നായ കുറുകെചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു

09:20 AM
12/08/2017
ആറ്റിങ്ങല്‍: ദേശീയപാതയില്‍ നായ കുറുകെചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ആറ്റിങ്ങല്‍ കടുവയില്‍ വെള്ളൂര്‍ക്കോണത്ത് വീട്ടില്‍ (എസ്.എസ് ഭവന്‍) ഓമന ജയകുമാറാണ് (47) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തിന് ദേശീയപാതയില്‍ ആലംകോട് ജങ്ഷനിലാണ് അപകടം. ഓമനയുടെ മകൻ അജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. നായ കുറുകെചാടിയപ്പോൾ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ തെന്നിമറിയുകയായിരുന്നു. പിന്‍സീറ്റിലിരുന്ന ഓമന തെറിച്ച് റോഡിലേക്ക് വീണു. പരിക്കേറ്റ ഓമനയെയും അജിയെയും നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് ഓമനയുടെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അജി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലംകോടിനടുത്ത് ചാത്തമ്പറയിലെ ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് ജയകുമാറിനെ കണ്ടശേഷം ഒാമനയും മകനും തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മകൾ: റജി.

COMMENTS