Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസിനിമയുടെ വര്‍ഷം

സിനിമയുടെ വര്‍ഷം

text_fields
bookmark_border
സിനിമയുടെ വര്‍ഷം
cancel

ലോകസിനിമകള്‍ മാനത്തുനിന്ന് നക്ഷത്രങ്ങളെപ്പോലെയും ഉല്‍ക്കകളെപ്പോലെയും ഇറങ്ങിവരുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ മിക്കതും വര്‍ഷാവസാനം നവംബറിലും ഡിസംബറിലുമാണ് നടക്കുന്നത്. സുഹൃത്തും അധ്യാപകനുമായ ഡോ. മുരളീധരന്‍ നിരീക്ഷിച്ചതുപോലെ, അയ്യോ എന്നു വിളിച്ചാല്‍ ഇമ്പോസിഷന്‍ എഴുതിക്കുന്ന കോണ്‍വെന്‍റ് സ്കൂള്‍ പോലെയുള്ള ഗോവ മേളയിലും സര്‍ക്കാര്‍ സ്കൂള്‍ പോലെ സ്വാതന്ത്ര്യം ധാരാളമുള്ള തിരുവനന്തപുരം മേളയിലുമായി (ഐ.എഫ്.എഫ്.കെ) കുറെയധികം ചിത്രങ്ങള്‍ കാണാനായി എന്നതാണ് ആശ്വാസമായി ബാക്കിനില്‍ക്കുന്നത്.

ഇമേജുകള്‍ക്കുശേഷം (ആഫ്റ്റര്‍ ഇമേജ്/2016/പോളിഷ്) എന്ന ആന്ദ്രേവൈദയുടെ അവസാനത്തെ സിനിമ,  അവാങ് ഗാര്‍ദ് കലാകാരനായ വ്ളാദിസ്ളോ സ്റ്റെമിന്‍സ്കിയെക്കുറിച്ചുള്ള ഒരു ജീവചരിത്രാഖ്യാനമാണ്. ഉപ്പിന്‍െറയും പഞ്ചസാരയുടെയും തീവണ്ടി(ദ ട്രെയിന്‍ ഓഫ് സാള്‍ട്ട് ആന്‍ഡ് ഷുഗര്‍/2016/പോര്‍ചുഗല്‍, ഫ്രാന്‍സ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മൊസാംബീക്)  മൊസാംബീകിനെ പിടിച്ചുലച്ച എണ്‍പതുകളിലെ ആഭ്യന്തരയുദ്ധത്തിന്‍െറ പശ്ചാത്തലത്തിലുള്ളതാണ്. ഏകദേശം 100 മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടായിരുന്ന മൊഹ്സിന്‍ മഖ്മല്‍ബഫിന്‍െറ ദ നൈറ്റ്സ് ഓഫ് സയന്തെ-റൂദ് (1990/ഇറാന്‍) എന്ന സിനിമയുടെ നെഗറ്റിവ് സെന്‍സര്‍ അധികാരികളുടെ കൈവശം മാത്രമാണുണ്ടായിരുന്നത്. അതില്‍നിന്ന് വീണ്ടെടുക്കപ്പെട്ട 64 മിനിറ്റ് ദൈര്‍ഘ്യമുള്ള മുറിസിനിമയാണ് ഈ മേളകളില്‍ രണ്ടിലും പ്രദര്‍ശിപ്പിച്ചത്. അധികാരം അസംബന്ധകരമായി പെരുമാറുന്നതെങ്ങനെ എന്നതിന്‍െറ സാക്ഷ്യമായി ഈ സിനിമ മാറി. ലോകത്തിന്‍െറ ആഹ്ളാദം (ഹാപ്പിനെസ് ഓഫ് ദ വേള്‍ഡ്/2016/പോളിഷ്)  എന്ന മൈക്കല്‍ റോസ സംവിധാനംചെയ്ത സിനിമക്ക് വിസ്മയകരമായ ഒരാഖ്യാനമാണുള്ളത്. രണ്ടാംലോക യുദ്ധം മുതല്‍ 50കള്‍ വരെ നീണ്ട നാസി ഭരണകാലമടക്കമുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സിനിമ ചെന്നത്തെുന്ന വിചിത്രമായ ആഴങ്ങളും പിരിവുകളും രാഷ്ട്രീയ ചരിത്രത്തിന്‍െറയും സദാചാരവും ഫാഷിസവും തമ്മിലുള്ള ബലതന്ത്രത്തിന്‍െറയും അടരുകളെ പൊളിച്ചടുക്കുന്നു. അന്തമില്ലാത്ത കവിത (എന്‍ഡ്ലെസ് പോയട്രി/2016/ചിലി, ജപ്പാന്‍, ഫ്രാന്‍സ്, യു.കെ/ഫ്രഞ്ച്, ഇംഗ്ളീഷ്, സ്പാനിഷ്) എന്നത് അലെജാന്ദ്രോ ജൊദോറോവ്സ്ക്കിയുടെ മറ്റൊരു അരാജകത്വ രചനയാണ്. റിദ മിര്‍കരീമി സംവിധാനംചെയ്ത മകള്‍ (ഡോട്ടര്‍/2016/ഇറാന്‍) എന്ന പുരസ്കാരത്തിനര്‍ഹമായ സിനിമ, കുടുംബത്തിനും വ്യക്തിബന്ധങ്ങള്‍ക്കകത്തുമുള്ള ആധിപത്യ-വിധേയത്വബന്ധങ്ങളും അധികാരവും സ്നേഹവും സദാചാരവും എല്ലാം പുനര്‍വിചാരണ ചെയ്യുന്നു.

കെന്‍ ലോച്ച് സംവിധാനംചെയ്ത ഞാന്‍ ഡാനിയേല്‍ ബ്ളേക്ക് (ഐ ഡാനിയേല്‍ ബ്ളേക്ക്/2016/ബെല്‍ജിയം, ഫ്രാന്‍സ്, യു.കെ) തന്നെയായിരിക്കും 2016ന്‍െറ സിനിമ എന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. ഈ സിനിമയില്‍, തൊഴിലാളിയായ ഡാനിയേല്‍ ബ്ളേക്ക് അനുഭവിക്കുന്ന മനുഷ്യത്വവിരുദ്ധമായ അനുഭവങ്ങളാണ് വിവരിക്കപ്പെടുന്നത്.  കാനില്‍ പാം ദ ഓര്‍ ലഭിക്കുന്ന രണ്ടാമത്തെ കെന്‍ ലോച്ച് സിനിമയാണിത്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുംമികച്ച ചിത്രങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മറാത്തിയിലാണ്. ഇക്കുറിയും ആ പതിവ് തുടര്‍ന്നു. നാഗരാജ് മഞ്ജുളെയുടെ സായിറത്ത്, സ്വദേശത്തും വിദേശത്തുമുള്ള മേളകളില്‍ മാത്രമല്ല, ബോക്സ് ഓഫിസിലും ഏറെ നേട്ടങ്ങള്‍ കൊയ്തു. ജാത്യധീശത്വവും അതിന്‍െറ പരിണതഫലമായ ജാതിപ്പോരും പ്രണയത്തിനുമേല്‍ വിധിക്കുന്ന അക്രമശിക്ഷകളുമാണ് ഈ ചിത്രത്തിന്‍െറ പ്രമേയം. ഭൂസ്വത്തുക്കളുടെ ഉടമകളും രാഷ്ട്രീയ സ്വാധീനങ്ങളേറെയുള്ളവരുമായവരുടെ കുടുംബത്തില്‍ പിറന്നുവളര്‍ന്ന ഉന്നതകുലജാതയും മീന്‍പിടിത്തക്കാരുടെ കുടുംബത്തില്‍ പിറന്നു വളര്‍ന്ന കീഴാളജാതിക്കാരനും തമ്മിലുള്ള പ്രണയമാണ് സായിറത്തിലുള്ളത്. ദുരഭിമാനക്കൊലപാതകത്തോടെയാണ് സിനിമ സമാപിക്കുന്നത്. ബോളിവുഡില്‍, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടരുന്ന പ്രവണതയനുസരിച്ചുതന്നെ, വ്യത്യസ്തതയും നൂതനത്വവും പ്രകടിപ്പിക്കുന്ന ഏതാനും സിനിമകള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തിലഭിനയിച്ച പിങ്ക് തന്നെയാണിക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം.  കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യേ ദില്‍ ഹൈ മുഷ്ക്കില്‍, അഗമ്യഗമനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നതിനുവേണ്ടി ഇന്ത്യക്ക് പുറത്തേക്ക് ലൊക്കേഷന്‍ പറിച്ചുനടുക എന്ന ഹിന്ദി സിനിമയുടെ സ്ഥിരം സദാചാരതന്ത്രം ആവര്‍ത്തിക്കുന്ന സിനിമ തന്നെയാണ്.

തമിഴ് സിനിമയിലും നവതരംഗം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. മാധവനും റിത്തിക സിങ്ങും അഭിനയിച്ച ഇരുതി സുട്രു (സുധ കൊങ്ങറ) വിഷമകരവും ദരിദ്രവുമായ സാഹചര്യങ്ങളില്‍ നിന്ന് കായികതാരത്തെ വാര്‍ത്തെടുക്കുന്ന സ്ഥിരം ഇതിവൃത്തം തന്നെയാണെങ്കിലും ആഖ്യാനത്തിന്‍െറ യഥാതഥം കൊണ്ട് ശ്രദ്ധേയമായി. വെട്രിമാരന്‍ സംവിധാനംചെയ്ത വിസാരണൈ, പൊലീസിങ്ങിലൂടെ നിര്‍വഹിക്കപ്പെടുന്ന കാക്കി അധികാരത്തിന്‍െറ മനുഷ്യത്വവിരുദ്ധ ആക്രമണാത്മകതയെ കൃത്യമായി വിവരിക്കുന്നു. ഓസ്കറിനുള്ള ഇന്ത്യന്‍ പ്രാതിനിധ്യമായി വിസാരണൈ സമര്‍പ്പിക്കപ്പെട്ടെങ്കിലും അമേരിക്കക്കാര്‍ക്ക് സ്വീകാര്യമായില്ല. പൊലീസിനെ മഹത്ത്വവത്കരിക്കുന്ന നിരവധി സിനിമകള്‍ ഇതിനിടയിലും തമിഴില്‍ ജനപ്രീതി സൃഷ്ടിച്ചു. ഇക്കൂട്ടത്തില്‍ എസ്.യു. അരുണ്‍കുമാര്‍ സംവിധാനംചെയ്ത സേതുപതിയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഫ്യൂഡല്‍ ജന്മികളുടെയും ജാതിമേന്മ അഭിമാനികളുടെയും ആശയപ്രരൂപങ്ങളായിരുന്ന താരനായകത്വത്തിന്‍െറ കൊഴിഞ്ഞുപോക്കിനു വഴിവെക്കുകയും; ആഗോളീകരണകാലത്തെ പ്രേക്ഷകരെയും അവരിലൂടെ പുനര്‍നിര്‍മിക്കപ്പെടുന്ന സാമ്രാജ്യത്വ/നവമുതലാളിത്ത/നവവരേണ്യ വര്‍ഗ താല്‍പര്യത്തെ അഭിമുഖീകരിക്കാനുതകുകയും ചെയ്യുന്ന തരം ഇതിവൃത്ത-ആഖ്യാന പരിസരത്തിലേക്ക് പുന:ക്രമീകരിക്കാനുള്ള പരിശ്രമത്തിലാണ് മലയാളസിനിമ.  
എല്ലാം ശുഭം എന്ന് ഒൗദ്യോഗികഭാഷ്യങ്ങളിലൂടെ നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോഴും മനുഷ്യവിസര്‍ജ്യം തോളത്തും തലയിലും ചുമന്ന് മാറ്റേണ്ട തൊഴില്‍ ജാതി അടിമത്തത്തിന്‍െറ ഭാഗമായി കുലവൃത്തി എന്ന സാമൂഹിക നിര്‍മാണ ആവരണത്തിനുള്ളില്‍പ്പെടുത്തി നിര്‍വഹിക്കേണ്ടിവരുന്നവര്‍ കേരളത്തിലുമുണ്ടെന്ന യാഥാര്‍ഥ്യം സധൈര്യം തുറന്നുകാണിക്കുന്നതിനാലാണ് വിധു വിന്‍സന്‍റിന്‍െറ മാന്‍ഹോള്‍ ഏറെ പ്രസക്തമാകുന്നത്. ഒരു വനിത ചലച്ചിത്രകാരിയുടെ സൃഷ്ടി, അതും ആദ്യ ഫീച്ചര്‍ സിനിമ അന്താരാഷ്ട്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതും ഒന്നിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായിയെന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തീവ്രവാദികളും മാവോവാദികളുമാക്കി പിടികൂടുകയും ശിക്ഷിക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്യുക എന്നത്, ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥയെയും നോക്കുകുത്തിയാക്കിക്കൊണ്ട് ഭരണകൂടം അനുവര്‍ത്തിക്കുന്ന രീതിയാണ്. പൊലീസ്, പട്ടാളം, അര്‍ധസൈന്യം എന്നുവേണ്ട എല്ലാത്തരം മര്‍ദനോപകരണങ്ങളും ഇതിനുവേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നു. പൊള്ളിക്കുന്ന ഈ യാഥാര്‍ഥ്യത്തിന്‍െറ അവതരണമാണ് ഡോ. ബിജുവിന്‍െറ കാടു പൂക്കുന്ന നേരത്തെ ശ്രദ്ധേയമാക്കുന്നത്. സവര്‍ണ ഹിന്ദുത്വ വര്‍ഗീയതയുടെ തള്ളിക്കയറ്റത്തിനിടയില്‍ അപ്രസക്തമായി മാറുന്ന ഗാന്ധിയെക്കുറിച്ചുള്ള ആലോചനകളാണ് ഷെറിയും ഷൈജു ഗോവിന്ദും സംവിധാനംചെയ്ത ഗോഡ് സെ എന്ന ചിത്രത്തെ സമകാലികവും ചരിത്രപരവുമാക്കുന്നത്.

വിഗതകുമാരനില്‍ നായര്‍ നായികയെ അവതരിപ്പിച്ചതിന്‍െറ പേരില്‍ മലയാള സിനിമയില്‍നിന്നു മാത്രമല്ല, കേരളം എന്ന സംസ്കാരം/ഭൂപ്രദേശം/രാഷ്ട്രീയ യാഥാര്‍ഥ്യം എന്നിവയില്‍നിന്നൊക്കെയും ബഹിഷ്കൃതയാക്കപ്പെട്ട പി.കെ . റോസി എന്ന ദലിത്/മതപരിവര്‍ത്തിത അഭിനേതാവിന് ഭാഗികമായോ പരോക്ഷമായോ തിരിച്ചുവരാന്‍ കിസ്മത്തും കമ്മട്ടിപ്പാടവും അവസരമൊരുക്കി. ജയന്‍ ചെറിയാന്‍െറ കാ ബോഡിസ്കേപ്പ്സും  ടി. വി. ചന്ദ്രന്‍െറ മോഹവലയവും പുതിയകാലത്ത് ഏറെ പ്രസക്തമാണ്.

മുഖ്യധാരയില്‍തന്നെ നിലയുറപ്പിച്ചുകൊണ്ടും അല്ലാതെയും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തി, മലയാള സിനിമയുടെ ഗൗരവവും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച ഏതാനും സിനിമകളെക്കുറിച്ചാണ് മുകളില്‍ വിവരിച്ചതെങ്കില്‍, സിനിമ വ്യവസായം കൊണ്ടാടിയ പുലിമുരുകനെക്കുറിച്ചുകൂടി പരാമര്‍ശിക്കാം. നരഭോജികളായ വരയന്‍ പുലികള്‍ അഥവാ കടുവകള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യരെ കൊല്ലുമ്പോള്‍ ആ ഭീഷണി കൈകാര്യം ചെയ്ത് അത്തരം പുലികളെ സാഹസികമായി വകവരുത്തുന്നതില്‍ വിരുതനായതുകൊണ്ടാണ് പുലിമുരുകന്‍ എന്ന് ഈ നായകന് പേരിട്ടിരിക്കുന്നത്. മുരുകന്‍ എന്ന ഹിന്ദുദൈവത്തിന്‍െറ ആയുധമായ വേല്‍ ആണ് ഇയാളുടെയും ആയുധം. ശത്രു, ശത്രുനിഗ്രഹം, ആയുധം, അവതാരം, വിഗ്രഹം, പുണ്യം, പുണ്യാഹം, ശുദ്ധാശുദ്ധം, ആരാധന, വീരാരാധന, വംശഹത്യ, വേട്ടയാടല്‍ എന്നിങ്ങനെ സമകാലിക ഇന്ത്യയിലെ ജനപ്രിയ-പൊതുബോധത്തിലേക്ക് കലര്‍ന്നിട്ടുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് മൂല്യങ്ങള്‍ ശബ്ദായമാനമായും വര്‍ണശബളമായും നിരന്തരം കടന്നുവരുന്നതുകൊണ്ടു കൂടിയാണ് പുലിമുരുകന്‍ ലക്ഷക്കണക്കിന് പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നതെന്നും വേണം കരുതാന്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cinema 2016
News Summary - 2016 movies article
Next Story