May 24 Fri 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

രൂപയെ രക്ഷിക്കാന്‍ എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കണം അസോചെം

രൂപയെ രക്ഷിക്കാന്‍ എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കണം അസോചെം

മുംബൈ: ഡോളറിനെതിരെ റെക്കോര്‍ഡ് വിലത്തകര്‍ച്ചയിലേക്ക് നീങ്ങുന്ന രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായികളുടെ സംഘടനയായ അസേസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചെം). വിദേശത്തുള്ള ഇന്ത്യാക്കാരെ ബോധവല്‍ക്കരിക്കുക വഴി നിലവില്‍ രൂപ നേരിടുന്ന പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

നിലവില്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ 5200 കോടി ഡോളറിനും 5500 കോടി ഡോളറിനും ഇടയിലാണ്. ഇത് 7500-8000 കോടി ഡോളറായി ഉയര്‍ത്തുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം. ഇതിനായി റിസര്‍വ് ബാങ്കിന്റെയും വാണിജ്യ ബാങ്കുകളുടെയും ധനമന്ത്രാലയത്തിലെയും ഉന്നതരെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കണമെന്നും സംഘടന ശിപാര്‍ശ ചെയ്തു. ഈ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യാക്കാര്‍ ഏറെയുള്ള ഗള്‍ഫ് നാടുകളിലും ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലെ നിക്ഷേപങ്ങളുടെ സാധ്യതകള്‍ വ്യക്തമാക്കും വിധം റോഡ്ഷോകള്‍ സംഘടിപ്പിക്കണമെന്നും അസോചെം ആവശ്യപ്പെട്ടു.

ധനമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ചില വാണിജ്യ ബാങ്കുകള്‍ വിദേശ നാണയത്തിലുള്ള എന്‍.ആര്‍.ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയെങ്കിലും ഭൂരിഭാഗം ബാങ്കുകളും ഇതിന് തയാറായിട്ടില്ല. ഈ രീതിയിലുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണമെന്ന് അസോചെം നിര്‍ദേശിച്ചു. അഗോളതലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ എന്തുകൊണ്ടും ആകര്‍ഷകമാണെന്ന വസ്തുത വിദേശ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തണം. ഇത്തരം നിക്ഷേപങ്ങളുടെ സുരക്ഷ സംബന്ധിച്ച ഉറപ്പും അവര്‍ക്ക് നല്‍കണമെന്ന് സംഘടന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഇത്തരം ആത്മവിശ്വസം വര്‍ധിപ്പിക്കല്‍ നടപടി വഴി ചുരുങ്ങിയ സമയത്തിനകം 1000-1500 കോടി ഡോളര്‍ സമാഹരിക്കാന്‍ കഴിയും.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പ്രവണത കാണിക്കുന്നത് സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ മുന്നോട്ടു നിങ്ങാത്തത് കൊണ്ട് മാത്രമല്ലെന്ന് അസോചെം റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. നിക്ഷേപം പിന്‍വലിക്കല്‍ രാജ്യാന്തര ഓഹരി വിപണികളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൊണ്ട് കൂടിയാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണികളില്‍ ഡിമാന്റ് ഉയര്‍ത്തുകയാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം. ഡിമാന്റ് ഉയരുന്നതോടെ സാധ്യതകള്‍ മനസിലാക്കി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തനിയെ മടങ്ങിയെത്തും. ഡിമാന്റ് വര്‍ധിപ്പിക്കാന്‍ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്നും വ്യവസായികളുടെ സംഘടന സര്‍വേ നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com