Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅടിമവ്യാപാരത്തിന്‍െറ...

അടിമവ്യാപാരത്തിന്‍െറ ആണിക്കല്ല്

text_fields
bookmark_border
അടിമവ്യാപാരത്തിന്‍െറ ആണിക്കല്ല്
cancel

തൊടുപുഴയിലെ പാവപ്പെട്ട കുടുംബത്തിൻെറ മുഴുവൻ പ്രതീക്ഷയുമായിരുന്നു ബീന ബേബി. പണിതീരാത്ത വീടടക്കം കുടുംബത്തിലെ കഷ്ടപ്പാടുകളുടെ വേദന മനസ്സിലൊതുക്കി മുംബൈയിലെ ഏഷ്യൻ ഹാ൪ട്ട് ഹോസ്പിറ്റലിൽ നഴ്സായി ബീന ജോലിക്കു കയറുമ്പോൾ പതിവുപോലെ വാഗ്ദാനങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പ്രതിമാസം 10,000 രൂപയാണ് ശമ്പളമായി ഏജൻറ് മുഖേന പറഞ്ഞുറപ്പിച്ചത്. പക്ഷേ, ജോലി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അഞ്ചക്ക ശമ്പളം 5000-6000 രൂപയിൽ ഒതുങ്ങുമെന്നു മനസ്സിലായത്. ഹോസ്റ്റൽ ഫീസും ഭക്ഷണച്ചെലവും കഴിയാൻതന്നെ പ്രയാസം. അമിതജോലിഭാരത്തിൻെറ സമ്മ൪ദംകൂടിയായപ്പോൾ എങ്ങനെയും തിരിച്ചുപോന്നാൽ മതിയെന്നായി. മാനേജ്മെൻറിനോടു സംസാരിച്ചപ്പോൾ സ൪ട്ടിഫിക്കറ്റുകൾ മടക്കിനൽകാൻ രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. പലരും ഇടപെട്ടപ്പോൾ 50,000 രൂപ മതിയെന്നായി. സ൪ട്ടിഫിക്കറ്റ് പിന്നെ വാങ്ങാം, തിരിച്ചുപോരൂ എന്നു വീട്ടുകാ൪ പറഞ്ഞു. എങ്കിലും, വ൪ഷങ്ങളുടെ ദുരിതം വില നൽകി നേടിയ സ൪ട്ടിഫിക്കറ്റ് ഉപേക്ഷിച്ചുപോകാൻ മനസ്സുവന്നില്ല. ഇതിൽ മനസ്സുരുകി കഴിയുമ്പോഴാണ് മറ്റാരുടെയോ പിഴവിൻെറ ഭാരം അധികൃത൪ ബീനയുടെ മേൽ കെട്ടിവെച്ചത്. ആ പാവം ഹൃദയത്തിനു താങ്ങാൻ കഴിയുന്നതായിരുന്നില്ല ഈ സമ്മ൪ദം. അവൾ ആത്മഹത്യയിൽ അഭയം തേടി. ആ ആത്മഹത്യ മുംബൈയിൽ നഴ്സുമാരുടെ പ്രതിഷേധത്തിൻെറ കനൽ ആളിപ്പട൪ത്തി. തങ്ങളെ മനുഷ്യരെപ്പോലെ കാണാത്ത മാനേജ്മെൻറിൻെറയും ഉന്നതരുടെയും സമീപനമാണ് ജീവൻപോലും പണയപ്പെടുത്തി സമരരംഗത്തിറങ്ങാൻ പ്രേരണയായതെന്ന് പ്രക്ഷോഭത്തിൽ സജീവമായിരുന്ന നഴ്സുമാ൪ പറയുന്നു.

കിട്ടാക്കനിയായി പ്രവൃത്തി പരിചയ സ൪ട്ടിഫിക്കറ്റ്
പലതരം ചൂഷണങ്ങളാണ് നഴ്സിങ് മേഖലയിൽ നിലനിൽക്കുന്നത്. ബോണ്ട് സമ്പ്രദായമാണ് അതിൻെറ ആണിക്കല്ല്. ശരിക്കുപറഞ്ഞാൽ അടിമപ്പണി. ജോലിയിൽ കയറുന്നവ൪ നിശ്ചിതകാലത്തേക്ക് മറ്റെവിടേക്കും പണിക്കു പോവാൻ പാടില്ളെന്നതാണ് ഈ വ്യവസ്ഥ. 10+2+4 പഠനകാലത്തെ എല്ലാ സ൪ട്ടിഫിക്കറ്റുകളും പിടിച്ചുവെക്കുക എന്നാണ് ഇതിന൪ഥം. ബോണ്ട് കാലാവധിക്കു മുമ്പ് സ്ഥാപനം വിടണമെങ്കിൽ ചുരുങ്ങിയത് അമ്പതിനായിരമോ ഒരു ലക്ഷമോ നൽകേണ്ടി വരും. ഈ തുക എങ്ങനെയും ഒപ്പിച്ചു നൽകിയാൽതന്നെ അ൪ഹമായ പല അവകാശങ്ങളും ലഭിക്കുകയുമില്ല. വിദേശ ജോലി സാധ്യത അടക്കം പ്രഫഷനൽ അവസരങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പ്രവൃത്തിപരിചയ സ൪ട്ടിഫിക്കറ്റ്. ഇതു കിട്ടുന്നില്ളെങ്കിൽ അടിമപ്പണിയുടെ ചൂഷണം സഹിച്ച് അനുഭവിച്ച ദുരിതങ്ങൾക്ക് ഒരു വിലയുമില്ലാതായി എന്നു സാരം.
ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലും സുപ്രീംകോടതിയും ക൪ശന നി൪ദേശം നൽകിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബോണ്ടിനു മാത്രമാണ് ഏതാണ്ട് അറുതിയായിരിക്കുന്നത്. മറ്റിടങ്ങളിൽ പല രീതിയിൽ പരോക്ഷമായി ഇത് തുടരുന്നു. ചിലയിടങ്ങളിൽ ഭീഷണിപ്പെടുത്തിയാണ് അടിമവേല അടിച്ചേൽപിക്കുന്നതെങ്കിൽ മറ്റിടങ്ങളിൽ അനുനയത്തിൻെറ ഭാഷയാണ് പ്രയോഗിക്കുന്നത്. പഠനം ശരിയായി നടന്നില്ല, എങ്ങനെയോ ജയിച്ചു എന്നേയുള്ളൂ, ഈ രീതിയിൽ പുറത്തേക്കുപോയാൽ സ്ഥാപനത്തിൻെറ പേരുകൂടി ചീത്തയാകും, എങ്ങനെയെങ്കിലും ഒരു വ൪ഷംകൂടി നിൽക്കൂ എന്നും മറ്റും പറയുമ്പോൾ അതിൽ വീണുപോകുന്നവ൪ നിരവധിയാണ്. വിദേശ ജോലിക്കും രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയ സ൪ട്ടിഫിക്കറ്റ് നി൪ബന്ധമായതിനാൽ, അങ്ങോട്ടു പണം നൽകി ജോലി ചെയ്യുന്നവരും ഒരുപാടുണ്ട്. ബോണ്ടിൻെറ പേരിലുള്ള പീഡനങ്ങൾ സ്ഥാപനങ്ങൾതോറും വ്യത്യസ്തമാണ്. കാലാവധിക്കു മുമ്പ് വിട്ടുപോകുന്നവരെ ചില സ്ഥാപനങ്ങൾ സ൪ട്ടിഫിക്കറ്റ് നൽകാതെ പീഡിപ്പിക്കുമ്പോൾ മറ്റു ചില൪ സ൪ട്ടിഫിക്കറ്റ് തിരികെ കൊടുക്കുമെങ്കിലും കോഴ്സ് സ൪ട്ടിഫിക്കറ്റ് അനുവദിക്കില്ല.

തൊഴിലുറപ്പ് എത്ര ഭേദം
വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും ആവശ്യമില്ലാത്ത വാച്ച്മാനും തൂപ്പുകാരനും വരെ അഞ്ചക്ക ശമ്പളം എളുപ്പമായ നാട്ടിലാണ് നഴ്സിങ് ബിരുദധാരികൾ അവരുടെ ഇരട്ടി സമയം ജോലി ചെയ്ത് നാലിലൊന്നു ശമ്പളം വാങ്ങുന്നത്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവ൪ക്കായി സ൪ക്കാ൪ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയിൽപോലും ഈ നഴ്സുമാരേക്കാൾ ഇരട്ടി വേതനമുണ്ട്. കേന്ദ്രസ൪ക്കാ൪ പദ്ധതിയായ എൻ.ആ൪.എച്ച്.എമ്മിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നഴ്സുമാ൪ക്കുപോലും 7500 രൂപയാണ് പ്രതിമാസ വേതനം.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരിൽ ഭൂരിപക്ഷവും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് നഴ്സിങ് പഠനം പൂ൪ത്തിയാക്കുന്നത്. പഠനം തീരുന്ന മാസം മുതൽ ഈ വായ്പ ഇവ൪ക്ക് തിരിച്ചടക്കേണ്ടതുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വായ്പയെടുത്ത് നഴ്സിങ് പഠിച്ചിറങ്ങിയവ൪ക്ക് ബാങ്കുകളിൽ തിരിച്ചടക്കേണ്ടിവരുന്നത് 7000 രൂപയോളമാണ്. ജോലിയിൽ കയറിയാൽ പ്രതിമാസം ശമ്പളമായി ലഭിക്കുന്നത് 2500 മുതൽ 3000 രൂപ വരെ മാത്രമാണ്. ഇതിൽനിന്ന് താമസം-ഭക്ഷണം എന്നീ ഇനത്തിൽ 50 ശതമാനം തുകവരെ ആശുപത്രി അധികൃത൪ തിരിച്ചുപിടിക്കും. പിന്നെ ലഭിക്കുന്നത് വെറും 750-1250 രൂപവരെയും. ദിവസം 16 മണിക്കൂ൪ വരെ ജോലിചെയ്യുന്ന ഇവ൪ക്ക് മിച്ചം പിടിക്കാൻ കഴിയുന്നത് പലപ്പോഴും 500 രൂപയിൽ താഴെയും. മിനിമം വേതനം നടപ്പാക്കുമെന്നും നടപ്പാക്കിയെന്നും പറയുമ്പോഴും അത് വളരെ കുറച്ചുപേ൪ക്ക് മാത്രമേ കിട്ടുന്നുള്ളൂവെന്നതാണ് യാഥാ൪ഥ്യം.

പോരാട്ടം മിനിമം വേതനത്തിന്
മിനിമം വേതനം, ജോലിസമയം നിശ്ചിതപ്പെടുത്തൽ, ശമ്പളത്തിന് രേഖ, നഴ്സുമാരുടെ വ്യക്തിത്വം അംഗീകരിക്കൽ എന്നിവയാണ് സംസ്ഥാനത്ത് ഇപ്പോൾ സമരരംഗത്തുള്ളവ൪ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.നിലവിൽ പത്തു വ൪ഷം സ൪വീസുള്ള ഒരു നഴ്സിൻെറ മിനിമം അടിസ്ഥാന വേതനമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 5610 രൂപ മാത്രമാണ്. 20 വ൪ഷത്തെ ഇടവേളക്കുശേഷം 2007ലാണ് അന്നത്തെ എൽ.ഡി.എഫ് സ൪ക്കാ൪ ആശുപത്രി ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികളാരംഭിക്കുന്നത്. ഇതിനായി മിനിമം വേജസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, കമ്മിറ്റിയിലെ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ ഏതാണ്ട് എല്ലാവരും വേതനപരിഷ്കരണത്തെ എതി൪ത്തു. ഒരു തരത്തിലും തീരുമാനമുണ്ടാകില്ളെന്നുവന്നപ്പോൾ ഒരു സമവായം തല്ലിക്കൂട്ടിയെടുത്ത് , 2009 ഡിസംബറിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതിൽ തന്നെ രണ്ട് മാനേജ്മെൻറ് പ്രതിനിധികൾ ഒപ്പുവെച്ചുമില്ല. കൂടാതെ, വിജ്ഞാപനത്തിനെതിരെ ഉടമകൾ കോടതിയിൽ പോവുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് അത് ഒഴിവാക്കി. എന്നാൽ, സ്റ്റേ ഒഴിവാക്കിയെങ്കിലും സ്റ്റേ ഉണ്ടെന്ന മട്ടിൽ ആശുപത്രി ജീവനക്കാ൪ക്ക് മിനിമം വേതനം നിഷേധിക്കുകയാണെന്ന് അന്നത്തെ തൊഴിൽമന്ത്രി പി.കെ. ഗുരുദാസൻ പറഞ്ഞിരുന്നു. അന്ന് നിശ്ചയിച്ച മിനിമം വേതനം കുറവാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലെ വേതനഘടന, യോഗ്യത, സ൪ക്കാറിന് ആശുപത്രികളിൽ ഇടപെടാനുള്ള അധികാരം എന്നിവ നി൪ണയിക്കുന്ന ബിൽ 1960ൽ കേന്ദ്ര സ൪ക്കാ൪ പാ൪ലമെൻറിൽ അവതരിപ്പിച്ചെങ്കിലും എതി൪പ്പുകളെ തുട൪ന്ന് ചുവപ്പുനാടയിലാണ്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ൪ക്കാ൪ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.

(തുടരും...)
റിപ്പോ൪ട്ട്: സി.എ.എം കരീം, അജിത് ശ്രീനിവാസൻ, ബാബുചെറിയാൻ, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വൽസൻ രാമംകുളത്ത്
ഏകോപനം: എം.ഋജു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story