Begin typing your search above and press return to search.
proflie-avatar
Login

കസാനക്കോട്ട

കസാനക്കോട്ട
cancel

രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ഇരുകാലിലേക്കും പടർന്നുകയറുന്ന വേദന. റേഡിയോയിൽ അപ്പോൾ ഏത് ദുരന്തങ്ങളിലും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരോ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ ധൃതിയിൽ അടുക്കളയിൽനിന്ന് വരാന്തയുടെ അറ്റത്തുള്ള ബാത്ത്റൂമിലേക്ക്‌ നടന്ന് ടാപ്പ് തുറന്നിട്ടു. സാമ്പാറിൽ വറവിട്ട്‌ കഴിയുമ്പോഴേക്കും ബക്കറ്റിൽ വെള്ളം നിറയും. കുളിക്കാനും സാരിയുടുക്കാനും കണ്ണെഴുതാനും എല്ലാംകൂടി ഇരുപത് മിനിറ്റ് ധാരാളം. കടുക് പൊട്ടിച്ചത് സാമ്പാറിലേക്ക് ഒഴിക്കുന്നതിനിടയിൽ അവൾ വാട്സ്ആപ് നോക്കി. ഫോണിൽ ഇന്ദ്രനീൽ ഗോവിന്ദ് എന്ന് സേവ് ചെയ്ത നമ്പറിൽ പല മെസേജുകൾ വന്നുകിടപ്പുണ്ട്. അവൾ...

Your Subscription Supports Independent Journalism

View Plans

രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ഇരുകാലിലേക്കും പടർന്നുകയറുന്ന വേദന. റേഡിയോയിൽ അപ്പോൾ ഏത് ദുരന്തങ്ങളിലും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരോ സംസാരിക്കുന്നുണ്ടായിരുന്നു.

അവൾ ധൃതിയിൽ അടുക്കളയിൽനിന്ന് വരാന്തയുടെ അറ്റത്തുള്ള ബാത്ത്റൂമിലേക്ക്‌ നടന്ന് ടാപ്പ് തുറന്നിട്ടു. സാമ്പാറിൽ വറവിട്ട്‌ കഴിയുമ്പോഴേക്കും ബക്കറ്റിൽ വെള്ളം നിറയും. കുളിക്കാനും സാരിയുടുക്കാനും കണ്ണെഴുതാനും എല്ലാംകൂടി ഇരുപത് മിനിറ്റ് ധാരാളം.

കടുക് പൊട്ടിച്ചത് സാമ്പാറിലേക്ക് ഒഴിക്കുന്നതിനിടയിൽ അവൾ വാട്സ്ആപ് നോക്കി. ഫോണിൽ ഇന്ദ്രനീൽ ഗോവിന്ദ് എന്ന് സേവ് ചെയ്ത നമ്പറിൽ പല മെസേജുകൾ വന്നുകിടപ്പുണ്ട്. അവൾ ആ നേരമില്ലാത്ത നേരത്തും അത് തുറന്നുനോക്കി. ആദ്യത്തേത് ഒരു വീഡിയോ ആയിരുന്നു. വ്യക്തമല്ലാത്ത സ്ഥലങ്ങൾ, ചിത്രങ്ങൾ, ഉത്തരത്തിൽ തൂക്കിയിട്ടിരിക്കുന്ന നീളമുള്ള കയർ...

അടുപ്പിൽനിന്ന് ചീനച്ചട്ടിയിലേക്ക് തീ പടർന്ന അതേ നിമിഷംതന്നെ ആ കാഴ്ചയിൽ അവളുടെ വയറ്റിൽനിന്നും നെഞ്ചിലേക്ക് ഒരു തീയല പാഞ്ഞുപോയി.

തിരക്കിട്ട് ഒരുങ്ങുന്നതിനിടയിൽ അവൾ ഓർത്തത്‌ ഇന്ദ്രനീലിനെക്കുറിച്ചായിരുന്നു. പേരുപോലെ ഓർമയിലെ ഒരു രത്നത്തിളക്കംതന്നെയാണ് അയാൾ. സ്നേഹത്തിന്റെ, അപാരമായ ചങ്ങാത്തത്തിന്റെ, ചോലമരങ്ങളുടെ, പച്ചയായ ഒരുപിടി മണ്ണ്! കാലത്തിന്റെ തുടർച്ചകളിൽ വിട്ടുപോകാതെ, ജീവിതത്തിലേക്ക് പടർന്നുനിറയുന്ന സ്നേഹം, ഓർമകൾ... വളരെക്കാലങ്ങൾക്കുശേഷമാണ് ഇന്ദ്രനീൽ വീണ്ടും വിളിക്കുന്നതും മെസേജ് അയക്കുന്നതും. പക്ഷേ, ഇക്കാലമത്രയും കണ്ടിട്ടേയില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം ഫേസ്ബുക്കിൽ അവന്റെ പലപല യാത്രകളുടെ പടങ്ങൾ കാണാമായിരുന്നു. അല്ലെങ്കിലും സ്നേഹം അങ്ങനെയാണ്. മണ്ണിനടിയിലെ ജലംപോലെ പുറമേ ഒരടയാളവും കാണിക്കാതെ പ്രാണനിൽ അതുണ്ടാവും. അവൻ ഡൽഹിയിലായിരുന്നെന്നും ജോലി ഒഴിവാക്കിയെന്നുമൊക്കെ അഷിമ പറഞ്ഞാണ് അവൾ അറിഞ്ഞത്. കോളേജ് കാലം മുതൽ എല്ലാ കൂട്ടുകാർക്കും അവനായിരുന്നു ഏറ്റവും പ്രിയപ്പെട്ടവൻ. സ്നേഹത്തിന്റെ, ഒരാകാശംപോലെ അവൻ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. അഭയന് അസുഖമായ നാളുകളിലെപ്പോഴോ ആണ് ഇതിന് മുമ്പൊരിക്കൽ അവൻ വിളിച്ചത്. ആരോ പറഞ്ഞാണ് അവനതറിഞ്ഞത്, ‘‘എന്താവശ്യമുണ്ടേലും നീ വിളിക്കണം. ഞങ്ങളൊക്കെയുണ്ട്’’ എന്നു പറഞ്ഞാണ് അന്നവൻ ഫോൺവെച്ചത്. അങ്ങനെ എത്രപേരുടെ എത്രയെത്ര നേരങ്ങളിൽ പ്രാണവായുപോലെ അവൻ സ്നേഹം പകർന്നിട്ടുണ്ടാവും!

യാത്രയിൽ ബസിൽ ഇരിക്കാനിടം കിട്ടിയപ്പോൾ അവൾ അവൻ അയച്ച മൂന്നാമത്തെ മെസേജ് കണ്ടു. എത്രയോ വർഷങ്ങൾക്കുമുമ്പ് കബനിയുടെ തീരത്തുവെച്ച് അവർ ഒപ്പമെടുത്ത, മങ്ങിത്തുടങ്ങിയ ഒരു ഫോട്ടോ ആണ്. ഇന്ദ്രനീൽ തലയിൽ കെട്ടിയിരിക്കുന്ന ചുവന്ന ഷാൾ അവളുടേതാണ്. അവളുടെ കൈയിൽ അയാളുടെ നീളൻ ബാഗ് തൂങ്ങിനിൽക്കുന്നുണ്ട്.

അവൾ സാരിത്തലപ്പുകൊണ്ട് മുഖം അമർത്തിത്തുടച്ചു. മായ്ച്ചുകളയാനാവാത്ത എത്രയെത്ര ഓർമകളും മനുഷ്യരും ചേർന്നാണ് ഓരോ ജീവിതവും പൂർണതയിലേക്കുള്ള യാത്ര തുടരുന്നത്! ഇന്ദ്രനീലിന്റെ ഓർമകളിലേക്ക് നടക്കുമ്പോൾ ഒരു കാട്ടിലേക്ക് കയറുന്നതുപോലെ അവൾക്ക് തോന്നി. കാടും കടലും ചതിക്കുമെന്ന് ഒരിക്കലവൻ പറഞ്ഞത് അവൾക്കപ്പോൾ ഓർമവന്നു.

ഓഫീസിലെത്തും മുന്നേ അവൾ ഫോൺ സൈലന്റ് ആക്കി നെഞ്ചിന് കുറുകെ സ്ഥിരമായി ഇടുന്ന ചെറിയ ബാഗിനുള്ളിൽ വെച്ചു. എല്ലാവരും എത്തുന്നതേയുള്ളൂ. അൽപനേരംകൊണ്ട് ഓഫീസ് അന്തരീക്ഷം മാറും. ആളനക്കമാവും വരെയുള്ള നിശ്ശബ്ദത പകരുന്ന സമാധാനം പിന്നീട് പലതരം നാട്യങ്ങളിലും ഉപചാരങ്ങളിലും ശ്വാസംമുട്ടി മരിച്ചുപോവും. അൽപനേരത്തേക്കെങ്കിലും കാറ്റും വെളിച്ചവുമുള്ള ആ നിശ്ശബ്ദതയെ സ്നേഹത്തോടെ ഉള്ളിൽ അടച്ചു വെക്കാനാഗ്രഹിച്ച് അവൾ ജനലോരം ചെന്ന് പുറത്തേക്ക് നോക്കി. പലവഴികളിലേക്ക് പലകാര്യങ്ങൾക്കായി ഓടിപ്പോവുന്ന മനുഷ്യർ... പല ഭാവങ്ങൾ... പ്രതീക്ഷകൾ... നിരാശകൾ... ജീവിതം ഒരു ജാഥയിലെന്നപോലെ ഒഴുകിപ്പോവുന്നത് കാണാനായി അവൾ ജനൽ തുറന്നുവെച്ചു.

ലോകം എത്ര പരിചിതമാണ്. എന്നാൽ, അത്രമേൽ അപരിചിതവും. മനുഷ്യരെപ്പോലെ! എല്ലാ മനുഷ്യരുടെയും ദുഃഖങ്ങൾക്കും സ്നേഹത്തിനും വേദനകൾക്കും ഒരേ ഛായയെന്നാലും മനുഷ്യരെല്ലാവരും അത്രക്ക് ഒറ്റപ്പെട്ടവരായി, അപരിചിതരായി പരസ്പരം കാണാതെ, അറിയാതെ ഓടുന്ന ഇടമായി ജീവിതം മാറുന്നതെന്താവും! അവൾക്ക് അങ്ങനെ ഓർത്തിരിക്കെ, ഉള്ളിൽ അൽപം ലാഘവത്വം അനുഭവപ്പെട്ടു. പലതരം വെപ്രാളങ്ങൾ പുറത്തെ തിരക്കുകളിലേക്ക് പതുക്കെ ഇറങ്ങി ലയിച്ചാലെന്നപോലെയുള്ള ഒരുതരം ശാന്തത അവളുടെയുള്ളിൽ നിറഞ്ഞു.

അവൾ വീണ്ടും വാട്സ്ആപ് തുറന്നു. ഇന്ദ്രനീൽ അയച്ച വോയ്സ്‌ മെസേജ് അവൾ ചെവിയോട് ചേർത്തുപിടിച്ചു കേട്ടു:

‘‘നിന്റെ കയ്യിൽ കാശ് ഉണ്ടോ, ഉണ്ടേൽ ഇതേ നമ്പറിൽ ഗൂഗിൾ പേ ചെയ്താൽ മതി’’

അത് കേൾക്കുമ്പോൾ അവളുടെ മനസ്സ് കുടജാദ്രിയുടെ മുകളിലേക്ക് കയറിപ്പോകുന്ന ഒരു ജീപ്പിലായിരുന്നു. ഇന്ദ്രനീലിനും അഷിമക്കും മോഹിനും മാധവിനുമൊപ്പമുള്ള പല യാത്രകൾ അവളുടെ ഉള്ളിൽ നിറഞ്ഞു.

‘‘എന്റെ കയ്യിൽ കുറച്ചേയുള്ളൂ. നിനക്കറിയാലോ ഞാൻ ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന സമയമാണ്.’’

ഇത്രയും ടൈപ് ചെയ്തു തുടങ്ങിയതും അവൾ ഡിലീറ്റ് ചെയ്തു.

ഒരു വിശദീകരണത്തിനും ഒഴിവാക്കാൻ സാധ്യമല്ലാത്തവിധം മനുഷ്യരിൽ ചിലരെങ്കിലും ജീവിതത്തിലുണ്ടാകുമെന്നു മാത്രം ഓർത്ത് അവൾ സീറ്റിൽ വന്നിരുന്നു.

അപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. ശബ്ദം താഴ്ത്തി അവൾ ചോദിച്ചു: ‘‘നീൽ, എന്താണ്?’’

‘‘നിന്റടുത്തുള്ളത് എത്രയാന്ന് വെച്ചാ വേഗം അയക്കൂ. അത്യാവശ്യമാണ്.’’

അവൾ ഫോൺ കട്ട് ചെയ്ത് ചുറ്റിലും നോക്കി. എല്ലാവരും അവരവരുടെ ജോലികളിലാണ്.

അവൾ ബാലൻസ് ചെക്ക് ചെയ്തു. ഇനി കുറച്ച് പൈസ കൂടിയേയുള്ളൂ. മോൾക്ക് പിറന്നാളിന് ഒരുടുപ്പ് വാങ്ങണം. സ്കാനിങ്ങിനുള്ള പൈസ ആരോടെങ്കിലും കടം വാങ്ങേണ്ടിവരും. ആ ആലോചനയുടെ തുടർച്ചയിൽ അവൾ ഇന്ദ്രനീലിന്റെ അക്കൗണ്ടിലേക്ക് പണമയച്ചു. നിസ്സാരമായ ആ തുക അയച്ചുകഴിഞ്ഞപ്പോൾ എത്ര പണം കൊടുത്താലും സ്വന്തമാക്കാൻ കഴിയാത്തൊരു സമാധാനം ഉള്ളിൽ നിറയുന്നത് അവളറിഞ്ഞു.

ഉച്ചക്ക് കാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അടുത്തിടെ ട്രാൻസ്ഫർ ആയി വന്ന സുമോദ് അവളെ നോക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘വിശപ്പ് കൊണ്ടൊന്നുമല്ല, നിങ്ങളെയിങ്ങനെ മുഖാമുഖം ഒന്ന് കാണാനാണ് ഉച്ചയ്ക്ക് ഇതുവഴി വരുന്നത്.’’

അവൾ മുഖമുയർത്തിനോക്കുമ്പോഴേക്കും അയാൾ നടന്നുകഴിഞ്ഞിരുന്നു. അവളോർത്തു, പല പരിക്കുകൾക്കുശേഷവും എഴുന്നേറ്റോടാൻ കഴിയുന്ന അത്ഭുതത്തിന്റെ പേരാണ് ജീവിതം!

ലോകം സ്നേഹത്തെ ഇത്രയേറെ ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ എത്ര ജീവിതങ്ങൾ ആനന്ദഭരിതമായേനെ! എത്ര മനുഷ്യർ അനായാസം സ്നേഹത്തിനുമാത്രം നൽകാൻ കഴിയുന്ന ആനന്ദങ്ങളിൽ വീണൊഴുകിപ്പോയേനെ!

പാത്രം കഴുകി പേപ്പറിൽ പൊതിഞ്ഞ് ബാഗിൽ വെക്കുമ്പോഴും ഉള്ളിൽ നിറയുന്ന ചിന്തകളുടെ വേര് തേടിപ്പോവുകയായിരുന്നു അവൾ. അങ്ങനെ ഓരോ തേടലിലും അന്വേഷണത്തിലും മാത്രം വെളിപ്പെട്ടുവരുന്ന അനേകം സത്യങ്ങളുണ്ട്. കറുപ്പിനും വെളുപ്പിനുമിടയിലുള്ള അനേകം നിറങ്ങളെന്നപോലെ!

ബസിൽ, റോഡിൽ കൂട്ടമായി സഞ്ചരിക്കുമ്പോഴും ഒറ്റക്കായിരിക്കുന്ന അനേകം മനുഷ്യർക്കിടയിൽ ജീവിതത്തെ വായിച്ചു വായിച്ചാണ് ഈയിടെയായി അവളുടെ എല്ലാ നടത്തങ്ങളും.

ഓഫീസിലിരിക്കുമ്പോഴും പലതരം ആകുലതകളുടെ ചിറകുകളിൽ പറന്നുനടക്കുന്ന ശലഭങ്ങൾക്ക് കീഴെയാണ് താനെന്ന് അവൾക്ക് തോന്നും. ആ ഇരിപ്പിലാണ് കസാനക്കോട്ടയിലെ നന്നേ പഴക്കമുള്ള കോഫിഷോപ്പ് അവൾക്കോർമ വരുക. പണ്ട് സമാധാനത്തിന്റെ ഒരു വൻകരപോലായിരുന്നു അത്. കഥകളുടെ കസാനക്കോട്ട. ഇന്ദ്രനീൽ ആണ് നഗരത്തിൽ അത്രയും തിരക്കൊഴിഞ്ഞ, പ്രാചീനമായ അടയാളങ്ങൾ പേറുന്ന കസാനക്കോട്ടയെന്ന കോഫി ഷോപ്പിലേക്കു കൊണ്ടുപോയത്. ചിത്രം വരക്കുന്നവരുടെ, പാട്ടുപാടുന്നവരുടെ പല സംഘങ്ങൾ അന്നവിടെ പതിവായിരുന്നു. ജീവിതത്തെ പച്ചയാക്കി നിർത്തുന്നൊരു യാത്രയുടെ അനേകം വഴികളിൽ ഒന്നായിരുന്നു കസാനക്കോട്ട. നാൽപതുകളിൽ ജീവിതം പലതിലേക്ക് പകുത്തുവെക്കുമ്പോഴും അവൾക്ക് തോന്നാറുണ്ട്, കസാനക്കോട്ടപോലെ ചില ഇടങ്ങൾ, മനുഷ്യർ എല്ലായ്പോഴും ജീവിതത്തിലുണ്ടായിരുന്നെങ്കിലെന്ന്!

വെയിൽ മങ്ങിയ നിരത്തിലേക്ക് ഇറങ്ങുമ്പോൾ സുമോദ് ഗേറ്റിനോട് ചേർന്നുള്ള ആൽത്തറയിലിരുന്ന് അവളെ നോക്കിച്ചിരിച്ചു.

അവൾ ബാഗിൽനിന്ന് ഫോൺ എടുത്തു. ഇന്ദ്രനീൽ ആണ്.

‘‘പറയൂ, നീയെവിടെ ഉണ്ട്?’’

‘‘ഞാനിവിടെ ഓഫീസിൽ. വീട്ടിലേക്കിറങ്ങുന്നു.’’

‘‘എന്നാ നിൽക്കൂ, ഞാനിതാ എത്തി.’’

പതിവുപോലെ പഴകിയ ബുള്ളറ്റിലാണ് അവനെത്തിയത്. അവൾക്ക് അത്ഭുതപ്പെടാൻ നേരം കിട്ടും മുന്നേ ‘‘ബാ പോരെ’’ എന്നവൻ ആംഗ്യം കാട്ടി. അവന്റെ ചുമലിൽ കൈവെച്ച് പിറകിലേക്ക് കയറുന്ന തന്നെ സുമോദ് അൽപം നീരസത്തോടെ നോക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു.

പണ്ട് അവർ ഇരിക്കാറുണ്ടായിരുന്ന കസാനക്കോട്ടയിലെ കോഫിഷോപ്പിന് മുന്നിൽ വണ്ടി നിർത്തി അവൻ പറഞ്ഞു: ‘‘നിന്റെ കയ്യിൽ കാശുണ്ടല്ലോ, നമുക്കൊരു കാപ്പി കുടിക്കാം.’’

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. അവൻ ഭൂതകാലത്തിലെന്നപോലെ, സ്നേഹത്തിന്റെ ആൾരൂപം പോലെ അവളുടെ മുന്നിലിരുന്നു. കളങ്കമില്ലാത്ത ചങ്ങാത്തത്തിന്റെ വഴികളത്രയും അവനൊപ്പം നടന്നത് ആ ഇരിപ്പിലും അവൾക്ക് ഓർത്തെടുക്കാമായിരുന്നു. മഹാവ്യസനങ്ങളുടെ കരയിൽ കൂട്ടിരുന്ന അവനെമാത്രം അവൾ ഓർമയിൽ കണ്ടുകൊണ്ടേയിരുന്നു.

‘‘നീ നോക്കൂ, ഈ ചുറ്റിലുമുള്ളവരൊക്കെ നമ്മുടെ ശത്രുക്കളാണ്.’’

പൊടുന്നനെ അവൻ ശബ്ദം താഴ്ത്തി പറയുന്നത് കേട്ടപ്പോൾ അവൾ ഞെട്ടലോടെ ചുറ്റും നോക്കി.

‘‘ആര്?’’ അവൾ അത്ഭുതപ്പെട്ടു.

‘‘എല്ലാവരും. എല്ലാവരും നമ്മളെ ചതിക്കും. ഒറ്റ എണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല.’’

അവൾ ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘ഏയ്, അങ്ങനെയൊന്നുമില്ല. വെറുതെ തോന്നുന്നതാ.’’

അൽപം ശബ്ദമുയർത്തിയാണ് അവൻ പറഞ്ഞത്: ‘‘എടീ, സത്യം, നിനക്ക് മനസ്സിലാവില്ല, ഇന്നലെ ഇവന്മാർ എന്നെ കെട്ടിയിട്ടു.’’

അപ്പോൾ ഒരു ഗ്രൂപ്പ്‌ ആയി വന്നിരുന്ന് ചായ കുടിച്ചുകൊണ്ടിരുന്ന കോളജ് കുട്ടികളെ നോക്കിക്കൊണ്ടാണ് അവനത് പറഞ്ഞത്.

അതിന് തെളിവായി രണ്ടു കൈകളിലും തലങ്ങും വിലങ്ങും ഉള്ള ചുവന്ന അടയാളങ്ങൾ അവൻ കാണിക്കുമ്പോൾ അവൾ ഒരാന്തലോടെ മടിയിൽ വെച്ചിരുന്ന ബാഗ് മുറുകെ പിടിച്ചു.

റോഡിൽ അപ്പോഴേക്കും തിരക്ക് കൂടിക്കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്തെ കോച്ചിങ് സെന്ററിൽനിന്നും കുട്ടികൾ കൂട്ടമായി പുറത്തേക്കിറങ്ങുന്നു. പലതരം വണ്ടികളുടെ ബഹളം... ഹോണടികൾ...

‘‘നീൽ, വേഗം ചായ കുടിക്ക്. എനിക്ക് പോണം.’’

അവൾ ധൃതിവെച്ചു.

‘‘ഞാനും വരാം. വണ്ടിയിൽ എണ്ണ കുറവാ. ബസിന്‌ പോകാം. അഭയനേം മോളെയും കാണാലോ.’’

ഇന്ദ്രനീൽ സാവധാനം എഴുന്നേറ്റു. അവന്റെ കാലിൽ മുറിവിന്റെ അടയാളങ്ങൾ. ചെരിപ്പിന്റെ ഒരു കണ്ണി പൊട്ടിയിട്ടുണ്ട്.

അവൾ എഴുന്നേറ്റു. ജീവിതമേൽപിക്കുന്ന അനേകമനേകം നിസ്സഹായതയോടെ, മുന്നിലേക്ക് പതുക്കെ നിരങ്ങിവന്ന ബസിലേക്ക് അവൾ ഓടിക്കയറി. ബസ് തിരക്കിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ അവൾ കണ്ണീരിലൂടെ തിരിഞ്ഞുനോക്കി. ബസിന്‌ പിന്നാലെ അവൻ കൈവീശി ഓടുന്നുണ്ട്. ഏറ്റവും പിന്നിലെ ലോങ് സീറ്റിലിരുന്ന് സാരിത്തുമ്പുകൊണ്ട് മുഖംപൊത്തി അവൾ നിർത്താതെ കരഞ്ഞു.

l

News Summary - Madhyamam weekly story