Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജകുമാരിയിൽ...

രാജകുമാരിയിൽ ഉരുൾപൊട്ടി; ഏലത്തോട്ടവും നെൽപാടവും ഒലിച്ച​ു​പോയി

text_fields
bookmark_border
രാജകുമാരി: ശക്തമായ മഴയിൽ രാജകുമാരി മഞ്ഞക്കുഴിയിൽ ഉരുൾപൊട്ടി. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. മുതുവാക്കുടി മലമുകളിൽനിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തി നാൽപതേക്കറോളം ഏലകൃഷിയും നെൽപാടവും ഒലിച്ചുപോയി. മഞ്ഞക്കുഴി എസ്റ്റേറ്റ് ഭാഗം വെള്ളത്തിനടിയിലായി. ഇവിടെ താമസിക്കുന്ന കൊല്ലുവേലി ബാബു, കാവുംകുടി തങ്കച്ചൻ, ശരവണൻ, കൊല്ലുവേലി രാജൻ, ബാഡിമല തങ്കച്ചൻ, മോഹനൻ മംഗലശ്ശേരി എന്നിവരുടെ വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. കല്ലും മണ്ണും വെള്ളവും വീടുകൾക്കുള്ളിൽ കയറി. പല വീടിനും ഉൾവശം രണ്ടടി ഉയരത്തിൽ മണ്ണ് നിറഞ്ഞിരിക്കുകയാണ്. വീട്ടുപകരണങ്ങൾ വെള്ളം കയറി നശിക്കുകയും ഒഴുകിപോകുകയും ചെയ്തു. കൊല്ലുവേലി ബാബുവി​െൻറ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും രണ്ടു ബൈക്കും മലവെള്ളത്തിൽ ഒഴുകിപ്പോയി. ഇവ സമീപത്ത് കൃഷിയിടത്തിൽ മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. അപകടസമയത്ത് ജനം ഒന്നാകെ കൊല്ലുവേലി രാജ​െൻറ വീടി​െൻറ ടെറസിൽ കയറിയതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വെള്ളത്തി​െൻറ ഗതി മാറ്റിവിട്ടതോടെയാണ് വീടുകളിൽനിന്ന് വെള്ളം ഒഴുകിപോയത്. കിണറുകൾ നികന്നു. മോട്ടോറുകൾ, കൃഷി ഉപകരണങ്ങൾ എന്നിവ ഒഴുകിപ്പോയി. മുതുവാക്കുടിയിൽ ഉരുൾപൊട്ടലിനിടയിൽ ഒരു ചെക്ഡാം തകരുകയും ചെയ്തു. മഞ്ഞക്കുഴി പാടശേഖരത്തിലെ കൃഷി വെള്ളത്തിൽ മുങ്ങി. മലമുകളിൽനിന്ന് വൻ മരങ്ങളും മരക്കുറ്റികളും കല്ലും ഒഴുകിയെത്തി റോഡിൽ അടിഞ്ഞ നിലയിലാണ്. ചൊവ്വാഴ്ച ഉരുൾപൊട്ടൽ ഉണ്ടായ വാതുകാപ്പിൽ വീണ്ടും ചെറിയ ഉരുൾപൊട്ടലും ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി. രാജകുമാരി പരത്തിപ്പിള്ളിൽ ബെന്നിയുടെ വീടിനു സമീപം റോഡിൽ വിള്ളലുണ്ടായി വീടിനു അപകട ഭീഷണിയായി. ഇതേതുടർന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. രാജകുമാരി പഞ്ചായത്തിലെ വഴികളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതിയും ടെലിഫോൺ സൗകര്യവും ഇല്ലാതായി. വെള്ളപ്പാറക്ക് സമീപമുണ്ടായ മറ്റൊരു ഉരുൾപൊട്ടലിൽ അഞ്ചേക്കറോളം കൃഷിയിടം ഒലിച്ചുപോയി. രാജാക്കാട്‌ മേഖലയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രദേശം ഒറ്റപ്പെട്ടു രാജാക്കാട്‌: മേഖലയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കനകപ്പുഴ, വലിയകണ്ടം, എൻ.ആർ സിറ്റി, കള്ളിമാലി കലുങ്കുസിറ്റി പന്നിയാർകുട്ടി, തലക്കുളം, ജോസ്‌ഗിരി, തേക്കിൻകാനം മേഖലകളിലാണ് വ്യാപക നാശം. പഴയവിടുതി ഗവ. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. നൂറോളം കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. കള്ളിമാലിയിൽ ഒരു കിണർ ഇടിഞ്ഞു. മുതിരപ്പുഴയാറിൽ കുഞ്ചിത്തണ്ണി-എല്ലക്കൽ പാലം മുങ്ങി. രാജാക്കാട്‌ പ്രദേശം ഒറ്റപ്പെട്ടു. വഴിയിലെ തടസ്സം മൂലം മിക്കയിടത്തും രക്ഷാപ്രവർത്തകർക്ക്‌ എത്തിച്ചേരാനാകുന്നില്ല. ബി.എസ്‌.എൻ.എൽ ഉൾെപ്പടെയുള്ള മൊബൈൽ സേവനം നിലച്ചിരിക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത്‌ കെ.എസ്‌.ഇ.ബി വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നതിനാൽ മലയോരമാകെ ഇരുളിലായി. ഉരുൾപൊട്ടി ആളെ കാണാതായി തൊടുപുഴ: താലൂക്കിലെ വണ്ണപ്പുറം, അറക്കുളം, ഉടുമ്പന്നൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ ഉരുൾപൊട്ടൽ. മുട്ടം കൊല്ലംകുന്നിൽ ഉരുൾപൊട്ടി കഴുമറ്റത്തിൽ അനിലിനെ കാണാതായി. അനിലി​െൻറ വീടിനു മുകളിലേക്കാണ് ഉരുൾപതിച്ചതെങ്കിലും മാതാവും മക്കളുമടക്കം മൂന്നുപേർ ഓടി രക്ഷപ്പെട്ടു. താലൂക്കിലെമ്പാടുമായി മുപ്പത്തിയഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ ഒളമറ്റം, മ്രാല എന്നിവിടങ്ങളിൽ വെള്ളം കയറി. ഇതേ റോഡിൽ കുളമാവിലും ഇടുക്കി വനത്തിനുള്ളിലും റോഡിലേക്ക് മണ്ണിടിയുകയും ടാറിങ് ഇടിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. വനത്തിനുള്ളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. തൊടുപുഴ-മൂവാറ്റുപുഴ റോഡിലും വെള്ളം കയറി ഗതാഗതം നിലച്ചു. തൊടുപുഴയിൽനിന്ന് വണ്ണപ്പുറം, പൂമാല, ഉടുമ്പന്നൂർ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവിസ് തടസ്സപ്പെട്ടിട്ടുണ്ട്. തൊടുപുഴയിൽനിന്ന് മൂലമറ്റം, കാഞ്ഞാർ എന്നിവിടങ്ങളിലൂടെ വാഗമണ്ണിനുള്ള റോഡിലും ഗതാഗതവും നിലച്ചു. ഇരാറ്റുപേട്ട-വാഗമൺ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഉടുമ്പന്നൂർ മേഖലയിൽ മലയിഞ്ചിയിൽ നിരവധി തവണ ഉരുൾപൊട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story