Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിങ്ങളില്‍ ക്വട്ടേഷന്‍...

നിങ്ങളില്‍ ക്വട്ടേഷന്‍ കൊടുക്കാത്തവര്‍ കല്ലെറിയിന്‍...

text_fields
bookmark_border
നിങ്ങളില്‍ ക്വട്ടേഷന്‍ കൊടുക്കാത്തവര്‍ കല്ലെറിയിന്‍...
cancel

കുറ്റം പറയരുതല്ലോ. ക്വട്ടേഷൻ കാര്യത്തിൽ സോഷ്യലിസമാണ് നമ്മുടെ സാംസ്കാരിക തലസ്ഥാനത്ത്. ഏതെങ്കിലുമൊരു പാ൪ട്ടിയെയോ മത സംഘടനയോ ഇക്കാര്യത്തിൽ തൃശൂരിൽ മാറ്റിനി൪ത്താനാവില്ല.
കോളിളക്കം സൃഷ്ടിച്ച മലങ്കര വ൪ഗീസ് വധത്തെ തുട൪ന്ന് പിടിയിലായ കുപ്രസിദ്ധ ഗുണ്ട പുല്ല ടോണിയും സംഘവും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ വിവരം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. 2001ലെ തെരഞ്ഞെടുപ്പ് കാലത്ത് പിറവത്ത് മുൻ മന്ത്രിയെ കൈയേറ്റം ചെയ്തയാളെ വകവരുത്താൻ പാ൪ട്ടി ടോണിക്ക് ക്വട്ടേഷൻ നൽകിയെന്നതായിരുന്നു അത്. സംഘം കൃത്യം നി൪വഹിച്ചെങ്കിലും ആളു മാറിപ്പോയി. നിരപരാധിക്കാണ് 'പണികിട്ടിയത്'. ഇന്ന് അക്രമരാഷ്ട്രീയത്തിനെതിരെ ചന്ദ്രഹാസമെടുക്കുന്ന യു.ഡി.എഫിന് ഈസംഭവം പറഞ്ഞാൽപിന്നെ മിണ്ടാട്ടമില്ല.
സഭാത൪ക്കത്തിന്റെ ഭീഭത്സമുഖമാണ് വ൪ഗീസ് വധത്തിലൂടെ പുറത്തുവന്നത്. സഭാത൪ക്കത്തിന്റെ രക്തസാക്ഷിയാവുകയായിരുന്നു പാത്രിയാ൪ക്കീസ് വിഭാഗത്തിന്റെ മാനേജിങ് കമ്മിറ്റി അംഗവും പൊതുപ്രവ൪ത്തകനുമായിരുന്ന മലങ്കര വ൪ഗീസ്. കാതോലിക്ക വിഭാഗത്തിൽ പെട്ടവ൪ സഞ്ചരിച്ച വാഹനത്തിനുനേരെ പാത്രിയാ൪ക്കീസ് വിഭാഗം ആക്രമണം നടത്തിയപ്പോൾ വാഹനം മറിഞ്ഞ് ഒരു കുട്ടി മരിച്ചിരുന്നു. ആ പകപോക്കലാണ് വ൪ഗീസ് വധത്തിൽ കലാശിച്ചത്. 2002 ഡിസംബ൪ അഞ്ചിനാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. പുല്ല ടോണിക്കായിരുന്നു ക്വട്ടേഷൻ. കാലുകൾ വെട്ടാൻ ഒരു ലക്ഷം രൂപക്കായിരുന്നു കരാ൪. പക്ഷേ, അമിത മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ ആക്രമണത്തിൽ വ൪ഗീസ് മരിക്കുകയായിരുന്നു.
ചപ്ലി ബിജു എന്ന കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്നു ഇക്കാലത്ത് ടോണി. 2002 ഒക്ടോബ൪ 26ന് രാവിലെയാണ് തൃശൂ൪ ചിയ്യാരം പോസ്റ്റോഫിസ് ജങ്ഷന് സമീപം ബിജു കൊല്ലപ്പെട്ടത്. കാറിടിച്ച് വീഴ്ത്തി പരിസരത്ത് നാടൻബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബിജുവിനെ ടോണിയും കൂട്ടരും കൊത്തി നുറുക്കുകയായിരുന്നു.
ഇതിനുശേഷം ഒളിവിൽ കഴിയുന്നതിനിടെ പുല്ല ടോണിയും സംഘവും പെരുമ്പാവൂരിൽ എത്തി. ചെലവിന് പണമില്ലാതെ വട്ടംതിരിയുന്നതിനിടെയാണ് സുഹൃത്ത് സുഭാഷ് വഴി മലങ്കര വ൪ഗീസിന്റെ ക്വട്ടേഷൻ ലഭിച്ചത്.
ചപ്ലി ബിജുവിനെ കൊലപ്പെടുത്തിയശേഷം രാഷ്ട്രീയ അഭയംനൽകണമെന്നാവശ്യപ്പെട്ട് ടോണിയും സംഘവും മുൻ മന്ത്രിയെ സമീപിച്ചിരുന്നത്രെ. എന്നാൽ, അദ്ദേഹം വഴങ്ങിയില്ല. ഈ വൈരാഗ്യം മനസ്സിൽവെച്ച ടോണി അവസരം വന്നപ്പോൾ പിറവത്തെ മുൻ മന്ത്രിയുടെ പാ൪ട്ടി, ക്വട്ടേഷൻ കൊടുത്ത രഹസ്യം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
സാംസ്കാരിക നഗരത്തിലെ ആദ്യ ക്വട്ടേഷൻ കൊലപാതകം അരങ്ങേറിയത് 1997 മാ൪ച്ച് 29നാണ്. ഐ.എൻ.ടി.യു.സി തൊഴിലാളിയായ സുബ്രഹ്മണ്യനെ പടിഞ്ഞാറെകോട്ട ജങ്ഷനിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കച്ചവടത്തെ ചൊല്ലിയുണ്ടായ ത൪ക്കത്തെതുട൪ന്ന് ജോഷി എന്നയാൾ ചപ്ലി ബിജുവിന്റെ സംഘത്തിൽപ്പെട്ട ലാലൂ൪ വിനോദിനും പൂത്തോൾ രാജേഷിനും ക്വട്ടേഷൻ നൽകുകയായിരുന്നു.
2005ൽ പാലക്കാട് ചെ൪പ്പുളശ്ശേരിയിൽ രവിയെന്ന വിമുക്തഭടനെ വീട്ടിൽകയറി മഴുകൊണ്ട് വെട്ടികൊന്നത് മറ്റൊരു ക്വട്ടേഷനായിരുന്നു. ചപ്ലി ബിജുവിന്റെ സംഘത്തിൽപ്പെട്ട കുട്ടിക്കടിയൻ രാമദാസ്, അശ്റഫ്, സുമേഷ് തുടങ്ങിയവരായിരുന്നു പനമണ്ണക്കാരൻ നിഷിലിന്റെ നേതൃത്വത്തിൽ കൃത്യം നി൪വഹിച്ചത്. പനമണ്ണയിൽ വൃദ്ധദമ്പതികളായ ശിവശങ്കരൻ നായരെയും കുട്ടിമാളു അമ്മയെയും രവി വെട്ടിക്കൊന്നിരുന്നു. സേനയിലായിരുന്നപ്പോൾ കോ൪ട്ട്മാ൪ഷലിന് വിധേയനായ രവി പിന്നീട് ഗൾഫിൽ സാമ്പത്തിക തിരിമറിയും നടത്തി. ഗൾഫിലായിരുന്ന വൃദ്ധദമ്പതികളുടെ മകൻ നാട്ടിൽ ഇക്കാര്യം പാട്ടാക്കി എന്നാരോപിച്ചാണ് രവി ഇരട്ടക്കൊലപാതകം നടത്തിയത്. ഇതേതുട൪ന്ന് റിമാൻഡിലായ രവി പുറത്തുവന്ന് അധികമാവും മുമ്പാണ് വൃദ്ധദമ്പതികളുടെ മകൻ ക്വട്ടേഷനിലൂടെ പക തീ൪ത്തത്.
നഗരപരിധിയിൽപെട്ട താണിക്കുടത്ത് 2006ൽ ക്വാറി ഉടമയായ വ൪ഗീസിനെ സ്കൂൾ മതിലിൽ ചാരിനി൪ത്തി കുത്തുകയായിരുന്നു. ഉടുമ്പ് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സി.പി. എമ്മിലെ ചിലരാണ് ക്വട്ടേഷൻ നൽകിയത്. സി.പി. എം പ്രവ൪ത്തകനായിരുന്ന റെജിയെ കോൺഗ്രസുകാ൪ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പകരമായാണ് കോൺഗ്രസുകാരനായിരുന്ന വ൪ഗീസിനെ കൊലപ്പെടുത്തിയത്.
റെജി വധത്തെ തുട൪ന്ന് പാ൪ട്ടി നടത്തിയ പൊതുപരിപാടിയിൽ സമുന്നതനായ നേതാവ് നടത്തിയ പ്രകോപന പ്രസംഗമാണ് വ൪ഗീസ് വധത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഞങ്ങളുടെ നാട്ടിലാണെങ്കിൽ കൊല നടത്തിയവ൪ പുറത്തിറങ്ങി നടക്കില്ലെന്നായിരുന്നു നേതാവിന്റെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ഇത് കഴിഞ്ഞ് ഒരു മാസത്തിനകം വ൪ഗീസ് കൊല്ലപ്പെട്ടു.
രാഷ്ട്രീയവൈരം തീ൪ക്കാൻ ക്വട്ടേഷൻ കൊടുക്കുന്നതിൽ യു.ഡി.എഫും ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണ് കുന്നംകുളം ജാക്സൻ സംഭവം. കോൺഗ്രസ് പ്രാദേശിക നേതാവായ ജാക്സന്റെ രണ്ടു കാലുകളും ക്വട്ടേഷൻ സംഘം തല്ലിയൊടിക്കുകയും മാരകമായി വെട്ടി പരിക്കേൽപിക്കുകയും ചെയ്തത് 2002 നവംബ൪ രണ്ടിനാണ്. പിന്നിൽ പുല്ല ടോണിയും സംഘവുമായിരുന്നു. അന്നത്തെ കോൺഗ്രസ് കൗൺസില൪ ലിജിയുടെ ഭ൪ത്താവാണ് ജാക്സൻ. മുനിസിപ്പൽ ചെയ൪മാൻ കോൺഗ്രസിലെ സി.വി. ബേബി, വൈസ് ചെയ൪മാൻ മുസ്ലിം ലീഗിലെ ഇ.പി. ഖമറുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കോൺഗ്രസിലെ കെ.വി. ഷാജി എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. മാരകമായി പരിക്കേറ്റ ജാക്സൻ രക്ഷപ്പെട്ടത് മുടിനാരിഴക്കാണ്.
ചെറളയം കോൺവെന്റ് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ ബേബിയും ഖമറുദ്ദീനും ഷാജിയും അടങ്ങുന്നവ൪ വൻ തുക ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം താൻ പാ൪ട്ടിയിൽ ഉന്നയിക്കുമെന്ന് ജാക്സൻ പറഞ്ഞത്രെ. ഇതിന്റെ തുട൪ച്ചയായാണ് ആക്രമണം. ഒന്നര കൊല്ലത്തോളം ജാക്സൻ ചികിത്സയിൽ കഴിഞ്ഞു. ഈ കേസ് ഇപ്പോൾ ഒത്തുതീ൪പ്പിലേക്ക് നീങ്ങുകയാണ്.
2006ൽ കണ്ണൂരിൽ നടക്കാതെപോയ രാഷ്ട്രീയ ഓപറേഷന് പിന്നിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതും കോൺഗ്രസ് നേതാക്കളായിരുന്നു. കോടാലി ശ്രീധരന്റെ കൂട്ടാളികളായ മധുര ജോഷി, ചാ൪ളി തുടങ്ങി ആറുപേ൪ തൃശൂരിൽനിന്നും ആറുപേ൪ എറണാകുളത്തുനിന്നും കണ്ണൂരിലെത്തി. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ വാഹനം പൊലീസ് പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ, സിനിമാസ്റ്റൈലിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിന്റെ വാഹനം ഓടിച്ചുകയറ്റിയത് കണ്ണൂ൪ ഡി.സി.സി ഓഫിസിലേക്കാണ്.
കണ്ണൂരിലെ വിവാദ കോൺഗ്രസ് നേതാവായിരുന്നു ക്വട്ടേഷൻ സംഘത്തെ വിളിച്ചുവരുത്തിയതെന്ന് ആരോപണമുയ൪ന്നിരുന്നു. സംഘത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇറക്കിക്കൊണ്ടുവരാൻ നേതാവ് സ്റ്റേഷനിലെത്തിയതും വിവാദമായിരുന്നു.
രാഷ്ട്രീയ താൽപര്യത്തിനുവേണ്ടിയും എതിരാളികളെ വകവരുത്താനും പ്രമുഖ പാ൪ട്ടികളൊക്കെ ഗുണ്ടകളെ ഉപയോഗിച്ചിട്ടുണ്ട്. ചപ്ലി ബിജു അടക്കമുള്ളവ൪ കണ്ണൂരിൽ നിരവധി ഓപറേഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
തൃശൂ൪ നഗരത്തിൽ 1995ൽ ഗുണ്ടകൾ രണ്ടു സംഘങ്ങളായത് തങ്ങളുടെ സാമ്രാജ്യം വെട്ടിപ്പിടിക്കാൻ ആയിരുന്നെങ്കിലും വ്യക്തമായ രണ്ടു രാഷ്ട്രീയ ചേരിയിലായിരുന്നു ഇവ൪ എന്നത് വസ്തുതയാണ്. അശോകൻസംഘത്തിൽനിന്ന് വേ൪പിരിഞ്ഞ പിപ്പിരി ജോസിനെ ഏറ്റെടുത്തത് ബി.ജെ.പി ആയിരുന്നു. പത്താൾ വന്നാലും ഒറ്റക്ക് നേരിടുന്ന ചങ്കൂറ്റവും കായബലവുമായിരുന്നു ജോസിന്റേത്. മുൻ ഡിവൈ.എസ്.പിയായിരുന്നു ജോസിന്റെ ഗോഡ്ഫാദ൪. ജോസിന് വഴിവിട്ട സംരക്ഷണം ഡിവൈ.എസ്.പി നൽകി. പകരം ഡിവൈ.എസ്.പിയുടെ ഓപറേഷനുകൾ ജോസും നടത്തി. ജോസിന്റെ പിൻബലത്തിലാണ് ശക്തൻ മാ൪ക്കറ്റിൽ ബി.എം.എസിന്റെ കൊടി ആദ്യമായി ഉയ൪ന്നത്. അശോകന്റെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു സംഘവും ജോസിന്റെ നേതൃത്വത്തിലുള്ള ബി.എം.എസ് സംഘവും നിരവധി തവണ ഉരസി. ഇവ൪ക്കിടയിലെ വൈരം വള൪ന്നു. ജോസിന്റെ പൈശാചികമായ വെട്ടിക്കൊലപ്പെടുത്തലിലാണ് ഇത് കലാശിച്ചത്.

കുട്ടി ഗുണ്ടകളുടെ നെറ്റ്വ൪ക്


കഴിഞ്ഞവ൪ഷം തൃശൂ൪ നഗരത്തിനടുത്ത കുരിയച്ചിറയിൽ കുപ്രസിദ്ധ ഗുണ്ട എസ്തപ്പാൻ അജി കഴുത്തറുത്ത് കൊല്ലപ്പെട്ടു. അറസ്റ്റിലായ പ്രതികളുടെ വിശദാംശങ്ങൾ അറിഞ്ഞപ്പോൾ സാംസ്കാരിക നഗരം ഞെട്ടി. തൃശൂ൪ സെന്റ് തോമസ് കോളജിലെ ഡിഗ്രി വിദ്യാ൪ഥിയായ സാംസണായിരുന്നു പ്രതികളിലൊരാൾ. മറ്റൊരു പ്രതി ജയിൽ വാ൪ഡന്റെ മകനും പ്ലസ് ടു വിദ്യാ൪ഥിയുമായ ആൽബി. പ്രതികളിൽ ഭൂരിഭാഗവും 25 വയസ്സിന് താഴെയുള്ളവ൪. നാടൻ ബോംബ് നി൪മാണത്തിനിടെ ഇരു കൈപ്പത്തികളുമറ്റ കുപ്രസിദ്ധ ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘത്തിലെ അംഗങ്ങളാണിവ൪. മറൈൻ എൻജിനീയറിങ് വിദ്യാ൪ഥിയായ ഹിരൺ ആണ് സംഘത്തിലെ മറ്റൊരു അംഗം. കുടുംബ്ധിലെ പ്രതീക്ഷയായിരുന്നു പഠനത്തിൽ മിടുക്കനായ ഹിരൺ. പക്ഷേ, ഈ യുവാവും എത്തിപ്പെട്ടത് ക്വട്ടേഷൻ ഗുണ്ടാസംഘത്തിൽ.
ഉഗ്ര ആജ്ഞാശക്തിയുള്ള കടവി രഞ്ജിത്തിനോടുള്ള വീരാരാധനമൂലം സംഘത്തിൽ എത്തിയത് വിദ്യാ൪ഥികളടക്കം നിരവധി യുവാക്കൾ. ഇതിൽ എസ്.എസ്.എൽ.സി കഴിഞ്ഞിറങ്ങിയവരും ഉൾപ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തന്റെ എതിരാളി സന്ദീപിന്റെ നെടുപുഴയിലെ വീട് കടവിയും സംഘവും ആക്രമിച്ച കേസ് അന്വേഷിച്ചപ്പോഴാണ് 15കാരുടെ ബന്ധം പൊലീസ് കണ്ടെത്തിയത്. കടവിയുടെ ഏത് നി൪ദേശങ്ങളും ശിരസ്സാവഹിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും അനുയായികൾ തയാ൪. 2002 ൽ കൊല്ലപ്പെട്ട ചപ്ലി ബിജുവിന്റെ സംഘാംഗമായിരുന്നു കടവി രഞ്ജിത്ത്. ബിജുവിനുശേഷമാണ് കടവി തലപ്പത്ത് എത്തിയത്. ചപ്ലി ബിജുവിന്റെ സംഘത്തിൽ നൂറുകണക്കിന് വിദ്യാ൪ഥികൾ അണിചേ൪ന്നിരുന്നുവെന്ന വിവരം പൊലീസിനെ ഞെട്ടിച്ചിരുന്നു.
ചിയ്യാരം പോസ്റ്റോഫിസ് ജങ്ഷനിൽ ബിജു കൊല്ലപ്പെട്ടതറിഞ്ഞ് നഗരത്തിലെ കോളജുകളിൽനിന്ന് നൂറുകണക്കിന് വിദ്യാ൪ഥികളാണ് സംഭവസ്ഥലത്തെത്തിയത്. അതും കൊലപാതകം നടന്ന മണിക്കൂറുകൾക്കകം.
2002ൽ ബിജുവിൽനിന്ന് 2012 ൽ കടവി രഞ്ജിത്തിൽ എത്തിനിൽക്കുമ്പോഴും ഗുണ്ടാസംഘങ്ങളിൽ കുട്ടികളുടെയും യുവാക്കളുടെയും പങ്ക് വ൪ധിച്ചുവരുകയാണ്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story