Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഉനൈസ്, നിന്നെ...

ഉനൈസ്, നിന്നെ പോലുള്ളവരെ വേദനിപ്പിച്ചതിന് മാപ്പ് -പാർവതി 

text_fields
bookmark_border
Parvathi
cancel

ചാന്ത്പൊട്ട് എന്ന സിനിമ പുറത്തിറങ്ങിയ ശേഷം നേരിട്ട അപമാനങ്ങളെ കുറിച്ച് വിവരിച്ച ഉനൈസിന് മറുപടിയുമായി നടി പാർവതി. ഉനൈസിനെപ്പോലുള്ളവരെ വേദനിപ്പിച്ചതിന് സിനിമാ മേഖലക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന് അവകാശപ്പെടുന്നവർക്കുളള മറുപടിയാണ് ഉനൈസിന്റെ കുറിപ്പെന്നും പാർവതി കൂട്ടിച്ചേർത്തു. 

ന്യൂനപക്ഷമെന്ന് വിളിച്ച് വ്യക്തിപരമായ പോരാട്ടങ്ങളെ വിലകുറച്ചുകാണരുത്. ചുറ്റുംനോക്കിയാല്‍ നിങ്ങള്‍ക്കത് ബോധ്യമാകും. കണ്ണടച്ച് ഇരുട്ടാക്കുന്നത് അവസാനിപ്പിക്കുക എന്നും പാര്‍വതി ട്വീറ്റ് ചെയ്തു. 

മുഹമ്മദ് ഉനൈസിന്‍റെ ഫേസ് ബുക്ക് കുറിപ്പ്:

തീവ്രമായ അനുഭവങ്ങളൊന്നും തന്നെ അത്ര വേഗം മായിച്ചു കളയാൻ ഒക്കില്ല എന്നുള്ളത് കൊണ്ട് തന്നെ, അതൊക്കെ ഇന്നും വളരെ വ്യക്തമായി ഓർമനില്ക്കുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചാന്ത് പൊട്ട് എന്ന സിനിമ റിലീസ് ചെയ്തത്.സംസാരത്തിലും ശരീരഭാഷയിലും അന്ന് ഭൂരിപക്ഷത്തിൽ നിന്ന് ലേശം വ്യത്യസ്തതപ്പെട്ടത് കൊണ്ടാകണം, ചില കൂടെ പഠിച്ചിരുന്നവരും, സീനിയേഴ്സുമൊക്കെ പെണ്ണെന്നും ഒമ്പതെന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നത്. ട്യൂഷനിൽ മലയാളം അധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയിൽ എന്നെ ചൂണ്ടിക്കാട്ടി ഇവൻ പുതിയ സിനിമയിലെ ചാന്ത് പൊട്ട് പോലെയാണന്ന് പറഞ്ഞപ്പോൾ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടേയും ആ അട്ടഹാസച്ചിരിയിൽ എനിക്കനുഭവപ്പെട്ടത് നെഞ്ചിൻകൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോട് കൂടി ആ ട്യൂഷൻ നിർത്തി.എന്നാൽ ആ വിളിപ്പേര് ട്യൂഷനിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സക്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയർ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററിൽ നിന്ന് പോയെങ്കിലും 'ചാന്ത് പൊട്ട്' എന്ന വിളിപ്പേര് നിലനിർത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ല് കിട്ടിയ ആളുകളെ ഒരു പാട് വർഷങ്ങൾക്ക് ശേഷം കണ്ടിട്ടുണ്ട്)

ഓരോ ദിവസവും കഴിഞ്ഞു പോവുക എന്നത് അസഹനീയമായിത്തീർന്നു. മരിക്കുക, മരിക്കുക എന്ന് ഒരു പാട് കാലം മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. ആത്മഹത്യ ചെയ്താൽ നരകത്തിൽ പോകേണ്ടി വരുമെന്ന മതവിശ്വാസം ഏറെ അസ്വസതനാക്കുകയും പിന്നോട്ട് വലിക്കുകയും ചെയ്തിട്ടുണ്ട്. പകൽ എല്ലാവർക്കും പരിഹാസമായിത്തീർന്ന്, രാത്രി ആരും കാണാതെ ഉറക്കമിളച്ചിരുന്ന് കരയുക എന്ന ഒരവസ്ഥ. പൊതുനിരത്തിൽ ഇറങ്ങാനും ആൾക്കൂട്ടത്തിനിടയിലേക്ക് ചെല്ലാനുമുള്ള പേടി; കളിയാക്കപ്പെടുമോ എന്ന ഭയം. ഉച്ചയൂണ് കഴിച്ച് കഴിഞ്ഞ്, പാത്രം പുറത്ത് കഴുകാൻ പോകാതെ അതടച്ച് ബാഗിൽ വച്ച് കുടിക്കാൻ ഉള്ള വെള്ളത്തിൽത്തന്നെ കൈ കഴുകി ക്ലാസിൽ തന്നെ സമയം കഴിച്ചുകൂട്ടിയിരുന്ന ഒരു കാലം ഉണ്ട്. അതൊരുപാട് വീർപ്പുമുട്ടിച്ചപ്പോൾ, ഏതാണ്ട് ഒമ്പതിൽ പഠിക്കുമ്പോൾ സൈക്യാട്രിസ്റ്റിനെ പോയിക്കണ്ടു.അടച്ചിട്ട മുറിയിൽ, അദ്ധേഹത്തോട് പൊട്ടിക്കരഞ്ഞ് സംസാരിച്ചതിപ്പഴും ഓർമയുണ്ട്. അന്ന് അവിടെ നിന്ന തന്ന മരുന്നുകൾ ഊർജം നല്കിയിരുന്നു.

സ്ക്കൂൾ കാലഘട്ടത്തിലെ പുരുഷ-അധ്യാപകരുടെ കളിയാക്കലുകൾ വീണ്ടുമൊരുപാട് തുടർന്നിട്ടുണ്ട്. അപരിചതരായ നിരവധി കുട്ടികൾ കൂടി തിങ്ങിനിറഞ്ഞ കംബൈൻഡ് ക്ലാസിൽ, പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകൻ എന്റെ നടത്ത മിങ്ങനെയാണന്ന് കാണിച്ച് അതിസ്ത്രൈണതയോട് കൂടി നടന്ന് കാണിച്ച് ക്ലാസിനെ അത്യുച്ചത്തിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അന്നേരമെല്ലാം തകർന്നു പോയിട്ടുണ്ട്. ഭൂമി പിളർന്ന് അതിനിടയിലേക്ക് വീണ് പോകുന്ന തോന്നലാണ് അതൊക്കെ ഉണ്ടാക്കിയിരുന്നത്. ഇതൊക്കെത്തന്നെയായിരുന്നു മുഖ്യധാരാ- ജനപ്രിയ സിനിമകളിലും കണ്ടത്. സിനിമക്കിടയിൽ കാണികൾക്ക് ചിരിയുണർത്താനായി നിങ്ങൾ പുരുഷനിൽ അതിസ്ത്രൈണത പെരുപ്പിച്ചുകാട്ടി! വാഹന പരിശോധനക്കിടയിൽ എസ്.ഐ.ബിജു പൗലോസിന്റെ കയ്യിൽ ഒരാൾ പിടിച്ചത് കണ്ട് തിയേറ്റർ കൂട്ടച്ചിരിയിലമർന്നപ്പോൾ, അതൊരുപാട് പേരെ വേദനിപ്പിച്ചിട്ടും ഉണ്ട്.

സമൂഹത്തിന്റെ ചില ധാരണകളെ അങ്ങനെത്തന്നെയന്ന് പറഞ്ഞ് അരക്കിട്ടുറപ്പിച്ച് നിലനിറുത്തുന്നതിൽ ജനപ്രിയ വിനോദാപാധി ആയ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്ത്രീ-ക്വീയർ- ന്യൂനപക്ഷവിരുദ്ധത തിരുകിക്കയറ്റിയ 'ആക്ഷൻ ഹീറോ ബിജു' മികച്ച സിനിമയാണന്നും സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന സിനിമയാണന്നും കേൾക്കേണ്ടി വന്നപ്പോൾ കഷ്ടം തോന്നി! ബിജു പൗലോസിനെപ്പോലുള്ള പോലീസുകാരാണ് നാടിനാവശ്യമെന്ന് നിവിൻ പോളി പറഞ്ഞപ്പോഴും, ആ സിനിമക്ക് സർക്കാർ നല്കിയ സ്വീകാര്യതയും പിന്തുണയും ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷക്ക് തീരെ വകയില്ലാത്തൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ചിന്ത ഞാനുൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ഉള്ളിൽ അതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.

'ചാന്ത് പൊട്ട്' എന്ന സിനിമയുടെ പേരിൽ ആ ഏഴാം ക്ലാസുകാരൻ അന്ന് ആത്മഹത്യ ചെയ്‌തിരുന്നെങ്കിൽ, 11 വർഷങ്ങൾക്കിപ്പുറം ആ സിനിമയിലെ നായകന്റേയും സംവിധായകന്റെയും കാപട്യവും ക്രൂരതയും ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടതിൽ സന്തോഷിക്കാൻ കഴിയില്ലായിരുന്നു. 11 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിൽ കരുത്തുറ്റ ഒരു സ്ത്രീ, വ്യവസ്താപിതമായി ആധിപത്യം സൃഷ്ടിച്ചിരിക്കുന്ന വൻമരങ്ങൾക്ക് നേരെ വിരൽ ചൂണ്ടി അവരുടെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ വിമർശിച്ചത് കാണാൻ കഴിയില്ലായിരുന്നു. ഉദ്ധരിച്ച ലിംഗം പ്രദർശിപ്പിച്ച് ആണത്വം തെളിയിക്കാൻ ആക്രോശിച്ച് പാഞ്ഞടുക്കുന്ന ആൺക്കൂട്ടങ്ങൾക്ക് നേരെ നിന്ന്, ഭയത്തിന്റെ വേലിക്കെട്ടുകളെ പിഴുതെറിഞ്ഞ് വളരെ കൂളായി നിന്ന് OMKV പറയാൻ ഉള്ള നിങ്ങളുടെ മനസുണ്ടല്ലോ, അതുണ്ടായാൽ വിജയിച്ചു കഴിഞ്ഞു. ആത്മാഭിമാനത്തോട് കൂടി, അന്തസോട് കൂടി തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ ആവശ്യമായത് അതുപോലുള്ള കരുത്തുള്ള മനസും മനോഭാവവുമാണ്. മുഖ്യധാരാ സിനിമ ഇത്രയും നാൾ നോവിച്ച എല്ലാവർക്കും വേണ്ടിയാണ് നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് പാർവതീ! ഒരുപാട് ഊർജവും പ്രചോദനവും നിങ്ങൾ അവർക്കെല്ലാവർക്കും കൊടുക്കുന്നുണ്ട്. സമത്വത്തിനെക്കുറിച്ചുള്ള മന്ദീഭവിച്ച പ്രതീക്ഷയെ നിങ്ങൾ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasabafbparvathymalayalam newsmovie newsKasaba RowMuhammed Unais
News Summary - Actress Parvathy Reply to Unais-Movie News
Next Story