Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൊരുതാനുറച്ച് നിഖാത്...

പൊരുതാനുറച്ച് നിഖാത് പര്‍വീന്‍

text_fields
bookmark_border
പൊരുതാനുറച്ച് നിഖാത് പര്‍വീന്‍
cancel

ഏതാനും ദിവസംമുമ്പ് ന്യൂദൽഹി അക്ബ൪ റോഡിലെ ഒൗദ്യോഗിക വസതിയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ക്ഷണിച്ച് മുൻ രാജ്യസഭ ഉപാധ്യക്ഷൻ റഹ്മാൻ ഖാൻ അപൂ൪വമായൊരു ച൪ച്ചക്ക് അവസരമൊരുക്കി. മുസ്ലിം യുവാക്കളുടെ അറസ്റ്റ് ഭീതിദമായി ആവ൪ത്തിക്കുന്ന പശ്ചാത്തലത്തിൽ വിഷയത്തിൻെറ ഗൗരവം ചിദംബരത്തെ ബോധ്യപ്പെടുത്താൻ മുസ്ലിം നേതാക്കൾക്ക് സന്ദ൪ഭമൊരുക്കുകയായിരുന്നു റഹ്മാൻ ഖാൻ. ഒട്ടുമിക്ക മുസ്ലിം സംഘടനകളുടെയും സാരഥികൾ ഉൾക്കൊണ്ട പ്രതിനിധി സംഘത്തിൻെറ നേതൃത്വം ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാവ് മഹ്മൂദ് മദനിക്കായിരുന്നു. ചിദംബരത്തോട് ഒരു മണിക്കൂ൪നീണ്ട ച൪ച്ചക്ക് ആമുഖമിട്ടത് വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. എസ്.ക്യു.ആ൪. ഇല്യാസ് ആണ്. ആയിരക്കണക്കിന് യുവാക്കൾ ചെയ്യാത്ത കുറ്റത്തിന് ജയിലുകളിൽ കഴിയുന്നതാണ് സമുദായത്തിൻെറ ഏറ്റവും വലിയ പ്രശ്നമെന്ന് എസ്.ക്യു.ആ൪. ഇല്യാസ് പറഞ്ഞു. ഭീകരമുദ്ര ചാ൪ത്തി ചെറുപ്പക്കാരെയൊന്നടങ്കം രാജ്യത്തെ ജയിലുകളിൽ കൊണ്ടുപോയി തള്ളുകയാണ്. പൊലീസ് കസ്റ്റഡിയിൽ അതിക്രൂരമായ പീഡനങ്ങൾക്കാണിവ൪ ഇരയാകുന്നത്. രണ്ട് ഡസനോളം കേസുകളിൽ ഇവരെ പിന്നീട് വിട്ടയച്ച കാര്യം ഓ൪മിപ്പിച്ച ഇല്യാസ് ജയ്പൂ൪ സ്ഫോടനത്തിൻെറയും മുഹമ്മദ് ആമിറിൻെറയും കേസുകൾക്ക് സംഭവിച്ച പരിണതി ഉദാഹരണമായി നിരത്തി.
ഉത്തരവാദപ്പെട്ട മന്ത്രിയിൽനിന്ന് കാരുണ്യപൂ൪വമുള്ള മറുപടി പ്രതീക്ഷിച്ച നേതാക്കളെ നിരാശരാക്കുന്നതായിരുന്നു ചിദംബരത്തിൻെറ പ്രതികരണം. മുസ്ലിം യുവാക്കളുടെ അറസ്റ്റിൻെറ ഉത്തരവാദിത്തത്തിൽനിന്ന് മന്ത്രി ആദ്യമേ കൈകഴുകി. ക്രമസമാധാനപാലനം സംസ്ഥാനത്തിൻെറ നിയന്ത്രണത്തിലാണെന്നും എന്തെങ്കിലും ചെയ്യാൻ ഭരണഘടനാപരമായി താൻ അശക്തനാണെന്നും ചിദംബരം നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞു. ഇതിനിടയിൽ ബട്ല ഹൗസ് സംഭവം വിഷയത്തോട് ചേ൪ത്തുപറഞ്ഞ്, കുപ്രസിദ്ധമായ ദൽഹി പൊലീസ് സ്പെഷൽ സെൽ ചിദംബരത്തിൻെറ നേരിട്ടുള്ള നിയന്ത്രണത്തിലാണല്ളോ എന്ന സൂചന പ്രതിനിധിസംഘം നൽകിയിരുന്നു. എന്നാൽ, ബട്ല ഹൗസ് പരാമ൪ശത്തിൽ കയറിപ്പിടിച്ച ചിദംബരം തുട൪ന്നങ്ങോട്ട് ഏകപക്ഷീയമായാണ് സംസാരിച്ചത്. ബട്ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമല്ളെന്നും അവിടെ തമ്പടിച്ചത് ഭീകരരായിരുന്നുവെന്നും അതിൻെറ തെളിവുകൾ തൻെറ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ഏറ്റുമുട്ടലിൽ പൊലീസ് ഇൻസ്പെക്ട൪ ശ൪മ കൊല്ലപ്പെട്ട വിവരം ചൂണ്ടിക്കാട്ടിയ ചിദംബരം ഏറ്റുമുട്ടൽ വ്യാജമായിരുന്നെങ്കിൽ പൊലീസ് ഓഫിസ൪ എങ്ങനെ കൊല്ലപ്പെടുമെന്ന് നേതാക്കളോട് തിരിച്ചുചോദിച്ചു. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ മുസ്ലിം നേതാക്കൾക്ക് സാധ്യമല്ളെന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻെറ സംസാരം. തൻെറ പ്രധാന ആശങ്ക കേരളത്തിലെ തീവ്രവാദ പ്രവ൪ത്തനങ്ങളിലാണെന്ന ചിദംബരത്തിൻെറ വെളിപ്പെടുത്തൽകൂടി കേട്ടതോടെ പ്രതിനിധി സംഘാംഗങ്ങൾ സ്തബ്ധരായി. ഉത്തരേന്ത്യൻ മുസ്ലിംകൾ കേരളമുസ്ലിംകളെപ്പോലെ പുരോഗതി നേടണമെന്ന വാദമുയ൪ത്തുന്ന നേതാക്കളായിരുന്നു സംഘത്തിൽ ഭൂരിഭാഗവും. മുസ്ലിം തീവ്രവാദം അതിവേഗം പട൪ന്നുപിടിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഇതേക്കുറിച്ച് തൻെറ പക്കൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ചിദംബരം നേതാക്കളെ അറിയിച്ചു. കേരളത്തിൻെറ പല ഭാഗങ്ങളിലും മുസ്ലിം തീവ്രവാദം പട൪ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം സംഘടനയായ പോപുല൪ ഫ്രണ്ട് തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നത്. അവ൪ക്കെതിരായ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ താൻ പിടികൂടുകതന്നെ ചെയ്യുമെന്നും ചിദംബരം നേതാക്കളോട് ആണയിട്ടു.
കേരളത്തിന് പുറമെ ക൪ണാടകയുടെയും ആന്ധപ്രദേശിൻെറയും ചില ഭാഗങ്ങളിലും മഹാരാഷ്ട്രയിലും ബിഹാറിലും ഉത്ത൪പ്രദേശിലും മുസ്ലിം തീവ്രവാദം വ്യാപിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ മുംബൈ കേന്ദ്രീകരിച്ചാണ് ഭീകരവാദം വളരുന്നത്. മുംബൈ അധോലോകവും ഭീകരരും അവിടെ കൈകോ൪ത്തിരിക്കുകയാണെന്നും ഇതേക്കുറിച്ചെല്ലാം തൻെറ പക്കൽ കൃത്യമായ തെളിവുണ്ടെന്നും ചിദംബരം വ്യക്തമാക്കി. ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയുടെ അസ്തിത്വം ചോദ്യം ചെയ്ത മുസ്ലിം നേതാക്കളോട് അത് ഇന്ത്യയിൽ നിലവിലുള്ള ഭീകരസംഘടനയാണെന്നും സിമി പേരുമാറ്റി പോപുല൪ ഫ്രണ്ടും ഇന്ത്യൻ മുജാഹിദീനും ആയതാണെന്നും ചിദംബരം പ്രതികരിച്ചു. തൻെറ മണ്ഡലത്തിലെ മുസ്ലിംകളൊന്നും നിങ്ങളെപ്പോലെയല്ളെന്ന് നേതാക്കളെ വിമ൪ശിക്കാനും ചിദംബരം മറന്നില്ല. റോഡിൻെറയും വെള്ളത്തിൻെറയും മറ്റു വികസന ആവശ്യങ്ങളുടെയും കാര്യം പറയുമെന്നല്ലാതെ ഇത്തരം പരാതികളുമായി അവരാരും തന്നെ സമീപിക്കാറില്ല. മുസ്ലിം യുവാക്കളുടെ അറസ്റ്റും പറഞ്ഞുള്ള ഈ വരവ് ആദ്യത്തേതും അവസാനത്തേതുമാവട്ടെ എന്ന മുന്നറിയിപ്പ് നേ൪ക്കുനേരെയല്ലാതെ നൽകുകയായിരുന്നു ചിദംബരം. കൂടിക്കാഴ്ച കഴിഞ്ഞതോടെ ഇതിന് വഴിയൊരുക്കിയ റഹ്മാൻ ഖാനാണ് വടി കൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായത്.
മുസ്ലിം നേതാക്കളും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ചക്ക് നിമിത്തമായത് ബിഹാറിലെ ദ൪ഭംഗ സ്വദേശിയായ എൻജിനീയ൪ ഫസീഹ് മഹ്മൂദിനെ സൗദി അറേബ്യയിൽനിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിൽ തടവിലിട്ടതായിരുന്നു. ജുബൈലിൽനിന്ന് യാംബൂവിലേക്ക് സ്ഥലംമാറ്റം കിട്ടി പോകാനിരിക്കുകയായിരുന്നു ഫസീഹ്. മേയ് 13ന് ഭാര്യ നിഖാത് പ൪വീനൊപ്പം ഉച്ചഭക്ഷണം കഴിച്ച് നമസ്കാരം നി൪വഹിച്ചിരിക്കുമ്പോഴാണ് ഫസീഹിന് ഒരു അജ്ഞാതഫോൺ വന്നത്. യാംബൂവിൽ നിന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞാണ് വിളിച്ചത്. താഴെ നിൽക്കൂ വരാമെന്ന് പറഞ്ഞിറങ്ങിപ്പോയതായിരുന്നു ഫസീഹ്. ഒരു മണിക്കൂ൪ കഴിഞ്ഞപ്പോൾ സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെന്ന് പറയുന്നവ൪ ചില ഇന്ത്യൻ ഉദ്യോഗസ്ഥരോടൊപ്പം ഫസീഹിനെയും കൂട്ടി മുറിയിൽ കയറിവന്നു. ഇന്ത്യൻ സ൪ക്കാ൪ ഫസീഹിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണെന്നും ഏതൊക്കെയോ കുറ്റങ്ങളുണ്ടെന്നും അവ൪ പറഞ്ഞു. എന്തുകുറ്റമാണ് തൻെറ പേരിൽ ചുമത്തുന്നതെന്ന് ഫസീഹ് ചോദിച്ചപ്പോൾ ഇതൊന്നും തങ്ങൾക്കറിയില്ളെന്നും രണ്ട് സ൪ക്കാറുകൾക്കിടയിലുള്ള കാര്യമാണെന്നുമായിരുന്നു വന്നവരുടെ മറുപടി. ഭാര്യയെ തനിച്ചാക്കി വിടാൻ കഴിയില്ളെന്നും കുറച്ച് ദൂരെ ബന്ധുവുണ്ടെന്നും അയാളെ വിളിച്ചുവരുത്താൻ അനുവദിക്കണമെന്നും ഫസീഹ് അപേക്ഷിച്ചു. തുട൪ന്ന് വീട്ടിലത്തെിയ ബന്ധുവിനോട് നിഖാതിനെയും കൂട്ടി ഇന്ത്യയിലേക്ക് മടങ്ങാനാവശ്യപ്പെട്ട് വന്നവ൪ ഫസീഹിനെയും കൊണ്ടുപോയി.
അവരുടെ വാക്കുകൾ വിശ്വസിക്കാൻ തയാറാകാതിരുന്ന നിഖാത് പ൪വീൻ ഭ൪ത്താവിനെന്ത് സംഭവിച്ചുവെന്നറിയാൻ രണ്ടുദിവസം കൂടി സൗദിയിൽ തങ്ങി. ഇന്ത്യൻ എംബസിയിലേക്ക് ഫോൺ ചെയ്തും മെയിൽ അയച്ചും കഴിച്ചുകൂട്ടി. സൗദിയിൽ കഴിയുന്ന ബന്ധുക്കളും അവരുടെ സ്വന്തംനിലക്ക് ശ്രമങ്ങൾ നടത്തി. ഇങ്ങനെ ഒരു ഫസീഹ് മഹ്മൂദിനെ തങ്ങളറിയില്ളെന്നും ഇതേക്കുറിച്ച് ഒരു വിവരവുമില്ളെന്നുമായിരുന്നു എംബസിയിൽനിന്നുള്ള മറുപടി. മേയ് 15ന് ദൽഹിയിൽനിന്ന് റ്റു സ൪ക്ക്ൾ ഡോട്ട് നെറ്റ് എന്ന ഓൺലൈൻ മാഗസിൻ നടത്തിയ അന്വേഷണത്തിന് ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തതാണെന്നുള്ള വിവരം നൽകിയ ഇന്ത്യൻ എംബസിയാണ് നിഖാതിനും ബന്ധുക്കൾക്കും അതുവരെ തെറ്റായ വിവരം നൽകിയത്.
സൗദിയിൽനിന്ന് മറുപടി ലഭിക്കില്ളെന്ന് ഉറപ്പായപ്പോഴും സ്വന്തം നാടായ ദ൪ഭംഗയിലത്തെി മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കണ്ണീ൪വാ൪ത്തിരിക്കാൻ നിഖാത് തുനിഞ്ഞില്ല. ദൽഹിയിൽ വന്ന് ഭ൪ത്താവിനെ തിരികെ കിട്ടാനുള്ള ശ്രമങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയായിരുന്നു ഈ യുവതി. സാധ്യമായ എല്ലാ ഇടങ്ങളിലും നേരിട്ടു ചെന്ന് നിഖാത് പരാതിനൽകി. വിദേശ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും മാത്രമല്ല, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ദേശീയ ഏജൻസികൾക്കും ബിഹാ൪ മുഖ്യമന്ത്രിക്കും ക൪ണാടക, ആന്ധ്ര, ദൽഹി പൊലീസ് അധികൃത൪ക്കും പരാതി സമ൪പ്പിച്ചു. നിങ്ങൾ തേടുന്ന ആൾ തങ്ങളുടെ പക്കലില്ളെന്നായിരുന്നു എല്ലാവരുടെയും മറുപടി. മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും വാക്കുകൾ വിശ്വസിച്ച് ശ്രമങ്ങളവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ നിഖാത് തയാറായില്ല. രഹസ്യാന്വേഷണ വിഭാഗം തടവിലാക്കിയ ഭ൪ത്താവിനെ തിരിച്ചുകിട്ടാൻ ഒടുവിൽ പരമോന്നത കോടതി കയറി. നിയമവിരുദ്ധമായി ഭ൪ത്താവിനെ കസ്റ്റഡിയിലെടുത്ത് സ൪ക്കാ൪ അത് നിഷേധിക്കുകയാണെന്ന് നിഖാത് ബോധിപ്പിച്ചു. ഭരണഘടനയുടെ 21(എ) അനുഛേദമനുസരിച്ച് നിയമവിരുദ്ധ തടവിൽ നിന്ന് മോചിപ്പിച്ച് ഭ൪ത്താവിനെ ഹാജരാക്കാനാണ് നിഖാത് ആവശ്യപ്പെട്ടത്. ഭ൪ത്താവിനെ തട്ടിക്കൊണ്ടുപോയത് ഇന്ത്യക്കാരല്ളെങ്കിൽ വിദേശ മന്ത്രാലയവും ഇന്ത്യൻ എംബസിയും മറുപടി നൽകണമെന്ന നിലപാടാണ് നിഖാത് കോടതിയിൽ സ്വീകരിച്ചത്. രണ്ടും മൂന്നും ആഴ്ച അജ്ഞാത കേന്ദ്രത്തിൽ പാ൪പ്പിക്കാൻമാത്രം രഹസ്യസ്വഭാവത്തിലുള്ള എന്ത് വിഷയമാണിതെന്ന് വ്യക്തമാക്കണമെന്നും നിഖാത് ആവശ്യപ്പെട്ടു. അതോടെ കഥ മാറുകയായിരുന്നു. മുസ്ലിം യുവാക്കളുടെ അറസ്റ്റിൽ തനിക്കൊന്നും ചെയ്യാനില്ളെന്ന് പറഞ്ഞ ചിദംബരത്തിൻെറ മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചിദംബരം നേതാക്കൾക്ക് മുന്നിൽ നിരത്തിയ ന്യായമാണ് നിഖാതിൻെറ പോരാട്ടത്തിൽ പൊളിഞ്ഞുവീണത്. കേവലം ഒരു ഹേബിയസ് കോ൪പസ് ഹരജി കൊണ്ട് ഭ൪ത്താവിൻെറ കസ്റ്റഡി നിയമവിരുദ്ധമാണെന്ന് സ്ഥാപിക്കാനും ചിദംബരത്തെക്കൊണ്ട് മറുപടി പറയിപ്പിക്കാനും നിഖാതിന് കഴിഞ്ഞു.
ഫസീഹിനെ എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ പത്രംവായിച്ച് കഥകൾ കേൾപ്പിക്കാനൊരുങ്ങിയ ആഭ്യന്തര മന്ത്രാലയത്തിൻെറ അഭിഭാഷകനെ കണക്കറ്റ് ശകാരിച്ച കോടതി കൃത്യമായ മറുപടിയുമായി കോടതിയിലത്തൊനാണ് കൽപിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ ഫസീഹ് ഇന്ത്യയുടെ കസ്റ്റഡിയിലില്ളെന്ന് കേന്ദ്ര സ൪ക്കാ൪ പറഞ്ഞെങ്കിലും രേഖാമൂലമുള്ള മറുപടി സമ൪പ്പിക്കാൻ കേന്ദ്രത്തിൻെറ അഭിഭാഷകന് കഴിഞ്ഞില്ല. കേന്ദ്ര സ൪ക്കാറിൻെറ രേഖാമൂലമുള്ള മറുപടിക്കായി സുപ്രീംകോടതി കേസ് ഈ മാസം 11 ലേക്ക് മാറ്റിയിരിക്കുകയാണ്.
ഫസീഹിൻെറ കസ്റ്റഡി ‘നിയമവിധേയ’മാക്കാനുള്ള നീക്കവും ചിദംബരത്തിൻെറ മന്ത്രാലയം നടത്തുന്നുണ്ട്. അതിനായി ഇൻറ൪പോളിനെക്കൊണ്ട് റെഡ്കോ൪ണ൪ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽനിന്ന് ഫസീഹിനെ ‘നിയമപരമായി’ ഇന്ത്യക്ക് കൈമാറാനുള്ള നോട്ടീസുമിറക്കി. ഇതോടെ മേയ് 13ലെ റെയ്ഡും കസ്റ്റഡിയും നിയമവിരുദ്ധമായിരുന്നെന്ന് സ൪ക്കാ൪ സമ്മതിക്കുകയാണ്. ഭീകരമുദ്ര ചാ൪ത്താൻ കൂട്ടംചേരുന്ന അന്വേഷണ ഏജൻസികളൊന്നടങ്കം നിഖാതിൻെറ ഹരജിയിൽ വിയ൪ക്കുന്ന കാഴ്ചക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. ‘ഭീകരക്കുറ്റ’ങ്ങൾ ആരോപിച്ച് മക്കളെയും ഭ൪ത്താവിനെയും പിടിച്ചുകൊണ്ടുപോകുമ്പോൾ ക്ഷമാപണ സ്വരത്തിൽ സംസാരിക്കുന്നവ൪ക്ക് പാഠമാകുകയാണ് ഈ യുവതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story