12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

മറിയം റഷീദയും ടി.പി. ചന്ദ്രശേഖരനും

മറിയം റഷീദയും ടി.പി. ചന്ദ്രശേഖരനും

കേരളവും ഈ സംസ്ഥാനത്തെ മാധ്യമങ്ങളും മറിയം റഷീദയെന്നും ഫൗസിയ ഹസനെന്നും പേരുള്ള മാലിക്കാരികളായ രണ്ടുവനിതകളെ മറന്നോ?. എസ്. നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ രാജ്യത്തെ മികച്ച ബഹിരാകാശ ശാസ്ത്രഞന്മാരേയും വിസ്മരിച്ചോ? അങ്ങനെയൊക്കെ ചോദിച്ചാല്‍ മുഖ്യമന്ത്രിയായ കെ. കരുണാകരനേയും സംസ്ഥാനത്തെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന രമണ്‍ ശ്രീവാസ്തവയേയും മറന്നുകളഞ്ഞോയെന്നുകൂടി ചോദിക്കേണ്ടിവരും.
ഏതാണ്ട് എട്ടുവര്‍ഷം മുമ്പ് ഏതാനും താഴെക്കിടയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ചേര്‍ന്ന് മാസങ്ങളോളം കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്്.ആര്‍.ഒ ചാരവൃത്തി കേസിലെ പ്രതികളായിരുന്നു മറിയം റഷീദയും ഫൗസിയയും. നമ്പിനാരായണനും ശശികുമാറും മറ്റും ഈ ചാരകേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായി. ശാസ്ത്രജ്ഞന്മാര്‍ ഏറ്റ പൊലീസ് മര്‍ദനത്തിന് അറുതിയില്ലായിരുന്നു. അതേപോലെ അവരുടെ കുംടുംബങ്ങള്‍ അനുഭവിച്ച അപമാനത്തിനും മനോവേദനക്കും അന്തമുണ്ടായിരുന്നില്ല. മാലിക്കാരികളായ വനിതകള്‍ അനുഭവിച്ച പൊലീസിന്റെ കൊടും പീഡനത്തിനും കണക്കില്ലായിരുന്നു. ഒടുവില്‍ ഈ രണ്ട് വനിതകളും ശാസ്ത്രജ്ഞന്മാരും നിരപരാധികളാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധിച്ചു. എന്നുമാത്രമല്ല നമ്പിനാരായണനും മറ്റും ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ വിധിച്ചു. നികുതി ദായകരായ ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് നാം ഓര്‍ക്കണം. പത്രത്താളുകളില്‍ കൊടിതോരണങ്ങള്‍ കെട്ടി മാധ്യമങ്ങള്‍ ആഴ്ചകളോളം ആഘോഷിച്ച ചാരകേസ് ഒടുവില്‍ വെറും ചാരമായിപ്പോയിരിക്കുന്നു എന്നാണ് പിന്നീട് എഴുതി പീലാത്തോസിനെപ്പോലെ കൈകഴുകിയതും.
ഇതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിനുകാരണം കുറ്റാന്വേഷണത്തിനുള്ള ഏതെങ്കിലും പരിജ്ഞാനമോ വിദേശ രാജ്യങ്ങളിലുള്ളതുപോലെ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായമോ ഈ അന്വേഷണക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ കൊലപാതകമടക്കമുള്ള കുറ്റങ്ങളുടെ അന്വേഷണക്കാര്യത്തില്‍ പൊലീസിനെ ആശ്രയിക്കുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ശരണം.
അതുകൊണ്ടുതന്നെ ഐ.എസ്.ആര്‍.ഒ ചാരകേസിന്റെ കാര്യത്തില്‍ പൊലീസ് പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന കാര്യങ്ങള്‍ തത്തപറയുന്നതുപോലെ ആവര്‍ത്തിക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്തത്. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ചെയ്തതും പൊലീസ് പറഞ്ഞത് അതേപടി പകര്‍ത്തുകയായിരുന്നു എക്കാലത്തും. സി.പി.എമ്മിന് എങ്ങനെയെങ്കിലും അവരുടെ ബദ്ധശത്രുവായ കെ. കരുണാകരനെ മുഖ്യമന്ത്രിപദത്തില്‍നിന്ന് താഴെയിറക്കണമെന്നതുകൊണ്ടാണ് ചാരകേസ് റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്മാരോട് ദേശാഭിമാനി രാജാവിനെക്കാള്‍ രാജഭക്തി കാണിച്ചുവെന്നത് മറ്റൊരുസത്യം.
ഐ.എസ്.ആര്‍.ഒ ചാരകേസ് പൊലീസിന്റെ വെറും കെട്ടുകഥയാണെന്ന് ആരംഭം മുതല്‍ എഴുതുകയും ഏഷ്യാനെറ്റ് ടെലിവിഷനിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത കേരളത്തിലെ മൂന്ന് പത്രപ്രവര്‍ത്തകര്‍ ബി.ആര്‍.പി. ഭാസ്കറും സക്കറിയയും ഞാനുമായിരുന്നു. ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും അനായാസം ഈ കേസ് ആത്യന്തം കെട്ടുകഥയാണെന്ന് നിഗമനത്തിലെത്താന്‍ കഴിയുമായിരുന്നു. ആ നിലപാടിന്റെ പേരില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും കേള്‍ക്കേണ്ടിവന്നതും വലിയ പഴിയാണ്. രാജ്യത്തെ ഒറ്റിക്കൊടുത്ത ആ ചാരവൃത്തിയുടെ ലാഭത്തില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നു എന്നുവരെ എഴുതിയ മാധ്യമങ്ങളുണ്ടായിരുന്നു. ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ സംഭവിച്ചിരിക്കുന്നതും മറ്റൊന്നുമല്ല. അന്വേഷണം സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആ വിവരങ്ങള്‍ തെറ്റാകാം ശരിയാകാം. മറ്റ് കുറ്റാന്വേഷണത്തിനുള്ള സൗകര്യങ്ങളും വൈദഗ്ധ്യവും മാധ്യമങ്ങള്‍ക്കില്ലാത്തതുകൊണ്ടും ഐ.എസ്.ആര്‍.ഒ ചാരകേസിലെപ്പോലെ മാധ്യമങ്ങള്‍ പൊലീസിന്റെ വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്നു. പത്രങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയതാല്‍പര്യം ഉള്ളതുകൊണ്ടും പൊലീസ് നല്‍കുന്ന വിവരങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ സംഭവത്തില്‍ ദേശാഭിമാനി പൊടിപ്പും തൊങ്ങലും വെച്ചതുപോലെ ചന്ദ്രശേഖരന്‍ വധ സംഭവത്തില്‍ ചില പത്രങ്ങളും ഒരുപക്ഷേ പൊടിപ്പും തൊങ്ങലും വെച്ചിട്ടുണ്ടാകാം.
ചന്ദ്രശേഖരന്‍ നീചവും പൈശാചികവുമായി കൊലചെയ്യപ്പെട്ടു എന്നത് നഗ്നമായ സത്യമാണല്ലോ? പക്ഷേ അതുസംബന്ധിച്ച ഏതെങ്കിലും മാധ്യമത്തിന്റെ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെങ്കില്‍, അല്ലെങ്കില്‍ സി.പി.എമ്മിനെ കരിതേച്ച് കാണിക്കാന്‍ സൃഷ്ടിക്കപ്പെട്ടവയാണെങ്കില്‍ മാനനഷ്ട കേസിന് കോടതി സമീപിക്കാന്‍ ആ പാര്‍ട്ടിക്ക് അവകാശമുണ്ട്, സ്വാതന്ത്രൃമുണ്ട്. അതാണ് ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സ്വീകരിക്കുന്ന ഏറ്റവും നല്ല മാര്‍ഗം. നല്ല മാര്‍ഗമെന്നുമാത്രമല്ല അതാണ് ഏകമാര്‍ഗവും.
ഇന്ത്യന്‍ ഭരണഘടനയില്‍ പത്രസ്വാതന്ത്രൃം എന്ന അവകാശത്തെ ചൊല്ലിയുള്ള വ്യവസ്ഥയുമില്ല. ഒരു സാധാരണ പൗരനുള്ള അഭിപ്രായപ്രകടന സ്വാതന്ത്രൃം എന്ന ഏക അവകാശം മാത്രമേ മാധ്യമങ്ങള്‍ക്കുള്ളൂ. ആ അഭിപ്രായപ്രകടന സ്വാതന്ത്രൃത്തിന് കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം എന്ന പാര്‍ട്ടി നീതിന്യായ പീഠത്തെ സമീപിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാവാത്ത കാര്യമാണ്. സി.പി.എം നേതൃത്വത്തിന്റെ ആ നടപടി തെറ്റാണ്, ഹീനമാണ്. പൗരാവകാശങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയാണ്. പൗരാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി കൈക്കൊണ്ട ജനാധിപത്യത്തിന് നിരക്കാത്ത തരംതാണ നടപടിയാണെന്നുമാത്രമേ എന്റെ ഇത്രയും കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാനുള്ളൂ. വൈകിപ്പോയെങ്കിലും സി.പി.എമ്മിന് തിരുത്താവുന്ന തെറ്റേയുള്ളൂ ഇത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com