Thu, 05/31/2012 - 23:07 ( 50 weeks 5 daysago)
വെല്ലുവിളികളെ ഭയക്കാതെ...
(+)(-) Font Size
വെല്ലുവിളികളെ ഭയക്കാതെ...

കൊല്‍ക്കത്ത: കരുനീക്കങ്ങളുടെ സമചതുരക്കളത്തില്‍ അഞ്ചാം തവണയും ലോകം വെട്ടിപ്പിടിച്ച അഭിമാനനേട്ടത്തിനിടയിലും വിശ്വനാഥന്‍ ആനന്ദ് പതിവുപോലെ വിനയാന്വിതനാണ്. ലോകകിരീടത്തിന്‍െറ തെളിച്ചത്തിനു കീഴില്‍ നില്‍ക്കുമ്പോഴും പുതിയ വെല്ലുവിളികളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനതാരം. ലോകജേതാവായതിനു പിന്നാലെ ടെലിഗ്രാഫ് ദിനപത്രത്തിന് ആനന്ദ് നല്‍കിയ അഭിമുഖത്തില്‍നിന്ന്:
അഞ്ചാം തവണ ലോക ചാമ്പ്യന്‍പട്ടം. ഈ നേട്ടത്തില്‍ എന്തു തോന്നുന്നു?
* ലോക ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ എല്ലായ്പ്പോഴും കടുത്തതാണെന്ന് എനിക്കറിയാം. വളരെ ശ്രമകരമായ വെല്ലുവിളിയാണത്. ആ പോരാട്ടങ്ങള്‍ക്കുശേഷം ഒരാള്‍ക്കു മാത്രമേ തലയെടുപ്പോടെ നില്‍ക്കാന്‍ കഴിയൂ. ആ ഒരാള്‍ ഞാനായിരിക്കണമെന്ന് എല്ലാവരും പ്രതീക്ഷിക്കും. ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ മത്സരഹാളിലേക്ക് പ്രവേശിക്കുമ്പോള്‍, എതിരാളിയെ കാണുമ്പോള്‍ ഒക്കെ വികാരം വ്യത്യസ്തമാണ്. തീര്‍ച്ചയായും മുന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലാതെ ബോധവാനായിരിക്കും.
ഇനി ഏതെങ്കിലും ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ബാക്കിയിരിപ്പുണ്ടെന്ന് കരുതുന്നുണ്ടോ?
* ഈ നേട്ടത്തെ ഞാന്‍ ആ അര്‍ഥത്തില്‍ കണക്കുകൂട്ടിയിരുന്നില്ല. ഇനി ഒന്നുരണ്ടാഴ്ച ചെസില്‍നിന്ന് പൂര്‍ണമായും വിശ്രമമെടുക്കണം. അതിനുശേഷം അടുത്ത മാസം അവസാനത്തോടെ റുമേനിയയില്‍ ഒരു ടൂര്‍ണമെന്‍റില്‍ കളിക്കാനുണ്ട്. അവിടെ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നതാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഏതെങ്കിലും കാലത്ത് പൂര്‍ണ സംതൃപ്തനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.
സ്വയം എങ്ങനെയാണ് വെല്ലുവിളി ഒരുക്കുന്നത്. പുതിയ ഉയരങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടോ?
* പുതിയ വെല്ലുവിളികള്‍ എപ്പോഴും നമ്മെ തേടിയെത്തും. ജീവിതത്തില്‍ അത് പതിവുള്ളതാണല്ലോ. ഇപ്പോള്‍ അടുത്ത വെല്ലുവിളിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന ആശ്വാസമാണ് എന്‍െറ മനസ്സിലുള്ളത്.
എതിരാളി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി പരിഗണിക്കുമ്പോള്‍ ഈ ജയത്തെ എങ്ങനെ കാണുന്നു?
* ലക്ഷ്യത്തിലെത്തിയ വഴി വിലയിരുത്തുമ്പോള്‍ ഇതായിരുന്നു കടുപ്പമേറിയ പോരാട്ടമെന്ന് പറയേണ്ടിവരും. സ്വത$സിദ്ധമായ ഗെയിം പുറത്തെടുക്കാന്‍ ബോറിസ് ഗെല്‍ഫാന്‍ഡ് ഒരിക്കലും എന്നെ അനുവദിച്ചില്ല. അദ്ദേഹത്തെപ്പോലെ ഞാനും ജാഗരൂകനായി കരുനീക്കേണ്ടിവന്നു. എന്‍െറ ഊഴത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍.
സ്പീഡ് ഗെയിമില്‍ താങ്കള്‍ കേമനാണ്. എന്നിട്ടും ടൈബ്രേക്കറില്‍ മുന്‍തൂക്കത്തോടെ തുടങ്ങാന്‍ കഴിഞ്ഞില്ലല്ലോ.
*യഥാര്‍ഥത്തില്‍ ഗെല്‍ഫാന്‍ഡും വളരെ മികച്ച റാപിഡ് ചെസ് പ്ളെയറാണ്. പക്ഷേ, ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ വിധിനിര്‍ണയം റാപിഡ് ഗെയിമിലേക്ക് നീളുമ്പോള്‍ എനിക്ക് മാനസികമായി കരുത്ത് ലഭിക്കാറുണ്ടെന്നത് നേര്.
ആളുകള്‍ നിങ്ങളെ സചിന്‍ ടെണ്ടുല്‍കറുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അതേക്കുറിച്ച്?
* ഈ താരതമ്യപ്പെടുത്തലുകളോട് എനിക്ക് താല്‍പര്യമില്ല. എല്ലാ കായികതാരങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus