തോട്ടം മേഖലയിൽ വാഹനാപകടങ്ങൾ പെരുകുന്നു

05:35 AM
14/02/2018
വണ്ടിപ്പെരിയാർ: തോട്ടം മേഖലയിൽ ഇരുചക്രവാഹനാപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു പെൺകുട്ടിയടക്കം മരിച്ചത് പത്തുപേരാണ്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ ദിവസം കുമളി അട്ടപ്പള്ളത്തുണ്ടായ ഇരുചക്രവാഹനാപകടത്തിൽ ചികിത്സയിലിരുന്ന ആനക്കുഴി പുതുവൽ സ്വദേശി ദാസി​െൻറ മകൻ സുനിലാണ് (24) അവസാനമായി മരണപ്പെട്ടത്. സുഹൃത്ത് പ്രേംദാസ് അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കഴിഞ്ഞവർഷം ആദ്യവാരം യുവാക്കൾ സഞ്ചരിച്ച ബൈക്കും ലോറിയും ദേശീയപാത 183ൽ അമ്പത്തി ഏഴാംമൈലിന് സമീപത്ത് കൂട്ടിയിടിച്ച് കരടിക്കുഴി സ്വദേശി അരുൺ എന്ന 21കാരൻ മരിച്ചു. അതേ മാസം ദേശീയപാത മുറിഞ്ഞപുഴയിലെ അപകടത്തിൽ പത്തനംതിട്ട സ്വദേശി രാജീവ് മരണപ്പെടുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന മധ്യവയസ്കൻ ഓടിച്ച കാർ ഇടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. അതേവർഷം ആഗസ്റ്റിലാണ് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ടിപ്പറിനടിയിൽപെട്ട് ജെസ് എന്ന പ്ലസ് വൺ വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞത്. സഹോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലായിരുന്നു അപകടം. ദേശീയ പാതയിൽ 65ാം മൈലിൽ അമിതവേഗത്തിലായിരുന്ന ബൈക്ക് ജീപ്പിലിടിച്ച് വാളാർഡി സ്വദേശിയായ യുവാവ് മരിച്ചതും 2016ൽ തന്നെയാണ്. വർഷാവസാനത്തിൽ മുച്ചക്ര വാഹനത്തിൽ ബൈക്കിടിച്ച് വികലാംഗനായ വയോധികനും മരണത്തിനു കീഴടങ്ങി. 10 മാസത്തിനുള്ളിൽ അഞ്ചുപേരാണ് മരിച്ചത്. ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അമിതവേഗമാണ്. പുതുവർഷാരംഭത്തിലാണ് മൗണ്ട്--സത്രം റോഡിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് തോട്ടം തൊഴിലാളിയായ മഹേന്ദ്രൻ എന്ന യുവാവ് മരിച്ചത്. തൊട്ടടുത്ത മാസം പീരുമേട് മരിയഗിരി സ്കൂളിന് സമീപം ബന്ധുവി​െൻറ പിന്നിലിരുന്നു ബൈക്കിൽ യാത്ര ചെയ്ത നഴ്സിങ് വിദ്യാര്‍ഥിനി ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണ്‌ സംഭവസ്ഥലത്ത് മരിച്ചിരുന്നു. ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിെട എതിരെ വന്ന വാഹനത്തെ കണ്ട് നിയന്ത്രണം വിട്ടായിരുന്നു ബൈക്ക് മറിഞ്ഞത്. കഴിഞ്ഞ മാസം പെരിയാർ-വള്ളക്കടവ് റോഡിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് സംഭവസ്ഥലത്ത് ഒരാളും ചികിത്സയിലിരുന്ന യുവാവും മരിച്ചതോടെ ഇതുവരെ അഞ്ചുപേരാണ് റോഡ് അപകടത്തിൽ മരിച്ചത്. ഇത് കൂടാതെ ചെറുതും വലുതുമായ ബൈക്ക് അപകടങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മരിക്കുന്നവരിൽ ഭൂരിഭാഗവും പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. റോഡിലെ വൻ കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ റോഡിൽ പരിശോധന കർശനമാക്കുമ്പോഴും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് ചെറിയ പിഴകൾ മാത്രമാണ് ഈടാക്കുന്നത്. വാഹനങ്ങളിൽനിന്ന് ഡീസൽ മോഷണം; റോഡ് നിർമാണം തടസ്സപ്പെട്ടു വണ്ടിപ്പെരിയാർ: റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് ഡീസൽ മോഷണം. തിങ്കളാഴ്ച രാത്രി വണ്ടിപ്പെരിയാർ മ്ലാമല ജങ്ഷനിൽ വാഹനങ്ങളിൽനിന്ന് 300 ലിറ്ററോളം ഡീസൽ മോഷണം പോയി. മ്ലാമല- ഗ്ലെൻ മേരി റോഡ് നിർമാണ ഭാഗമായി എത്തിച്ച ടിപ്പർ ലോറി, ജെ.സി.ബി അടക്കം നാല് വാഹനങ്ങളിൽനിന്നുമാണ് ഡീസൽ ടാങ്കിനും പൈപ്പിനും കേടുവരുത്തി ഇന്ധനം മോഷ്ടിച്ചത്. ഏഴു വാഹനങ്ങളാണ് സ്ഥലത്തുണ്ടായിരുന്നത്. രാവിലെ ജോലി തുടങ്ങാൻ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതുമൂലം ചൊവ്വാഴ്ച റോഡ് നിർമാണം പൂർണമായും തടസ്സപ്പെട്ടു. നൂറോളം പേരുടെ ജോലിയും മുടങ്ങി. വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

COMMENTS