മൂന്നാര്‍: ചിന്നക്കനാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന കൊല്ലപ്പെട്ട മുട്ടുകാട് നാണപ്പന്‍െറ ബന്ധുക്കളില്‍നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. കേസിനെ സഹായിക്കുന്ന തരത്തിലെ ശക്തമായ തെളിവുകള്‍ ആദ്യ സന്ദര്‍ശനത്തില്‍ ലഭിച്ചില്ലെന്നാണ് സൂചന.
1983 ജനുവരി ആറിന് വൈകുന്നേരം ഏഴിന് മുട്ടുകാട് ടൗണില്‍നിന്ന് വീട്ടിലേക്ക് വരുംവഴിക്ക് റോഡില്‍ വെച്ച് ഒരുസംഘം ആളുകള്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയതാണ് കേസ്. പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ്.പി പി. പ്രകാശ്, ഡിവൈ.എസ്.പി എം.ജെ. മാത്യു, സി.കെ. വിശാല്‍ ജോണ്‍സണ്‍ എന്നിവരാണ് ബുധനാഴ്ച വൈകുന്നേരം നാണപ്പന്‍െറ വീട്ടിലെത്തിയത്. നാണപ്പന്‍െറ മാതാവ് പാറുക്കുട്ടിയമ്മ (78), സഹോദരന്മാരായ സുരേഷ് (34), സുഭാഷ് (36) എന്നിവരെയും ചില സഹപ്രവര്‍ത്തകരെയുമാണ് പൊലീസ് സംഘം കണ്ടത്.
സംശയിക്കുന്നവരുണ്ടെങ്കില്‍ പറയാനും അന്നത്തെ രാഷ്ട്രീയശത്രുക്കളുടെ വിവരവുമാണ് സംഘം ആവശ്യപ്പെട്ടത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൃഷ്ണന്‍കുട്ടി, പുഷ്പരാജന്‍, പുരുഷന്‍, മോഹന്‍ തുടങ്ങിയവരെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ സമീപവാസികളായ പത്തോളം പേരെക്കുറിച്ചും ചോദിച്ചു. എന്നാല്‍, അയല്‍വാസികളായ ഇവരെക്കുറിച്ച് എതിരഭിപ്രായമില്ലെന്ന മൊഴിയാണ് വീട്ടുകാര്‍ നല്‍കിയതെന്നറിയുന്നു.
വീട്ടില്‍നിന്ന് 600 മീറ്റര്‍ മാറി സംഭവം നടന്ന സ്ഥലവും സംഘം പരിശോധിച്ചു. നാണപ്പന്‍െറ മാതാവ് പ്രായാധിക്യം മൂലം അവശയായതിനാലും ഓര്‍മക്കുറവ് കൊണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
ഇളയ സഹോദരന്മാര്‍ സംഭവം നടക്കുമ്പോള്‍ ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളായിരുന്നു. കേട്ടറിവുള്ള വിവരങ്ങള്‍ മാത്രമെ ഇവര്‍ക്കുമുള്ളൂ. ഇതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് വീണ്ടും പഴയ പാര്‍ട്ടി പ്രവര്‍ത്തകരെത്തന്നെ ആശ്രയിക്കേണ്ടി വരും. സംഭവം നടന്നപ്പോള്‍ സാക്ഷികളില്ലാതായതും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാലും പ്രതികളെ വെറുതെവിട്ട സാഹചര്യം ആവര്‍ത്തിക്കാതെ നോക്കുകയാണ് മുഖ്യം. കൊലപാതകം നടന്ന ഭാഗത്ത് ഇപ്പോള്‍ കെട്ടിടം നിര്‍മിച്ചിരിക്കുകയാണ്. അതും സംഘം നേരിട്ടെത്തി പരിശോധിച്ചു.
നാണപ്പന്‍ വധക്കേസിന്‍െറ കേസ് ഡയറി കണ്ടെടുത്ത അന്വേഷണസംഘം ഇതിലെ പ്രതികളുടെയും സാക്ഷികളുടെയും വിവരങ്ങളും പൂര്‍ണമായി ശേഖരിച്ചു. വ്യാഴാഴ്ച മുതല്‍ സാക്ഷികളെ ദേവികുളം സി.ഐ ഓഫിസില്‍ വിളിച്ചുവരുത്തിയാകും തെളിവെടുക്കലും മൊഴിയെടുക്കലും നടത്തുക. നേരത്തേ സാക്ഷിപ്പട്ടികയില്ലാത്തവരെ പുതുതായി ചേര്‍ക്കാനും നീക്കമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍