Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമലയാളിയുടെയും...

മലയാളിയുടെയും തമിഴന്‍െറയും ഹൃദയങ്ങള്‍ ഉണരട്ടെ...

text_fields
bookmark_border
മലയാളിയുടെയും തമിഴന്‍െറയും ഹൃദയങ്ങള്‍ ഉണരട്ടെ...
cancel

കേരളത്തിൻെറ നെഞ്ചിലെ നെരിപ്പോടാണിപ്പോൾ മുല്ലപ്പെരിയാ൪. അതിൻെറ പേരിൽ ഇവിടെ ജീവിക്കുന്ന മനുഷ്യരടക്കമുള്ള ഒരു ജീവജാലത്തിനും നേരിയൊരു പോറൽ പോലും ഏൽക്കരുതെന്ന പ്രാ൪ഥനയിലാണ് ഇന്നു കേരളം. നിശ്ചയമായും ആ കൂട്ട പ്രാ൪ഥനക്കു ഫലം കാണാതിരിക്കില്ല. അതിലേറെ 117 കൊല്ലത്തോളം നമ്മെ കാത്തു രക്ഷിച്ച പ്രകൃതിയും അതിലെ മനുഷ്യ നി൪മിതമായ മഹാപ്രതിഭാസവും മലയാളികളിലൊരാളെപ്പോലും കണ്ണീരു കുടിപ്പിക്കില്ല. ഇതു ഓരോ മലയാളിയുടെയും ഉറച്ച വിശ്വാസമാണ്.

ഇന്നത്തെ അതിസാങ്കേതികതയിൽ പണിയുന്ന ഏതൊരു ഡാമിനാണ് നൂറ്റാണ്ടു തികക്കാൻ കഴിയുക എന്നു കൂടി ആലോചിക്കുമ്പോഴായിരിക്കും വെറും ചളിയിലും ചാന്തിലും പണിതെടുത്ത ഒരു ജല മതിലിനെയും അതിൻെറ പിറകിൽ പ്രവ൪ത്തിച്ച സായിപ്പടക്കമുള്ളവരുടെയും മുന്നിൽ നാം തലകുനിച്ചു നമിച്ചു പോവുന്നത്. അതിലൊന്നും വഞ്ചനയുടെയോ വെട്ടിപ്പിൻെറയോ നിഴലുകളില്ല. സ്വയം കത്തിത്തീ൪ന്ന് സ്വന്തം ഇടത്തെ സംരക്ഷിച്ചതിൻെറ ആവേശകരമായ കഥകളേ കേൾക്കാനുള്ളൂ. അല്ളെങ്കിൽ, മുല്ലപ്പെരിയാറിൻെറ തലതൊട്ടപ്പൻ സായ്പിനെ ആദി ദ്രാവിഡൻ ദൈവ സ്ഥാനത്ത് പ്രതിഷ്ഠിക്കില്ലല്ളോ!


എഴുപതുകൾ അവസാനിക്കുമ്പോൾ ഞാനെൻെറ ആദ്യ മദിരാശി യാത്ര കഴിഞ്ഞ് തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. അന്നം തേടി പോയതായിരുന്നു ഞാൻ. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ജീവിക്കാൻ ഗതിയില്ലാതെയുള്ള യാത്ര. പ്രവാസ ജീവിതത്തിൻെറ ആദ്യത്തെ അഭയ കേന്ദ്രമായ മദിരാശി തന്ന സമ്പത്തിൽ നിന്നാണ് എൻെറ പഠനം തുട൪ന്നത്, പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻകഴിഞ്ഞത്. ഇന്ന് എൻെറ മകൻ എനിക്കു പകരമായി അവിടെയുണ്ട്. ചെന്നൈയുടെ വള൪ത്തു പുത്രനായി. ഇതെൻെറ മാത്രം കഥയല്ല. പരശ്ശതം മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓ൪മയാണ്.


ഇവിടെ വ്യക്തിപരമായ പരാമ൪ശങ്ങൾക്കു പ്രസക്തിയില്ല. മലയാളിയുടെ തമിഴക ബന്ധം എന്താണെന്നു കാണിക്കാൻ എൻെറ തന്നെ അനുഭവം ഉദാഹരിച്ചുവെന്ന് മാത്രം. മലയാളിയും മദിരാശിയും രണ്ടല്ല. ഒന്നാണ്. വടക്കെ മലബാ൪ പഴയ മദിരാശി സംസ്ഥാനത്തിൻെറ ഭാഗമായിരുന്നു. ഐക്യകേരളം രൂപപ്പെടുംവരെ വടക്കെ മലബാറും തിരുകൊച്ചിയും തിരുവിതാംകൂറും വേറിട്ടു കിടക്കുന്ന രാജ്യങ്ങളായിരുന്നു. മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ചു കേരളമുണ്ടാക്കുന്നതുവരെ വടക്കെ മലബാറുകാരൻെറ ഏറ്റവും വലിയ വികാരം മദിരാശി സംസ്ഥാനമായിരുന്നു. ഇന്ന് ആ വികാരപരത കേരളക്കരയാകെ ബന്ധപ്പെട്ടു കിടക്കുകയാണ്. അതിനിടയിലാണ് മുല്ലപ്പെരിയാ൪ കീറാമുട്ടിയായി കടന്നുവന്നത്.


ആദി ദ്രാവിഡൻെറ നിഷ്കപടമായ മനസ്സുമായി നടക്കുന്ന തമിഴൻെറ മലയാളി ബന്ധം അറിയാൻ കൂടുതൽ ഉദാഹരണങ്ങൾ നിരത്തേണ്ടതില്ല. മണ്ഡലകാലം ഒന്നു ശബരിമല കയറിയാൽ മതി. അല്ളെങ്കിൽ, അവരുടെ സിനിമകളിലെ മുന്നിലും പിന്നിലും അണിനിരക്കുന്നവരെ നോക്കിയാൽ മതി. നേരെ തിരിച്ച്, ചെന്നൈയുടെ ഞരമ്പുകളിൽ മലയാള രക്തമാണ് ഓടുന്നത് എന്നു പറഞ്ഞാൽ അതൊരു കാൽപനിക പ്രയോഗമായിരിക്കില്ല. മലയാളിയും തമിഴനും തോളോടുതോൾ ചേ൪ന്നാണ് ഇന്നു കാണുന്ന ചെന്നൈയെ കെട്ടിപ്പടുത്തത്. അതിൽ മലയാളത്തുകാരനായി ജനിച്ച് മദിരാശിയെ സ്വന്തം വീടായി കണ്ട ഏഴൈതോഴൻ എം.ജി.ആ൪ മുതൽ അതീവ സാധാരണക്കാരായ പരസഹസ്രം മലയാളികളുണ്ട്. ഒരു നീണ്ട കാലയളവുവരെ മലയാള നാടകങ്ങളുടെയും സിനിമകളുടെയും ഈറ്റില്ലവും മദിരാശി നഗരമായിരുന്നു. നാടകങ്ങളിൽ തമിഴ് സ്വാധീനം ഇല്ലാതാക്കാൻ മലയാളി തെല്ളൊന്നുമല്ല കഷ്ടപ്പെട്ടത്. സിനിമ മൂടോടെ കേരളത്തിലേക്ക് പറിച്ചുനട്ടു എന്ന് അവകാശപ്പെടുമ്പോഴും പല സിനിമക്കാരുടെയും ആവാസകേന്ദ്രം ചെന്നൈ തന്നെയാണ്. അത്രയും ജൈവബന്ധം മലയാളിക്ക് ചെന്നൈയുമായുണ്ട്. ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും ചെറുകിട കച്ചവടക്കാരുടെയും അവസ്ഥ.


ആ൪ക്കും അറിയാത്ത കാര്യങ്ങളല്ല പറയുന്നത്. മലയാളിയും തമിഴനും തമ്മിലുള്ള ഹൃദയ ബന്ധത്തിൻെറ നീണ്ട ചരിത്രത്തിൻെറ വക്കും മൂലയും തൊട്ടില്ളെങ്കിൽ മുല്ലപ്പെരിയാറിലേക്ക് എത്താൻ കഴിയില്ല. ഗോവിന്ദച്ചാമിമാരെ തമിഴരുടെ പ്രതിനിധിയായി കാണാൻ സാധിക്കില്ല. അങ്ങനെ സാധിച്ചാൽ മലയാളിയുടെ പ്രതിനിധിയായി ബി.എ. ആളൂ൪മാരെയും കാണേണ്ടി വരും. സൗമ്യ വധക്കേസിൽ ഈ രണ്ടു പേരും ഒരേ കുറ്റമാണ് ചെയ്തിട്ടുള്ളത് എന്ന് വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. ഇതിലപ്പുറമാണ് മലയാളി -തമിൾ ബന്ധം. ഭാഷകളുടേത് മാത്രമല്ല അത്. ആത്മാവിൻെറ കൂടിയാണ്. അങ്ങനെയുള്ള രണ്ടു സഹോദരങ്ങൾ, അയൽവീട്ടിൽ താമസിക്കുന്ന ഒരമ്മ പെറ്റവ൪ ഒറ്റക്കെട്ടായി നിന്നു ഒരു പ്രശ്നം പരിഹരിക്കേണ്ട സന്ദ൪ഭത്തിൽ, ശത്രു രാജ്യങ്ങളെപ്പോലെ പോരടിക്കാൻ തുടങ്ങിയാൽ, നമുക്കെവിടെയോ പിഴച്ചിട്ടുണ്ട്!
പഴയതു പരിശോധിക്കേണ്ട ഒരു സന്ദ൪ഭമല്ല ഇത്.

എങ്കിലും പറയാം, വിവേകത്തിൻെറ ഒരു തരിയെങ്കിലും ബാക്കിവെച്ചവ൪ ചെയ്തുകൂടാത്ത രീതിയിലായിപ്പോയി പല നേതാക്കളുടെയും പ്രതികരണം. ദൃശ്യ മാധ്യമങ്ങളാണെങ്കിൽ അതിനു വേണ്ടതിലധികം പ്രചാരണവും നൽകി. വാ൪ത്താ പ്രക്ഷേപണത്തിനിടയിൽ ഡാം പൊട്ടുന്ന സിനിമാ ക്ളിപ്പിങ് കൊടുത്തു ചില൪ ആഘോഷിച്ചു. തങ്ങളുടെ മുഖം ദിവസവും ടി.വി സ്ക്രീനിൽ കണ്ടില്ളെങ്കിൽ ഉറക്കം നഷ്ടപ്പെടുന്ന ചിലരാകട്ടെ ഒരു മണിക്കൂറിൽ കുറവായ വിമാന യാത്ര കൊണ്ട് ചെന്നെത്താവുന്ന ചെന്നൈയിലെത്തി ഭരണത്തലവന്മാരെ കണ്ട് കേരള ജനതയുടെ മരണമേട്ടിലെ ജീവിതം പറയുന്നതിനു പകരം മൂന്നു മണിക്കൂറിലധികം പറന്ന് ദൽഹിയിലെത്തി മധ്യസ്ഥരെ തേടി നടന്നു.


പണ്ടൊരേ വീട്ടിൽ താമസിച്ചവരുടെ ചെറിയൊരു സൗന്ദര്യപ്പിണക്കം തീ൪ക്കാൻ പുറത്തു നിന്നൊരു ദല്ലാളിനെ ഇറക്കുമതി ചെയ്യുന്നതിൽ കൂടുതൽ വിഡ്ഢിത്തം മറ്റൊന്നില്ല. നമ്മൾ ചെയ്തതും അതാണ്. ഇവിടത്തെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ, അമേരിക്കൻ കുത്തകകൾക്ക് ഇന്ത്യാ മഹാരാജ്യത്തിൻെറ വാതിലുകൾ ഒരിക്കൽ കൂടി തുറന്നു കൊടുത്തു. പഴയ അടിമ രാജ്യത്തിൻെറ തനിയാവ൪ത്തനം വരുത്താൻ അബോധമായെങ്കിലും ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന് ഇങ്ങു തെക്കെ അറ്റത്തുള്ള അണക്കെട്ടിനെച്ചൊല്ലി എന്തുൽക്കണ്ഠപ്പെടാൻ! അതിൻെറ ദുരന്തങ്ങൾ അനുഭവിക്കേണ്ടവ൪ നമ്മളല്ളേ? നമ്മൾ മാത്രമല്ളേ? അതല്ളെങ്കിൽ എത്ര കേന്ദ്രമന്ത്രിമാ൪ ഈ പൊള്ളിപ്പതക്കുന്ന ആശങ്ക നേരിട്ട് പഠിക്കാൻ ഇവിടെ എത്തണമായിരുന്നു? അവരിപ്പോഴും പഴയ പല്ലവിയിൽ തന്നെയാണെന്നു തോന്നുന്നു. അരെയാ൪... യെ സാലാ മദ്രാസി...
ഇതു നമ്മുടെ പ്രശ്നം. എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടത് നമ്മുടെ ആവശ്യം.

കോടതിക്കു പുറത്ത് അയൽക്കാരായ സഹോദരന്മാ൪ കൈകോ൪ത്ത് പിടിച്ച് സമവായത്തിലെത്തുകയായിരുന്നു വേണ്ടത്. അതിനായി എന്തൊക്കെ മാ൪ഗങ്ങളുണ്ട്. വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും ഒത്തൊരുമിച്ച് ഉമ്മൻചാണ്ടിയേയും കൂട്ടി ജയലളിതയെ കാണുന്നതിൽ എന്താണ് തെറ്റ്? കൂട്ടത്തിൽ നമ്മുടെ പ്രിയപ്പെട്ട നടി ഷീലയേയും കൊണ്ടു പോകാം. അവരുമായി എത്രകാല സൗഹൃദമാണ് ജയലളിതക്കുള്ളത്! അവരുടെ ബാല്യകാലം തൊട്ടുള്ള ഹൃദയ ബന്ധം, ഒന്നിച്ചുള്ള യാത്രകൾ. എവിടെയെത്തിയാലും പുസ്തകങ്ങൾ തിരയുന്ന ജയലളിതയുടെ ഉയ൪ന്ന പ്രബുദ്ധത. അവരുടെ വലിയ ലൈബ്രറി. ഇതെല്ലാം നമ്മോടു പറഞ്ഞ ഷീല പറയാതെ തന്നെ കേരളത്തിൻെറ നെഞ്ചിടിപ്പ് കേൾക്കാൻ ജയലളിതക്ക് കഴിയുമായിരുന്നില്ളേ?

വേണമെങ്കിൽ ചെന്നൈ നഗരത്തിൽ നിന്ന് കമലഹാസനേയും രജനികാന്തിനേയും സെയിൻറ് ഫോ൪ട്ടിലേക്കു ക്ഷണിച്ചുവരുത്താം. മലയാളികളെ അറിയാത്ത മനസ്സല്ല അവരുടേത്. കൊച്ചിയിൽ നമ്മുടെ ഇഷ്ട താരങ്ങൾ മെഴുകുതിരി തെളിയിച്ച് കേരള ജനതയുടെ ഉൽക്കണ്ഠ പങ്കിട്ടെടുക്കുന്നതിനുപകരം, അവ൪ ചെയ്യേണ്ടിയിരുന്നത് തമിഴ് സിനിമയിലെ തങ്ങളുടെ സഹപ്രവ൪ത്തകരെയും കൂട്ടി ജയലളിതയെ കാണുകയായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അവ൪ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാനോ, സുപ്രീം കോടതിയിൽ പുതിയ അഫിഡവിറ്റ് സമ൪പ്പിക്കാനോ, കേരളത്തിൻെറ അഡ്വക്കറ്റ് ജനറലിനെ ന്യായീകരിക്കാനോ ശ്രമിക്കില്ലായിരുന്നു.


മലയാളിയും തമിഴനും യുദ്ധം ചെയ്യേണ്ടവരല്ല. തോളിൽ കൈയിട്ട് നടക്കേണ്ടവരാണ്. നമ്മൾ ഇരുവരും കലഹം തുടങ്ങിയാൽ അതിൽ നിന്നു മുതലെടുക്കുന്നത് മറ്റേതെങ്കിലും ഒരു ദേശവിരുദ്ധ ശക്തിയായിരിക്കും. പല ദേശത്തേയും നശിപ്പിച്ചത് വംശീയ കലാപത്തിൻെറ വിഷ ബീജം കുത്തിവെച്ചാണ്. ഒരു ജീപ്പ് കത്തിക്കലിൽ, ഹോട്ടൽ എറിഞ്ഞു പൊളിക്കലിൽ, ടവ൪ കൈയേറലിൽ, ചില്ലുടക്കലിൽ, പരസ്പരം അടിച്ചോടിക്കലിൽ തുടങ്ങിയ ചെറിയ കലഹങ്ങൾഏറ്റെടുക്കുന്നത്, കുഞ്ഞാടുകൾ കുത്തിമറിയുമ്പോൾ അതിൽ നിന്നുതിരുന്ന ചോരക്ക് കൊതിക്കുന്ന ചെന്നായ്ക്കളായിരിക്കും. അതിൻെറ തുടക്കമാണ് മുല്ലപ്പെരിയാറിലും വണ്ടിപ്പെരിയാറിലും ഒക്കെ കാണുന്നത്. ഇതു നീട്ടിക്കൊണ്ടു പോയാൽ സൂചി കൊണ്ട് എടുക്കേണ്ട മുള്ള് തുമ്പാ കൊണ്ട് പോലും എടുക്കാൻ കഴിയാത്ത നില വരും.


ശാന്തിയാത്രകളും സമരങ്ങളും നിരാഹാര സത്യഗ്രഹങ്ങളും മനുഷ്യ മതിലുകളും ചങ്ങലകളും എല്ലാം ജനങ്ങളുടേതായ പ്രതിഷേധ മാ൪ഗങ്ങളാണ്. ജനാധിപത്യത്തിൽ മാത്രമല്ല രാജാധിപത്യത്തിൽ പോലും നാമിന്നു കാണുന്ന ജനവികാരമാണ്. അതിനപ്പുറത്തേക്ക് ഒരിക്കലും ഇരുകൂട്ടരും യാത്ര തിരിച്ചു കൂടാ. പ്രത്യേകിച്ച് മലയാളികൾ. നമ്മളാണിപ്പോൾ ഇരകൾ. ഇരകളായവ൪ക്കേ ഇരകളുടെ നോവറിയൂ.
എവിടെയാണൊരു സമാധാനം? എന്താണൊരു ശാശ്വത പരിഹാരം? തീ൪ച്ചയായും ഇന്നത്തെ അവസ്ഥ മാറിക്കിട്ടണം. ദുരന്തത്തെ മുൻകൂട്ടി കണ്ട് മറികടക്കണം. അതിനായി തമിഴ് ജനത ഇന്നനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേ മട്ടിൽ തന്നെ തുടരണം.

മലയാളിയുടെ മരണ ഭീതി അകറ്റാൻ പുതിയ ഡാം കൊണ്ടേ കഴിയൂഎങ്കിൽ ഉഭയസമ്മത പ്രകാരം അതെത്രയും പെട്ടെന്ന് നി൪മിക്കണം. അതിനു മുമ്പ് ഡാമിലെ ഇന്നുള്ള ജലനിരപ്പ് താഴ്ത്തി ഒരു കുഞ്ഞു മുയലിനു പോലും ഭീഷണിയില്ലാത്തവിധത്തിലാക്കണം. അതിനായി വശങ്ങളിൽ കനാൽ വെട്ടണമെങ്കിൽ വിദഗ്ധരുമായി ആലോചിച്ച് ചെയ്യണം. ഇവിടെയൊന്നും സാധ്യതകളല്ല ആരായേണ്ടത്, ഉറച്ച വിദഗ്ധാഭിപ്രായമാണ്. മുല്ലപ്പെരിയാ൪ പൊട്ടിയാൽ ഇടുക്കി വെള്ളം തടയും. മണ്ണും കല്ലും താങ്ങില്ല എന്ന അഴകൊഴമ്പൻ ന്യായം വെച്ചു കളിക്കരുത്. മുല്ലപ്പെരിയാ൪ പൊട്ടിയാൽ നാലു മണിക്കൂറെടുക്കും വെള്ളം ഇടുക്കിയിലെത്താൻ എന്നൊന്നും പറഞ്ഞ് ആളെ കബളിപ്പിക്കരുത്. മോ൪വി പൊട്ടിയപ്പോൾ, ‘അതിൻെറ വഴിക്കാണ്’ അതൊഴുകിയതെന്ന് മറക്കരുത്. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ എന്നെന്നും വിധിക്കപ്പെട്ടവരാണ് സാമാന്യ ജനം എന്നും ധരിക്കരുത്.


ജലനിരപ്പ് കൂടിയാലും കുറഞ്ഞാലും അണക്കെട്ടിൻെറ ഭദ്രതയെ ബാധിക്കില്ല എന്ന് ഏതു കോടതിയിൽ പറഞ്ഞാലും അതു വിശ്വാസത്തിലെടുക്കാൻ ബാധ്യതപ്പെട്ടവരല്ല ഇവിടത്തെ ജനങ്ങൾ. ജനങ്ങൾക്ക് വേണ്ടത് അവരുടെ ജീവനും സ്വത്തിനുമുള്ള നിതാന്ത ഭദ്രതയാണ്. അതു നൽകാനുള്ള ഉത്തരവാദിത്തമുണ്ട് ഭരണകൂടത്തിന്. അങ്ങനെ നൽകിയില്ളെങ്കിൽ ഏതു ഭരണകൂടവും ജനങ്ങളുടെ ബാധ്യതയാണ്. ചരിത്രത്തിൻെറ അശ്ളീലതയാണ്. അതൊഴിവാക്കാനെങ്കിലും കൈമെയ് മറന്ന് ഒറ്റക്കെട്ടായി പ്രവ൪ത്തിക്കേണ്ട അവസരമാണിത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story