Wed, 05/30/2012 - 09:39 ( 50 weeks 5 daysago)
നൈറ്റ്റൈഡേഴ്സിന് രാജകീയ സ്വീകരണം
(+)(-) Font Size
നൈറ്റ്റൈഡേഴ്സിന് രാജകീയ സ്വീകരണം

കൊല്‍ക്കത്ത: ഇന്ത്യന്‍ ട്വന്‍റി20 ക്രിക്കറ്റിലെ പുതിയ രാജാക്കന്മാര്‍ക്ക് കൊല്‍ക്കത്തയുടെ നഗരവീഥികളില്‍ ആവേശോജ്ജ്വല വരവേല്‍പ്. ഐ.പി.എല്‍ കിരീടവുമായി തിങ്കളാഴ്ച രാത്രിയെത്തിയ നൈറ്റ് റൈഡേഴ്സ് ടീമിനെ ചൊവ്വാഴ്ച രാവിലെ ആരാധകര്‍ വാദ്യാഘോഷങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സെക്രട്ടേറിയറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങിന് സമീപം മുഖ്യമന്ത്രി മമത ബാനര്‍ജി കളിക്കാരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന്, തിങ്ങിനിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.
തിങ്കളാഴ്ച താരങ്ങളും ടീമുടമകളും ചെന്നൈയില്‍നിന്ന് രണ്ട് സംഘമായാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. രാത്രി വൈകിയിട്ടും നിരവധി പേര്‍ അവരെ സ്വീകരിക്കാന്‍ തടിച്ചുകൂടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഹസ്രയിലെ ജതിന്‍ദാസ് പാര്‍ക് ക്രോസിങ്ങില്‍ നിന്ന് പരേഡ് തുടങ്ങി. റോഡിന്‍െറ ഇരുഭാഗത്തുംനിന്ന ജനങ്ങള്‍ തുറന്ന ബസില്‍ യാത്ര ചെയ്ത താരങ്ങള്‍ക്ക് നേരെ ബൊക്കെകള്‍ എറിഞ്ഞു. പാട്ടും ആട്ടവുമായി സെലബ്രിറ്റികളുടെ വാഹനവും ഒപ്പമുണ്ടായിരുന്നു. റൈറ്റേഴ്സ് ബില്‍ഡിങ് വരെയുള്ള ആറു കിലോമീറ്റര്‍ ആഹ്ളാദ പരേഡ് കാണാന്‍ അരലക്ഷത്തോളം പേര്‍ തടിച്ചുകൂടി. കൊല്‍ക്കത്ത ടീമിന്‍െറ ജഴ്സിയണിഞ്ഞാണ് നിരവധിപേര്‍ എത്തിയത്. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് നല്‍കിയ സ്വീകരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണം.
റൈറ്റേഴ്സ് ബില്‍ഡിങ്ങിന് മുന്നില്‍ മമതയുടെ അഭിവാദ്യം ഏറ്റുവാങ്ങാന്‍ ഷാറൂഖും ജൂഹിയും സന്നിഹിതരായിരുന്നു. സ്വീകരണത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും കാണികളോടും നന്ദി അറിയിച്ച കിങ് ഖാന്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി കൊല്‍ക്കത്ത മാത്രമേ വാഴൂവെന്ന് പറഞ്ഞു. മമതയോടും നഗരത്തോടുമുള്ള കടപ്പാട് ഗംഭീറും അറിയിച്ചു. ശേഷം താരപ്പട ഈഡനിലെത്തുമ്പോള്‍ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. ഗംഭീറിനും ഷാറൂഖിനും ജയ് വിളിച്ച ജനങ്ങള്‍ ഇരുവരുടെയും കട്ടൗട്ടുകളും ആശംസകളര്‍പ്പിക്കുന്ന പോസ്റ്ററുകളും കൊണ്ടുവന്നിരുന്നു.
ഗാലറിക്ക് ഉള്‍ക്കൊള്ളാവുന്ന പരിധി കഴിഞ്ഞപ്പോള്‍ ജനങ്ങളെ അകത്തേക്ക് വിടാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ പൊലീസിന് നേരെ തിരിഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ നടത്തിയ ലാത്തിച്ചാര്‍ജിലും അടിപിടിയിലും നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus