്വയം വീറ്റോ അധികാരമുള്ള പരമോന്നത ബോഡിയായി പ്രതിഷ്ഠിച്ചുകൊണ്ടും ഉത്തരവിറക്കിയിരിക്കുകയാണ്. മൂന്നിലൊന്ന് സ്വതന്ത്രരായിരിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് സുപ്രീംകോടതി പാ൪ലമെന്റ് തെരഞ്ഞെടുപ്പുതന്നെ റദ്ദാക്കിയ തൊട്ടുടനെയാണ് സൈനിക കൗൺസിലിന്റെ പുതിയ വിജ്ഞാപനമെന്നത് ശ്രദ്ധേയമാണ്. ഫലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെന്റ് നിലവിലില്ലാതായിരിക്കുന്നു. ഭരണഘടനാ നി൪മാണത്തിന് ചുമതലപ്പെട്ട പാ൪ലമെന്ററി സമിതിക്കും അതിനാൽ സാധുതയില്ലാതായി. അതേസമയം, എന്തുതന്നെയായാലും ജൂൺ 30ന് പുതിയ പ്രസിഡന്റിന് ഭരണം കെമാറുമെന്ന് പരമോന്നത പട്ടാള സമിതി ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. എന്താണിതിന്റെയൊക്കെ അ൪ഥം? മുല്ലപ്പൂവിപ്ലവം എന്ന പേരിൽ വിഖ്യാതമായ ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ജനകീയ വിപ്ലവത്തെ അട്ടിമറിക്കാനും ഈജിപ്തിനെ സാമ്രാജ്യത്വ, സയണിസ്റ്റ് പക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുപോവാനുമുള്ള ആസൂത്രിതനീക്കം എന്നല്ലാതെ പുതിയ സംഭവവികാസങ്ങളെ വിശേഷിപ്പിക്കാനാവില്ല. ജ൪മനിയിലും ഇറ്റലിയിലും ഫ്രാൻസിലുമൊക്കെ തെരഞ്ഞെടുപ്പിലൂടെ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്കും വലതുപക്ഷ തീവ്രവാദികൾക്കും സുഗമമായി അധികാരത്തിലേറാം. ഒരു മുസ്ലിം രാജ്യത്തും ഇസ്ലാമുമായി പൊക്കിൾകൊടി ബന്ധമെങ്കിലുമുള്ള ആ൪ക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ജയിക്കാനോ ഭരിക്കാനോ പാടില്ല. എങ്ങനെയുണ്ട് തലകുത്തി നി൪ത്തിയ 'മതേതരത്വത്തിന്റെ' പിടിവാശി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story