Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശങ്കരൻ കുട്ടി ഇപ്പോൾ ഇല്ലാതായി, തൊമ്മി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു...
cancel
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightശങ്കരൻ കുട്ടി ഇപ്പോൾ...

ശങ്കരൻ കുട്ടി ഇപ്പോൾ ഇല്ലാതായി, തൊമ്മി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു...

text_fields
bookmark_border

ഞാൻ തെരഞ്ഞെടുത്ത പത്ത്​ കഥാപാത്രങ്ങളും പ്രഗദ്​ഭരായ നടീനടന്മാർ തന്നെയാണ്​ അവതരിപ്പിച്ചതെങ്കിലും അവരുടെ താരപ്രഭകൊണ്ടല്ല ഈ കഥാപാത്രങ്ങളെ നമ്മൾ ഓർമിക്കുന്നത്​. മറിച്ച്​ ഈ കഥാപാത്രങ്ങളുടെ ജീവിതപ്രഭാവം കൊണ്ടാണ്​.


1 - വിശ്വാസങ്ങൾ നഷ്​ടപ്പെട്ട വെളിച്ചപ്പാട്​


ആ പത്ത്​ കഥാപാത്രങ്ങളിൽ എന്നെ ഇന്നും ഹോണ്ട്​ ചെയ്യുന്നത്​ നിർമാല്യത്തിലെ വെളിച്ചപ്പാടാണ്​. പി.ജെ. ആന്‍റണി തീർത്തും ഈ കഥാപാത്രമായി പരണമിക്കുയായിരുന്നു.

എല്ലാ വിശ്വാസങ്ങളും നഷ്​ടപ്പെട്ട ഒരു​ വെളിച്ചപ്പാട്​. ദൈവത്തിലും ഭാര്യയിലും സമൂഹത്തിലും അവനവനിലും വിശ്വാസം നഷട്​പ്പെട്ട ഒരു കഥാപാത്രത്തിന്‍റെ അതിതീവ്രമായ ആവിഷ്​കാരമാണ്​ നിർമാല്യത്തിലെ വെളിച്ചപ്പാടിന്‍റെത്​.

കഥാപാത്രം: വെളിച്ചപ്പാട്​

അഭിനേതാവ്​: പി.ജെ. ആന്‍റണി

ചിത്രം: നിർമ്മാല്ല്യം (1971)

സംവിധാനം: കെ.എസ്​. സേതുമാധവൻ

2 - അതിജീവനമറിയാത്ത കു​ട്ട്യേടത്തി


സൗന്ദര്യത്തെക്കുറിച്ച്​ അക്കാലത്തുണ്ടായിരുന്ന എല്ലാ നോംസുപ്രകാരം വിരൂപയായ ഒരുവൾ അതിജീവിക്കാനാവാതെ ആത്​മഹത്യ ചെയ്യേണ്ടിവന്ന കഥയാണ്​ കു​ട്ട്യേടത്തിയിലെ നായിക കഥാപാത്രം. അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ പ്രശംസനീയങ്ങളായ ഗുണങ്ങളുള്ളയാളായി അവളെ വാ​​ഴ്​ത്തുമായിരുന്നു. അവൾ വളരെ ബുദ്ധിമതിയായിരുന്നു. അന്ധവിശ്വാസങ്ങളുണ്ടായിരുന്നില്ല. സാഹസിക പ്രവർത്തികൾക്ക്​ തുനിയുന്നവളുമായിരുന്നു. എല്ലാവരോടും സ്​നേഹവും നന്മയുമുള്ളവളായിരുന്നു. അക്കാലത്തിന്‍റെ ഒരു സൗന്ദര്യബോധം ബുദ്ധിയില്ലാത്ത കേവലശരീരഭംഗി മാത്രമുള്ള ഒരാളെയാണ്​ സുന്ദരിയായി അംഗീകരിച്ചിരുന്നത്​. അതിൽ നിന്ന്​ വളരെ വിപീരതമായതിനാൽ ജീവിതം അസാധ്യമായ ഒരുവളുടെ കഥയാണ്​ വിലാസിനി ഒനാന്തരമായി അവതരിപ്പിച്ച കു​ട്ട്യേടത്തി എന്ന കഥാപാത്രം. മറ്റ്​ അധികം കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാൻ വിലാസിനിക്കായില്ല. അധികവും അവർ പിന്നെ നാടകങ്ങളിലായിരുന്നു. പക്ഷേ, ഇന്നും അവർ ഈ കഥാപാത്രത്തിന്‍റെ പേരിലറിയപ്പെടുന്നു. ആ കഥാപാത്രത്തിന്‍റെ പുതുമ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

കഥാപാത്രം: കു​േട്ട്യടത്തി

അഭിനേതാവ്​: വിലാസിനി

ചിത്രം: കു​േട്ട്യടത്തി (1971)

സംവിധാനം: പി.എൻ. മേനോൻ

3 - ശങ്കരൻകുട്ടി ഇപ്പോൾ ഇല്ലാതായി


കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടി ഇപ്പോൾ കേരളത്തിൽ ഇല്ലാതായിക്കഴിഞ്ഞ ഒരു പ്രതിഭാസമാണ്​. 50 - 60-70 കളിൽ കേരളത്തിലെ ഏത്​ ഉത്സവപ്പറമ്പുകളിലും സുലഭമായിരുന്ന ഒരാളെ വളരെ സൂക്ഷ്​മാമായി നിരീക്ഷിച്ചാണ്​ അടൂർ ഗോപാലകൃഷ്​ണൻ ശങ്കരൻ കുട്ടിയെ സൃഷ്​ടിച്ചത്​. അസാധാരണമായ മികവോടെ ഗോപി ആ വേഷം അനശ്വരമാക്കി. ആ കഥാപാത്രത്തിന്‍റെ നിൽപ്പും നടപ്പും ഇരുപ്പുമെല്ലാം മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു.

കഥാപാത്രം: ശങ്കരൻ കുട്ടി

അഭിനേതാവ്​: ഗോപി

ചിത്രം: കൊടിയേറ്റം (1978)

സംവിധാനം: അടൂർ ഗോപാലകൃഷ്​ണൻ

4 - അവനവനിലേക്ക്​ ഒതുങ്ങിയ ഉണ്ണി


അവനവനിലേക്ക്​ ഒതുങ്ങിയ ഒരു കഥാപാത്രമാണ്​ എലിപ്പത്തായത്തിലെ ഉണ്ണി എന്ന കേശവൻ കുഞ്ഞ്​. മഹാ ഭീരുവായ ഒരാൾ. ഇടത്തരക്കാരന്‍റെ സുരക്ഷിതം വിട്ട​ു പുറത്തുപോകാതിരുന്ന ഒരാൾ. മധ്യവർഗത്തിന്‍റെ ഒരു ക്രോസ്​ സെക്ഷനായിരുന്നു ഈ കഥാപാത്രം. എണ്ണയിൽ കുളിച്ചിരിക്കുന്ന ആ കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നു​ പോകില്ല.

കഥാപാത്രം: ഉണ്ണി (കേശവൻ കുഞ്ഞ്​)

അഭിനേതാവ്​: കരമന ജനാർദ്ദനൻ നായർ

ചിത്രം: എലിപ്പത്തായം (1982)

സംവിധാനം: അടൂർ ഗോപാലകൃഷ്​ണൻ

5 - തൊമ്മി ആവർത്തിച്ചുകൊ​ണ്ടേയിരിക്കുന്നു


കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി സമൂഹത്തിൽ ആവർത്തിക്കുന്നില്ല. പക്ഷേ, തൊമ്മിയുടെ കഥ അങ്ങനെയല്ല. അത്​ ആവർത്തിച്ചു​കൊണ്ടേയിരിക്കുന്നു. ഓരോ രാഷ്​ട്രീയ പാർട്ടിയിലും നിരവധി തൊമ്മികളുണ്ട്​. അതിലെ നേതാക്കളാവ​ട്ടെ അതിനു മീതെയുള്ള നേതാക്കൾക്കു മുന്നിൽ തൊമ്മികളാണ്​. ഇങ്ങനെ തൊമ്മി കേരളത്തിന്‍റെ സമസ്​ത മേഖലയിലും വളരുകയാണ്​. ഈ തൊമ്മിയെ അനശ്വരമാക്കിയ എം.ആർ. ഗോപകുമാറിനെ മറക്കാനാവില്ല.

കഥാപാത്രം: തൊമ്മി

അഭിനേതാവ്​: എം.ആർ. ഗോപകുമാർ

ചിത്രം: വിധേയൻ (1994)

സംവിധാനം: അടൂർ ഗോപാലകൃഷ്​ണൻ

6 - ഫാസിസ്​റ്റുകാലത്ത്​ ചെറിയാച്ചൻ ഓർമപ്പെടുത്തുന്നത്


പോലീസ്​ ഭയം എന്നത്​ ഭരണകൂടത്തിന്‍റെ ഒരുപായമാണ്​. ഫാസിസ്റ്റ്​ ഭരണകൂടം നിലനിൽക്കുന്ന ഇന്നത്തെ ഇന്ത്യൻ അവസ്​ഥയിൽ അതിനു വലിയ അർത്ഥമുണ്ട്​. ജോൺ എബ്രഹാമിന്‍റെ 'ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളിൽ' എല്ലാ താരപരിവേഷവും മാറ്റിവെച്ച്​ അടൂർ ഭാസി പൂർണമായും ചെറിയാച്ചൻ എന്ന കഥാപാത്രമായി മാറുകയായിരുന്നു. ആ വേഷം പുതിയ ഒരു തീക്ഷ്​ണതയോടെ നമ്മുടെ ഒാർമയിൽ നിൽക്കുന്നു.

കഥാപാത്രം: ചെറിയാച്ചൻ

അഭിനേതാവ്​: അടൂർ ഭാസി

ചിത്രം: ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങൾ (1979)

സംവിധാനം: ജോൺ എബ്രഹാം

7 - തമ്പിയുടെ നീറ്റൽ


സ്​നേഹാധിക്യത്തിന്‍റെയും സങ്കടത്തിന്‍റെയും പല ഭാവങ്ങളുള്ള ഒരു വൃദ്ധന്‍റെ ജീവിതം ഗംഭീരമായാണ്​ തിലകൻ 'മൂന്നാംപക്ക'ത്തിൽ അവതരിപ്പിച്ചത്​. തമ്പി എന്ന ഇൗ പത്​മരാജൻ കഥാപാത്രം നമ്മുടെ മനസ്സിൽ ഒരു നീറ്റലായി അങ്ങനെ നിൽക്കുകയും ചെയ്യും.

കഥാപാത്രം: തമ്പി

അഭിനേതാവ്​: തിലകൻ

ചിത്രം: മൂന്നാംപക്കം

സംവിധാനം: പത്​മരാജൻ (1988)

8 - ആഘോഷിക്കപ്പെടാത്ത കൈമൾ


മലയാളത്തിൽ എന്നെ ഏറ്റവും അധികം ഡിസ്റ്റർബ്​ ചെയ്​ത കഥാപാത്രം 'മറ്റൊരാളി'ലെ കൈമൾ ആണ്​. കെ.ജി. ജോർജെന്ന സംവിധായകന്‍റെ അദ്​ഭുതകരമായ പ്രതിഭ കാണാവുന്ന ഒരു സിനിമകൂടിയാണത്​. വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ ഒരു സിനിമകൂടിയാണത്​. കരമന ജനാർദനൻ നായർ ചെയ്​ത കൈമൾ അത്രയും ഗംഭീരമായ ഒന്നാണ്​.

കഥാപാത്രം: കൈമൾ

അഭിനേതാവ്​: കരമന ജനാർദ്ദനൻ നായർ

ചിത്രം: മറ്റൊരാൾ (1988)

സംവിധാനം: കെ.ജി. ജോർജ്​

9 - സങ്കടത്തിലാഴ്​ത്തിയ സേതുമാധവൻ


മോഹൻലാലിന്‍റെ ഏറ്റവും മികച്ച വേഷമായി എനിക്കു തോന്നിയിട്ടുള്ളത്​ ലോഹിതദാസ്​ സൃഷ്​ടിച്ച 'കിരീട'ത്തിലെ സേതുമാധവൻ തന്നെയാണ്​. കുട്ടികളെയും മുതിർന്നവരെയുമെല്ലാം സങ്കടത്തിലാഴ്​ത്തിയ മറ്റൊരു മോഹൻലാൽ കഥാപാത്രവുമില്ല.ഒരു കൊമേഴ്​സ്യൽ സിനിമയുടെ വഴികളൊക്കയാണങ്കിലും ആ കഥാപാത്രത്തെ നമുക്ക്​ വിസ്​മരിക്കാൻ സാധ്യമല്ല.

കഥാപാത്രം: സേതുമാധവൻ

അഭിനേതാവ്​: മോഹൻലാൽ

ചിത്രം: കിരീടം (1989)

സംവിധാനം: സിബി മലയിൽ

10 - തനിയാവർത്തനമായ ഇന്ത്യൻ അടുക്കള


ഗ്രേറ്റ്​ ഇന്ത്യൻ കിച്ചണിലെ ഭാര്യ കഥാപാത്രം അതേ അനുപാതത്തിലല്ലെങ്കിലും കേരളത്തിലെ വീടുകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്​. ഒരു സബ്​ ഹ്യൂമൻ ആയ കഥാപാത്രമാണ്​ സ്​ത്രീ. എല്ലാ ജോലികളും അവളാണ്​ ചെയ്യേണ്ടത്​. സമൂഹത്തിലെ 90 ശതമാനം ജോലിയും ചെയ്യുന്ന സ്​ത്രീക്ക്​ ഒരു പ്രതിഫലവുമില്ല. പക്ഷേ, പുരുഷനാക​ട്ടെ പ്രതിഫലവുമുണ്​ വിസിബിലിറ്റിയുമുണ്ട്​. അധികാരവുമുണ്ട്​. അങ്ങനെ അധികാരമില്ലാത്ത, അകത്ത്​ പുറത്താക്കപ്പെട്ട ഈയൊര​ു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ വളരെ സൂക്ഷ്​മമായ നിരീക്ഷണമുണ്ട്​. ആ കഥാപാത്രത്തോട്​ നീതിചെയ്യാൻ നിമിഷ സജയൻ എന്ന നടിക്ക്​ കഴിഞ്ഞു. സമീപകാലത്ത്​ മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും പ്രഗദ്​ഭയായ നടിയും നിമിഷയാണ്​. പൂർണമായി കഥാപാത്രമായി മാറാൻ കഴിയുന്ന നടിയാണവർ. മുൻ സിനിമകളിലും അതവർ തെളിയിച്ചിട്ടുണ്ട്​.

കഥാപാത്രം: വീട്ടമ്മ

അഭിനേതാവ്​: നിമിഷ സജയൻ

ചിത്രം: ദ ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൺ (2021)

സംവിധാനം: ജിയോ ബേബി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpatta NarayananMarakkillorikkalum
News Summary - marakkillorikkalum Kalpatta Narayanan
Next Story