Begin typing your search above and press return to search.
proflie-avatar
Login

മുരുകണ്ണൻ

മുരുകണ്ണൻ
cancel

രണ്ട്‌ പെണ്ണുകാണൽ ചടങ്ങ്‌, പെങ്ങളുടെ വീട്ടിലെ ഗൃഹപ്രവേശം, ഉപ്പൂപ്പായുടെ മരണം, ഗൾഫ്‌ സാധനങ്ങളുമായി സഹപ്രവർത്തകരുടെ വീട് തേടിയുള്ള യാത്ര... ഇങ്ങനെ ഒരു ശരാശരി പ്രവാസിയുടെ രണ്ടു മാസത്തെ ലീവ്‌ പൊടുന്നനെ ഇല്ലാതാവുന്നതിനെ കുറിച്ചായിരുന്നു സൈനുൽ അപ്പോൾ ആലോചിച്ചത്‌. കരിപ്പൂരിൽനിന്നും ദോഹയിലേക്കുള്ള വിമാനത്തിലാണ്‌ സൈനുൽ. കൂടെ മുരുകനുമുണ്ട്‌. മുരുകന്റെ ആദ്യ വിമാനയാത്രയാണ്‌. ഏറ്റവും മധുരമായ ശബ്ദത്തിൽ മുന്നറിയിപ്പ്‌ ലഭിച്ചപ്പോൾ സൈനുൽ സീറ്റ്‌ബെൽറ്റ് മുറുക്കി. അടുത്ത നിമിഷത്തിൽ വിമാനം പറന്നുയർന്നു.പേടിയുണ്ടോ..? സൈനുൽ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ്‌ എത്ര നിരർഥകമാണ്‌ ആ ചോദ്യമെന്ന്‌...

Your Subscription Supports Independent Journalism

View Plans

രണ്ട്‌ പെണ്ണുകാണൽ ചടങ്ങ്‌, പെങ്ങളുടെ വീട്ടിലെ ഗൃഹപ്രവേശം, ഉപ്പൂപ്പായുടെ മരണം, ഗൾഫ്‌ സാധനങ്ങളുമായി സഹപ്രവർത്തകരുടെ വീട് തേടിയുള്ള യാത്ര... ഇങ്ങനെ ഒരു ശരാശരി പ്രവാസിയുടെ രണ്ടു മാസത്തെ ലീവ്‌ പൊടുന്നനെ ഇല്ലാതാവുന്നതിനെ കുറിച്ചായിരുന്നു സൈനുൽ അപ്പോൾ ആലോചിച്ചത്‌. കരിപ്പൂരിൽനിന്നും ദോഹയിലേക്കുള്ള വിമാനത്തിലാണ്‌ സൈനുൽ. കൂടെ മുരുകനുമുണ്ട്‌. മുരുകന്റെ ആദ്യ വിമാനയാത്രയാണ്‌. ഏറ്റവും മധുരമായ ശബ്ദത്തിൽ മുന്നറിയിപ്പ്‌ ലഭിച്ചപ്പോൾ സൈനുൽ സീറ്റ്‌ബെൽറ്റ് മുറുക്കി. അടുത്ത നിമിഷത്തിൽ വിമാനം പറന്നുയർന്നു.

പേടിയുണ്ടോ..? സൈനുൽ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ്‌ എത്ര നിരർഥകമാണ്‌ ആ ചോദ്യമെന്ന്‌ സൈനുലിന്‌ തോന്നിയത്‌. ‘‘ഇനിയെന്തിനു പേടിക്കണം?’’ ചോരയും നീരും വറ്റിയ ജീവനില്ലാത്ത വാക്കുകളാൽ മുരുകന്റെ മറുപടി.

അന്നൊരിക്കൽ നാട്ടിൽനിന്നും നമ്മൾ കണ്ടത്‌ ഓർക്കുന്നില്ലേ..? അപ്പോൾ നിങ്ങളുടെ കുടുംബത്തെ കുറിച്ചും പൊള്ളാച്ചിയിൽനിന്നും എങ്ങനെ ഇവിടെ എത്തിയെന്നും ഫുട്‌ബോളിനോട്‌ എന്താണിത്ര ഇഷ്ടമെന്നുമൊക്കെ ഞാൻ ചോദിച്ചിരുന്നു. അതൊരു പെരിയ കഥയാണെന്നും ഇപ്പോൾ കുറേ ചെരുപ്പുകൾ തുന്നാനുണ്ടെന്നും പിന്നാലെ പേശാമെന്നൊക്കെയായിരുന്നു അന്ന്‌ പറഞ്ഞത്‌.

ഓർക്കുന്നുണ്ടോ..?

ഉണ്ട്‌.

എന്നാലിപ്പം പറ...

ൈഫ്ലറ്റ്‌ ദോഹയിലെത്താൻ മൂന്നാല്‌ മണിക്കൂറ്‌ പിടിക്കും. മൊബൈലിൽ തോണ്ടുന്നത്‌ നിർത്തി സൈനുൽ കഥ കേൾക്കാനായി ഒരുങ്ങിയിരുന്നു. എന്നുടെ അപ്പ കറുപ്പയ്യ. ചെരുപ്പുകുത്തിയായിരുന്നു. അമ്മ പൂങ്കന്നി. ഞങ്ങൾ രണ്ട്‌ കുട്ടികളായിരുന്നു. തങ്കച്ചി രാസാത്തി. നാലുപാടും തകരംകൊണ്ട്‌ മറച്ച ഒരു ഷെഡ്ഡായിരുന്നു ഞങ്ങളുടെ വീട്‌. പശിയും പട്ടിണിയുമായിരുന്നു കൂട്ട്‌. പോരാത്തതിന്‌ അപ്പയുടെ കള്ള്‌ കുടിയും. ചെറിയൊരു വീട്‌ വെക്കാൻ വട്ടിപ്പലിശക്കാരനോട്‌ അപ്പ പണം കടം വാങ്ങിയിരുന്നു. അത്‌ വല്ല്യ പ്രശ്‌നായി. ഒരീസം പലിശക്കാരൻ വന്ന്‌ ഗലാട്ടയാക്കി. ഞാനന്ന്‌ എട്ടാം ക്ലാസിലാ. തങ്കച്ചി അഞ്ചിലും. ആ രാത്രി ഞാനൊരിക്കലും മറക്കില്ല.

എന്നും വൈകീട്ട്‌ നാട്ടിലെ കുട്ടികൾക്കൊപ്പം ഞാനന്ന്‌ കളിക്കാൻ പോകുമായിരുന്നു. ഞാൻ മോശമല്ലാത്ത രീതിയിൽ ഫുട്‌ബോൾ കളിക്കുമായിരുന്നു. എന്നാൽ, മറ്റ്‌ കുട്ടികൾ എന്നെ എപ്പോഴും ഗോളിയാക്കി നിർത്തി. അന്നൊന്നും എനിക്കത്‌ മനസ്സിലായിരുന്നില്ല. പിന്നീടാണ്‌ തെരിഞ്ചത്‌. സൈനുൽ ചോദ്യഭാവത്തിൽ കണ്ണുകൾ ചെറുതാക്കി. എന്റെ നിറവും ജാതിയും കുലത്തൊഴിലുമെല്ലാമായിരുന്നു പ്രശ്‌നം. അന്നും ഞാൻ കളിക്കാൻ പോയപ്പോൾ എന്നെ അവർ ഗോളിയാക്കി. ആദ്യ രണ്ട്‌ ഗോൾ എതിർ ടീം നേടിയ​േപ്പാൾ എന്നെ കുറേ ചീത്ത വിളിച്ചു. എന്നാൽ, കളി തീരാറായപ്പോൾ ഞങ്ങളും രണ്ടടിച്ച്‌ സമനില നേടി.

പെനാൽട്ടി വന്നപ്പോൾ ഒരു ഗോൾ ഞാൻ തടുത്തിട്ടു. അതെന്റെ മിടുക്കൊന്നുമല്ലായിരുന്നു. ഞാൻ ചാടിയ ഭാഗത്തേക്ക്‌ തന്നെ ആ പയ്യൻ അടിച്ചതുകൊണ്ട്‌ പന്ത്‌ തടുക്കാൻ കഴിഞ്ഞു. ഞങ്ങൾ ജയിച്ചെങ്കിലും ആരും എന്നെ അഭിനന്ദിച്ചില്ല. എന്നാൽ, സെൽവൻ മാത്രം എനിക്ക്‌ ഒരു സോഡയും രണ്ട്‌ അരിമുറുക്കും വാങ്ങിത്തന്നു. ഒന്ന് ഞാൻ തിന്നു. മറ്റത് തങ്കച്ചിക്കായി പോക്കറ്റിലിട്ടു. അന്ന്‌ വീട്ടിലെത്താൻ കുറച്ച്‌ വൈകി. വന്നപ്പോൾ കണ്ട കാഴ്‌ച ഇന്നും കണ്ണിൽനിന്നും പോയിട്ടില്ല.

അപ്പയും അമ്മയും ചത്തുകിടക്കുന്നു. തൊട്ടടുത്തായി രാസാത്തിയും. ഒച്ച പുറത്തുവരാതിരിക്കാനായി അവളുടെ വായ ചെരുപ്പ്‌ ഒട്ടിക്കുന്ന പശകൊണ്ട്‌ ഒട്ടിച്ചിരുന്നു. ചോറിൽ വിഷം കലർത്തി കഴിച്ചതാണ്‌. എനിക്ക്‌ വിഷം കലർത്തിയ ചോറ്‌ ഞാൻ കിടക്കുന്ന സ്ഥലത്ത്‌ വെച്ചിരുന്നു. ഞാൻ എത്താൻ വൈകിയതുകൊണ്ടാവും വീട്ടിലെ പൂച്ച അത്‌ തിന്ന്‌ തൊട്ടടുത്തായി ചത്തു മലച്ചു കിടന്നിരുന്നു. പിന്നീട്‌ കുറച്ച്‌ കാലം ഒരു ബന്ധുവിന്റെ വീട്ടിൽ കഴിച്ചുകൂട്ടി. പിന്നീടൊരു രാത്രി അച്ഛന്റെ ചെരുപ്പ്‌ തുന്നുന്ന സാധനങ്ങൾ സഞ്ചിയിലാക്കി പൊള്ളാച്ചി വിട്ടു. ആദ്യം പാലക്കാട്‌. അവിടെ ഒാരോ കടകളിലായി പല വേലകൾ ചെയ്‌തു. പിന്നീട്‌ കൊറച്ച്‌ കാലം അലഞ്ഞുതിരിയുന്ന കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രത്തിലായി.

അങ്കെയെനിക്ക്‌ നരകം തന്നെയായിരുന്നു. അത്‌ സെയ്യക്കൂടാത്‌... ഇത്‌ സെയ്യക്കൂടാത്‌... അങ്കെപോക മുടിയാത്‌... ഇങ്കെ പോകമുടിയാത്‌. ഇങ്ങനെ തടസ്സങ്ങളായിരുന്നു. ചിലപ്പോ​െഴല്ലാം കളിപ്പിക്കാൻ ഗ്രൗണ്ടിൽ കൊണ്ടുപോകും എന്നാലും കാലിൽ ചങ്ങലയിട്ട പോലെയാണ്‌. എവിടെ നോക്കിയാലും ഗേറ്റുകളും പൂട്ടുകളും മതിലുകളും. അതുകൊണ്ടാണെന്ന്‌ തോന്നുന്നു ഇന്നും എനിക്ക്‌ ഏത്‌ തരത്തിലുള്ള പൂട്ട്‌ കണ്ടാലും അരിശം വരും. മതിലുകൾ കണ്ടാൽ ശ്വാസംമുട്ടും.

ഒരീസം മെയിൻ ഗേറ്റിന്റെ പൂട്ട്‌ പൊളിച്ച്‌ ഞാൻ അവിടന്നു രക്ഷപ്പെട്ടു. തുറസ്സായ സ്ഥലത്തെിയപ്പോൾ സന്തോഷംകൊണ്ട്‌ ഞാൻ കുറേ ഓടി. റെയിൽവേ സ്‌റ്റേഷനിലോ ബസ്‌ സ്‌റ്റാൻഡിലോ പോയാൽ പിടിക്കപ്പെടുമെന്ന്‌ അറിയാമായിരുന്നു. അതിനാൽ അങ്ങോട്ട്‌ പോകാതെ ചന്ദ്രനഗറിലെത്തി അവിടന്നൊരു ലോറിയിൽ കയറി പെരിന്തൽമണ്ണയിലെത്തി. പിന്നെ അവിടെനിന്നും കോഴിക്കോടും. ഞാൻ ആരാണെന്നും ഫുട്‌ബോളിനോടുള്ള ഇഷ്ടത്തിനും ഉത്തരം കിട്ടിയില്ലേ..? പൂച്ചകളോടുള്ള മുരുകന്റെ അതിവാത്സല്യത്തിന്റെ ഉത്തരവും മുരുകൻ പറയാതെ തന്നെ സൈനുലറിഞ്ഞു.

ഇനി ഇഷ്ട കളിക്കാരൻ ആരാണെന്നും ചോദിച്ചിരുന്നു.

അത്‌ നിങ്ങളുടെ ആള്‌ തന്നയോ...

ആര്‌ മെസിയോ..? സൈനുൽ ചോദിച്ചു.

അല്ല.

നെയ്‌മർ?

മുരുകൻ നിഷേധാർഥത്തിൽ തലയാട്ടി.

എംബാപ്പെയായിരിക്കും. സൈനുൽ ഉറപ്പിച്ചു. അല്ല. മുരുകൻ തറപ്പിച്ചു പറഞ്ഞു.

പിന്നെയാരാ?

പറയാം... അദ്ദേഹത്തിന്റെ ഒരു കളിയേ ഞാൻ കണ്ടിട്ടുള്ളൂ.

അന്ന്‌ ഞാൻ പാലക്കാട്‌ നിന്നും കോഴിക്കോട്‌ വന്തിട്ട്‌ കൊഞ്ചം നാളെയായുള്ളൂ. അന്നെനിക്ക്‌ പതിനാറ്‌ വയസ്സ്‌ കാണും. തൽക്കാലം ഒരു കടയിൽ ജോലിക്ക്‌ നിന്നു. ഒരുദിവസം ഇവിടെ സ്‌റ്റേഡിയത്തിൽ കളി വന്നപ്പോൾ മൊതലാളി ഒരു വലിയ ട്രേയിൽ സോഡയും കടലയും ഓറഞ്ചും വിൽക്കാനായി എന്നെ സ്‌റ്റേഡിയത്തിലേക്ക്‌ വിട്ടു.

 

സാധനങ്ങളുമായി ഞാൻ ആളുകൾക്കിടയിലൂടെ നടക്കുമ്പോൾ ഒരാളുടെ കാലിൽ പന്ത്‌ കിട്ടുമ്പോൾ മാത്രം ആളുകൾ ആർത്തുവിളിക്കുന്നത്‌ ഞാൻ കേട്ടു. അപ്പോൾ ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. എന്നെക്കാളും കറുത്തൊരു മനുഷ്യനായിരുന്നു ആ കളിക്കാരൻ. അതിനിടയിലാണ്‌ ഉയർന്നു വന്നൊരു ബോള്‌ അയാൾ സിസർകട്ടിലൂടെ ഗോളാക്കിയത്‌. കാണികൾ ആ കളിക്കാരന്റെ പേര്‌ ആർത്തുവിളിച്ചു. അങ്ങനെയാണ്‌ അയാളുടെ പേര്‌ എന്റെ മനസ്സിൽ ഞാൻ തുന്നിയിട്ടത്. മറക്കാതിരിക്കാൻ കടല പൊതിഞ്ഞ പേപ്പറിൽ ആ പേര്‌ എഴുതുകയും ചെയ്‌തു.

ഐ.എം. വിജയൻ ആണല്ലേ നിങ്ങളുടെ ഹീറോ... ആമാ... മുരുകൻ തലയാട്ടി.

പിന്നെ ഞാൻ സ്‌റ്റേഡിയത്തിന്റെ ഒരു മറവിൽനിന്നുകൊണ്ട്‌ അദ്ദേഹത്തിന്റെ കളി മുഴുവനും കണ്ടുനിന്നു. കളി തീർന്നപ്പോഴാണ്‌ സാധനങ്ങളൊന്നും വിറ്റിട്ടില്ല എന്ന്‌ മനസ്സിലായത്‌. തിരികെ മൊതലാളിയുടെ അടുത്തെത്തിയപ്പോൾ പൊതിരെ തല്ല് കിട്ടി. അന്ന്‌ അവിടെ നിന്നിറങ്ങിയതാണ്‌. ഓവർബ്രിഡ്‌ജിന്‌ താഴെ ഞാൻ കിടന്നിരുന്ന സ്ഥലത്ത്‌ പോയി അന്നെടുത്ത അച്ഛന്റെ സഞ്ചി ഞാൻ ആദ്യമായി തുറന്നുനോക്കി. അതിലെ സാധനങ്ങൾ കണ്ടപ്പോൾ ഞാനെന്റെ തൊഴിലിലേക്കിറങ്ങി. ഇഷ്ട ടീം ഏതാണെന്നും അന്ന്‌ ചോദിച്ചിരുന്നു. ഞാനൊന്നും മറന്നിട്ടില്ല. മുരുകൻ പറഞ്ഞു.

കറുത്തവർ കളിക്കുന്ന എല്ലാ ടീമിനോടും ഇഷ്ടമാണ്‌. എന്നാൽ സെനഗലിനോട്‌ എന്തോ ഒരു പ്രത്യേക ഇഷ്ടമാണ്‌. ഒരു ചോദ്യം കൂടി ചോദിച്ചിരുന്നല്ലോ... മറന്നുപോയി. മുരുകൻ കണ്ണടച്ച്‌ ഓർമിച്ചുനോക്കി. ഇല്ല... കിട്ടുന്നില്ല. ശരിയാണ്‌... എന്തോ ഒരു ചോദ്യംകൂടി ചോദിച്ചിരുന്നു. ഞാനും മറന്നു. സൈനുൽ പറഞ്ഞു. അപ്പോഴേക്കും ദോഹയിൽ വിമാനം ലാൻഡ്‌ ചെയ്യുന്നതിന്റെ അറിയിപ്പ്‌ വന്നിരുന്നു.

കോഴിക്കോട് -നൈനാൻവളപ്പ്- കളി കഴിഞ്ഞ് അവർ ഗ്രൗണ്ടിലിരിക്കുമ്പോൾ അവർ ആ നാട്ടിൻപുറത്തെ കളിക്കാർ മാത്രമല്ല ഓരോ ഭൂഖണ്ഡങ്ങളാണ്‌. മുരളീ മോഹൻ മോഡ്രിച്ച്‌ മുരളിയാണ്‌. 2018ലെ ലോകകപ്പിൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിന്റെ കളിയാണ്‌ മുരളിയെ മോഡ്രിച്ചിന്റെ ആരാധകനാക്കിയത്‌. ജർമനിക്ക്‌ വേണ്ടി വാദിക്കുമ്പോൾ സന്ദീപ്‌ നായർ ഹിറ്റ്‌ലറെക്കോൾ ഭീകരനാകും.

ഇന്ന്‌ കളി കാണാൻ അയമോട്ടിക്കയെ കണ്ടില്ലല്ലോ. വിയർത്തൊട്ടിയ മെസ്സിയുടെ ജഴ്‌സിയുടെ ഉള്ളിൽനിന്നും കിരൺ തന്റെ സംശയം പാസ് ചെയ്‌തു. അപ്പോഴാണ്‌ മറ്റുള്ളവർ അയമോട്ടിക്കയുടെ അസാന്നിധ്യം ശ്രദ്ധിച്ചത്‌.അയമോട്ടിക്ക ആസ്‌പത്രിയിലാണ്‌... കൊറച്ച്‌ ബുദ്ധിമുട്ടിലാണെന്നാണ്‌ കേട്ടത്‌. വിനോദാണ്‌ പറഞ്ഞത്‌. നല്ല പ്രായായില്ലേ.

ഏട്ടാ... അയമോട്ടിക്ക പണ്ടത്തെ സൂപ്പർ കളിക്കാരനാണെന്ന്‌ എല്ലാരും പറേന്നത്‌ സത്യാണോ? അതോ തള്ളാണോ..? ഇൻസ്‌റ്റഗ്രാമിന്റെ വാതിൽക്കൽനിന്നുകൊണ്ട്‌ കൂട്ടത്തിൽ ഇളംപ്രായക്കാരനായ സനു ചോദിച്ചു. പിന്നല്ലാതെ... അന്നത്തെ അറിയപ്പെടുന്ന കളിക്കാരനാ. ഗോളടിക്കലല്ല. ഗോളടിപ്പിക്കലാ മൂപ്പരുടെ മുഖ്യ ഐറ്റം. ഗോളിമാത്രം മുന്നിലുള്ളപ്പോൾ പാസ് കൊടുക്കുന്ന അയമോട്ടിക്കയെ കുറിച്ച്‌ നാരാണേട്ടൻ എപ്പോഴും പറയാറുണ്ട്‌.

‘‘നീയൊക്കെ കണ്ട്‌ പഠിക്ക്‌’’ ബിജു ഹക്കീമിനെ കളിയാക്കി.

മൂപ്പരെ കാലിന്റെ വിലയെത്രാന്നറിയോ നിങ്ങക്ക്‌... ‘‘മൂന്ന്‌ പൊറാട്ടയും ഒരു ബീഫും.’’ എന്നാൽ ഒരെണ്ണമെ മൂപ്പര്‌ കഴിക്കൂ. ബാക്കി വീട്ടിലേക്ക്‌ പൊതിഞ്ഞെടുക്കും. ഇതൊക്കെ നീയെങ്ങനെയറിഞ്ഞു...

നാരാണേട്ടനായിരുന്നു കളിക്കളത്തിലേക്കുള്ള യാത്രയില്‌ അയമോട്ടിക്കയുടെ കൂട്ട്‌. അയമോട്ടിക്കയുടെ എഴുതപ്പെടാത്ത റെക്കോഡ്‌ ബുക്കിലെ നാരാണേട്ടന്റെ വരികളാണിതൊക്കെ. ഒരു ഫുട്‌ബോൾ കമന്ററിപോലെ ആധികാരികമായ വിനോദിന്റെ വാക്കുകൾ മറ്റുള്ളവർ കൗതുകത്തോടെ കേട്ടിരുന്നു. മറ്റ്‌ പഞ്ചായത്തിലെ ക്ലബിനൊക്കെ അയമോട്ടിക്ക കളിക്കുമായിരുന്നു. പൈസയൊന്നും കിട്ടുമായിരുന്നില്ല. എന്നാൽ, ജയിച്ചാലും തോറ്റാലും പൊറാട്ടേം ബീഫും ഒറപ്പാ. അതായിരുന്നു ആ കുടുംബത്തിന്റെ വിശപ്പ്‌ മാറ്റിയത്‌. ങ്ങളിങ്ങനെ പഴമ്പുരാണോം പറഞ്ഞിരുന്നാൽ നാളെ കളിക്കലുണ്ടാകില്ല. വയറ്‌ അങ്ങിങ്ങായി പൊട്ടി ഉള്ളിലെ ചുവന്ന കുഞ്ഞിനെ പുറത്തേക്ക്‌ തള്ളിനിൽക്കുന്ന ബോള്‌ കാണിച്ച്‌ സൂരജ്‌ ഓർമിപ്പിച്ചു.

എന്നെ നോക്കണ്ട. ഞാൻ പോകില്ല. ഗോൾകീപ്പർ ഹിഗ്വിറ്റ ഗിരീഷ്‌ തീർത്തുപറഞ്ഞു. ഇനി ഇതിൽ തുന്നാൻ സ്ഥലമില്ലെന്നാണ്‌ കഴിഞ്ഞ ദിവസം മുരുകണ്ണൻ പറഞ്ഞത്‌. ഹിഗ്വിറ്റയെ പോലെ പിൻകാലുകൊണ്ട്‌ ബോൾ സെയ്‌വ്‌ ചെയ്യാൻ ശ്രമിച്ച്‌ മൂക്കും കുത്തി വീണതിന്‌ പിന്നാലെയാണ്‌ ഗിരീഷിന്‌ ആ പേര്‌ വീണത്‌. എന്നാലും പാവം തുന്നിത്തരും... സായന്തിന്റെ മനസ്സ് ആർദ്രമായി. പുതിയ പന്ത്‌ വാങ്ങാനുള്ള പിരിവ്‌ എന്തായി..? ക്യാപ്‌റ്റന്റെ ചോദ്യം. രണ്ട്‌ മൂന്ന്‌ പേർകൂടി തരാനുണ്ട്‌. ക്ലബിന്റെ ട്രഷറർ കൂടിയായ നജീബിന്റെ മറുപടി.

‘‘എന്നാ നാളെ പന്ത്‌ തുന്നുന്ന ചുമതല സൈനുൽ ആബിദിനാണ്‌.’’ ആ മുഖത്തിന്‌ ചേരില്ലെങ്കിലും രതീഷ്‌ മുഖത്ത്‌ ക്യാപ്‌റ്റന്റെ ഗൗരവം എടുത്തണിഞ്ഞു. നീ ഒരാഴ്‌ച കഴിഞ്ഞാൽ ഖത്തറിലേക്ക്‌ പറക്കില്ലേ. എന്തേലും പണിയെടുക്ക്‌്‌... സൈനുൽ എതിർപ്പൊന്നും പറഞ്ഞില്ല.

‘‘നീ ഭാഗ്യവാനാടാ. അനക്ക്‌ ലോകകപ്പ്‌ കാണാല്ലോ...’’

എന്ത്‌ ഭാഗ്യം... കമ്പനി ലീവ്‌ അനുവദിക്കുന്നില്ല. ആകെ കിട്ടിയത്‌ ഒരു ടിക്കറ്റാണ്‌. അർജന്റീനയും മെക്‌സിക്കോയും തമ്മിലുള്ളത്‌.

അമ്പട കള്ളാ... ഇതിൽപരം എന്ത്‌ ഭാഗ്യാടാ നിനക്ക്‌ വേണ്ടത്‌. മെസ്സിയെയും മരിയയെയുമെല്ലാം നേരിൽ കാണാമല്ലോ. നജീബ്‌ അസൂയ മറച്ചുവെച്ചില്ല.

അതൊക്കെ വിട്‌... നീ പെണ്ണ്‌ കാണാൻ പോയിട്ടെന്തായി..? മ്മക്കൊരു ബിരിയാണിക്ക്‌ വകുപ്പുണ്ടോ..? ഗിരീഷിന്‌ അതാണറിയേണ്ടത്‌. അതൊക്കെ അതിന്റെ വഴിക്ക്‌ പോകുന്നു. താൽപര്യമില്ലാത്തത്‌ പോലെയായിരുന്നു സൈനുലിന്റെ പ്രതികരണം. അന്നത്തെ കളിയും കളിപറച്ചിലും കഴിഞ്ഞ്‌ അവർ രാത്രി പാളയത്തെ തട്ടുകടയിൽ കാണാമെന്ന്‌ പറഞ്ഞ്‌ പിരിഞ്ഞു.

പൊട്ടാറായ ബോളുമായി പിറ്റേന്ന്‌ രാവിലെ സൈനുൽ മുരുകണ്ണനെ തേടിയിറങ്ങി. ടൗണിലെ ഓവർബ്രിഡ്‌ജിന്‌ ചുവട്ടിലെ ഒരു ആൽമരച്ചുവട്ടിലാണ് മുരുകൻ എന്ന ചെരുപ്പു കുത്തി. രാവിലെയായതുകൊണ്ടാവും ആളുകൾ കുറവായിരുന്നു. ഒരു സ്ത്രീ മാത്രമായിരുന്നു മുരുകന്റെ അടുത്തുണ്ടായിരുന്നത്. അവരുടെ ചെരുപ്പായിരുന്നു അയാൾ തുന്നിക്കൊണ്ടിരുന്നത്. മുരുകണ്ണന്റെ ചുറ്റിലും അഞ്ചെട്ട് പൂച്ചകളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ തള്ളപ്പൂച്ചയുടെ മുലഞെട്ടിനു ചുറ്റും വട്ടംവെച്ചു കളിക്കുന്നുണ്ട്‌. ചിലത്‌ അനുസരണയോടെ മുരുകനടുത്തിരിക്കുമ്പോൾ വേറേ ചിലത്‌ മണ്ണിൽ കിടന്ന്‌ പുളയുന്നുണ്ട്‌.

മുരുകൻ എപ്പോൾ ഭക്ഷണം കഴിക്കുന്നുവോ അതിലൊരു പങ്ക്‌ പൂച്ചകൾക്കുള്ളതാണ്‌. രാവിലെ ഒമ്പത്‌ മണിക്ക്‌ ജോലി തുടങ്ങിയാൽ രാത്രി ഏഴ്‌ മണിവരെ അത്‌ തുടരും. ഏഴ്‌ മണിക്ക്‌ ശേഷം ബീവറേജിലേക്ക്‌ ഒരു യാത്രയുണ്ട്‌. ഒരു ജവാനും വാങ്ങി മടങ്ങിവന്ന്‌ അത്‌ രണ്ട്‌ പെഗ് അകത്താക്കും. പിന്നെ തട്ടുകടയിൽനിന്ന്‌ ദോശയോ പൊറാട്ടയോ കഴിച്ച്‌ അതിലൊരു പങ്കു പൂച്ചകൾക്കും കൊടുക്കും. പിന്നെ കോവിഡ്‌ കാലത്ത്‌ അടച്ചിട്ട്‌ പിന്നീട്‌ തുറക്കാതിരുന്ന തൊട്ടടുത്ത കടത്തിണ്ണയിൽ എല്ലാം മറന്നൊരു ഉറക്കം. ഇതാണ്‌ മുരുകന്റെ ദിനചര്യ.

സൈനുൽ വന്നപ്പോൾ പുതിയ കസ്‌റ്റമർക്ക്‌ ബുദ്ധിമുട്ടാവരുതെന്ന്‌ വിചാരിച്ചിട്ടാവാം പൂച്ചകൾ കുറച്ച് മാറിനിന്നു. ‘‘എനിക്ക് ബസ് വരാനായി. ഒന്ന്‌ വേഗം തുന്നിത്തരണെ...’’ പന്ത് കണ്ടാൽ മുരുകൻ മറ്റെല്ലാം മാറ്റിവെച്ച്‌ പന്തെടുക്കും എന്നറിയുന്നതുകൊണ്ടാവും ആ സ്ത്രീ മുരുകനെ നോക്കി ധൃതി കാണിച്ചു. പെങ്ങളെ എനിക്ക് തിരക്കില്ല... സൈനുൽ സ്ത്രീയോട് പറഞ്ഞു.

തുന്നിയ ചെരിപ്പുമായി സ്ത്രീ പോയതോടെ മുരുകണ്ണൻ സൈനുലിൽനിന്ന് പന്ത് വാങ്ങി, പന്തിന് ചുറ്റും താൻ മുമ്പ് നടത്തിയ ശസ്ത്രക്രിയ കണ്ട് ഉള്ളാലെ ചിരിച്ചു. ‘‘അടുത്ത ദിവസം പുതിയ പന്ത്‌ വാങ്ങുന്നുണ്ട്‌. പിരിവെടുത്തു കഴിഞ്ഞു.’’ മുരുകന്റെ ഭാവം കണ്ടിട്ടാവണം, സൈനുൽ മുൻകൂർ ജാമ്യമെടുത്തത്‌. അയാൾ ബോളിലെ ഉള്ളിലെ കുഞ്ഞിന്‌ പോറലേൽക്കാതെ ശ്രദ്ധയോടെ തുന്നാൻ തുടങ്ങി. സൈനുലും അടുത്തിരുന്നു

നിങ്ങൾക്ക്‌ ഫുട്‌ബോളിനോടൊക്കെ നല്ല കമ്പം ഉണ്ടല്ലേ..?

എങ്ങിനെയാ പൊള്ളാച്ചിയിൽനിന്നും ഇവിടെയെത്തിയത്‌..?

‘‘കാൽപ്പന്ത്‌ വെളയാട്ട്‌ ഏൻ ഉയിര്‌ താനെ.’’ അതെല്ലാം പെരിയ കഥ. പിന്നാലെ ശൊൽറേൻ. ഇപ്പോൾ നെറയെ വേലയിര്‌ക്ക്‌. മുരുകന്റെ ആളാണെന്ന്‌ മനസ്സിലായതുകൊണ്ടാകും മാറി നിന്ന പൂച്ചകളെല്ലാം തിരികെ വന്നു. അവർക്കൊപ്പം കൂടി.

ഞാൻ അടുത്ത ആഴ്‌ച ഖത്തറിലേക്ക്‌ പോകും. വരുന്നോ, ലോകകപ്പ്‌ കളിയും കാണാം.

കളിയാക്കാതെ തിരുടാ... അടുത്ത ലോകകപ്പ്‌ ഞാൻ കാണും. അതിനായി ഞാൻ പൈസ സൂക്ഷിച്ച്‌ വെക്കും. ചിരിച്ചുകൊണ്ടാണ്‌ മുരുകനത്‌ പറഞ്ഞതെങ്കിലും ആ വാക്കുകളിൽ ആത്മവിശ്വാസം നിഴലിച്ചിരുന്നു. ആയിക്കോട്ടേ നമുക്ക്‌ ഒരുമിച്ച്‌ പോകാം. സൈനുൽ പ്രോത്സാഹിപ്പിച്ചു.

* * *

പെങ്ങളുടെ പുതിയ വീട്ടിലെ താമസത്തിനായി കഴിഞ്ഞ രണ്ട്‌ ദിവസമായി കൊണ്ടോട്ടിയിലായിരുന്നു സൈനുൽ. എടാ... അയമോട്ടിക്കായ്ക്ക്‌ കൊറച്ച്‌ സീരീസ്സാണെന്ന്‌ പറേന്ന്‌... നീ പോയൊന്ന്‌ കാണണട്ടോ. മ്മളെ ബാപ്പാന്റെ ഉറ്റ ചങ്ങായി ആയിരുന്നു. ഗൃഹപ്രവേശനത്തിന്റെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ സുഹ്‌റ സൈനുലിനോട്‌ പറഞ്ഞു. ഞാനറിഞ്ഞു... നാട്ടിലെത്തീട്ട്‌ നാളെതന്നെ പോവാം. അത്രയും പറഞ്ഞ്‌ അൽപ്പം കഴിഞ്ഞപ്പോഴായിരുന്നു. സൈനുലിന്റെ വാട്‌സാപ്പിൽ രതീഷിന്റെ മെസ്സേജ്‌ വന്നത്‌. ചിത്രത്തിനൊപ്പം ആദരാഞ്ജലിയും ചുവ​െന്നാരു പനിനീർ പൂവും കണ്ടു. ‘‘യാ അല്ലാഹ്...’’ സൈനുൽ അറിയാതെ കണ്ണടച്ചുപോയി.

പിറ്റേന്ന്‌ പോവാൻ വിചാരിച്ചതായിരുന്നെങ്കിലും പെങ്ങളോട്‌ ഒരു കളവ്‌ പറഞ്ഞ്‌ അവൻ അന്ന്‌ തന്നെ കോഴിക്കോട്ടേക്ക്‌ ബസ്‌ കയറി. ആ രാത്രി തന്നെ സൈനുൽ ക്യാപ്‌റ്റൻ രതീഷിന്റെ വീട്ടിൽ എത്തി.

ആ മരണത്തെക്കുറിച്ച്‌ അവർ ഏറെനേരം സംസാരിച്ചു. ക്ലബിന്റെ പേരിൽ ഒരനുസ്‌മരണം സംഘടിപ്പിക്കണം, സൈനുൽ പറഞ്ഞു. വേണം. ഞാനും അത്‌ തന്നെയാ ആലോചിച്ചത്‌. വിധിയെന്ന്‌ പറഞ്ഞ്‌ ആശ്വസിക്കാനല്ലാതെ നമുക്കെന്ത്‌ ചെയ്യാൻ കഴിയുമെന്ന്‌ പറഞ്ഞായിരുന്നു അവർ രാത്രി ഏറെ വൈകി ആ സംഭാഷണം അവസാനിപ്പിച്ചത്‌.

പിറ്റേന്ന്‌ രാവിലെ തന്നെ സൈനുൽ കോർപറേഷൻ വകയുള്ള ശ്‌മശാനത്തിൽ എത്തി. മറ്റ്‌ കളിക്കാരോടും വരാൻ പറഞ്ഞിരുന്നെങ്കിലും ആരും എത്തിയില്ല. ഒരു ചെറുപ്പക്കാരനാണ്‌ കാര്യങ്ങളൊക്കെ ചെയ്യുന്നത്‌. മധ്യവയസ്സ് കഴിഞ്ഞ മറ്റൊരാളും സഹായിയായിട്ടുണ്ട്‌. കുറച്ച്‌ പേർ മാത്രമായിരുന്നു ശ്‌മശാനത്തിൽ ഉണ്ടായിരുന്നത്‌. ഒരു ബോഡി കത്തിത്തുടങ്ങിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി ഉറ്റവർ മടങ്ങാനുള്ള തയ്യാറെടുപ്പായിരുന്നു. മറ്റൊരു ശരീരം അഗ്നി കാത്തു കിടപ്പുണ്ടായിരുന്നു.

തിരക്കൊഴിയാനായി സൈനുൽ കാത്തിരുന്നു. ഇടവേളയിലെപ്പോഴോ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ സൈനുലിന്റെ കണ്ണുമായി ഉടക്കി. അവൻ സൈനുലി​െന്റ അരികിലെത്തി.കൊറച്ച്‌ നേരായല്ലോ ഇവിടെ. ആരുടെയെങ്കിലും ബോഡി വരാനുണ്ടോ..? ചെറുപ്പക്കാരൻ ചോദിച്ചു. ൈസനുൽ കുറച്ച്‌ നേരം അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കി. അൽപ്പമകലെയായി കത്തുന്ന ചിത അവന്റെ കണ്ണുകളിൽ തിളങ്ങി. ഞാനൊരു മുസൽമാനാണ്‌. എനിക്ക്‌ ഇവിടത്തെ രീതികളൊന്നും അറിയില്ല. അത്‌ സാരല്ല. ശ്‌മശാനത്തിൽ മാത്രം അങ്ങനെയൊരു വേർതിരിവില്ല. കാര്യം പറഞ്ഞോളൂ.

ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ടാണ്‌ അതു പറഞ്ഞത്‌. കഴിഞ്ഞ ദിവസം മരിച്ചയൊരാൾ എനിക്ക്‌ വേണ്ടപ്പെട്ട ആളായിരുന്നു. അന്വേഷിച്ചപ്പോൾ ഇവിടേക്കാണ്‌ കൊണ്ടുവന്നതെന്നറിഞ്ഞു.

എന്തായിരുന്നു പേര്‌..?

‘‘മുരുകൻ.’’

മുരുകണ്ണൻ എന്നാണ്‌ ഞങ്ങൾ വിളിക്കാറുള്ളത്‌.

ഓ അപകടത്തിൽ മരിച്ച ആ തമിഴ്‌നാട്ടുകാരൻ.

അതേ.

അത്‌ ഇന്നലെ തന്നെ കത്തിച്ചല്ലോ.

അവശിഷ്ടങ്ങൾ കിട്ടുമോ? ചടങ്ങ്‌ ചെയ്യാനാണ്‌...

വരൂ... ചെറുപ്പക്കാരൻ പറഞ്ഞു. സൈനുൽ ചെറുപ്പക്കാരന്റെ പിറകെ നടന്നു. അച്ഛന്റെ കാലത്തുള്ള ഒരു ശീലമാണ്‌. അജ്ഞാതന്റെ ബോഡിയാണെങ്കിൽ ശരീരാവശിഷ്ടങ്ങൾ കുറച്ച്‌ കാലമെങ്കിലും സൂക്ഷിക്കണമെന്നത്‌. അവർ ഒരു ചെറിയ ഷെഡ്ഡിലെത്തി. അവിടെ അൽപമുയരത്തിലായി പ്ലാസ്‌റ്റിക് സഞ്ചികൾ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ഓരോ സഞ്ചിയിലും ഓരോ പേരുകൾ എഴുതിയിരുന്നു. ചെറുപ്പക്കാരൻ അത്‌ പരിശോധിക്കാൻ തുടങ്ങി. ഒരു സഞ്ചിയിൽ അൽപം വികൃതമായ കയ്യക്ഷരത്തിൽ മുരുകൻ എന്നെഴുതിയത്‌ സൈനുൽ തന്നെയാണ്‌ കാണിച്ചുകൊടുത്തത്‌.

ചെറുപ്പക്കാരൻ അത്‌ വാങ്ങി ഒന്നുകൂടി പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തി സൈനുലിന്റെ കയ്യിൽ കൊടുത്തു. ഇയാൾക്ക്‌ അവകാശികൾ ആരെങ്കിലുമുണ്ടാകുമോ... ചെറുപ്പക്കാരന്റെ കണ്ണിൽ തെല്ലൊരു സംശയം കൂട്‌ കെട്ടി. ഇല്ല. എനിക്കറിയാവുന്നതാണ്‌. മുരുകണ്ണന്റെ കുടുംബം നേരത്തെ മരിച്ചതാണ്‌. കല്യാണവും കഴിച്ചിട്ടില്ല. ‘‘ആരുമില്ലാത്തവർക്ക്‌ ഇതുപോലെ ആരെങ്കിലും ഉണ്ടാകും.’’ മരണാനന്തര ചടങ്ങ്‌ നടത്താൻ നിങ്ങൾ തയ്യാറായതിൽ സന്തോഷം. എനിക്കിത്‌ ചെയ്‌തേ പറ്റൂ. സൈനുൽ സഞ്ചി മുറുക്കിപ്പിടിച്ച്‌ പറഞ്ഞു.

‘‘മരിച്ചാൽ ഒന്ന്‌ കരയാൻപോലും ആരുമില്ലാത്തവരുടെ ജന്മം എത്ര ദയനീയമാണല്ലേ...’’ ഒരു മന്ത്രമുരുവിടുന്നതു പോലെയായിരുന്നു ചെറുപ്പക്കാരനത്‌ പറഞ്ഞത്‌.

ഒരു കാര്യംകൂടി ചോദിച്ചോട്ടെ.

വളരെ യങ്ങായ നിങ്ങളെങ്ങിനെയാണ്‌ ഈ ജോലിയിൽ എത്തിയത്‌..?

ജീവിതത്തിൽ അത്യാർത്തിയില്ലാതെ കഴിയാൻ ഈ ജോലി നല്ലതാ. ചെറുപ്പക്കാരൻ വീണ്ടും പുഞ്ചിരിച്ചു. ഞാൻ ബി.ടെക് കഴിഞ്ഞതാ. ഒരുപാട്‌ കമ്പനികളുടെയും ബ്രാൻഡുകളുടെയും പിറകെ വെറുതെ ഓടിത്തളർന്നു. ജീവിതവും ബന്ധങ്ങളുമെല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ അച്ഛനൊപ്പം ഇങ്ങോട്ട്‌ വന്നു. അച്ഛന്‌ വയ്യാതായതോടെ ഇവിടംതന്നെ തൊഴിലിടമാക്കി.

 

‘‘ജീവിതം പഠിക്കാൻ ശ്‌മശാനംപോലെ നല്ലൊരു വിദ്യാലയം വേറെയില്ല.’’

എനിക്ക്‌ നിങ്ങളെ നല്ല ഇഷ്ടായി. സൈനുൽ തുറന്നു പറഞ്ഞു. അവൻ അതിന്‌ മറുപടിയൊന്നും പറഞ്ഞില്ല. മറ്റെവിടെയെങ്കിലും വെച്ച്‌ നമുക്ക്‌ വീണ്ടും കാണാം. അത്രയും പറഞ്ഞ്‌ ചെറുപ്പക്കാരൻ ചിത കത്തുന്ന സ്ഥലത്തേക്ക്‌ നടന്നു. അവിടെനിന്നും സൈനുൽ പോയത്‌ ടൗൺ പൊലീസ്‌ സ്‌റ്റേഷനിലേക്കായിരുന്നു. കൊല്ലപ്പെട്ടതൊരു അന്യ സംസ്ഥാന തൊഴിലാളി ആയതുകൊണ്ട്‌ ആരും പരാതിയൊന്നും കൊടുക്കില്ലെന്ന്‌ അവന്‌ നല്ല ഉറപ്പുണ്ടായിരുന്നു. എഴുതി തയാറാക്കിയ പരാതി അയാൾ സി.ഐക്ക്‌ നൽകി.

കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന അയാളുെട മേൽ നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ചുകയറിയെന്നാണ്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌. ലോറി നിർത്താതെയും പോയി. അയാൾക്ക്‌ ആരുമില്ല സർ. നീതിയെങ്കിലും കിട്ടണം. സി.ഐ പരാതി വായിക്കുന്നതിനിടയിൽ സൈനുൽ പറഞ്ഞു നിർത്തി. കടലാസിൽനിന്ന്‌ കണ്ണുകൾ ഉയർത്തി അയാൾ സൈനുലിനെ നോക്കി.

സീ... മിസ്‌റ്റർ... എന്തായിരുന്നു പേര്‌?.. അയാൾ ഒന്നുകൂടി പരാതിയുടെ അടിയിലുള്ള പേരിലേക്ക്‌ കണ്ണ്‌ പായിച്ചു. സൈനുൽ അല്ലേ... ‘‘ഞങ്ങൾ സ്വമേധയാ ഒരു കേസെടുത്തിട്ടുണ്ട്‌. ലോറി ട്രേസ്‌ ചെയ്യുന്നുണ്ട്‌. അയൽ സംസ്ഥാനത്തു നിന്നുള്ള ലോറിയാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഉടനെതന്നെ കുറ്റക്കാരെ പിടികൂടും.’’

‘‘പക്ഷേ ഊരും പേരുമില്ലാതെ ഇവരെ പോലുള്ളവർ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. സ്വന്തം സുരക്ഷപോലും നോക്കാതെ കള്ളും കുടിച്ച്‌ എവിടെയെങ്കിലും കിടക്കും. ചത്തവനോ പോയി. മറ്റുള്ളവർ ഇനി ഇതിന്റെ പിന്നാലെ ഇനിയെത്ര ഓടണം...’’ സി.ഐ ആരോടൊക്കെയോ ഉള്ള ദേഷ്യം പുറത്ത്‌ കാണിച്ചു.

‘‘ചത്തതല്ല സാർ കൊന്നതാണ്‌.’’ സൈനുൽ തിരുത്തി. അത്‌ സി.ഐക്ക്‌ അത്ര ഇഷ്ടമായില്ലെന്ന്‌ അയാളുടെ മാറിയ മുഖഭാവം വ്യക്തമാക്കി.

അതേയതേ... ക്രൈം നടന്നതിൽ നടപടിയുണ്ടാകും. ഷുവർ. ഞാൻ പറഞ്ഞുവരുന്നത്‌ സീ മിസ്റ്റർ... അയാൾ പേര്‌ കിട്ടാൻ ഒരിക്കൽകൂടി പരാതിയെഴുതിയ കടലാസിൽ നോക്കി. സൈനുൽ. ഞാൻ പറഞ്ഞുവരുന്നത്‌ ഇത്തരക്കാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെ കുറിച്ചാണ്‌. നിങ്ങളുടെ കാര്യം തന്നെ നോക്ക്‌... നിങ്ങൾ എന്താണ്‌ ചെയ്യുന്നത്‌..? ഗൾഫിലാണ്‌. അവധിക്ക്‌ നാട്ടിൽ വന്നതാണ്‌. നാളെ തിരികെ പോകണം. നോക്കൂ... ഈ ദിവസം നിങ്ങൾക്ക്‌ എന്ത്‌ മാത്രം ജോലിയുണ്ടാകും. അതൊക്കെ വിട്ട്‌ നിങ്ങളും ഈ പൊല്ലാപ്പിന്റെ പുറകെ പോകേണ്ടിവന്നില്ലേ...സർ, എനിക്കിതൊരു പൊല്ലാപ്പല്ല. അയാൾ എനിക്ക്‌ വേണ്ടപ്പെട്ട ഒരാളായിരുന്നു.ഒാകെ... എനി വെ ഞങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തിരിക്കും.

സി.ഐയുടെ കാബിന്റെ ഹാഫ്‌ഡോറിനു മുകളിൽ മറ്റൊരു തല പ്രത്യക്ഷപ്പെട്ടതോടെ അത്രയും പറഞ്ഞ്‌ അയാൾ സംഭാഷണം അവസാനിപ്പിച്ചു.സന്ധ്യയോടെ വീട്ടിലെത്തിയ സൈനുലിനെ എതിരേറ്റത്‌ ഉമ്മയുടെ ആശങ്ക നിറഞ്ഞ മുഖമായിരുന്നു. എന്താ മോനെ, എന്തേലും പ്രശ്‌നമുണ്ടോ..? കോലായിലേക്ക്‌ കേറുന്നതിനു മുമ്പേ ഉമ്മ ചോദിച്ചു. നാളെ അനക്ക്‌ പോണ്ടതല്ലേ? ഒന്നൂല്ലുമ്മാ... ക്ലബിൽ കൊറച്ച്‌ തിരക്കായിരുന്നു. അവൻ ഉമ്മയുെട കഴുത്തിൽ ചുറ്റിപ്പിടിച്ച്‌ ആശ്വസിപ്പിച്ചു. ഉമ്മ വിളമ്പിയ ചോറ്‌ കഴിച്ചശേഷം അവൻ പിറ്റേന്ന്‌ പോകുന്നതിനുള്ള സാധനങ്ങൾ ബാഗിൽ നിറച്ചു.

* * *

ഖത്തറിലെ ഖലീഫ ഇന്റർ നാഷനൽ സ്‌റ്റേഡിയത്തിൽ സെനഗൽ- ഇക്വഡോർ മത്സരം. കളി തുടങ്ങാൻ ഏതാനും മിനുട്ടുകൾ ബാക്കിയുള്ളപ്പോഴാണ്‌ സൈനുൽ സ്‌റ്റേഡിയം പരിസരത്തെത്തുന്നത്‌. ടെൻഷൻ കാരണം എങ്ങോട്ട്‌ പോകണം, എന്ത്‌ ചെയ്യണണ​െമന്ന അവസ്ഥയിലായിരുന്നു അവൻ. ഒരു പരിചിത മുഖത്തിനായി സൈനുലിന്റെ കണ്ണുകൾ അവിടമാകെ പരതുന്നുണ്ട്‌.

ടാ... കളി തുടങ്ങാറായിട്ടോ... നീ കേറണില്ലേ..? തിരിഞ്ഞുനോക്കാതെ തന്നെ തൃശൂർ സ്ലാങ്ങിന്റെ ഉടമയെ സൈനുൽ തിരിച്ചറിഞ്ഞു. കമ്പനിയുടെ സ്‌റ്റോർ മാനേജർ ബേബിച്ചായൻ.

ആ... ബേബിച്ച നിങ്ങളെ കണ്ടത്‌ നന്നായി. ‘‘എനിക്ക്‌ ഈ കളി കണ്ടേ പറ്റൂ.’’ പക്ഷേ എനിക്ക്‌ ടിക്കറ്റില്ല. ബേബിച്ചായൻ എനിക്കൊരു ഉപകാരം ചെയ്യണം. നിങ്ങളുടെ ടിക്കറ്റ്‌ എനിക്ക്‌ തരണം. പകരം ഞാൻ അർജന്റീന- മെക്‌സിക്കോ മത്സരത്തിന്റെ ടിക്കറ്റ്‌ നിങ്ങൾക്ക്‌ തരാം. ഒറ്റശ്വാസത്തിൽ സൈനുൽ പറഞ്ഞുതീർത്തു.

എന്തൂട്ടാ ഗഡീ നിനക്ക്‌ വട്ടായോ... അർജന്റീനയുടെ കളി കാണാതെ നീ ഈ കൂതറ മത്സരം കാണാൻ റിസ്‌ക്‌ എടുക്കുന്നതെന്തൂട്ടിനാ..? അതൊക്കെ പിന്നെ പറയാം.

‘‘ബേബിച്ചായനും അർജന്റീനയുെട ആെളല്ലേ. ടിക്കറ്റ്‌ ഇതുവരെ കിട്ടിയില്ലല്ലേ. ഇതൊരു സുവർണാവസരമാണ്‌. ഇതെടുത്തോളൂ.’’ ഇന്നത്തെ കളിയുടെ ടിക്കറ്റ്‌ എനിക്ക്‌ താ. അത്രയും പറഞ്ഞ്‌ സൈനുൽ ബേബിച്ചായനിൽനിന്ന്‌ ടിക്കറ്റും പിടിച്ചെടുത്ത്‌ അർജന്റീനയുടെ ടിക്കറ്റും പകരം നൽകി. അയാൾ എന്തെങ്കിലും പറയുന്നതിനു മുമ്പേ സ്‌റ്റേഡിയത്തിലേക്കുള്ള കവാടത്തിലേക്ക്‌ ഓടിക്കയറി. ബേബിച്ചായൻ കുറച്ചുനേരം അവിശ്വസനീയതയോടെ അവനെതന്നെ നോക്കിനിന്നു.

സ്‌റ്റേഡിയത്തിൽ നല്ല തിരക്കായിരുന്നെങ്കിലും ഇരു ഭാഗവും കാണുന്ന തരത്തിൽ മധ്യഭാഗത്തായി സൈനുലിന്‌ ഇരിപ്പിടം കിട്ടി. അന്തരിച്ച സെനഗലിന്റെ മുൻ താരം പപ്പ ബൗബ ഡിയോപ്പിന്‌ ആദരമർപ്പിച്ചായിരുന്നു സെനഗൽ കളി തുടങ്ങിയത്‌. ആരാധകരും അദ്ദേഹത്തിന്റെ 19ാം നമ്പർ ജഴ്‌സിയണിഞ്ഞ്‌ സെനഗൽ പതാകകൾ വാനിൽ വീശി. ആദ്യ പകുതിയിൽതന്നെ ഒരു പെനാൽറ്റി ഗോളിൽ സെനഗൽ മുന്നിലെത്തിയപ്പോൾ മുരുകനൊപ്പം സൈനുലും ആഹ്ലാദിച്ചു.

രണ്ടാം പകുതി തുടങ്ങിയപ്പോൾ 67ാം മിനുട്ടിൽ ഇക്വഡോർ സമനില ഗോൾ നേടിയതോടെ ഇരുവരും അസ്വസ്ഥരായി. എന്നാൽ, മൂന്ന്‌ മിനുട്ടിനുള്ളിൽ ഗോൾ മടക്കി സെനഗൽ വിജയവഴിയിൽ തിരിച്ചെത്തി. പിന്നീടുള്ള ഓരോ നിമിഷവും ഫൈനൽപോലെയായിരുന്നു രണ്ടു പേർക്കും. സെനഗൽ വലയിലേക്ക്‌ ഗോൾ കയറാതിരിക്കാൻ സൈനുൽ രണ്ട്‌ കൈകളും ചേർത്ത്‌ പിടിച്ച്‌ പ്രാർഥനയിലായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ കേട്ടപ്പോൾ സെനഗൽ ആരാധകർ ആർപ്പുവിളിച്ചു. മൈതാനത്തിന്‌ അടുത്തുള്ള സെനഗൽ ആരാധകർ കൂടിനിൽക്കുന്ന സ്ഥലത്തേക്ക്‌ സൈനുൽ അൽപം മാറിനിന്നു. സ്‌റ്റേഡിയത്തിലെ ആരവങ്ങൾക്കും ബഹളത്തിനും ഇടയിൽ ജീൻസിന്റെ പോക്കറ്റിൽനിന്നും അവൻ ഒരു ചെറിയ കുപ്പി പുറത്തെടുത്തു.

‘‘മുരുകണ്ണാ... ഫുട്‌ബോളിലെ നിങ്ങളുടെ ഇഷ്ട രാജ്യം ഈ കളിയിൽ ജയിച്ചിരിക്കുന്നു. ലോകകപ്പിലെ മറ്റ്‌ രാജ്യങ്ങളുടെ പടയോട്ടത്തിൽ നാളെ നിങ്ങളുടെ ടീമിന്റെ ഗതിെയന്താകുമെന്ന്‌ എനിക്കറിയില്ല. എങ്കിലും ഈ വിജയാഹ്ലാദത്തിൽ നിങ്ങളും പങ്കാളിയാവുക.’’

അവൻ പതിയെ കുപ്പിയുടെ അടപ്പ്‌ തുറന്ന്‌ ശ്‌മശാനത്തിൽനിന്നും എടുത്ത മുരുകന്റെ ശരീരാവശിഷ്ടങ്ങൾ മൈതാനത്തിലേക്ക്‌ വീശിയെറിഞ്ഞു. വായുവിൽ ആഹ്ലാദനൃത്തം ചെയ്‌ത ആ ഭസ്‌മധൂളികൾ മൈതാനത്തിലേക്ക്‌ പറന്നിറങ്ങി. കർമം ചെയ്‌ത മനസ്സമാധാനത്തോടെ സൈനുലും തിരികെ നടന്നു. അപ്പോഴാണ്‌ അന്ന്‌ മറന്നുപോയ ആ ചോദ്യം സൈനുലിന്‌ ഓർമ വന്നത്‌. ‘‘ഇത്രയും കാലമായിട്ടും എന്താണ്‌ ഒരു വീട്‌ വെക്കാത്തതെന്നായിരുന്നു ആ ചോദ്യം.’’പൂട്ടും താക്കോലും വാതിലുകളും മതിലുമൊന്നുമിഷ്ടമില്ലാത്ത അയാൾ എങ്ങനെയാണ്‌ ഇക്കാലത്തൊരു വീട്‌ വെക്കുക. സൈനുൽതന്നെ ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തി.

News Summary - weekly literature story