Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഅ്ദനിയെ മറക്കാന്‍...

മഅ്ദനിയെ മറക്കാന്‍ കഴിയില്ല

text_fields
bookmark_border
മഅ്ദനിയെ മറക്കാന്‍ കഴിയില്ല
cancel

വ്യക്തിസ്വാതന്ത്ര്യമെന്ന അലംഘനീയ മൗലികാവകാശത്തിലധിഷ്ഠിതമാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. എന്നിട്ടും, എന്തുകൊണ്ട് അബ്ദുന്നാസി൪ മഅ്ദനി ഇങ്ങനെ എന്ന ചോദ്യം നിരവധി ഇടങ്ങളിൽനിന്ന് നിരന്തരം കേൾക്കേണ്ടിവരുന്നു. ഉത്തരം പറയേണ്ട കോടതി നി൪വികാരമായ നിശ്ശബ്ദതയിൽ ന്യായങ്ങളിൽനിന്ന് അകലുമ്പോൾ നീതിനിഷേധത്തിൻെറ ഇരയായി മഅ്ദനിയുടെ പരിചിതമായ മുഖം സമൂഹമനസ്സിൽ നിറയുന്നു.
കോയമ്പത്തൂരിൽ സംഭവിച്ചതിൻെറ തനിയാവ൪ത്തനമാണ് ബംഗളൂരുവിൽ കാണുന്നത്. രംഗം മാറിയെങ്കിലും കഥയിൽ മാറ്റമില്ല. സാങ്കേതികമായ കാരണങ്ങളാലോ സംശയത്തിൻെറ ആനുകൂല്യത്തിലോ അല്ല കോയമ്പത്തൂരിൽനിന്ന് മഅ്ദനി വിട്ടയക്കപ്പെട്ടത്. ജാമ്യമില്ലാതെ ഒരു ദശകത്തോളം അദ്ദേഹത്തെ ജയിലിൽ പാ൪പ്പിച്ചതിനുശേഷം നിരുപാധികം വിട്ടയച്ചപ്പോൾ മര്യാദയുടെ പേരിലെങ്കിലും ആരും ഒരു ഖേദപ്രകടനവും നടത്തിയില്ല. മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധം പാ൪ലമെൻറിൻെറ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച ഞാനുൾപ്പെടെയുള്ള എം.പിമാരെ തീവ്രവാദികളുടെ സഹയാത്രികരും സഹായികളുമെന്ന് വിളിച്ചാക്ഷേപിച്ചവരും പ്രതികരിച്ചില്ല. ഇനിയാ൪ക്കും ഇതു സംഭവിക്കരുതെന്ന പ്രാ൪ഥനയോടെയാണ് മഅ്ദനി കോയമ്പത്തൂരിൽനിന്ന് യാത്രയായത്.
പ്രാ൪ഥന ഫലിച്ചില്ല. പ്രതീക്ഷ അസ്ഥാനത്തായി. കോയമ്പത്തൂരിൽ പരാജയപ്പെട്ട തിരക്കഥ ബംഗളൂരുവിൽ തിരുത്തില്ലാതെ പക൪ത്തിയെഴുതപ്പെട്ടു. ബംഗളൂരുവിൻെറ പ്രാന്തപ്രദേശങ്ങളിൽ 2008ൽ നടന്ന സ്ഫോടനങ്ങളിൽ മഅ്ദനി പ്രതിയാക്കപ്പെടുന്നത് 2010ലാണ്. ആദ്യത്തെ പ്രതി അപ്രത്യക്ഷനായി; കുറ്റപത്രം പിൻവലിക്കപ്പെട്ടു. പുതിയ കുറ്റപത്രമുണ്ടായി; അതിൻെറ അടിസ്ഥാനത്തിൽ പുതിയ പ്രതികളുണ്ടായി. അവരിലൊരാളുടെ മൊഴിയെ അടിസ്ഥാനമാക്കി മഅ്ദനി മുപ്പത്തിയൊന്നാമത്തെ പ്രതിയായി.
മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണെന്ന സാമാന്യതത്ത്വത്തിൻെറ അടിസ്ഥാനത്തിൽ നിസ്സംഗതയോടെ പറയുന്നവരുണ്ട്. അപരാധം തെളിയിക്കേണ്ടതും അവിടെത്തന്നെയാണ്. അതിനു പര്യാപ്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടോ എന്ന പരിശോധന പ്രാരംഭഘട്ടത്തിൽ ഉണ്ടാകണം. ആ പരിശോധന ജാമ്യഹരജിയിലോ വിടുതൽ ഹരജിയിലോ ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതിയിൽ മഅ്ദനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ ഈ ഘട്ടത്തിൽ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒന്ന്: മഅ്ദനിയുടെ പ്രസംഗങ്ങൾ കേട്ടും അദ്ദേഹം നൽകിയ പുസ്തകങ്ങൾ വായിച്ചുമാണ് തീവ്രവാദത്തിലേക്ക് പരിവ൪ത്തനം ചെയ്യപ്പെട്ടതെന്ന് ഒന്നാം പ്രതി തടിയൻറവിട നസീ൪ നൽകിയ മൊഴി. മഅ്ദനി കോയമ്പത്തൂരിലേക്ക് പോകുന്നതിനു മുമ്പുള്ള കാര്യമാണ് നസീ൪ പറയുന്നത്. കുറ്റകരമായ പ്രസംഗം നടത്തിയതിനോ നിരോധിക്കപ്പെട്ട പുസ്തകങ്ങൾ വിതരണം ചെയ്തതിനോ മഅ്ദനി ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗോധ്ര വിഷയമാക്കി മഅ്ദനി നടത്തിയ പ്രസംഗങ്ങൾ നസീറിനെ സ്വാധീനിച്ചുവെന്നാണ് പൊലീസ് റിപ്പോ൪ട്ട്. 2002ലാണ് ഗോധ്ര. 1999 മുതൽ 2007 വരെ മഅ്ദനി ജയിലിലായിരുന്നു. പൊലീസ് റിപ്പോ൪ട്ടിലെ പ്രകടമായ അസ്വാഭാവികത കോടതികൾ പരിശോധിക്കുന്നില്ല. പ്രതിയാക്കപ്പെട്ടയാളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കി മറ്റൊരാളെ പ്രതിയാക്കാനാവില്ലെന്ന് നിയമവും സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത് ഓ൪മിക്കപ്പെടുന്നില്ല.
രണ്ട്: കുടകിൽ തീവ്രവാദികളുടെ പരിശീലന ക്യാമ്പിൽ മഅ്ദനി പങ്കെടുത്തുവെന്നതാണ് കൂട്ടത്തിൽ ഗുരുതരമായ ആക്ഷേപം. കോയമ്പത്തൂരിൽ നിന്നെത്തിയ മഅ്ദനിക്ക് കേരള പൊലീസിൻെറ കാവലുണ്ടായിരുന്നുവെന്ന കാര്യം അറിയാതെയോ ഓ൪ക്കാതെയോ ആണ് ക൪ണാടക പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. കാവലുണ്ടായിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനോ അവ൪ സൂക്ഷിക്കാനിടയുള്ള രേഖകൾ പരിശോധിക്കുന്നതിനോ ക൪ണാടക പൊലീസ് തയാറായിട്ടില്ല. സ്വതന്ത്രമായ ചലനശേഷിയില്ലാത്ത മഅ്ദനി ആ൪ക്കും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന മുഖവുമായി എങ്ങനെ കുടകിലെത്തിയെന്ന ചോദ്യത്തിന് വിശദീകരണമില്ല. അദ്ദേഹത്തെ പരിചയമുള്ളവരാരും കുടകിൽ അദ്ദേഹത്തെ കണ്ടതായി പറഞ്ഞിട്ടില്ല.
മൂന്ന്: ചില പ്രതികൾ മഅ്ദനിയുമായി ഫോണിൽ ബന്ധപ്പെടുകയും ചില൪ അദ്ദേഹത്തെ കാണുകയും ചിലരെ അദ്ദേഹം അൻവാ൪ശ്ശേരിയിൽ പാ൪പ്പിക്കുകയും ചെയ്തു. ഇത്രയും തെളിയിക്കുന്നതിനാവശ്യമായ സാക്ഷികളിൽ ഒരാൾ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ഒരാൾ കന്നടയിൽ രേഖപ്പെടുത്തപ്പെട്ട മൊഴി തൻേറതല്ലെന്ന് പറഞ്ഞു കഴിഞ്ഞു. മൂന്നാമൻ മഅ്ദനിയുടെ സഹോദരനാണ്. അദ്ദേഹം കോടതിയോട് പറയാൻപോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇതൊക്കെയാണ് കുറ്റങ്ങളെങ്കിൽ ജാമ്യം നിഷേധിക്കേണ്ട ഗൗരവം ഈ കേസിന് എങ്ങനെയുണ്ടായി. സുപ്രീംകോടതിയിൽ മാ൪ക്കണ്ഡേയ കട്ജു മാത്രമാണ് ഈ ചിന്ത പരസ്യമായി പ്രകടിപ്പിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായില്ല. മറ്റൊരു ബെഞ്ച് ജാമ്യത്തെക്കുറിച്ച് കേൾക്കാൻപോലും തയാറായില്ല. നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ക൪ശനമായ വ്യവസ്ഥകളാണ് ജാമ്യം നിഷേധിക്കുന്നതിന് കോടതികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, യു.എ.പി നിയമം അനുശാസിക്കുന്നരീതിയിൽ സ൪ക്കാറിൻെറ അനുമതിയോടെയല്ല പ്രോസിക്യൂഷൻ ആരംഭിച്ചതെന്ന ന്യൂനത കോടതികൾ ശ്രദ്ധിക്കുന്നില്ല. അന്ത്യവിധിയുടെ നാളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചതുകൊണ്ടോ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തിയതുകൊണ്ടോ ആ൪ക്കെന്തു പ്രയോജനം? മാഗ്നകാ൪ട്ട മുതൽ പൗരസ്വാതന്ത്ര്യത്തിൻെറ ഭാഗമായി കരുതപ്പെടുന്നതാണ് ജാമ്യത്തിനുള്ള അവകാശം. അതാണ് കോയമ്പത്തൂരിലെന്നപോലെ ഇപ്പോൾ ബംഗളൂരുവിലും മഅ്ദനിക്ക് നിഷേധിക്കുന്നത്. ജാമ്യം നൽകിയാൽ നീതിനി൪വഹണത്തിന് എന്തു തടസ്സമുണ്ടാകുമെന്ന ചോദ്യത്തിനു ത്തരം പറയാതെയാണ് ജാമ്യാപേക്ഷകൾ നിരാകരിക്കപ്പെടുന്നത്. വിസ്താരത്തിനുശേഷമാണ് ശിക്ഷ. ഇപ്പോഴത്തെ തടവ് ശിക്ഷയല്ല; സുഖവാസവുമല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങൾ പൂ൪ണമായും തെളിഞ്ഞാൽ അനുഭവിക്കേണ്ട ശിക്ഷയേക്കാൾ കൂടിയ ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് മഅ്ദനിയുടെ ദുര്യോഗം. ശിക്ഷയുടെ കാലാവധിക്ക് കൃത്യതയുണ്ട്. ഇപ്പോഴത്തെ തടവ് അനിശ്ചിതമാണ്. ഇതാണ് ഭരണകൂടത്തിൻെറ ഭീകരത. ജുഡീഷ്യറികൂടി പങ്കാളിയാകുന്ന ഈ ഭീകരതക്ക് ഉത്തരവാദികളില്ല.
യു.എ.പി നിയമമനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയല്ല മഅ്ദനി അധ്യക്ഷനായ പി.ഡി.പി എന്ന രാഷ്ട്രീയ പാ൪ട്ടി. എന്നാൽ, അപ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണ് സി.പി.ഐ -എംഎല്ലും അനുബന്ധ സംഘടനയായ പീപ്പ്ൾസ് വാ൪ ഗ്രൂപ്പും. അതിൽപ്പെട്ടയാളാണ് കൊബാദ് ഗാണ്ഡി. ഇയാൾക്കെതിരെ യു.എ.പി നിയമമനുസരിച്ച് ചുമത്തപ്പെട്ട കുറ്റങ്ങൾ ദൽഹി ഹൈകോടതി പിൻവലിച്ചു. പകരം സാധാരണ നിയമമനുസരിച്ച് വിചാരണ തുടരാനാണ് കോടതിയുടെ നി൪ദേശം. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ആവശ്യപ്പെടുന്നത്. പക്ഷേ, ഒരു മാവോയിസ്റ്റ് ഭീകരപ്രവ൪ത്തകന് ലഭിക്കുന്ന ഇളവ് രാഷ്ട്രീയനേതാവും മതപ്രഭാഷകനുമായ മഅ്ദനിക്ക് ലഭിക്കുന്നില്ല.
ഇവിടെയാണ് ‘എന്തുകൊണ്ട്’ എന്ന ഉത്തരമില്ലാത്ത ചോദ്യം ഉത്തരത്തിനുവേണ്ടി നമ്മെ വിടാതെ പിന്തുടരുന്നത്. യഥാ൪ഥത്തിൽ മഅ്ദനിയുടെ ശത്രു ആരാണ്? ക൪ണാടകയിലെ ബി.ജെ.പിക്കു മാത്രമാണോ മഅ്ദനി അവശ്യവ്യക്തിയാകുന്നത്? നീതിബോധത്താൽ നൊമ്പരപ്പെടുന്ന എൻെറ മനസ്സിനെ ഈ ചോദ്യം വല്ലാതെ അലട്ടുന്നുണ്ട്. വിധേയനായ പൊലീസുകാരൻെറ പേനത്തുമ്പിലും അതിനെ ചലിപ്പിക്കുന്ന അധികാരത്തിൻെറ വിരൽത്തുമ്പിലുമാണോ ഒരു ഇന്ത്യൻ പൗരന് ഭരണഘടന അനുവദിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻെറ നിലനിൽപ്. അധികാരത്തിൻെറ ആരോഹണത്തിൽ പ്രതിബന്ധമാകുന്ന അസൗകര്യങ്ങളെ ഇത്ര അനായാസം ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് നിയമവാഴ്ചയുടെ ദൗ൪ബല്യമാണ്.
ജയിലിൽ മഅ്ദനി ഏകനാണ്. അദ്ദേഹത്തെ അവിടെയെത്തിച്ച യെദിയൂരപ്പ ഒരു ദിവസം കൂട്ടിനുണ്ടായിരുന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനുള്ള ശ്രമത്തിലാണ്. മഅ്ദനിക്കൊപ്പമുള്ള പ്രതികൾ പല ജയിലുകളിലായി മാറ്റപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ കോടതി ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും നീതിപൂ൪വകവുമായ വിചാരണ അവിടെ അസാധ്യമാണ്. ഇഴഞ്ഞും വലിഞ്ഞും ഒരു നാൾ വിചാരണ പൂ൪ത്തിയാകും. മഅ്ദനി സ്വതന്ത്രനായി പുറത്തുവരും. പക്ഷേ അപ്പോഴേക്കും തിരക്കഥ മറ്റൊരു പശ്ചാത്തലത്തിൽ പക൪ത്തിയെഴുതപ്പെടില്ലെന്ന് ആ൪ക്കു പറയാൻ കഴിയും?
ഇറോം ശ൪മിളയെപ്പോലെ അബ്ദുന്നാസി൪ മഅ്ദനിക്കും നഷ്ടപ്പെടുന്നത് ജീവിതമാണ്. ആ നഷ്ടത്തിനു പരിഹാരമില്ലാത്തതുകൊണ്ടാണ് മഅ്ദനി ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത്. അതാകട്ടെ, നമ്മെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story