Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഉഷസ്സായ്...

ഉഷസ്സായ് വിളിച്ചുണര്‍ത്തിയ പാട്ടുകള്‍

text_fields
bookmark_border
ഉഷസ്സായ് വിളിച്ചുണര്‍ത്തിയ പാട്ടുകള്‍
cancel

പാട്ടിനെ പ്രണയിക്കുന്ന മലയാളിയുടെ മനസിനെ വരികളും ഈണങ്ങളും കൊണ്ട് നനയിച്ചവര്‍ ഏറെയാണ്. നമ്മുടെ  സങ്കടവും സന്തോഷവും പ്രണയവും വിരഹവും ഭക്തിയും വിപ്ളവവും വാല്‍സല്യവുമെല്ലാം പാട്ടുകളില്‍ നിറച്ച ഒരു നല്ലകാലത്തെയാണ് അവര്‍ സമ്മാനിച്ചത്. മലയാളത്തില്‍ പേരെടുത്ത ഭൂരിഭാഗം ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും എടുത്തുപറയാന്‍ അവര്‍ അക്ഷരം കൊണ്ടും  ഈണം കൊണ്ടും ശബ്ദം കൊണ്ടും ജീവനിട്ട നൂറുനൂറു പാട്ടുകളുണ്ടാവും, അംഗീകാരങ്ങള്‍ അതിലേറെയും. എന്നാല്‍, സിനിമയുടെ അതിവേഗ പാതയില്‍ കാലം നോക്കിനില്‍ക്കെ പെട്ടെന്ന് കയറിയിറങ്ങിപ്പോയ ചിലരുണ്ട്. എണ്ണത്തില്‍ കുറവാണ് അവരുടെ സംഭാവനകള്‍. പക്ഷേ, അത് കാലത്തെ, തലമുറകളെ കടന്നൊഴുകുന്നു. കുത്തിക്കുറിച്ചിട്ട ഏതാനും വരികള്‍ അല്ളെങ്കില്‍ മെനഞ്ഞെടുത്ത കൊതിപ്പിക്കുന്ന കുറച്ച് ഈണങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇന്നും നീറിപ്പടര്‍ന്ന് നില്‍ക്കുന്നു. അങ്ങനെയൊരു പാട്ടെഴുത്തുകാരനായിരുന്നു എ.പി ഗോപാലന്‍. പുതുതലമുറക്ക് ഇദ്ദേഹം അപരിചിതനാകാം. എന്നാല്‍, ഗോപാലനെഴുതിയ വരികളെ നല്ല പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. 
നാടകഗാനങ്ങളിലൂടെയും ആകാശവാണിക്ക് വേണ്ടി എഴുതിയ ലളിതഗാനങ്ങളിലൂടെയുമാണ് ഗോപാലന്‍ സിനിമയിലത്തെിയത്. കതിര്‍മണ്ഡപം, അഗ്നിഗോളം, കൗരവപ്പട, സഹനം, ഹോമം, മണിക്കിനാക്കള്‍ തുടങ്ങിയ നാടകങ്ങള്‍ക്കായി ഗോപാലന്‍ രചിച്ച ഗാനങ്ങള്‍ എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍, മുരളി സിതാര, അയിരൂര്‍ സദാശിവന്‍, വൈപ്പിന്‍ സുരേന്ദ്രന്‍ എന്നിവരുടെയും ലളിതഗാനങ്ങള്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, എം.ജി. രാധാകൃഷ്ണന്‍ എന്നിവരുടെയും ഈണങ്ങളിലൂടെ ആസ്വാദക മനസുകളില്‍ ഇടംപിടിച്ചു. കായംകുളം പീപ്പിള്‍സ് തിയേറ്റര്‍, അടൂര്‍ ജയ തിയറ്റേഴ്സ് എന്നിവയുടെ നാടകങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമായും പാട്ടുകള്‍ എഴുതിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ‘വിഷ്ണുപഞ്ചമി സന്ധ്യയില്‍ ഞാന്‍ കൃഷ്ണപ്രിയ ദളം ചൂടിയിരുന്നു’, ബാബുരാജ് ഈണമിട്ട ‘ദേവഗംഗ ഉണര്‍ത്തിയ കാവിലെ ദേവദാര പൊന്‍മയിലേ’, എം.കെ അര്‍ജുനന്‍ ചിട്ടപ്പെടുത്തിയ ‘ഈ വഴി വസന്തം ഇനിയും വരും ജീവിതമിനിയും തേന്‍ കിനിയും’,  ഉദയഭാനു ഈണമിട്ട ‘കരകാണാക്കടലിന്‍ അക്കരെയുണ്ടൊരു കസ്തൂരിപ്പൂങ്കടവ്’ തുടങ്ങിയവയെല്ലാം ഗോപാലന്‍െറ ചലച്ചിത്രേതര ഗാനങ്ങളില്‍ വേറിട്ട് നില്‍ക്കുന്നു. സംഗീതം തുളുമ്പുന്ന, ശുദ്ധമായ ഭാഷയില്‍ വിരിഞ്ഞവയായിരുന്നു ഗോപാലന്‍െറ പാട്ടുകള്‍. അവ പലപ്പോഴും ജീവിതത്തിന്‍െറ സൗന്ദര്യത്തിനൊപ്പം മനുഷ്യ മനസിന്‍െറ നിസ്സഹായതകളെയും പ്രത്യയശാസ്ത്രങ്ങളുടെ നിരര്‍ഥകതയെയും ദാര്‍ശനികമായി വ്യാഖ്യാനിക്കുകയും സര്‍ഗാത്മകമായി അടയാളപ്പെടുത്തുകയും ചെയ്തു.
1973 മുതല്‍ 1985 വരെയുള്ള കാലയളവിനിടെ പത്ത് സിനിമകള്‍ക്കായി 32 പാട്ടുകള്‍ മാത്രമാണ് മലയാള സിനിമാ സംഗീതത്തിന് ഗോപാലന്‍െറ സംഭാവന. വയലാറും പി.ഭാസ്കരനും ശ്രീകുമാരന്‍ തമ്പിയും ഒ.എന്‍.വി കുറുപ്പും യൂസഫലി കേച്ചേരിയുമെല്ലാം കത്തിനില്‍ക്കുന്ന കാലത്ത് പിറന്ന ഗോപാലന്‍െറ പാട്ടുകള്‍ ചലച്ചിത്രസംഗീതശാഖക്ക് പുതുമണം പകര്‍ന്നു. താരപരിവേഷമേതുമില്ലാതെ കടന്നുവന്ന അദ്ദേഹത്തിന്‍െറ പാട്ടുകളെ ആസ്വാദകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. 1973 മാര്‍ച്ച് 30ന് റിലീസ് ചെയ്ത ‘പൊന്നാപുരം കോട്ട’യായിരുന്നു ആദ്യ ചിത്രം. സിനിമയിലെ ഏഴ് ഗാനങ്ങളില്‍ ആറെണ്ണം വയലാര്‍ എഴുതിയപ്പോള്‍ ഒരു പാട്ടെഴുതാനുള്ള അവസരം ഗോപാലന് നല്‍കി, സംവിധായകന്‍ കുഞ്ചാക്കോ. ദേവരാജനായിരുന്നു സംഗീതം. വയലാര്‍ എഴുതിയ ‘രൂപവതീ രുചിരാംഗീ’, ‘മന്ത്രമോതിരം മായമോതിരം’, ‘നളചരിതത്തിലെ നായകനോ’ തുടങ്ങിയവക്കൊപ്പം യേശുദാസും മാധുരിയും ചേര്‍ന്ന് ശബ്ദം നല്‍കിയ ’വയനാടന്‍ കേളൂന്‍െറ പൊന്നുംകോട്ട പടകാളി നിര്‍മിച്ച പൊന്നും കോട്ട’ എന്ന ഗോപാലന്‍ രചിച്ച ഗാനവും ശ്രദ്ധപിടിച്ചുപറ്റി.  പിന്നീട് ആറ് വര്‍ഷത്തെ ഇടവേള. ഈ സമയത്താണ് നാടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1978ല്‍ എ.എന്‍. തമ്പി സംവിധാനം ചെയ്ത ‘പാദസരം’ എന്ന ചിത്രത്തിലെ ‘ഉഷസേ നീയെന്നെ വിളിക്കുകില്ളെങ്കില്‍ ഒരിക്കലും ഞാന്‍ ഉണരുകില്ല’ എന്ന എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നുമായിട്ടായിരുന്നു സിനിമയിലേക്ക് ഗോപാലന്‍െറ രണ്ടാം വരവ്. ഹൃദയം തൊടുന്ന, വിഷാദഛായയുള്ള ദേവരാജന്‍െറ ഈണവും യേശുദാസിന്‍െറ ഭാവതീവ്രമായ ആലാപനവും ഈ പാട്ടിനെ നിത്യസുന്ദരമാക്കി. 
‘ഹിമഗിരി ഹൃദയം ഉരുകിയില്ളെങ്കില്‍ 
ഹരിതാഭ ഭൂമിക്ക് ഗംഗയില്ല 
നീയെന്ന സത്യം മുന്നിലില്ളെങ്കില്‍ 
എന്നിലെ ദു:ഖം ഉണരുകില്ല ’ എന്ന് ഗോപാലന്‍ എഴുതിയപ്പോള്‍ ചിലരെങ്കിലും അത് വയലാറിന്‍െറ വരികളായി തെറ്റിദ്ധരിച്ചു. ജയചന്ദ്രന്‍ പാടി ഹിറ്റാക്കിയ ‘കാറ്റുവന്നു നിന്‍െറ കാമുകന്‍ വന്നു’ എന്നതടക്കം ചിത്രത്തിലെ മറ്റ് മൂന്ന് ഗാനങ്ങള്‍ രചിച്ചത് ജി.കെ പള്ളത്തായിരുന്നു.  എ.ടി. അബുവിന്‍െറ സംവിധാനത്തില്‍ 1980ല്‍ പുറത്തുവന്ന ‘രാഗം താനം പല്ലവി’യായിരുന്നു ഗോപാലന്‍െറ പാട്ടുകള്‍ കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ചിത്രം. നാല് ഗാനങ്ങളും എഴുതിയത് ഗോപാലന്‍. ഈണമിട്ടത് എം.കെ. അര്‍ജുനന്‍. യേശുദാസ് പാടിയ ‘പാര്‍വതി സ്വയംവരം കഴിഞ്ഞ നാളില്‍’, ‘കണ്ണുണ്ടെങ്കിലും കാണാതെ പോകും മണ്ണില്‍ മനുഷ്യന്‍െറ വ്യാജ മുഖങ്ങള്‍’  എന്നീ പാട്ടുകള്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായി. 
‘പൂര്‍ണത എന്നൊരു മിഥ്യയും തേടി 
പാതിവഴി പോലും പോകാത്തവരേ 
സ്വന്തം മനസിന്‍െറ മുഖം ഒന്നു നോക്കൂ 
സ്വന്തം ഹൃദയത്തിന്‍ വാതില്‍ തുറക്കൂ 
എന്തു വിരൂപം എത്ര ഭീകരം 
എല്ലാം എല്ലാം വിചിത്രം’ മനുഷ്യന്‍െറ കാപട്യങ്ങളെ, നിലപാടുകളുടെ പൊള്ളത്തരങ്ങളെ, ജീവിതത്തിന്‍െറ നിരര്‍ഥകതയെ ഇതിനേക്കാള്‍ തീക്ഷ്ണവും ലളിതവുമായി വാക്കുകളില്‍ എങ്ങനെ വരച്ചിടാനാവും? ശിവഗംഗ തീര്‍ഥമാടും, അച്ഛന്‍ സുന്ദര സൂര്യന്‍ (ചിത്രം: സ്വരങ്ങള്‍ സ്വപ്നങ്ങള്‍, സംഗീതം: ദേവരാജന്‍), ഉദയശോഭയില്‍, ഇളംകൊടി മലര്‍കൊടി, സ്ത്രീ ഒരു ലഹരി (മദ്രാസിലെ മോന്‍, ദേവരാജന്‍), ഇങ്ക് നുകര്‍ന്നുറങ്ങി, ദൂരം എത്ര ദൂരം (കാട്ടരുവി ദേവരാജന്‍), സ്നേഹ പ്രപഞ്ചമേ (നിത്യവസന്തം, എം.കെ. അര്‍ജുനന്‍), മുത്തുകിലുങ്ങും ചെപ്പാണെടാ, താലിക്കുരുവീ തേന്‍കുരുവീ (മുത്തുച്ചിപ്പികള്‍, കെ.ജെ. ജോയ്), പൊന്നുരുക്കീ തട്ടണ് മുട്ടണ് (തീക്കടല്‍, കുമരകം രാജപ്പന്‍), ആദ്യത്തെ നാണം പൂവിട്ട നേരം, ഒരു ദേവ ശില്‍പി (തേടിയ വള്ളി കാലേ ചുറ്റി, കെ.ജെ.ജോയ്) എന്നിവയാണ് ഗോപാലന്‍െറ മറ്റ് പ്രശസ്ത ഗാനങ്ങള്‍.
എണ്ണത്തില്‍ കുറവെങ്കിലും മലയാള ചലച്ചിത്രഗാന ശാഖയെ സമ്പന്നമാക്കുന്നതില്‍ ഗോപാലന്‍െറ പാട്ടുകള്‍ക്കും അവയുടേതായ പങ്കുണ്ട്. അംഗീകാരങ്ങള്‍ വെട്ടിപ്പിടിക്കാനോ അവസരങ്ങള്‍ തേടിപ്പോകാനോ അദ്ദേഹം മെനക്കെട്ടില്ല. ഉള്‍ക്കാമ്പിന്‍െറ കരുത്തുകൊണ്ട് അവ വര്‍ഷങ്ങള്‍ക്ക് ശേഷവും സംഗീതപ്രേമികളുടെ കാതിലും ചുണ്ടിലും ജീവിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ബഹുമതി. ഗോപാലന്‍ എഴുതിയതുപോലെ അദ്ദേഹത്തിന്‍െറ പ്രതിഭയെ ‘കണ്ണുണ്ടെങ്കിലും കാണാതെ’ പോയിട്ടുണ്ടാകാം. എന്നാല്‍, അത് കാലം ഏറ്റുപാടിക്കൊണ്ടേയിരിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:a.p gopalan
Next Story