Begin typing your search above and press return to search.
proflie-avatar
Login

ചുഴറ്റുന്ന കണ്ണുകൾ

ചുഴറ്റുന്ന കണ്ണുകൾ
cancel

ചിന്നുവും ചന്തുവും ആണ് അതാദ്യം കണ്ടത്. അവർ ഭയന്നുപോയി. സൂക്ഷ്മ‌ നിരീക്ഷണം നടത്തി അവർ ജാഗ്രതയോടെ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി. ഉഗ്രരൂപിയായി മാറിയ നദി പെട്ടെന്നു രണ്ടായി പിരിഞ്ഞു കുറേ അധികം ദൂരം ചെന്നു വീണ്ടും ഒന്നായി തീർന്നു. അങ്ങനെ അവിടെ ഒരു വലിയ ദ്വീപ് ജനിച്ചു. ദ്വീപിന്റെ പകുതിഭാഗം വൃക്ഷങ്ങളും ചെടികളും കൊണ്ടു ഹരിതാഭമാണ്. മറു പകുതി മണൽക്കാട്. വ്യത്യസ്‌ത തരം പക്ഷികളെ കൊണ്ടു നിറഞ്ഞതാണവിടം. മനുഷ്യവാസമില്ലാത്ത, മൃഗങ്ങളില്ലാത്ത അപൂർവ ദ്വീപ്. മനുഷ്യർ അവിടേക്ക് ചേക്കേറാറില്ല.

പക്ഷികളിൽ എണ്ണത്തിൽ കൂടുതൽ പരുന്താണ്. ബലിഷ്‌ഠമായതും മൂർച്ചയേറിയതുമായ കൊമ്പും ശക്തിയേറിയ കാലുകളും രാകി മിനുക്കി വളർത്തിയ നഖങ്ങളും ഉള്ള കരുത്തർ. എന്നാൽ, ദ്വീപിലെ പക്ഷിക്കൂട്ടങ്ങൾക്ക് ഇവരെ സ്വീകാര്യമല്ല. പരുന്തുകളുടെ നേതാവായ ചിമ്പന് അതു സഹിക്കാൻ കഴിഞ്ഞില്ല. കാക്കകളാണ് ആ ദ്വീപിന്റെ രക്ഷകർ. കാക്കകളുടെ നേതാവായ ചെറുമൻ കാക്ക അതീവ സാമർഥ്യക്കാരനാണ്. ഒരു പക്ഷിക്കുഞ്ഞിന്റെ കരച്ചിലും ഒപ്പം തള്ളപ്പക്ഷിയുടെ നിലവിളിയും കേട്ട ചെറുമൻകാക്ക തല വെട്ടിച്ചു ചരിഞ്ഞുനോക്കി, കണ്ണുകൾ ചുഴറ്റി. ചിമ്പൻപരുന്ത് പക്ഷിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ട് പറക്കുന്നതിന് പിന്നാലെ ശരവേഗത്തിൽ ചെറുമൻകാക്ക പറന്നെത്തി. ചെറുമന്റെ കൊത്തേറ്റതോടെ കുഞ്ഞിനെ താഴേക്കിട്ടു. പക്ഷിക്കൂട്ടം ചെറുമനെ വാനോളം പുകഴ്ത്തി. ചിമ്പൻ പരുന്തിനു അമർഷം ഒതുക്കാൻ കഴിഞ്ഞില്ല. അവൻ അവസരത്തിനായി കാത്തിരുന്നു.

ദ്വീപിന്റെ കിഴക്കു വശം നദിയുടെ മറുകര കിലോ മീറ്ററുകൾക്ക് അപ്പുറമാണ്. ആ കരയിൽനിന്നും ഒരു ബോട്ട് അഞ്ചു പേരടങ്ങുന്ന സംഘവുമായി ദ്വീപ് ലക്ഷ്യമിട്ടു നീങ്ങി. മൂന്നുപേരുടെ കൈയിൽ തോക്കുകളുണ്ട്. പരുന്തിന്റെ ദീർഘദൃഷ്ടിയിലാണ് ഇതാദ്യം തെളിഞ്ഞത്. പരുന്ത് വിളിച്ചു പറഞ്ഞു, ‘‘കൂട്ടരെ, അപകടം നമുക്ക് നേരെ വരുന്നു. അവരുടെ കൈകളിൽ തോക്കുകൾ ഉണ്ട്.’’

‘‘ഇനി എന്തുചെയ്യും?’’ ‘‘നമുക്കു രക്ഷപ്പെടണം.’’ ‘‘മറ്റേ പക്ഷികളോ?’’ ‘‘അവരുടെ കാര്യം നമ്മുടെ വിഷയമല്ല. വരിൻ നമുക്ക് തെക്കോട്ട് പറക്കാം.’’ പരുന്തുകൾ കൂട്ടത്തോടെ തെക്കോട്ട് പറന്നുപോയി. ചെറുമൻകാക്ക ഈ കൂട്ട പലായനത്തിൽ എന്തോ പന്തികേട് മണത്തു. അവൻ അപകടം തിരിച്ചറിഞ്ഞു. അപകട സൂചന നൽകിക്കൊണ്ടവൻ നീട്ടിയും കുറുക്കിയും ‘‘ക...’’ ശബ്ദ‌ം പുറപ്പെടുവിച്ചു. പ്രതിധ്വനിപോലെ ‘‘ക...’’ ശബ്‌ദം കൂട്ടത്തോടെ ഉയർന്നുവന്നു. ചെറുമൻകാക്ക പ്ലാൻ തയാറാക്കി.

‘‘നദിയിൽ വെച്ചുതന്നെ അവരെ തടയണം. തലങ്ങും വിലങ്ങും ആക്രമിക്കണം. ഒരു വെടിപോലും പൊട്ടാൻ സമയം കൊടുക്കരുത്.’’

നദിയിൽ ഘോരയുദ്ധം നടന്നു. കൂർത്ത നഖങ്ങൾകൊണ്ടു വേട്ടക്കാരുടെ മുഖവും തലയും മാന്തിയെടുത്തു. ബോട്ട് ഓടിച്ചവന്റെ ചെവി കേളൻ കാക്ക കൊത്തിയെടുത്തു. ഒരാൾ വിളിച്ചു പറഞ്ഞു. ‘‘ബോട്ട് തിരിച്ചുവിടൂ...’’ ദ്വീപ് നിവാസികൾ ചെറുമൻകാക്കയെയും കൂട്ടരെയും സ്വീകരിക്കാൻ തീരത്തു കാത്തുനിന്നു. അവർ ആർപ്പു വിളികളോടെ ചെറുമൻ കാക്കയെ തോളിലേറ്റി ചുറ്റി നടന്നു.

ചിന്നുവും ചന്തുവും കുറേ കാലമായി ഇഷ്‌ടത്തിലാണ്. യൗവനത്തിന്റെ തീക്ഷ്ണതയിൽ അവർ അകലങ്ങളിലേക്ക് പറന്നുയരും. ചിന്നുവിനു പടിഞ്ഞാറ് മണലാരണ്യത്തിനു മുകളിലൂടെ പറക്കാനൊരു മോഹം.

‘‘ആരും പടിഞ്ഞാറോട്ട് പറക്കാറില്ല. എന്റെ ചിന്നുവിന്റെ ആഗ്രഹമല്ലേ, ശരി പോകാം.’’ പ്രകൃതിയുടെ മറ്റൊരു മുഖം കണ്ട് ചിന്നുവും ചന്തുവും സന്തോഷ ഭരിതരായി. മണൽക്കൂനക്ക് താഴെയായി മണലാരണ്യത്തിന്റെ നടുവിൽ വിശേഷപ്പെട്ട ഒരു വൃക്ഷം നിൽക്കുന്നു. സമീപത്തായി ഒരു നീരുറവ. മരത്തിൽ ധാരാളം പക്ഷിക്കൂടുകളും പക്ഷികളുമുണ്ട്. പ്രത്യേക നിറവും രൂപവും ഉള്ളവയാണെല്ലാം. ഇലകൾപോലെ തന്നെ പക്ഷികളുടെ നിറവും.

‘‘തീർച്ച അവ വിദേശികളാണ്.’’

അവയുടെ കണ്ണിൽപ്പെടാതെ ചിന്നുവും ചന്തുവും തിരികെ പറന്നു. പുത്തൻവിവരം ദ്വീപ് നിവാസികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ചിമ്പൻ പരുന്ത് രോഷാകുലനായി പ്രഖ്യാപിച്ചു.

‘‘ഇതു അധിനിവേശമാണ്. ഇതു നമ്മുടെ മാത്രം ദ്വീപാണ്. ഒരു വിദേശിയെയും ഇവിടെ പ്രവേശിക്കാൻ അനുവദിച്ചു കൂടാ. യുദ്ധപ്രഖ്യാപനം ഉടൻ ഉണ്ടാകണം.’’ ചെറുമൻകാക്ക സംയമനത്തോടെ പറഞ്ഞു, ‘‘ഈ ദ്വീപ് ആരുടെയും സ്വന്തമല്ല. നാളെ ഈ ദ്വീപ് ഉണ്ടാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. നമുക്ക് ശല്യം ഉണ്ടാകാത്തിടത്തോളം കാലം നമ്മൾ അവരെ ശല്യം ചെയ്യരുത്. ജീവിക്കാൻ അവർക്കും അവകാശമില്ലേ? ഈ ലോകം അവർക്കും കൂടി ഉള്ളതല്ലേ?’’

പക്ഷിക്കൂട്ടം ​ൈകയടിച്ചു പാസാക്കി. ചിമ്പൻ പരുന്ത് അരിശംമൂത്ത് നഖങ്ങൾ ഭൂമിയിലേക്ക് അമർത്തി താഴ്ത്തി. ചിമ്പൻ പരുന്ത് ഒരു തീരുമാനമെടുത്തു. അവിടംവരെ പോകണം. ചിമ്പനും സംഘവും ആ വൃക്ഷം ലക്ഷ്യം വെച്ച് പറന്നുതുടങ്ങി. ഒളിഞ്ഞുനിന്നുകൊണ്ട് വൃക്ഷത്തെ സൂക്ഷ്മമായി പരിശോധിച്ച് ചിമ്പൻ ഹർഷാരവത്തോടെ വിളിച്ചുപറഞ്ഞു.

‘‘ഇതു ആൽമരമാണ്. അതിലെ പക്ഷികളൊന്നും നമ്മുടെ വിശ്വാസത്തിലോ വർഗത്തിലോ പെട്ടവരല്ല. അവർ അവിശ്വാസികളായ വിദേശികളാണ്.’’

മടക്കയാത്രയിൽ ചിമ്പൻ അതീവ സന്തുഷ്‌ടനായിരുന്നു. അവൻ ആത്മഗതമെന്നോണം ‘ആൽമരം, ആൽമരം’ എന്നു പറഞ്ഞുകൊണ്ടിരുന്നു. ചിമ്പൻ പരുന്ത് ആവശ്യപ്പെട്ട പ്രകാരം സഭ വീണ്ടും വിളിച്ചു ചേർത്തു. ചിമ്പൻപരുന്ത് തന്റെ വാദമുഖങ്ങൾ അവതരിപ്പിച്ചു.

‘‘നമ്മുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുറിവേറ്റിരിക്കുന്നു. ആ വൃക്ഷം ആൽമരമാണ്. നമ്മുടെ പരമ്പരാഗത വിശ്വാസപ്രകാരം ആൽമരം ശ്രേഷ്ഠവും പവിത്രവുമായ പുണ്യവൃക്ഷമാണ്. അവിശ്വാസികൾ അതിൽ തൊടുന്നതു തന്നെ അശുദ്ധമാണ്. അതിലെ കൂടുകൾ തകർത്ത് നമ്മുടേത് നിർമിക്കണം. അവിശ്വാസികളെ തല്ലി ഓടിക്കണം. ആചാരങ്ങൾ നമ്മൾ കാത്തുസൂക്ഷിക്കണം. വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം. നമ്മുടെ വികാരവും ഒന്നായിരിക്കണം.’’

എല്ലാവരും ചിമ്പനെ അനുകൂലിച്ചു കൈയടിച്ചു. കാക്കകൾ മാത്രം നിശ്ശബ്ദരായി..

‘‘വിശ്വാസങ്ങളും ആചാരങ്ങളും നമ്മൾ ഉണ്ടാക്കുന്നതല്ലേ. ഇവിടെയും ആൽമരമുണ്ടല്ലോ, എന്തു വേണമെങ്കിലും ഇവിടെ ആകാമല്ലോ. ആൽമരം ഉള്ളിടത്തെല്ലാം തേടിപ്പിടിച്ചു നമ്മുടെ വിശ്വാസങ്ങൾ അടിച്ചേൽപിക്കുന്നതു ശരിയാണോ? അതിനു നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്.’’ ചെറുമൻ കാക്കയുടെ വാദത്തിന് ആരും കൈയടിച്ചില്ല. അതോടെ ചിമ്പൻ പരുന്തിനു ആവേശം കൂടി.

‘ഗരുഡന്റെ പിന്മുറക്കാരാണു ഞങ്ങൾ. ഗരുഡൻ ചെയ്‌ത സേവനങ്ങളിൽ സന്തുഷ്‌ടനായതിന് പാരിതോഷികമായി കിട്ടിയതാണ് വെള്ളപ്പട്ട്. അതുമൂലമാണ് നമ്മുടെ കഴുത്തിലും മാറിലും വെള്ളനിറം വന്നത്. മറ്റു ഭാഗങ്ങളിൽ കറുത്ത, കാവി വർണവും കിട്ടിയത്.’’

ചിമ്പൻ പരുന്തിനെയും കൂട്ടരെയും ആരാധനയോടും ഭയ ഭക്തി ബഹുമാനത്തോടും പക്ഷിക്കൂട്ടം നോക്കിനിന്നു. കറുത്ത നിറക്കാരനായ ചെറുമൻകാക്കയെ നോക്കി ചിമ്പൻ ചുണ്ടുയർത്തി പുച്ഛിച്ചു. ചിമ്പന്റെ നിർദേശാനുസരണം പക്ഷിക്കൂട്ടം ആൽമരം ലക്ഷ്യമാക്കി പറന്നു. തടുത്തുനിർത്താനുള്ള ചെറുമൻകാക്കയുടെ ശ്രമങ്ങളെല്ലാം പാളിപ്പോയി. അവന് അതൊരു വേദനയായി. സമയമേറെ കഴിഞ്ഞിട്ടും ആരും തിരിച്ചുവരാതായപ്പോൾ ചെറുമനും കൂട്ടരും ആൽമരം ലക്ഷ്യമിട്ടു പറന്നു. ചെറുമൻ തലവെട്ടിച്ചു ചരിഞ്ഞു ആൽമരത്തിലേക്ക് കണ്ണുകൾ ചുഴറ്റി. കറുത്ത, കാവി ധരിച്ച ആൽമരം കണ്ടു ചെറുമനു വെറുപ്പും പുച്ഛവും സഹതാപവും തോന്നി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ വർധിത ആവേശത്തോടും ഉറച്ചതീരുമാനത്തോടും ചെറുമനും കൂട്ടരും ഉയരത്തിലേക്ക് പറന്നു.

.

Show More expand_more
News Summary - weekly literature story