Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിംഗും കമ്മീഷണറും കാലം...

കിംഗും കമ്മീഷണറും കാലം തെറ്റി വരുമ്പോള്‍

text_fields
bookmark_border
കിംഗും കമ്മീഷണറും കാലം തെറ്റി വരുമ്പോള്‍
cancel

രാഷ്ട്രീയ പ്രബുദ്ധതയുള്ളവ൪ എന്ന ഒരഹങ്കാരമുണ്ട് നമ്മൾ മലയാളികൾക്ക്. ജനപ്രിയകലയായ സിനിമയിലും അതിൻെറ അനുരണനങ്ങൾ കാണാതിരിക്കില്ലല്ലോ. കമ്യൂണിസ്റ്റ് കാൽപനികത വിപണിമൂല്യമുള്ള ഒരു ഘടകമായി കമ്പോളസിനിമ തിരിച്ചറിഞ്ഞത് 60കളുടെ തുടക്കത്തിലാണ്. അക്കാലത്ത് പുന്നപ്ര- വയലാ൪, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങി രാഷ്ട്രീയം പ്രമേയമായ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായി. എന്നാൽ ത്രസിപ്പിക്കുന്ന രാഷ്ട്രീയസംഘ൪ഷങ്ങൾ വിഷയമാവുന്ന പൊളിറ്റിക്കൽ ത്രില്ല൪ സിനിമകൾ എൺപതുകളിലാണ് പുറത്തുവരുന്നത്. മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ മുഖ്യധാരയിൽ പൊളിറ്റിക്കൽ ത്രില്ല൪ എന്ന ചലച്ചിത്ര ജനുസ്സ് (genre) താരതമ്യേന നി൪ജീവമാണ്. പ്രബുദ്ധകേരളത്തിൻെറ രാഷ്ട്രീയാഭിനിവേശത്തെ വൈകാരികമായി മുതലെടുത്തുകൊണ്ട് ഐ.വി.ശശി-ടി. ദാമോദരൻ ടീം ഈനാട്, അടിമകൾ ഉടമകൾ, വാ൪ത്ത തുടങ്ങിയ സിനിമകളിലൂടെ ഇത്തരം സിനിമകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി. കക്ഷിരാഷ്ട്രീയത്തെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന മധ്യവ൪ഗ അരാഷ്ട്രീയവാദമായിരുന്നു ടി.ദാമോദരൻ സിനിമയുടെ കാതൽ. തൊണ്ണൂറുകളിൽ ഈ ജനുസ്സിൻെറ ചലച്ചിത്രചരിത്രപരമായ തുട൪ച്ച ഷാജി കൈലാസ്-രൺജി പണിക്ക൪ ടീമിലൂടെയായിരുന്നു.


തൊണ്ണൂറുകളുടെ തുടക്കത്തിൽ ആഗോളീകരണ, ഉദാരീകരണനയങ്ങൾ ഉഴുതുമറിച്ചിട്ട ഇന്ത്യൻസാഹചര്യത്തിൽ രാഷ്ട്രീയ,ബ്യൂറോക്രാറ്റിക്, കോ൪പറേറ്റ് അഴിമതി സ൪വവ്യാപിയായി. നേതാക്കളും ബ്യൂറോക്രാറ്റുകളും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബാന്ധവത്തോടെ രാഷ്ട്രീയത്തിൻെറ ക്രിമിനൽവത്കരണം ഏതാണ്ട് പൂ൪ണമായി. കമ്മീഷണ൪ (1993), ഏകലവ്യൻ (1993), ദ കിംഗ് (1994) എന്നീ ചിത്രങ്ങളിൽ രൺജി പണിക്ക൪ വിഷയമാക്കിയത് ഈ കൂട്ടുകെട്ടിൻെറ ജനവിരുദ്ധതയെയായിരുന്നു. ജനകീയമായ സമരങ്ങളുടെ രാഷ്ട്രീയസാധ്യതകളെ പാടെ മറക്കാനും രക്ഷകപുരുഷൻെറ ഒറ്റയാൾപോരാട്ടങ്ങൾ കണ്ട് സ്വപ്നസ്വ൪ഗത്തിൽ ജീവിക്കാനും പ്രേരിപ്പിക്കുന്നവയായിരുന്നു ഈ ചിത്രങ്ങൾ. രോഷാകുലനായ യുവാവ് (Angry young man) എന്നു വിശേഷിപ്പിക്കപ്പെട്ട എഴുപതുകളിലെ ബച്ചൻ കഥാപാത്രമാതൃകയുടെ വിപുലീകരണമായിരുന്നു ഇതിലെ നായകൻ. സമകാലികമായ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതുകൊണ്ട് ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരുണ്ടായി. പൂന്തുറ കലാപം, ആൾദൈവങ്ങളുടെ സ്വാധീനവലയത്തിൻെറ വ്യാപനം, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നടക്കുന്ന കള്ളക്കടത്ത് തുടങ്ങി തൊണ്ണൂറുകളുടെ തുടക്കത്തിൽ നമ്മുടെ പത്രമാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളിൽ നിറഞ്ഞുനിന്ന വാ൪ത്തകളായിരുന്നു രൺജിപണിക്കരുടെ സ൪ഗാത്മകതയുടെ സ്രോതസ്. ഇന്ത്യൻ ബ്യൂറോക്രാറ്റിൻെറ അധികാരരൂപമായി ഇംഗ്ളീഷ് ഭാഷയെ ഉപയോഗിക്കുന്നവരാണ് ഈ ചിത്രങ്ങളിലെ നായകൻ.

പ്രാദേശികഭാഷക്കുമേൽ കൊളോണിയൽഭാഷയുടെ അധീശത്വമുറപ്പിച്ച് തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ചെടുക്കുകയായിരുന്നു അവ൪. ആൺകോയ്മയുടെ ആൾരൂപങ്ങളായതിനാൽ സ്ത്രീവിരുദ്ധത ഇവരുടെ രക്തത്തിലുണ്ട്(‘മേലിലൊരാണിൻെറയും മുഖത്തിനുനേരെ ഉയരില്ല നിൻെറയീ കൈ, അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷേ നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്’ എന്ന് തുറന്നടിക്കുന്നുണ്ട് കിംഗ്) പൗരുഷത്തെ ആരാധിക്കുന്ന പെൺരൂപങ്ങൾ മാത്രമാണ് ഈ ചിത്രങ്ങളിലെ നായികമാ൪. (ഐ ആം അഫ്രൈഡ്, ഐ ആം ഫാളിങ് ഇൻ ലവ്..എന്ന് വികാരവിവശയാവുന്ന വാണിവിശ്വനാഥിൻെറ തുട൪ച്ച ‘കിംഗ് ആൻറ് കമ്മീഷണറി’ലെ സംവൃത വരെ നീളുന്നു.)

പറയാത്ത തെറിവാക്കു കെട്ടിക്കിടന്നെൻെറ നാവു കയ്ക്കുന്നു എന്ന് കവി എഴുതിയിട്ടുണ്ടല്ലോ. ഏതാണ്ട് ഇതുതന്നെയാണ് സാമാന്യജനത്തിൻെറയും അവസ്ഥ. തങ്ങളുടെ നികുതിപ്പണവും അ൪ഹതപ്പെട്ട ആനുകൂല്യങ്ങളും തിന്നുമുടിക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മുഖത്തുനോക്കി പറയാനാഗ്രഹിക്കുന്ന തെറികൾ തങ്ങളുടെ പ്രിയനായകനിലൂടെ കേട്ട് വികാരവിരേചനത്തിൻെറ സുഖമനുഭവിക്കാൻ ജനത്തിന് അവസരം കൊടുക്കുകയാണ് ഈ ജനുസ്സിൽപെട്ട ചിത്രങ്ങൾ.


‘ദ കിംഗ്, ‘കമ്മീഷണ൪’ എന്നീ ചിത്രങ്ങൾ ഈ വൈകാരികദൗ൪ബല്യത്തെ മുതലെടുത്തുകൊണ്ട് പ്രദ൪ശന വിജയം കൈവരിച്ചവയാണ്. രാഷ്ട്രീയവിമ൪ശനം എന്ന പേരിൽ അരാഷ്ട്രീയമായ സമീപനം വെച്ചുപുല൪ത്തുമ്പോഴും സമകാലിക സാമൂഹിക ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിനാൽ നമ്മുടെ മുഖ്യധാരാ സിനിമയുടെ ചരിത്രത്തിൽ ഈ ജനുസ്സിൻെറ വിജയമാതൃകകൾ എന്ന നിലയിൽ ഇവക്ക് പ്രസക്തിയുണ്ട്. ജനപ്രിയസംസ്കാരത്തിലെ രാഷ്ട്രീയവിമ൪ശനത്തിൻെറ മാതൃകയായി ഈ ചലച്ചിത്രരംഗങ്ങളെ കാണാവുന്നതാണ്. സ്വകാര്യ ചാനലുകൾ വ്യാപകമല്ലാതിരിക്കുകയും വാ൪ത്തകൾക്കായി ജനങ്ങൾ വ൪ത്തമാന പത്രങ്ങളെ മാത്രം ആശ്രയിച്ചുപോരുകയും ചെയ്ത തൊണ്ണൂറുകളിലാണ് ഈ ചിത്രങ്ങൾ പ്രദ൪ശനവിജയം കൊയ്തത്. രാഷ്ട്രീയക്കാരൻെറയും ഉദ്യോഗസ്ഥദുഷ്പ്രഭുവിൻെറയും ശരീരഭാഷ സാമാന്യജനത്തിൻെറ സ്വീകരണമുറിയിൽ ഒരു പതിവുകാഴ്ചയായി മാറുന്നതിനു മുമ്പായിരുന്നു അത്. കാരിക്കേച്ച൪ സ്വഭാവമുള്ള ചില കഥാപാത്രങ്ങൾ ഈ ചിത്രങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇന്ന് ദൃശ്യമാധ്യമങ്ങൾ സജീവമായ ഒരന്തരീക്ഷത്തിലാണ് മലയാളി ജീവിക്കുന്നത്. ചെറിയ സംഭവങ്ങൾ പോലും ബ്രേക്കിംഗ് ന്യൂസ് ആവുന്ന നാട്. ഓരോ രാഷ്ട്രീയക്കാരനെയും അടുത്തറിയാൻ കഴിയുന്ന അവസ്ഥ. അവ൪ക്ക് തിരശ്ശീലയിലെ രാഷ്ട്രീയ പശ്ചാത്തലകാഴ്ചകളോ കഥാപാത്രങ്ങളോ ദൃശ്യകൗതുകമാവില്ല. അങ്ങനെ നോക്കുമ്പോൾ കാലം തെറ്റിവന്ന സിനിമയാണ് ‘ദ കിംഗ് ആൻറ് ദ കമ്മീഷണ൪’.


സമകാലികതയെ സംബോധന ചെയ്യുമ്പോഴാണ് ഇത്തരം സിനിമകൾക്ക് സ്വീകാര്യത കൂടുക. എന്നാൽ പഴയ കിംഗിൻെറയും കമ്മീഷണറുടെയും കാലത്തുതന്നെയാണ് പുതിയ ചിത്രം നിലയുറപ്പിച്ചിരിക്കുന്നത്. 2011ൽ ചിത്രീകരിച്ച ഈ ചിത്രത്തിലെ പ്രധാനമന്ത്രി തെലുങ്കനാണ്. ഒരു റാവു. ദ കിംഗും കമ്മീഷണറും ഏകലവ്യനും പുറത്തിറങ്ങിയ തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. പതിനെട്ടു ഭാഷകൾ അറിയാമായിരുന്നു അദ്ദേഹത്തിന്. (ബാബരി മസ്ജിദ് തക൪ക്കുമ്പോൾ അരുതെന്നു പറയാൻ ഒരു ഭാഷയും നാവിൽ വന്നില്ലെന്ന് പഴമൊഴി) മോഹൻ അഗാഷെ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി റാവുവും ഇതേ പോലെ ബഹുഭാഷാ പണ്ഡിതൻ. അയാൾ ഇംഗ്ളീഷിൽ തുടങ്ങുന്നു. മുന്നിൽ നിൽക്കുന്ന ജോസഫ് അലക്സ് മലയാളത്താനാണെന്നറിഞ്ഞപ്പോൾ ദക്ഷിണേന്ത്യൻ ഭാഷയിലേക്ക് മാറുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലൂടെ മലയാളത്തിലേക്ക് വരുന്നു. ജനാ൪ദനൻ അവതരിപ്പിക്കുന്ന ജി.കെ മലയാളിയായ കേന്ദ്രമന്ത്രിയാണ്. നരസിംഹറാവു മന്ത്രിസഭയിൽ കുറച്ചുകാലം കെ. കരുണാകരൻ വ്യവസായ മന്ത്രിയായിരുന്നല്ലോ. രൺജി പണിക്കരുടെ പ്രിയപ്പെട്ട രാഷ്ട്രീയനേതാവാണ് കരുണാകരൻ. കിംഗിനും കമ്മീഷണ൪ക്കും പ്രിയപ്പെട്ട നേതാവാണ് ജി.കെ ഈ ചിത്രത്തിൽ. തീ൪ന്നില്ല. ഏകലവ്യനിൽ നരേന്ദ്രപ്രസാദ് അനശ്വരനാക്കിയ ഒരു ആൾദൈവമുണ്ട്. ആ കഥാപാത്രത്തിൻെറ തുട൪ച്ചയാണ് ഈ ചിത്രത്തിൽ. നരസിംഹറാവുവിൻെറ ആത്മീയ ഉപദേഷ്ടാവായ ചന്ദ്രസ്വാമി അന്ന് അധികാരത്തിൻെറ ഇടനാഴികളിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഡെമിഗോഡ് ആയിരുന്നു. വിദേശനാണ്യവിനിമയച്ചട്ടലംഘനമുൾപ്പെടെ നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ താന്ത്രിക്യോഗി. രാജീവ്ഗാന്ധി വധക്കേസിൽ ധനസഹായം നൽകിയതായി ജയിൻ കമീഷൻ ആരോപിച്ചതിനെത്തുട൪ന്ന് ചന്ദ്രസ്വാമിക്ക് വിധിച്ച വിദേശയാത്രാവിലക്ക് സുപ്രീംകോടതി നീക്കിയത് രണ്ടുകൊല്ലം മുമ്പ്. ചന്ദ്രസ്വാമിയായിരിക്കണം അന്ന് അമൂ൪ത്താനന്ദയെ സൃഷ്ടിക്കാൻ രൺജി പണിക്ക൪ക്ക് പ്രേരണയായത്. ചന്ദ്രസ്വാമിയുടെ അതേ രൂപഭാവങ്ങളോടെ ദാ വരുന്നു, ചന്ദ്രമൗലീശ്വര എന്ന ചന്ദൻബാബ. സായികുമാറിൻെറ കഥാപാത്രം. പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിക്കാൻ ചന്ദ്രസ്വാമി കൂട്ടുനിന്നതുപോലെ ഇവിടെ പ്രധാനമന്ത്രി റാവുവിനെ വധിക്കാൻ ചന്ദൻബാബ കൂട്ടുനിൽക്കുന്നു. അതിനായി വിദേശത്തുനിന്ന് അ൪ഥവും ആയുധവും വരുത്തുന്നു.


തെറ്റായ ചരിത്രസന്ദ൪ഭത്തിൽ ഒരു കാര്യം അവതരിപ്പിക്കുന്നതിനെ ഇംഗ്ളീഷിൽ അനക്രോണിസം എന്നു പറയും. ‘കൗരവപ്പടയിൽ പ്രിയജനങ്ങളെ മുന്നിൽ കണ്ട് പതറിയ അ൪ജുനൻ കൃഷ്ണാ, എനിക്ക് കൊക്കകോള കുടിക്കാൻ തരൂ’ എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ശകുന്തളയും ദുഷ്യന്തനും തേരിൽ പോവുമ്പോൾ ഇലക്ട്രിക് ലൈൻ കണ്ടാൽ എങ്ങനെയിരിക്കും? അതുപോലെ തെറ്റായ കാലത്തിൽ മിസ്പ്ളേസ് ചെയ്ത കഥയാണ് ഈ ചിത്രത്തിൻേറത്. അങ്ങനെ നോക്കുമ്പോഴും കാലം തെറ്റി വന്ന സിനിമയാണ് ‘ദ കിംഗ് ആൻറ് ദ കമ്മീഷണ൪’.
താരാധിപത്യത്തിന് ശക്തമായ തിരിച്ചടിയേറ്റ വ൪ഷമായിരുന്നു 2011. താരജാടകളെ കുടഞ്ഞെറിഞ്ഞ് പ്രമേയത്തിലേക്കും അതിൻെറ നൂതനമായ പരിചരണത്തിലേക്കും മലയാള സിനിമ കൺതുറന്ന വ൪ഷം. സംവേദനചരിത്രത്തിൻെറ നി൪ണായകമായ ഒരു ദശാസന്ധി. നായകൻെറ ഒറ്റയാൾപോരാട്ടങ്ങൾക്ക് കൈയടിക്കാൻ ആളില്ലാതായ കാലം. അങ്ങനെയൊരവസരത്തിലാണ് പഴയ വീഞ്ഞുമായി കിംഗും കമ്മീഷണറും വീണ്ടും വരുന്നത്. മൂന്നേകാൽമണിക്കൂറോളം വാക്കുകൾക്ക് വയറിളക്കം (അതെ, വെ൪ബൽ ഡയറിയ)ബാധിച്ച സൂപ്പ൪താരങ്ങളെ കണ്ടിട്ടും തിയറ്ററിൽ ആരവമുയരുന്നില്ല. മുഷിഞ്ഞും മരവിച്ചും ഇരിക്കുകയാണ് പ്രേക്ഷക൪. പുതിയ കാലത്തിൻേറതായ എന്തെങ്കിലും ഈ രണ്ടാംവരവിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവ൪ നിരാശരായി. അങ്ങനെ നോക്കുമ്പോഴും കാലം തെറ്റി വന്ന സിനിമയാണ് ‘ദ കിംഗ് ആൻറ് ദ കമ്മീഷണ൪’.


വിക്കീപീഡിയയെ വിശ്വസിക്കാമെങ്കിൽ ഈ ചിത്രത്തിൻെറ നി൪മാണച്ചെലവ് 11 കോടിയാണ്. ഇന്ദ്രപ്രസ്ഥത്തിലൊക്കെ ചിത്രീകരിച്ചതുകൊണ്ട് കുറച്ച് പണം ചെലവായിട്ടുണ്ടാവാം. എന്നാലും പതിനൊന്നുകോടി? മൂന്നേകാൽ മണിക്കൂ൪ ചിത്രത്തിൻെറ ഒരു ഫ്രെയിമിലും കാണില്ല ഈ കോടികൾ ചെലവാക്കിയതിൻെറ ദൃശ്യസമ്പന്നത. ദൽഹിയാണ് കഥാപശ്ചാത്തലമെന്നൊക്കെ പറയുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ രംഗങ്ങളിലേ നമുക്ക് ദൽഹി കാണാനാവുന്നുള്ളൂ. തെരുവുകളോ അവിടത്തെ ജനങ്ങളോ ഒരു മിന്നായം പോലെയെങ്കിലും നാം കാണുന്നില്ല. അടച്ചിട്ട മുറികളിലാണ് കഥയുടെ ഏറിയ പങ്കും നടക്കുന്നത്. വിശാലമായ കാൻവാസിലുള്ള സിനിമ പ്രതീക്ഷിച്ചുപോവുന്നവരെ അത് നിരാശരാക്കുന്നു. ഭരണസിരാകേന്ദ്രത്തിൽ നടക്കുന്ന കഥയാണെങ്കിലും അങ്ങനെയൊരു അന്തരീക്ഷം ഇതിൽ സൃഷ്ടിക്കപ്പെടുന്നില്ല. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള രാഷ്ട്രീയനേതാക്കളോ മന്ത്രിമാരോ കഥയിലില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ആ൪ക്കുമില്ല സുരക്ഷാ സംവിധാനങ്ങൾ. ആ൪ക്കും എളുപ്പം പടികയറി വരാവുന്ന ഒരിടമാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.


ചുരുക്കത്തിൽ കിംഗും കമ്മീഷണറും ആസ്വദിച്ചവ൪ക്കുപോലും ഇഷ്ടപ്പെടാനിടയില്ലാത്ത സിനിമയാണ് ഇത്. രണ്ടു മുൻചിത്രങ്ങളിലും പ്രേക്ഷകമനസ്സിനെ ത്രസിപ്പിക്കുന്ന ചില രംഗങ്ങളുണ്ടായിരുന്നു; സംഭാഷണങ്ങളും. അങ്ങനെ ഒന്നുപോലുമില്ല മൂന്നേകാൽ മണിക്കൂ൪ നീണ്ടുകിടക്കുന്ന ഈ സിനിമയിൽ. മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും പഴയ ഉന്മേഷമില്ല സംഭാഷണങ്ങൾ പറയുമ്പോൾ. രൺജി പണിക്ക൪ എഴുതിക്കൊടുത്ത സംഭാഷണങ്ങൾ നന്നേ ദു൪ബലം. പഞ്ച് ഡയലോഗായി ഓ൪ത്തിരിക്കാൻ ഒന്നും കിട്ടിക്കാണില്ല ആരാധക൪ക്ക്. അതിൻെറ നിരാശ കണ്ടു പലരുടെയും മുഖത്ത്. പ്രധാനമന്ത്രിയോടും പാക് തീവ്രവാദിയോടും മലയാളത്തിൽ ഘോരഘോരം സംസാരിച്ചുകൊണ്ട് കിംഗും കമ്മീഷണറും ഭാഷാപ്രേമം കാട്ടുന്നുണ്ട്. കപിൽ സിബലിനെപ്പോലുള്ള ഉത്തരേന്ത്യൻരാഷ്ട്രീയക്കാരുടെ ശരീരഭാഷയുമായി ജയൻ ചേ൪ത്തല മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. വില്ലൻമാരെ ബോംബു പൊട്ടിച്ചുകൊന്ന് കഥയവസാനിപ്പിക്കുന്ന പതിവിന് ഇതിലും മാറ്റമില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story