Begin typing your search above and press return to search.
proflie-avatar
Login

പാർവതി

പാർവതി
cancel

15. കുതിരപ്പുറത്ത് വരുന്ന പോരാളിഅന്ന് വെളുപ്പിന് വിചിത്രമായൊരു സ്വപ്നം കണ്ടു ഞെട്ടിയുണരുകയായിരുന്നു പാർവതി. അന്തിയിരുട്ടിനെ പുണരാനായി വെമ്പുന്ന ചുവന്ന മാനത്തി​ന്റെ അതിരുകളിലൂടെ കുതിരയോടിച്ചുവരുന്ന പോരാളി. അയാളുടെ കൈയിൽ നീട്ടിപ്പിടിച്ച കുന്തമുണ്ട്. മാറത്തു അന്തിവെയിലിൽ തിളങ്ങുന്ന ലോഹച്ചട്ടയും. ചുറ്റും ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾക്കിടയിൽ അയാളുടെ മെലിഞ്ഞരൂപം തെളിയുകയും മായുകയും ചെയ്തുകൊണ്ടിരുന്നു. എന്തിനെയോ ഒക്കെ കീഴ്‌പ്പെടുത്താനും തകർക്കാനുമുള്ള ആവേശമുണ്ട് അയാളുടെ കുതിപ്പിൽ. അയാളുടെ മുമ്പിൽ കാണാനാവാത്ത ഏതോ കൂറ്റൻ കോട്ടയുണ്ടായിരുന്നിരിക്കണം.ഒരു നിമിഷം. അത്യപൂർവമായ നിമിഷം....

Your Subscription Supports Independent Journalism

View Plans

15. കുതിരപ്പുറത്ത് വരുന്ന പോരാളി

അന്ന് വെളുപ്പിന് വിചിത്രമായൊരു സ്വപ്നം കണ്ടു ഞെട്ടിയുണരുകയായിരുന്നു പാർവതി. അന്തിയിരുട്ടിനെ പുണരാനായി വെമ്പുന്ന ചുവന്ന മാനത്തി​ന്റെ അതിരുകളിലൂടെ കുതിരയോടിച്ചുവരുന്ന പോരാളി. അയാളുടെ കൈയിൽ നീട്ടിപ്പിടിച്ച കുന്തമുണ്ട്. മാറത്തു അന്തിവെയിലിൽ തിളങ്ങുന്ന ലോഹച്ചട്ടയും. ചുറ്റും ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾക്കിടയിൽ അയാളുടെ മെലിഞ്ഞരൂപം തെളിയുകയും മായുകയും ചെയ്തുകൊണ്ടിരുന്നു. എന്തിനെയോ ഒക്കെ കീഴ്‌പ്പെടുത്താനും തകർക്കാനുമുള്ള ആവേശമുണ്ട് അയാളുടെ കുതിപ്പിൽ. അയാളുടെ മുമ്പിൽ കാണാനാവാത്ത ഏതോ കൂറ്റൻ കോട്ടയുണ്ടായിരുന്നിരിക്കണം.

ഒരു നിമിഷം. അത്യപൂർവമായ നിമിഷം. അയാളുടെ മുഖത്തി​ന്റെ ഒരു പാതി കണ്ടുവെന്ന് തോന്നി. ഉടൻതന്നെ അത് മാഞ്ഞു പോകുകയും ചെയ്തു. പരിചിതമായൊരു മുഖം? എവിടെയോ കണ്ടു മറന്ന മുഖം. മറക്കാൻ ശ്രമിച്ചൊരു മുഖം. അതോ വീണ്ടും കാണാൻ കൊതിച്ചൊരു മുഖം. അത് തന്നെ തേടിവരുകയാണോ?

ആരാണയാൾ? ഒരു പിടിയും കിട്ടുന്നില്ല പാർവതിക്ക്. കിടക്കയിൽ എഴുന്നേറ്റിരിക്കുമ്പോൾ അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. കട്ടിലിൽനിന്നിറങ്ങി മേശപ്പുറത്തെ ചില്ലുപാത്രത്തിൽനിന്ന് വെള്ളം മൊത്തിക്കുടിക്കുമ്പോഴും അവളുടെ അങ്കലാപ്പ് കുറഞ്ഞിരുന്നില്ല.

വെളുപ്പിനു കാണുന്ന കിനാവുകൾ സത്യമാകാറുണ്ടെന്ന് പറഞ്ഞത് അമ്മാമ്മയാണ്. അത്തരം ഒരുപാട് അനുഭവങ്ങളുണ്ട് അമ്മാമ്മക്ക്. മുത്തച്ഛനെ കാണാതായ രാത്രി ഇപ്പോഴും മനസ്സി​ന്റെ ആഴങ്ങളിൽ. ശപിക്കപ്പെട്ട ആ രാത്രിയിലെ കാറ്റും കോളും ഇപ്പോഴും കൺമുമ്പിൽ. ജനാലക്കതകുകൾ വല്ലാതെ കലമ്പൽ കൂട്ടുന്നതു കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴാണ് മുത്തച്ഛൻ അടുത്തില്ലല്ലോയെന്ന് ഓർത്തത്. ഇരുട്ടുന്നതിനു മുമ്പേ വള്ളത്തിൽ കയറി ദൂരെയേതോ കരയിലേക്കു പോയ മുത്തച്ഛൻ.

കഥകളി പ്രാന്തനായിരുന്നു അദ്ദേഹം. ആട്ടം ഇഷ്ടമാണെങ്കിലും പ്രാണൻ സംഗീതത്തിലായിരുന്നു. നളചരിതത്തിലെ ചില പ്രധാന പദങ്ങൾ കാണാപ്പാഠമായിരുന്നു. അടുത്തെവിടെയെങ്കിലും മേജർ സെറ്റിന്റെ കളിയുണ്ടെങ്കിൽ മുന്നേ വിവരമറിയിച്ചിരിക്കും ഉറ്റ കൂട്ടുകാർ. സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് വള്ളങ്ങളിലായിരുന്നു കൂട്ടരൊത്തുള്ള യാത്ര. അമ്പലപ്പറമ്പിലിരുന്ന് പുലരും വരെ കളികാണാൻ ഒരുങ്ങിയ കൂട്ടർ.

അക്കുറി എന്തുകൊണ്ടോ പതിവുള്ള കൂട്ടർക്ക് അസൗകര്യമായപ്പോൾ പരിഭ്രമമായി മുത്തച്ഛന്. വളരെക്കാലത്തിനു ശേഷം ആ കരയിൽ നമ്പീശനും നെടുങ്ങാടിയും പാടാൻ വരുന്നു. നളചരിതം കഥയും. ഇങ്ങനെയൊരു അവസരം എന്നു കിട്ടാൻ? പോന്നോ​ന്റെ ഒപ്പം ചേരാൻ സഹായികളെ കിട്ടുന്ന ഫ്യൂഡൽ പ്രതാപകാലം. അങ്ങനെ പുതിയ ചില കൂട്ടരെത്തിയപ്പോൾ മുത്തശ്ശൻ ഉഷാറായി. എന്നിട്ടും അമ്മാമ്മക്ക് മുമ്പില്ലാത്ത പേടി. പുതിയൊരു കര. മുമ്പ് കാണാത്ത കൂട്ടുകാർ...

കാലവർഷത്തി​ന്റെ മുന്നൊരുക്കംപോലെ അന്തരീക്ഷത്തിൽ പുതിയൊരു ഈർപ്പം. പക്ഷേ, മുന്നോട്ടു​വെച്ച കാൽ പുറകോട്ടുവെക്കാത്ത മുത്തശ്ശനാണെങ്കിൽ വലിയ ചിരി. നമ്പീശ​ന്റെ പാട്ടിനെപ്പറ്റി ഇവർക്കൊക്കെ എന്തറിയാം? അമ്മ പേടിക്കണ്ട ഞങ്ങളില്ലേ കൂടെ, സഹായികൾ പിന്നണി പാടി. എന്നിട്ടും എന്തൊക്കെയോ പന്തികേടുകൾ അമ്മാമ്മയുടെ ഉള്ളിൽ വലകെട്ടി. പണിപ്പെട്ട് അതൊന്നും പുറത്തുകാട്ടാതെ അവർ നിന്നു.

അന്തിമയങ്ങിയപ്പോൾ പതിവില്ലാതെ മാനം കാറ് കൊണ്ടുമൂടി. കറുകറുത്ത മേഘപാളികൾ. ദൂരെ എവിടെയോ ആകാശത്തെ പിളരുന്ന മിന്നൽപ്പിണരുകൾ. തട്ടിൻമുകളിൽ കൊട്ടത്തേങ്ങകൾ ഉരുണ്ടുകളിക്കുന്നത് പോലെ ഇടിത്തുണ്ടുകൾ. അമ്മാമ്മയുടെ നെഞ്ചു പിടഞ്ഞു. ഉള്ളിലൊരു ആന്തൽ. കരപിടിച്ചു കാണില്ല അവർ. നടുപ്പുഴ കടന്നു കാണില്ല അവർ. എന്നിട്ടും ഇത്തിരി ആശ്വാസം ഉള്ളിൽ. മച്ചിലെ പരദേവത കാക്കാതിരിക്കില്ല. ഇവിടത്തെ മിന്നൽ അവിടെ കാണില്ല. ഇവിടത്തെ ഇടി അവിടെ കാണില്ല. ആ കാളരാത്രിയുടെ നടുവിൽ എപ്പോഴോ ഉറക്കം അമ്മാമ്മയെ കീഴ്‌പ്പെടുത്താനെത്തി.

 പിന്നീട് വെളുപ്പിന് കണ്ട കിനാവുകളിൽ ഓളങ്ങൾക്കിടയിൽ മിന്നിമറയുന്ന വഞ്ചിയുണ്ടായിരുന്നു. ഒഴുക്കിനെതിരെ തനിച്ചു തുഴയുന്ന മുത്തച്ഛനുണ്ടായിരുന്നു. തനിച്ചു വളരെ തനിച്ച്. അടിവയറ്റിൽനിന്നു വലിയൊരു നിലവിളി പൊങ്ങിവന്നു അവരുടെ തൊണ്ടയെ കശക്കി. ഇതൊരു പെരുമഴക്കാലം. കാലവർഷത്തിനെ എതിരേൽക്കാൻ വട്ടം കൂട്ടുന്ന പ്രകൃതിയുടെ തിരനോട്ടം. നേരം വെളിച്ചമായപ്പോഴേക്കും ആരൊക്കെയോ ഓടിയെത്തി. നടുപ്പുഴയിൽ മറിഞ്ഞ വള്ളത്തിൽനിന്ന് നീന്തിക്കയറിയത് ഒരാൾ മാത്രം. കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ. പിന്നീട് അമ്മാമ്മ കരഞ്ഞില്ല. മച്ചിലെ പരദേവതയോട് പരാതി പറഞ്ഞില്ല, ശപിച്ചില്ല. അത്തരം ഘട്ടങ്ങളെ നേരിടാനുള്ള ഉൾക്കരുത്ത് അവർ ഇതിനകം നേടിക്കഴിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ അകലെയൊരു കരയിലടിഞ്ഞ ശരീരത്തെപ്പറ്റി വിവരം കിട്ടിയപ്പോഴും അവർ കരഞ്ഞില്ല. മുൻവരിയിലെ സ്വർണപ്പല്ല് കണ്ടാണ് ആളെ തിരി ച്ചറിഞ്ഞതത്രേ. മീനുകൾ കൊത്തിപ്പറിച്ച ആ മുഖം കാണണമെന്ന് പറഞ്ഞില്ല. അത് വേറെ ആരുടെയോ ശരീരം. വേറെ ആരുടെയോ സ്വർണപ്പല്ല്. ത​ന്റെ ജീവിതത്തിൽനിന്ന് ആ ഏട് അവർ അന്നേ ചീന്തിക്കളഞ്ഞു. അനാഥമായ ആ സ്വർണപ്പല്ല് എവിടെയോ കിടന്നു പിടഞ്ഞു. ഇത് കഴിഞ്ഞതവണത്തെ പോക്കിൽ അമ്മാമ്മ പറഞ്ഞ കഥ. ഒരു പക്ഷേ, സൗമിനിയമ്മക്ക് അറിയാത്ത കഥ. അല്ലെങ്കിൽ മറന്നുപോയ കഥ.

ഇപ്പോൾ പാർവതിയെ അലട്ടുന്നതും ആ കഥതന്നെ. വെളുപ്പിന് കാണുന്ന സ്വപ്നം സത്യമാകുമോ? എങ്കിൽ ആ പോരാളി ആര്? കണ്ട ആ പാതിമുഖം ആരുടേത്?

കുറെ കഴിഞ്ഞു അത്തരം വേണ്ടാത്ത വിചാരങ്ങൾ മാറ്റിവെച്ച് തന്റെ പതിവ് ചിട്ടകളിൽ മുഴുകിയപ്പോൾ അൽപം സ്വസ്ഥത കിട്ടിയതുപോലെ പാർവതിക്ക് തോന്നി. കുളികഴിഞ്ഞു വേഷം മാറുന്നതിനിടയിൽ പതിവില്ലാതെ അവളുടെ ഫോൺ ചിലച്ചു. അറിയാത്ത ഏതോ നമ്പർ. ട്രൂ കോളറിനും പിണക്കം. അത്തരം വിളികൾ എടുക്കരുതെന്ന് നീലിമ ചട്ടംകെട്ടിയിട്ടുണ്ട്. ഇത് തട്ടിപ്പുകാരുടെ കാലം. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. ബാങ്ക് അക്കൗണ്ടിൽനിന്നുള്ള പണംതട്ടലുകളിൽ വൈദഗ്ധ്യം നേടിയ പയ്യന്മാരുടെ ഗ്രാമത്തെപ്പറ്റി ഒരു ഹിന്ദി സീരിയൽ കണ്ടിട്ടുണ്ട് അവൾ.

പ്രാതൽ കഴിഞ്ഞ് ട്യൂഷൻ സെന്ററിലേക്ക്‌ പോകാനിറങ്ങുമ്പോൾ മറ്റൊരു നമ്പറിൽനിന്നൊരു വിളി. പെട്ടെന്ന് വെളുപ്പിന് കണ്ട കിനാവിനെ പറ്റി ഓർമ വന്നതോടെ അവൾ ഫോൺ കടന്നെടുത്തു. അത് പടച്ചട്ടയണിഞ്ഞ ആ പോരാളിയായിരിക്കുമോ? തന്നെ തേടിയെത്തിക്കൊണ്ടിരിക്കുന്ന വിളികളുടെ ചങ്ങലയുടെ പുറകിൽ ഏതോ വൻരഹസ്യം മറഞ്ഞുകിടക്കുന്നതു പോലെ.

പക്ഷേ, അത് ബിശ്വജിത്തായിരുന്നു. പാർവതി ഒന്ന് നടുങ്ങി. എത്രയോ കാലത്തിനുശേഷം എവിടെയോനിന്ന് ഏതാണ്ടൊരു ബിശ്വജിത്ത്!

“താനിപ്പോൾ എവിടെ? ഏതു ലോകത്തുനിന്ന്?”

“ഈ ബ്രഹ്മാണ്ഡത്തി​ന്റെ മറ്റൊരു അറ്റത്തുനിന്ന് ഒരു ചെറുതുള്ളിയായി ഒരു ബിശ്വജിത് എന്നുതന്നെ കൂട്ടിക്കോ. അത്ര പെട്ടെന്ന് ഈ ലോകം വിടാറായിട്ടില്ലല്ലോ ബിശ്വജിത്തിന്.’’

അപ്പുറത്തുനിന്നു ബിശ്വജിത്തി​ന്റെ കള്ളച്ചിരി കേട്ടു.

‘‘ഇതേത് നമ്പർ? ആദ്യം എടുക്കാൻ മടിച്ചു.”

“ബിശ്വജിത്തിന്റെ പല നമ്പറുകളിലൊന്ന്. പുതിയ അവതാരത്തിനു പുതിയൊരു ഐഡന്റിറ്റി കൂടാതെ വയ്യല്ലോ.” പതിവുപോലെ കടങ്കഥകളിൽ സ്വയം ചുറ്റിവരിയുകയാണ് ബിശ്വജിത്.

“എനിക്ക് തന്നെയൊന്നു കാണണം.”

“ഇന്നോ? പാർവതിക്ക് ക്ലാസുകളുണ്ട്. കുട്ട്യോളോട് നേരത്തെ പറയാതെ മാറ്റാൻ വെഷമം.”

“അപ്പോൾ താനും അമ്മയുടെ വഴിയിൽതന്നെ?”

“ഇത് തൽക്കാലത്തെ ഏർപ്പാട് മാത്രം. അമ്മയുടെ വഴി വയ്യ പാർവതിക്ക്. അത് നെറയെ കല്ലും മുള്ളും. താങ്ങാനുള്ള കെൽപില്ല.”

“ഓക്കേ. പക്ഷേ, എനിക്കിന്ന് തന്നെ കണ്ടേതീരൂ. നാളെ സ്ഥലം വിടുകയാണ്.”

“എങ്ങോട്ട്?”

“ഈ അണ്ഡകടാഹത്തി​ന്റെ മറ്റൊരു കോണിലേക്ക്.”

“ശരി. ഇന്ന് കാണാന്നുതന്നെ വയ്ക്കാം. പക്ഷേ, പഴയപോലെ ശാന്തിനഗറിലെ വിളക്കുകാലുകൾ കണ്ണ് ചിമ്മാറില്ല.”

“ഓ, താനിത് ഇപ്പോഴും മറന്നിട്ടില്ലാല്ലേ?”

“ആ സിഗരറ്റ് കറയുടെ കയ്പ് എങ്ങനെ മറക്കാൻ?”

“ഞാനിപ്പോൾ പുകവലിക്കാറില്ല.”

“ചരസ്സ്?”

“ഇല്ലേയില്ല.”

“നല്ല കുട്ടി. ശരി വൈകിട്ട് കാണാം. എവിടെവെച്ച്, എപ്പോൾ?”

“ഏതാണ്ട് അഞ്ചു മണിക്ക്. പഴയ സ്ഥലത്തുതന്നെ.”

“ആയിക്കോട്ടെ.”

പിന്നീട് ഓർത്തോർത്തു ചിരിക്കുകയാണ് പാർവതി. വെളുപ്പിന് കണ്ട സ്വപ്നത്തിലെ കുന്തം പിടിച്ച പോരാളിയുടെ ലോഹച്ചട്ട ഇയാൾക്കോ? പൊലീസിനെ പേടിച്ചു ഒളിച്ചോടിയ ഈ ഭീരുവിനോ?

വൈകിട്ട് അഞ്ചിന് പഴയ സ്ഥലത്തു ചെന്നപ്പോൾ കണ്ട ബിശ്വജിത്തിനെ പെട്ടെന്ന് മനസ്സിലായില്ല. നന്നേ മെലിഞ്ഞിരിക്കുന്നു. മുഖത്തു വല്ലാത്തൊരു കരുവാളിപ്പ്. പഴയ സ്ഥലത്തിനും പരിചയക്കേട്. അതിന് മുമ്പിൽ നിരത്തിലെ ഒരു അത്താണിയിൽ ചാരി നിൽക്കുകയായിരുന്നു ബിശ്വജിത്. മുമ്പിലെ തട്ടുകടയിൽ വെച്ചാണ് അവർ മുമ്പൊക്കെ സന്ധിച്ചിരുന്നത്. ബിശ്വജിത്തി​ന്റെ ഒരു ബംഗാളി ചങ്ങാതിയുടെ കട. അറ്റത്തു കർട്ടൻ വെച്ചു പാതിമറച്ച മൂല അവർക്കായി ഒഴിച്ചുകൊടുക്കാറുണ്ട്. അയാളുടെ ഉശിരൻ ചായയും കുടിച്ചു പക്കോഡയും ചവച്ചു അവരങ്ങനെ ഇരിക്കും. പക്ഷേ ഇത്തവണ അയാളുടെ മുഖത്തു ഒരു പരിചയക്കേട്. കൊൽക്കത്തയിലെ ദുർഗാപൂജക്ക് പോലും കണ്ട പരിചയമില്ല. പതിവ് ചായയും പക്കോഡയുമില്ല.

എന്തേയെന്ന് പാർവതി ചോദിക്കുന്നതിന് മുമ്പ് തന്നെ ബിശ്വജിത് പറഞ്ഞു:

“അവനു തീവ്രവാദികളെ വേണ്ട.”

“അപ്പോൾ താൻ തീവ്രവാദിയുമായോ?”

“എ​ന്റെ പഴയ ലോഡ്ജിലെ മുറിയിൽ ചെന്നപ്പോൾ അന്നത്തെ റൂം മേറ്റിനും എന്നെ പരിചയമില്ല. പണ്ടു ഒപ്പം താമസിച്ച, എന്നെ പൊലീസ് പിടിച്ചപ്പോൾ ഒളിച്ചോടിയ ചങ്ങാതിയെ വിളിച്ചപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു. അവനും മുൻ തീവ്രവാദിയെ വേണ്ട. വാസ്തവത്തിൽ ആ മുറിയിൽ മാവോയിസ്റ്റ് ലഘുലേഖകൾ കൊണ്ടുവെച്ചത് അവനായിരുന്നല്ലോ.”

അൽപം കഴിഞ്ഞു ബിശ്വജിത് തുടർന്നു.

‘‘നമുക്ക് പതുക്കെ നടക്കാം, പഴയ പാർക്കിലേക്ക്. എന്തായാലും, പരിചയക്കേടുണ്ടാവില്ല പൂന്തോട്ടങ്ങൾക്ക്.’’

‘‘പൂക്കൾക്കും.’’

‘‘ഇലകൾക്കും.’’

അവരങ്ങനെ പതിയെ നടന്നു. സംസാരിച്ചുകൊണ്ട് നടന്നു. വഴിവിളക്കുകൾ തെളിഞ്ഞുതുടങ്ങിയിരുന്നില്ല. തണുപ്പുകാലം തുടങ്ങിയിട്ടില്ലെങ്കിലും അന്തരീക്ഷത്തിൽ നനുത്ത ഈർപ്പമുണ്ട്.

‘‘ഇക്കുറി തണുപ്പുകാലം വൈകുന്ന മട്ടാണ്. ദീവാളി കഴിഞ്ഞിട്ടും ആരും കോട്ടിട്ടു തുടങ്ങിയിട്ടില്ല. സാധാരണയായി ദീവാളി കഴിഞ്ഞാൽ ഇവടത്തെ ആപ്പീസുകളിലെ ബാബുമാർ കോട്ടിടാറുണ്ട്, തണുപ്പില്ലെങ്കിലും. പിന്നീട് അത് അഴിക്കുന്നത് ഹോളി കഴിയുമ്പോൾ. വർഷങ്ങളായുള്ള ചിട്ട.’’

‘‘കേട്ടിട്ടുണ്ട്.’’

‘‘ആട്ടെ, താൻ നേരത്തെ പറഞ്ഞിരുന്നത് തുടർന്നോളൂ. ഒടുവിൽതന്നെ പൊലീസ് പിടിച്ചോ?”

“പിടിച്ചു. ജയിലിലും കിടന്നു. ഒന്നൊന്നര വർഷം. അന്ന് ഇവിടത്തെ പത്രങ്ങളിൽ എ​ന്റെ ചിത്രത്തോടെ വലിയ റിപ്പോർട്ട് വന്നിരുന്നുവെന്ന് കേട്ടു. പൊലീസ് കൈയോടെ പിടിക്കുമ്പോൾ എ​ന്റെ കൈയിൽ ഒരു ബോംബുണ്ടായിരുന്നത്രെ. ബോംബുണ്ടാക്കുന്ന ഉപകരണങ്ങളും.”

“തനിക്ക് ശരിക്കും ബോംബുണ്ടാക്കാനറിയ്യോ? പേടിക്കണോ പാർവതി?”

“ബോംബ് പോയിട്ട് ദുർഗാപൂജയിലെ പടക്കങ്ങളെ പോലും പേടിയായിരുന്നു എനിക്ക്!”

“പിന്നെ എന്തിനിങ്ങനെ?”

“കേസ് കൊഴുപ്പിക്കാനുള്ള പതിവ് മസാലകൾ.”

“പിന്നെ അവരെങ്ങനെ ജയിലിലാക്കി?”

“എ​ന്റെ ചില പഴയ പ്രസംഗങ്ങളുടെ വിഡിയോ ക്ലിപ്പുകൾ എങ്ങനെയോ അവരുടെ കൈയിൽ എത്തിപ്പെട്ടിരുന്നു. പ്രായത്തിന്റെ ഉശിരുള്ള പ്രസംഗങ്ങൾ. ആ ലഘുലേഖകൾക്ക് പുറമെ ഇതും വലിയൊരു തെളിവായി. അങ്ങനെ രണ്ടുവട്ടം ജാമ്യം നിഷേധിക്കപ്പെട്ടു. പുറത്തുവിട്ടാൽ ഇരട്ടിവാശിയോടെ കൂട്ടരോടൊത്തു റെയിൽവേ ട്രാക്കുകളും സർക്കാർ കെട്ടിടങ്ങളും ബോംബിട്ട് തകർക്കുമത്രേ.”

“തെളിവ്?”

“പ്രോസിക്യൂഷൻ വക്കീലി​ന്റെ നീണ്ട നാവ്. അരമുള്ള നാവ്. എനിക്ക് വക്കീലിനെ വയ്ക്കാൻ പണമില്ലാത്തത് കൊണ്ട് സർക്കാർ ഏർപ്പാട് ചെയ്ത ജൂനിയർ വക്കീൽ അയാളുടെ മുമ്പിൽ പരുങ്ങി, ചിലപ്പോൾ വിറച്ചു.”

“അങ്ങനെ എത്രകാലം?”

“ഒന്നൊന്നര വർഷമെന്ന് പറഞ്ഞത്‌ പുറത്തു കടന്നപ്പോൾ കണ്ട കലണ്ടർ. തീവ്രവാദിയായതുകൊണ്ട് ഒറ്റക്കൊരു സെല്ലിലായിരുന്നു. ആരോടും സമ്പർക്കമില്ല.”

“എന്റമ്മേ...”

“അത് ശരിക്കുമൊരു പീഡനകാലമായിരുന്നു.’’

‘‘അവർ തന്നെ തല്ലിയോ?’’

‘‘കൂട്ടുപ്രതികളെ കുറിച്ച് അറിയാൻ കുറെ ചോദ്യംചെയ്തു. കൊൽക്കത്തയിലെ വയസ്സായ അമ്മയെവരെ ചോദ്യംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ പാവം തോന്നി അതെല്ലാം നിറുത്തി.’’

‘‘എന്നിട്ട്?’’

‘‘തല്ലിയോ?’’

‘‘ഹേയ്, ജയിലറുമായി പതിയെ ചങ്ങാത്തംകൂടിയതോടെ വായിക്കാൻ ചില പുസ്തകങ്ങൾ കിട്ടി. അയാളും നല്ല വായനക്കാരനായിരുന്നു. പിന്നീട് റൊബീന്ദ്ര സംഗീതത്തിലെ ചില വരികളും ഭൂപെൻദായുടെ നാടൻപാട്ടുകളും പതിയെ മൂളാൻ തുടങ്ങിയതോടെ ചിലർക്ക് രസമായി. പൊലീസുകാരിലും കലാകാര​ന്റെ മനസ്സുള്ളവർ ഉണ്ടെന്ന് തെളിഞ്ഞത് അന്നായിരുന്നു. അപ്പോഴും ചിലരുടെ കാക്കക്കണ്ണുകൾ എനിക്ക് ചുറ്റും വലകെട്ടിയിരുന്നു. എന്നെങ്കിലും എന്റെ കൂട്ടുകാർ എന്നെ മോചിപ്പിക്കാനായി കൈബോംബുമായി വരുമെന്ന പേടിയുണ്ടായിരുന്നു അവർക്ക്. എ​ന്റെ അമ്മ സീരിയസ് ആയി കിടന്നപ്പോൾ എന്നെ ആരും അറിയിച്ചില്ല. പരോൾ ഒഴിവാക്കാനായിരിക്കണം. ഒടുവിൽ മരിച്ചപ്പോഴും വിവരം അറിയിച്ചത് മൂന്നാല് ദിവസങ്ങൾക്കുശേഷം. അതിനുശേഷം അവിടെ പോകുന്നതിൽ യാതൊരു താൽപര്യവും തോന്നിയില്ല എനിക്ക്.”

‘‘എന്തിനിങ്ങനെ കണ്ണിൽച്ചോരയില്ലാതെ...’’ അതിശയമാണ് പാർവതിക്ക്.

‘‘അത്തരം ക്രൂരതകൊണ്ട് എ​ന്റെ മനസ്സ് മാറുമെന്നും അവർക്കുവേണ്ട വല്ലതും വീണുകിട്ടുമെന്നും മോഹിച്ചിരുന്നിരിക്കണം. ഇതിനെ പ്രമാദമായൊരു കേസാക്കി വളർത്തിയില്ലെങ്കിൽ കോടതിയിൽ ഏൽക്കില്ലെന്ന് അവർക്കറിയാം.’’

അപ്പോഴേക്കും അവർ പാർക്കിൽ എത്തിയിരുന്നു. ഗോള വിളക്കുകൾ ഓരോന്നായി തെളിയുകയായി. പതിവു സിമന്റ്‌ ബെഞ്ചുകളിൽ നനവ്. പാർവതി ഷാൾകൊണ്ട് തുടയ്ക്കാൻ നോക്കിയപ്പോൾ ബിശ്വജിത് തടഞ്ഞു.

‘‘നനവ് ഇഷ്ടമാണെനിക്ക്.’’

‘‘നനവ് വേണ്ടത് മനസ്സിലെന്ന് അമ്മ പറയാറുണ്ട്.’’ പാർവതി കൂട്ടിച്ചേർത്തു.

പുൽനാമ്പിലെ മഞ്ഞുതുള്ളികളെ ചൂണ്ടിക്കാട്ടി പാർവതി പറഞ്ഞു, “ഈ മഞ്ഞുതുള്ളികൾ പ്രകൃതിയുടെ കണ്ണുനീർ തുള്ളികളാണ് അമ്മക്ക്. പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണുകളിലെ പരിശുദ്ധിയുണ്ടതിൽ.”

“ടീച്ചർ കവിതയെഴുതാറുണ്ടോ?”

“കണ്ടിട്ടില്ല. പക്ഷേ ചൊല്ലാറുണ്ട്. മലയാളത്തിലെയും ഇംഗ്ലീഷിലെയും. സാഹിത്യം പഠിക്കാൻ മോഹിച്ചു ഒടുവിൽ വഴിതെറ്റി കണക്കിൽ വന്നുപെട്ടതാണെന്ന് അമ്മ തമാശ പറയാറുണ്ട്.”

“എനിക്കും ഇഷ്ടമായിരുന്നു ബംഗാളി സാഹിത്യവും സംഗീതവും.” ബിശ്വജിത് തുടർന്നു. “ഒടുവിൽ എ​ന്റെ ജീവിതം ഇങ്ങനെയായെന്നു മാത്രം. സെല്ലിൽ തനിച്ചിരിക്കുമ്പോൾ മടുപ്പിന് അയവു കൊടുക്കാൻ എന്തെങ്കിലും മൂളാറുണ്ടെന്ന് മാത്രം. സത്യത്തിൽ സ്വന്തം ശബ്ദത്തെക്കൂടി പേടിച്ചിരുന്ന കാലമായിരുന്നു അത്. ഇത്തിരി ശുദ്ധവായുവിനുവേണ്ടി കൊതിച്ചിരുന്ന കാലം. പുറംലോകം കാണുന്നതുതന്നെ വിചാരണക്കോടതിയിൽ കൊണ്ടുപോകുമ്പോൾ മാത്രം. ആദ്യമൊക്കെ അതിനായി ഞാൻ കാത്തിരിക്കാറുണ്ടായിരുന്നു. ലേശം നല്ല വായുവും പകൽവെളിച്ചവും കിട്ടുമല്ലോന്ന് കരുതി. പക്ഷേ, അവിടത്തെ സ്ഥിതി അതിലും മോശമാണെന്നു കണ്ടപ്പോൾ മനസ്സ് ശരിക്കും മടുത്തു. ഏറ്റവും കൂടുതൽ കള്ളങ്ങൾ പറയുന്നതും കേൾക്കുന്നതും അവിടെയാണ്.”

“സത്യമേവ ജയതേ വെറുമൊരു ശ്ലോകം മാത്രം നമ്മുടെ നാട്ടിൽ.”

“എന്നെ കൂടുതൽ അലട്ടിയത് അവിടെ കൂടിയിരുന്നവരുടെ കണ്ണുകളിലെ വെറുപ്പാണ്. അവരുടെ കണ്ണിൽ ഞാനൊരു രാജ്യദ്രോഹിയാണ്. വിദേശശക്തികളുമായി ചേർന്ന് രാജ്യത്തിനെതിരെ അട്ടിമറികൾക്ക് ശ്രമിച്ച ആളാണ്. അതാണെന്നെ കൂടുതൽ സങ്കടപ്പെടുത്തിയത്. അതിൽ പിന്നെ വിചാരണയെന്നു കേൾക്കുന്നതിനോട് തന്നെ വെറുപ്പായി. സ്വന്തം സെല്ലിലെ ഏകാന്തതതന്നെയാണ് സുഖം. എന്നോട് തന്നെ സംസാരിച്ചുകൊണ്ട് ഇരിക്കാമല്ലോ.”

“മനസ്സിലാവണുണ്ടു പാർവതിക്ക്.”

“പിന്നെ ആ സർക്കാർ വക്കീലി​ന്റെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ. ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ടാർഗെറ്റുകൾ ഏതൊക്കെ? ഒളിപ്പിച്ചുവെച്ച ബോംബുകൾ എവിടെയൊക്കെ? എങ്ങനെയാണ് ബോംബുണ്ടാക്കുന്നത് കൂടി അറിയണം അയാൾക്ക്. പുറത്തേക്കിറങ്ങുമ്പോൾ എ​ന്റെ ഭാഗം പറയുന്ന കൊച്ചു വക്കീൽ ധൈര്യം തരാറുണ്ട്. ഇതൊക്കെ സഹിച്ചേ പറ്റൂ. ഒരിക്കലും പതറരുത്. സത്യം നമ്മുടെ വശത്താണ്. അവർക്ക് യാതൊരു തെളിവും കിട്ടിയിട്ടില്ല. അതി​ന്റെ അരിശം തീർക്കാനാണ് ഈ കുരുട്ട് ചോദ്യങ്ങൾ.”

“ഒടുവിൽ?” അതറിയാനായിരുന്നു പാർവതിക്ക് കൂടുതൽ താൽപര്യം.

“എന്തു പറയാനാണ്? അത്ര നാളത്തെ പങ്കപ്പാടിനു ശേഷം എന്നെ നിരുപാധികം വെറുതെവിട്ടുവെന്ന് മാത്രമല്ല, പരിചയ സമ്പന്നനായ ജഡ്ജി​ന്റെ വക കുറെ കടുത്ത പരാമർശങ്ങളും. വേണ്ടത്ര തെളിവില്ലാതെ എന്തിനാണ് ഈ മനുഷ്യനെ ഇത്രയും കാലം കഷ്ടപ്പെടുത്തിയത് എന്നാണ് അദ്ദേഹം ചോദിച്ചത്.”

“ഹാവൂ. അത് തനിക്ക് വല്ല്യൊരു ആശ്വാസായിരുന്നിരിക്കണം.”

“തീർച്ചയായും. പുറത്തുകടന്നു കുറെ ശുദ്ധവായു വിഴുങ്ങിയപ്പോൾ കിട്ടിയ അയവ്. അടുത്തു കണ്ട കടയിൽനിന്ന് രണ്ടു കപ്പ് ചായ കുടിച്ചിട്ടും മതിയായില്ല.”

നേരം വൈകിത്തുടങ്ങിയിരുന്നു. അവർ പോകാനായി എഴുന്നേറ്റു. ഓട്ടോ സ്റ്റാൻഡിലേക്ക് മെല്ലെ നടക്കുമ്പോൾ നിശ്ശബ്ദനായിരുന്നു ബിശ്വജിത്. അപ്പോഴെങ്കിലും അയാൾ ത​ന്റെ കൈപ്പത്തി കടന്നുപിടിച്ചു മെല്ലെ അമർത്തുമെന്ന് അവൾ മോഹിച്ചു. പഴയപോലെ പറ്റിച്ചേർന്ന് കൈകോർത്തു നടക്കാൻ അവൾ കൊതിച്ചു. പക്ഷേ, യാതൊരു വികാരവുമില്ല അയാളുടെ മുഖത്ത്. മുഖത്ത് അസാധാരണമായൊരു ശാന്തത. വിശുദ്ധി. ദൂരെയെവിടെയോ കണ്ണുംനട്ടു മരവിച്ചപോലെ നടക്കുകയാണ് ബിശ്വജിത്. അത്രയും കാലത്തെ ജയിൽവാസമാണോ അയാളെ ഇങ്ങനെ മാറ്റിമറിച്ചത്? ഇപ്പോൾ വേഷംപോലും മാറിയിരിക്കുന്നു. ടീഷർട്ടിനും ജീൻസിനും പകരം നീളൻ ഖാദി ജൂബയും സാധാരണ പൈജാമയും. അതിശയിക്കുകയാണ് പാർവതി. പുറംപോലെ അകവും മാറിയതുപോലെ. ഈ മൗനം അസഹ്യമായപ്പോൾ അവൾതന്നെ തുടക്കമിട്ടു.

“അപ്പോൾ ഇനി? നാളെ പോകുമെന്നല്ലേ പറഞ്ഞത്? ഇനിയെന്നാണ് മടക്കം?”

“ഇനിയൊരു മടക്കം? അതെപ്പറ്റി ആലോചിച്ചിട്ടില്ല ഇതേവരെ.”

“ങ്ങേ...” പാർവതി ഞെട്ടി. “പിന്നെ?”

“യാത്ര പോകുന്നവരോട് എങ്ങോട്ടെന്ന് ചോദിക്കരുത്. ഒരുനീണ്ട യാത്രയാണെന്ന് തന്നെ കൂട്ടിക്കോളൂ.”

“എന്നുവച്ചാൽ?”

“കുറെ പ്ലാനുകളുണ്ട് മനസ്സിൽ. സത്യത്തിൽ എനിക്ക് വല്ലാതെ മടുത്തിരിക്കുന്നു പാർവതീ. ഈ പുറംലോകം വല്ലാതെ ശ്വാസം മുട്ടിക്കുന്നതുപോലെ...’’

‘‘കഴിഞ്ഞുപോയതൊക്കെ ഒരു ചീത്ത സ്വപ്നംപോലെയെന്ന് കണ്ടുകൂടെ? നമ്മളെല്ലാം സാധാരണ കാണാറുണ്ട് പേക്കിനാവുകൾ. പാർവതിയും കാണാറുണ്ട് അങ്ങനെ പലതും... അപ്പോഴൊക്കെ ഉറങ്ങി എണീക്കണത് പുതിയൊരു പാർവതിയായിരിക്കും.’’

ബിശ്വജിത് ചിരിക്കാൻ ശ്രമിച്ചു. തളർന്ന ചിരി. വേറെയാരുടെയോ ചിരി.

 

‘‘പലതുമുണ്ട് ഉള്ളിൽ. എന്തായാലും ഇനി പഴയ ബിശ്വജിത്തായി ഉറങ്ങി എണീക്കാൻ എന്നെക്കൊണ്ടാവില്ല. എനിക്കിനി അൽപം സ്വസ്‌ഥത വേണം. ശാന്തത വേണം. കുറച്ചുകാലം മാറിനിൽക്കണം, എല്ലാറ്റിൽനിന്നും. കുറെയേറെ വായിക്കണം. ഉള്ളിൽ കുറിച്ചിട്ട കുറെ ഗ്രന്ഥങ്ങൾ... പഴയ എന്നിൽനിന്നകന്നു പുതിയ എന്നോട് തന്നെ സംസാരിച്ചുകൊണ്ടു കുറെ കാലം.’’

പണ്ടത്തെ പോലെ കടംകഥകളിൽ ഒളിച്ചുകളിച്ചു സ്വയമൊരു കടംകഥയാകാൻ നോക്കുകയാണ് അയാൾ.

‘‘സന്യസിക്കാൻ പോവാണോ? തീവ്രവാദത്തിൽനിന്ന് സന്യാസത്തിലേക്ക്.’’ ചിരിയടക്കാൻ കഴിയുന്നില്ല പാർവതിക്ക്.

‘‘ഹേയ്, അതിനൊന്നും എന്നെ കിട്ടില്ല. കൊൽക്കത്തയിൽ അമ്മയുടെ പേരിലൊരു ഫ്ലാറ്റുണ്ട്. പഴയതാണെങ്കിലും ഏരിയ നല്ലതാണ്. അമ്മ മരിച്ചതോടെ അതവിടെ കിടന്നിട്ട് കാര്യമില്ല. കടലാസുകൾ ശരിയാക്കി അത് എങ്ങനെയെങ്കിലും വിൽക്കണം. അതിനൊക്കെ പറ്റിയ ചില ചങ്ങാതിമാരുണ്ട്. അവരെ വിളിച്ചുപറഞ്ഞിട്ടുണ്ട്...”

“പിന്നെ?”

‘‘പിന്നെ ശാന്തിനികേതനിലേക്ക് തന്നെ. സ്വസ്ഥമായ ജീവിതം. വായന... പഠനം... ഗുരുദേവ​ന്റെ മണ്ണിൽ ധ്യാനം. റൊബീന്ദ്ര സംഗീതത്തെയും വടക്കുകിഴക്കൻ നാടുകളിലെ നാടൻപാട്ടുകളെപ്പറ്റിയും പറ്റി കൂടുതൽ പഠിക്കണം. എത്ര നാളത്തെ മോഹമാണെന്നറിയോ?’’

‘‘തനിച്ചോ?’’

‘‘എനിക്കെന്റെ കൂട്ട് തന്നെ ധാരാളം.’’

വേറൊന്നും ചോദിക്കാനില്ലായിരുന്നു പാർവതിക്ക്. എന്നിട്ടും അയാൾ സംസാരിച്ചുകൊണ്ടേയിരുന്നു.

അവർ ഓട്ടോസ്റ്റാൻഡിലെത്തിയിരുന്നു. വരിവരിയായി നാലഞ്ചു വണ്ടികൾ കിടപ്പുണ്ട്. പാർവതി ഒരുനിമിഷം നിന്നു. അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. പ്രത്യേകിച്ചൊന്നും അവിടെ കാണാനില്ലായിരുന്നു. അവളുടെ കണ്ണുകളെ നേരിടാനാകാതെ വേറെ എവിടെയോ നോക്കുകയാണയാൾ. തെല്ലൊരു നിരാശയോടെ അവൾ പിറുപിറുത്തു.

“എന്നാൽ...”

“ഓക്കേ.” കൈവീശിക്കൊണ്ട് ബിശ്വജിത് പറഞ്ഞു. തിടുക്കമായിരുന്നു അയാൾക്ക്.

“ഇനി കാണാൻ പറ്റുമോ?”

“പറ്റിയേക്കും ചിലപ്പോൾ. ഈ അണ്ഡകടാഹത്തി​ന്റെ ഏതെങ്കിലുമൊരു മൂലയിൽ.’’ ഇക്കുറി അവൾക്ക് ചിരിക്കാനായില്ല. കേൾക്കേണ്ടത് കേട്ടുകഴിഞ്ഞിരുന്നു.

ഓട്ടോവിൽ കയറുമ്പോൾ നെഞ്ചിൽനിന്ന് ഒരു കരച്ചിൽ പൊങ്ങിവരുന്നത് അവളറിഞ്ഞു. എന്തിനെന്നറിയാതെ ഒരു കരച്ചിൽ.

തിരിഞ്ഞു നോക്കരുതെന്ന് ഉറപ്പിച്ചിരുന്നെങ്കിലും, അറിയാതെ വണ്ടിയുടെ ഒരുവശത്തുകൂടെ എത്തി നോക്കിപ്പോയി. അപ്പോഴേക്കും അയാളുടെ മെലിഞ്ഞ രൂപം നേർത്ത ഇരുട്ടിൽ അലിഞ്ഞുകഴിഞ്ഞിരുന്നു.

അപ്പോഴൊക്കെ അവൾ ഓർത്തുകൊണ്ടിരുന്നത് ഒരു കാര്യം മാത്രം. ഇത്രയും നീണ്ടൊരു ഇടവേളക്കുശേഷം ഓർക്കാപ്പുറത്തു എന്തിനീ വരവ്? എ​ന്റെ സ്വൈരം കെടുത്താനായി എന്തിനീ വരവ്?

(തുടരും)

(ചിത്രീകരണം: സതീഷ്​ ചളിപ്പാടം)

News Summary - weekly novel