ആശ്വാസം... കയർ തൊഴിലാളികൾക്ക് പെൻഷൻ ഈയാഴ്ച മുതൽ നവംബർ മുതൽ പെൻഷൻ കിട്ടാത്ത തൊഴിലാളിക്ക് 10,500 രൂപ ലഭിക്കും

09:11 AM
13/08/2017
കൊല്ലം: മാസങ്ങളായി പെന്‍ഷന് കാത്തിരിക്കുന്ന കയർ തൊഴിലാളികൾക്ക് ഇത്തവണത്തെ ഓണം സന്തോഷം പകരും. കൊല്ലം താലൂക്കിലെ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിൽ വിരമിക്കൽ ആനുകൂല്യം, കുടിശ്ശിക പെൻഷൻ എന്നിവയടക്കം മൂന്ന് കോടി 70 ലക്ഷം രൂപയാണ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ നവംബർ മുതൽ ആധാർ ലിങ്ക് ചെയ്യാത്തതിനാൽ പെൻഷൻ കിട്ടാത്ത കയർ തൊഴിലാളികൾക്ക് കുടിശ്ശിക ഉൾപ്പെടെ തുക പെൻഷനായി ലഭിക്കും. ഈയാഴ്ചയോടെ പെൻഷൻ തുക വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആധാര്‍ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ വരെ പെന്‍ഷന്‍ നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇവർക്ക് ഏപ്രിൽ മുതൽ പെൻഷൻ തുക 100 രൂപ വർധിപ്പിച്ചതിനെ തുടർന്ന് 1100 രൂപ വീതം അഞ്ചുമാസത്തെ പെൻഷൻ തുകയായ 5500 രൂപ ലഭിക്കും. ആധാര്‍ സമര്‍പ്പിക്കാത്തതിനാൽ പെൻഷൻ ലഭിക്കാതിരുന്നവർക്ക് നവംബർ മുതലുള്ള 10,500 രൂപ വീതം ലഭിക്കും. കൊല്ലം താലൂക്കില്‍ ഇങ്ങനെ പെന്‍ഷന്‍ കിട്ടാതെ കാത്തിരിക്കുന്നത് 5000 പേരാണ്. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും കോർപറേഷൻ പരിധിയിലും 4500 പേർക്കാണ് പെൻഷൻ ലഭിക്കുക. ഇതിൽ മൂവായിരത്തോളം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും 1500 പേർക്ക് മണിയോഡർ വഴിയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. വിരമിക്കൽ ആനുകൂല്യം ലഭിക്കാതിരുന്ന 1200 പേർക്കും തുക ഈ മാസം 25ന് മുമ്പ് വിതരണം ചെയ്യും. വിരമിക്കൽ ആനുകൂല്യ വിതരണത്തിന് 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ പെന്‍ഷന്‍ മണിയോഡറായി നല്‍കുമ്പോള്‍ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ തുകയില്‍നിന്ന് മണിയോഡര്‍ കമീഷന്‍ ഈടാക്കിയാണ് ബോര്‍ഡ് പെന്‍ഷന്‍ നല്‍കിയിരുന്നത്. കയർ തൊഴിലാളി പെന്‍ഷന്‍ മണിയോഡറായി നല്‍കുമ്പോള്‍ കമീഷന്‍ ബോര്‍ഡ് തന്നെ വഹിക്കണമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് പെന്‍ഷന്‍കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ തുക പൂര്‍ണമായും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അവശരായവരിൽ ആധാർ എടുക്കാൻ കഴിയാത്തവരുടെ നിരവധി അപേക്ഷ ലഭിച്ചതിനെ തുടർന്ന് ഇവർക്ക് പ്രത്യേക അനുമതി ലഭിച്ചിരുന്നു. ഇവർക്കും നവംബർ മുതലുള്ള തുക എത്തിച്ചു നൽകുമെന്നും കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അധികൃതർ പറഞ്ഞു. -

COMMENTS