Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവളര്‍ത്താം; പക്ഷേ...

വളര്‍ത്താം; പക്ഷേ അവസാനിപ്പിക്കാനാവില്ല

text_fields
bookmark_border
വളര്‍ത്താം; പക്ഷേ അവസാനിപ്പിക്കാനാവില്ല
cancel

ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലാണ് കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ പാ൪ട്ടികൾ. പ്രത്യേകിച്ച് സി.പി.എം. തങ്ങൾ നൂറും പാലും കൊടുത്ത് വള൪ത്തുന്ന കൊച്ചു സ൪പ്പങ്ങൾ പത്തിവിട൪ത്താനാവുന്നതോടെ തങ്ങളെത്തന്നെ ആപ്പിലാക്കി വിഷം ചീറ്റുകയാണ്.
ടി.പി. ചന്ദ്രശേഖരൻെറ വധവുമായി ബന്ധപ്പെട്ട് നാദാപുരം വളയം മേഖലയിൽ പൊലീസ് സംശയിക്കുന്ന എൽ.ടി.ടി.ഇ എന്ന അതിക്രൂര ക്വട്ടേഷൻ സംഘത്തിൻെറ ചരിത്രം ഇതുതെളിയിക്കുന്നു. ശ്രീലങ്കയിലെ എൽ.ടി.ടി.ഇയെ അനുകരിച്ചാണ് 1992ൽ നാദാപുരം എൽ.ടി.ടി.ഇ പിറവിയെടുത്തത്. ‘എസ്’ ചുരികയുമായി നടക്കുന്ന എസ്. അശോകൻ, സുമോഹൻ, വാതിൽക്കൽ പറമ്പത്ത് പ്രസീതൻ എന്നിവരാണ് പ്രധാന നേതാക്കൾ. ഇതിൽ പ്രസീതൻെറ ഇരു കൈപ്പത്തികളും ബോംബ് നി൪മാണത്തിനിടെ നഷ്ടപ്പെട്ടു. നിരവധി പൊലീസ് ഓഫിസ൪മാ൪ നിരന്നുനിൽക്കെ, പൊലീസിനെ വെല്ലുവിളിച്ച് വടിവാളുമായി വളയം ടൗണിൽ പാ൪ട്ടി മാ൪ച്ച് നടത്തിയ ആളാണ് സുമോഹൻ. വടിവാൾ സംഘത്തെ കണ്ട് പൊലീസിന് ഭയന്ന് പിന്മാറേണ്ടിവന്നു. ഇരുപതോളം കേസിൽ പ്രതിയായ ഇയാൾ മുൻ നാദാപുരം എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. വടിവാളുമായി വഴിയിൽ തടഞ്ഞ സുമോഹനുനേരെ തോക്ക് ചൂണ്ടിയാണ് എസ്.ഐ രക്ഷപ്പെട്ടത്. കുയിലേരി മുസ്ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയായ പ്രസീതൻെറ ഇരുകൈകളും കല്ലുനിരയിൽ ബോംബ് നി൪മിക്കവെയാണ് സ്ഫോടനത്തിൽ നഷ്ടപ്പെട്ടത്.
ഇവരെ എപ്പോഴൊക്കെ പിടികൂടിയിട്ടുണ്ടോ അപ്പോഴെല്ലാം കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽനിന്ന് വിളി വന്നിരുന്നതായി സി.പി.എം അനുഭാവി കൂടിയായ നാദാപുരത്തെ മുൻ എസ്.ഐ ഓ൪ക്കുന്നു. സി.പി.എമ്മിൻെറ നിയന്ത്രണത്തിൽ രൂപംകൊണ്ട എൽ.ടി.ടി.ഇയെ പിന്നീട് പാ൪ട്ടിക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് കൊടും ക്രിമിനലായ അന്തിയേരി സുരയെ രംഗത്തിറക്കിയതെന്ന് പൊലീസ് പറയുന്നു.
ബി.ജെ.പിക്കും മുസ്ലിംലീഗിനുമൊക്കെ ഇങ്ങനെ പലയിടത്തും രഹസ്യസേനയുണ്ട്. വാളെടുത്തവൻ വാളാലെന്ന് പറയുന്നപോലെ അവസാനം ഇവരൊക്കെ പോറ്റി വലുതാക്കിയവ൪ക്കെതിരെ തിരിയുമെന്നതും ചരിത്രത്തിൻെറ കാവ്യനീതി. അക്രമത്തിന് രഹസ്യമായി ആഹ്വാനംചെയ്യുന്ന പാ൪ട്ടികൾ പിന്നീട് പരസ്യമായി നി൪ത്താൻ പറഞ്ഞാലും ഇത്തരം സംഘങ്ങളുടെ കലിയടങ്ങാറില്ല. തല്ലാൻ പറഞ്ഞാൽ കൊന്നുകൊണ്ടുവരുന്ന ക്രൂരന്മാ൪.ആദ്യം പാ൪ട്ടികൾക്കുവേണ്ടി മാത്രം പ്രവ൪ത്തിക്കുന്ന ഇവ൪ പിന്നീട് പണം ആരുകൊടുത്താലും ‘പണി’യേറ്റെടുക്കുന്ന നിലയിലേക്ക് മാറുന്നു.
എന്നാൽ, തികച്ചും പ്രഫഷനൽ സ്വഭാവമുള്ള ഓപറേഷനുകളും കോഴിക്കോട്ടുണ്ടായിട്ടുണ്ട്. വൈത്തിരി തളിപ്പുഴ ജംഗിൾപാ൪ക്ക് റിസോ൪ട്ട് ഉടമ കോഴിക്കോട് ചേവായൂ൪ വൃന്ദാവൻ കോളനിയിലെ അറക്കൽ അബ്ദുൽ കരീമിനെ (51) വയനാട് ചുരത്തിൽവെച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ജില്ലയിലെ പ്രധാന ക്വട്ടേഷൻ കൊലപാതകം. റിസോ൪ട്ട് തട്ടിയെടുക്കാൻ ഒരു പാ൪ട്ണറുടെ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ ഈ അറുകൊല കോളിളക്കം സൃഷ്ടിച്ചു. 2006 ഫെബ്രുവരി 11ന് സ്വന്തം പച്ച ക്വാളിസ് കാറിൽ ചുരം കയറിയ അബ്ദുൽ കരീം കോഴിക്കോട്ടേക്ക് മടങ്ങവെ രാത്രി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
കൽപറ്റ മുൻസിഫ് കോടതിയിലുള്ള കേസിൻെറ കാര്യം ച൪ച്ച ചെയ്യുന്നതിന് സുൽത്താൻ ബത്തേരിയിലുള്ള അഡ്വ. ജോ൪ജ് ജോസഫിനെ കാണുന്നതിനാണ് വിശ്വസ്തനായ ഡ്രൈവ൪ ശിവൻ ഓടിച്ച കാറിൽ കരീം പുറപ്പെട്ടത്. അന്നൊരു ശനിയാഴ്ചയായിരുന്നു. വൈകീട്ട് 3.30 മുതൽ എട്ടുമണിവരെ കരീം അഭിഭാഷകൻെറ ഓഫിസിലുണ്ടായിരുന്നു. വക്കീലിന് ഫീസിന് പുറമെ ഉപഹാരമായി കുറേ ചോക്ളേറ്റും സമ്മാനിച്ചശേഷം കാറിൽ കോഴിക്കോട്ടേക്ക് മടങ്ങി. ഇതിനിടയിൽ ദേശീയപാതയോരത്തെ കാക്കവയൽ പള്ളിയിൽ കയറി നമസ്കരിച്ചു. രാത്രി 11 കഴിഞ്ഞതിനാൽ തളിപ്പുഴയിലെ സ്വന്തം റിസോ൪ട്ടിൽ കയറാതെ ചുരമിറങ്ങാൻ തീരുമാനിച്ചു. ഏറെ നേരമായി ഒരു വെള്ള ബൊലേറോ ജീപ്പ് പിന്തുടരുന്നത് ഡ്രൈവ൪ ശിവൻെറ ശ്രദ്ധയിൽപ്പെട്ടു. ഒമ്പതാം വളവിനടുത്തുവെച്ച് ജീപ്പ് കാറിന് തടയിട്ടു. ജീപ്പിൽനിന്ന് ചാടിയിറങ്ങിയ അഞ്ചംഗ സംഘം വിൻഡ്ഗ്ളാസ് അടിച്ചുതക൪ത്ത് ഉള്ളിൽ കയറി ശിവനെ കീഴ്പ്പെടുത്തി ക്വാളിസിൻെറ സ്റ്റിയറിങ് കൈക്കലാക്കി. വണ്ടി ചുരത്തിലെ വള്ളിക്കാടിന് അടിയിലേക്ക് ഒതുക്കി നി൪ത്തി കരീമിനെയും ശിവനെയും തലകീഴായി നി൪ത്തി കാലുകൾ കെട്ടിയിട്ടു. കാ൪ വയനാട് ഭാഗത്തേക്ക് തിരിച്ച് തളിപ്പുഴ ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതിനിടയിൽ ആയുധങ്ങൾ ഉപയോഗിച്ച് ഇരുവരേയും ക്രൂരമായി മ൪ദിച്ചു.
കരീമിൻെറ സ്യൂട്ട്കേസ് തുറന്ന് റിസോ൪ട്ട് കേസുമായി ബന്ധപ്പെട്ട ഫയലുകളും പെട്ടിയിലുണ്ടായിരുന്ന നോട്ടുകെട്ടുകളും അക്രമികൾ കൈവശപ്പെടുത്തി. ചില രേഖകളിൽ കരീമിൻെറ വിരലടയാളവും ബലമായി പതിപ്പിച്ചു. തുട൪ന്ന് താമരശ്ശേരി ഭാഗത്തേക്ക് തിരിച്ചുവിട്ട ക്വാളിസ് ഒന്നാം വളവിനടുത്തുവെച്ച് നൂറാംതോട് റോഡിലേക്ക് തിരിഞ്ഞു. തലകീഴായി കിടന്ന് രക്തം വാ൪ന്ന് അവശനായ കരീമിനെയും അത്രക്ക് മാരകമായി പരിക്കേൽക്കാത്ത ശിവനെയും റോഡിനുതാഴെ റബ൪ എസ്റ്റേറ്റിൽ തള്ളി അക്രമികൾ രക്ഷപ്പെട്ടു. ഇഴഞ്ഞിഴഞ്ഞ് റോഡിലെത്തി അ൪ധപ്രാണനായിക്കിടന്ന ശിവനെ, രാത്രി ഓട്ടം പോയി തിരിച്ചുവരുകയായിരുന്ന അടിവാരത്തെ ഓട്ടോ ഡ്രൈവ൪ കമ്പിയേലുമ്മൽ സിദ്ദീഖ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
താമരശ്ശേരി പൊലീസ് നാലു ദിവസം അന്വേഷിച്ചതിനുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ അക്രമികൾ സഞ്ചരിച്ച ജീപ്പിൻെറ ഡ്രൈവ൪ റോണിയെ ഏപ്രിൽ ആദ്യവാരത്തിലും ക്വട്ടേഷൻ സംഘാംഗങ്ങളായ തൃശൂ൪ മുകുന്ദപുരം മുപ്ളിയം സ്വദേശികളായ ജോഷിദാസ് (32), അനിലൻ (33) എന്നിവരെ ശേഷവും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനും കരീമിൻെറ പാ൪ട്ണറുമായ തിരുവനന്തപുരം ‘ടൂ൪ ഇന്ത്യ’ സ്ഥാപനമുടമ ബാബു വ൪ഗീസ് (49) ഏപ്രിൽ 25നും അറസ്റ്റിലായി.
1997ൽ കരീമുമായി അടുത്ത ബാബു വ൪ഗീസ് ജംഗിൾപാ൪ക്കിൻെറ നടത്തിപ്പിൽ പങ്കാളിയായിരുന്നു. 2003 വരെയായിരുന്നു കരാ൪. രേഖ 2008 എന്നാക്കി തിരുത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച ഇയാളെ, കേസ് നടത്തി കരീം ജയിലിലടപ്പിച്ചതിൻെറ പ്രതികാരമായിരുന്നു കൊലപാതകം. 1.20 ലക്ഷം രൂപക്ക് ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിൽ പ്രധാന പ്രതികളെല്ലാം പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.
കോഴിക്കോട് അപ്സര തിയറ്ററുടമ തോമസ് കുട്ടി, സ്വ൪ണ വ്യാപാരി ഭക്തവത്സലൻ എന്നിവരുടെ വധമാണ് സിറ്റിയിൽ അറിയപ്പെടുന്ന മറ്റ് ക്വട്ടേഷൻ കൊലകൾ. ജില്ലയിൽ മൂന്നു തരം ക്വട്ടേഷൻ ടീമുകളാണ് ഉള്ളതെന്ന് നഗരത്തിൽ ഏറെ പരിചയമുള്ള മുൻ ക്രൈംബ്രാഞ്ച് എസ്.പി. സി.എം. പ്രദീപ് കുമാ൪ പറയുന്നു. പണം ലഭിച്ചാൽ ആരെയും തട്ടുന്ന കൊടും ക്രിമിനൽ ടീം, വണ്ടിപിടിത്തവും മറ്റുമായി നടക്കുന്ന വൈറ്റ്കോള൪ ക്വട്ടേഷൻ ടീം, രാഷ്ട്രീയ/തീവ്രവാദ ദൗത്യം ഏറ്റെടുക്കുന്ന രാഷ്ട്രീയ ക്രിമിനലുകളുടെ ടീം എന്നിവയാണിവ. ഇതിൽ വണ്ടിപിടിത്തവും ബ്ളേഡ് ബാങ്കിൻെറ പിരിവുമായി നടക്കുന്ന വൈറ്റ്കോള൪ ടീം കൊലപാതകത്തിന് മുതിരാറില്ല. കൊടുവള്ളി, താമരശ്ശേരി,ചുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ ടീം അടുത്തിടെ ശക്തി പ്രാപിച്ച് വരുന്നുണ്ട്. മലപ്പുറത്തുനിന്നുള്ളവരാണ് കുഴൽപ്പണ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്നത്.
വെസ്റ്റ്ഹിൽ ബംഗ്ളാദേശ് കോളനി കേന്ദ്രീകരിച്ച് വ൪ഷങ്ങൾക്കു മുമ്പ് ഏതാനും ക്വട്ടേഷൻ സംഘങ്ങൾ അടക്കിവാണിരുന്നു. പൊലീസിൻെറ ശക്തമായ ഇടപെടലിനെ തുട൪ന്ന് സംഘത്തിലെ പലരും കോളനി വിട്ടു. രാമനാട്ടുകര, വെസ്റ്റ്ഹിൽ, കേന്ദ്രീകരിച്ച് ഏതാനും ക്വട്ടേഷൻ സംഘങ്ങൾ വള൪ന്നുവരുന്നുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നു.
പുല൪ച്ചെ നടക്കാനിറങ്ങിയ സെയിൽടാക്സ് റിട്ട. ഡെപ്യൂട്ടി കമീഷണ൪ മൊയ്തീൻകോയയെ ഒരു വ൪ഷം മുമ്പ് വധിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം ജില്ലക്കാരടക്കം ഏതാനും ക്വട്ടേഷൻ ടീമംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവൂ൪ റോഡിലെ പീടികമുറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വധശ്രമത്തിന് കാരണം. ഇതിനുശേഷം നഗരത്തിൽ കാര്യമായ ക്വട്ടേഷൻ പ്രവ൪ത്തനം ഉണ്ടായിട്ടില്ല. ഗുണ്ടാ ആക്ട് പ്രകാരം പൊലീസിൻെറ കണക്കനുസരിച്ച് നഗരത്തിൽ 53 ഗുണ്ടകളുണ്ട്. ഇവരിൽ ആറുപേരെ മാത്രമേ ഇതിനകം അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും ആരെയും കൊല്ലാം, ആരെയും തല്ലാം എന്ന രീതിയിലുള്ള ടീമുകൾ നഗരത്തിൽ വള൪ന്നുവരാതെ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story