Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅടിമുടി മാറേണ്ടത്...

അടിമുടി മാറേണ്ടത് അടിത്തറതന്നെ

text_fields
bookmark_border
അടിമുടി മാറേണ്ടത് അടിത്തറതന്നെ
cancel

അഴിമതിയെ ആഗോളപ്രതിഭാസമെന്ന് സാമാന്യവത്കരിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം ആ അതിശയപ്പട്ടം മറ്റാ൪ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്നുതന്നെ ഉറച്ചിരിക്കുന്നു. രാജ്യത്തെ കുപ്രസിദ്ധ കുറ്റവാളികളുടെ തടങ്കൽപാളയമായ തിഹാ൪ ജയിലിലേക്ക് 'ഇന്നു ഞാൻ, നാളെ നീ' എന്ന മട്ടിൽ ഒന്നൊന്നായി നടന്നുകയറുകയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കൾ-എല്ലാം തീവെട്ടിക്കൊള്ളകളുടെ പുത്തൻ റെക്കോഡുകളുമായി. ഏറ്റവുമൊടുവിൽ ബി.ജെ.പി മുൻ പ്രസിഡന്റ് ബങ്കാരു ലക്ഷ്മണിന്റെ ഊഴമാണ്. ആയുധ ഇടപാടിന് ഒത്താശ ചെയ്യാൻ ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് 11 വ൪ഷത്തിനുശേഷം ബങ്കാരു ശിക്ഷയേൽക്കുന്നത്. ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ സ൪ക്കാ൪ വാഴുന്ന കാലത്ത്, ആയുധ ഇടപാടുകാരുടെ വേഷത്തിൽ തന്നെ സമീപിച്ച മാധ്യമപ്രവ൪ത്തകരുടെ വലയിൽ വീഴുകയായിരുന്നു ഈ നേതാവ്. പണത്തിനു വേണ്ടി പിണമാകാനും മടിയില്ലാത്തവരാണ് രാഷ്ട്രീയനേതാക്കൾ എന്ന സാമാന്യധാരണയുടെ വസ്തുതാന്വേഷണത്തിലാണ് രാജ്യക്കൂറിന്റെ കാവൽവേഷം കെട്ടിയ പാ൪ട്ടിയുടെ പരമോന്നത നേതാവ് കുടുങ്ങിയത്. ശിക്ഷാവിധിയിൽ കോടതിതന്നെ ചൂണ്ടിക്കാട്ടിയതു പോലെ, സ്വന്തം ജീവൻ പോലും മറന്ന് രാഷ്ട്രത്തിനുവേണ്ടി പൊരുതുന്ന ലക്ഷക്കണക്കിനു ഭടന്മാരുടെ ജീവിതം വെച്ചു കളിക്കാൻ മടിയില്ലെന്നു രാഷ്ട്രീയക്കാ൪ തെളിയിച്ചിരിക്കുന്നു. പറഞ്ഞുകേട്ട കമ്പനി നിലവിലുണ്ടോ, അവ൪ക്ക് ആയുധക്കച്ചവടമുണ്ടോ, ആ ആയുധങ്ങളുടെ തരവും മാറ്റും എന്ത് എന്നൊന്നും ആലോചിക്കാതെ, വെച്ചുനീട്ടിയ നോട്ടുകെട്ടുകൾക്കു മുന്നിൽ കമഴ്ന്നടിച്ചു വീഴുകയായിരുന്നു ബങ്കാരു.
ബങ്കാരു ഒരാൾ മാത്രമല്ലെന്നു തിഹാ൪ജയിലിലെ പുത്തൻ പാ൪പ്പുകാരുടെ പട്ടിക തെളിയിക്കുന്നുണ്ട്. അതുതന്നെയാണ് നമ്മുടെ നാടിനെ ബാധിച്ചുകഴിഞ്ഞ അതിഭീകരമായ ദുരന്തവും. ബങ്കാരുവിനു തടവുംപിഴയും വിധിച്ച കോടതി നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവമ൪ഹിക്കുന്നതാണ്. 'സബ് ചലേഗാ (എന്തും നടക്കും) സിൻഡ്രം' എല്ലാവരെയും തീണ്ടിക്കഴിഞ്ഞ ഇന്ത്യ എന്ന വെള്ളരിക്കാപട്ടണത്തിൽ അവിഹിതമായല്ലാതെ ഒന്നും നടക്കില്ലെന്നായിരിക്കുന്നു എന്ന സത്യം കോടതിയും ഏറ്റുപറഞ്ഞു. അതിന്റെ പ്രത്യാഘാതവും നീതിപീഠം എടുത്തുകാട്ടി. വേശ്യാവൃത്തിയേക്കാൾ മ്ലേച്ഛമാണ് അഴിമതിയെന്നും വേശ്യാവൃത്തി വ്യക്തിയുടെ ധാ൪മികതയെ അപചയപ്പെടുത്തുന്നുവെങ്കിൽ അഴിമതി സമൂഹത്തെ മുഴുവനായാണ് അപായപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കെതിരെ പുറത്ത് വലിയ വായിൽ ഒച്ചവെക്കുകയും അകത്ത് അതിനെ ആശ്ലേഷിക്കുകയും ചെയ്യുന്ന ഇന്ത്യക്കാ൪ക്ക് അഴിമതിരഹിത സമൂഹം വേണമെന്നുതന്നെയില്ലേ എന്ന കോടതിയുടെ ചോദ്യം ഒരു രാഷ്ട്രം എത്തിപ്പെട്ട നിന്ദ്യമായ നിസ്സഹായതയുടെ പ്രതിഫലനമാണ്.
രാഷ്ട്രീയ, ഭരണനേതൃത്വങ്ങളുടെ ഇടപെടൽ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അഴിമതി തിടംവെച്ചു വളരുകയാണ്. ആയുധ ഇടപാടുകൾ, വികസനപ്രവ൪ത്തനങ്ങൾ തുടങ്ങി കായികവിനോദങ്ങൾ വരെ സഹസ്രകോടികളുടെ തീവെട്ടിക്കൊള്ളകൾക്കുള്ള ഉപാധികളാക്കി മാറ്റുകയാണ്. പ്രതികൾ സാധാരണക്കാരല്ല. അവരെന്നും അഴിമതിയുടെ ഇരകളായിട്ടേയുള്ളൂ. ഇടത്തരക്കാരനും അതിൽ കുറഞ്ഞവനുമൊക്കെ നികുതിപ്പണം കിറുകൃത്യമായി അടക്കുന്നവനാണ്. അലംഭാവം കാണിക്കുന്നവനെ പിഴിഞ്ഞൂറ്റാൻ നമ്മുടെ വ്യവസ്ഥിതി ബദ്ധശ്രദ്ധവുമാണ്. എന്നാൽ, വ്യാജ മുദ്രപത്രവും കാലിത്തീറ്റയും ഓഹരിവിപണിയും ഐ.പി.എൽ വിനോദമേളയും കോമൺവെൽത്ത് ഗെയിംസും മറ്റും മറ്റും മറയാക്കി ലക്ഷംകോടികൾ അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന കടൽക്കിഴവന്മാ൪ക്ക് രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാ ഇളവും ലഭിക്കുന്നുണ്ട്. ഒരു ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ഒരു വിധി വരാൻ 11 വ൪ഷം കാത്തിരിക്കേണ്ടി വന്നു. അതിലും പഴക്കമുള്ളവ ഇനിയും പുകമറ നീങ്ങാതെയും പുകയടങ്ങാതെയും ബോഫോഴ്സ് കുംഭകോണം പോലെ അവശേഷിക്കുന്നുമുണ്ട്. ജനാധിപത്യത്തിന്റെയും സുതാര്യഭരണത്തിന്റെയും അവകാശവാദത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യതന്നെയാണ് അതിന്റെ മറയിൽ അഴിമതി നടത്തിക്കൊണ്ടുപോകുന്നതിലും മുന്നിൽ എന്നു ലോകരാജ്യങ്ങൾ പരിഹസിച്ചു തുടങ്ങി.
ബങ്കാരുവിന്റെ പതനത്തിൽ രാഷ്ട്രീയപ്രതിയോഗികൾ പോലും പഴയ ആവേശം പ്രകടിപ്പിച്ചുകണ്ടില്ല. ഈ കുളിമുറിയിൽ എല്ലാവരും വിവസ്ത്രരായി നിൽക്കെ ആര് ആ൪ക്കുനേരെ വിരൽ ചൂണ്ടാൻ! ബി.ജെ.പി നേതാവ് തിഹാറിലേക്കു നീങ്ങുന്ന വാ൪ത്ത പുറത്തുവരുന്ന ദിവസംതന്നെ കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഭൂദാനത്തിന്റെ പുതിയ കെട്ടകഥ കൂടി വായിക്കേണ്ടിവരുന്നു. നമ്മുടെ രാഷ്ട്രീയവ്യവസ്ഥതന്നെ അഴിമതിയുടെ അടിത്തറയിൽ മാറ്റിപ്പണിതു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയപ്രവ൪ത്തനം എന്നത് സാമൂഹികപ്രവ൪ത്തനത്തിന്റെ പര്യായമായിരുന്ന പഴയ കാലം മാറി. ഇന്നത് വമ്പിച്ച പണച്ചെലവുള്ള വൻവ്യവസായമായി മാറിയിരിക്കുന്നു. 2009-2010 സാമ്പത്തിക വ൪ഷത്തിൽ കോൺഗ്രസ് പാ൪ട്ടി നടത്തിക്കൊണ്ടുപോകാൻ വന്ന ചെലവ് 525.97 കോടി രൂപയാണെന്നാണ് ഓഡിറ്റ് ചെയ്ത റിപ്പോ൪ട്ട്. ബി.ജെ.പിയുടേത് 261.74 കോടിയും. അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈ വ൪ഷം നടന്ന തെരഞ്ഞെടുപ്പിൽ ഇരുകക്ഷികളും ഒന്നിച്ചണിനിരത്തിയത് ആയിരത്തിലേറെ സ്ഥാനാ൪ഥികളെ. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് ഓരോ സ്ഥാനാ൪ഥിക്കുവേണ്ടിയും രണ്ടരക്കും അഞ്ചിനുമിടയിൽ കോടി രൂപ പാ൪ട്ടികൾ ചെലവിട്ടു. അതിന്റെ മിനിമം വെച്ചു കൂട്ടിയാൽതന്നെ 2,500 കോടി രൂപ വരും. ജനുവരി മുതൽ മാ൪ച്ചുവരെയുള്ള മൂന്നു മാസത്തേതാണ് ഈ ചെലവ്. ഇതിനൊപ്പം പാ൪ട്ടികളുടെ മറ്റു നിത്യനിദാന ചെലവുകൾ കൂടി കൂട്ടുക. ഓഡിറ്റ് ചെയ്ത ഔദ്യോഗിക കണക്കെവിടെ, ഒറിജിനൽ കണക്കെവിടെ? ഈ അന്തരം ഇല്ലാതാക്കാനുള്ള വഴിയാണ് അഴിമതിയും കള്ളപ്പണവുമൊക്കെ. ഇതെല്ലാം അറിഞ്ഞുതന്നെയാണ് കോടതി ദയനീയമായി ചോദിച്ചത്, നമുക്ക് നന്നാവണമെന്നില്ലേ എന്ന്! അപ്പോൾ ആകസ്മികമായി പിടികൂടപ്പെടുന്ന അഴിമതിക്കാരെ അഴിക്കുള്ളിലാക്കിയതുകൊണ്ടായില്ല, അടിത്തറയിൽതന്നെ ഇളക്കിപ്രതിഷ്ഠ നടന്നേ തീരൂ. അടിമുടിയുള്ള ആ മാറ്റത്തിനു വേണ്ടത് പൗരബോധത്തിന്റെ ഉണ൪ച്ചയാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ചൂഷണത്തിനു വഴങ്ങാത്ത, ജാഗ്രത്തായ പൗരസഞ്ചയത്തിനു മാത്രമേ ഈ ദുരവസ്ഥയെ മറികടക്കാനാവൂ. ആ ഉണ൪വിനുള്ള കെൽപുമില്ലെങ്കിൽ അവ൪ക്കു പിന്നെ ബങ്കാരുവും രാജയും മാരനും പോലെ പ്രജകൾക്കു ചേ൪ന്ന അഴിമതിരാജാക്കന്മാ൪തന്നെ ചന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story