Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightദസ്തയേവ്സ്കിയുടെ കഥ

ദസ്തയേവ്സ്കിയുടെ കഥ

text_fields
bookmark_border
ദസ്തയേവ്സ്കിയുടെ കഥ
cancel

നോവൽ എന്ന സാഹിത്യരൂപത്തിലൂടെ ലോകമെങ്ങുമുള്ള സഹൃദയരെ കീഴടക്കിയ എഴുത്തുകാരിൽ പ്രധാനികളാണ്​ റഷ്യൻ നോവലിസ്​റ്റുകളായ ടോൾസ്​റ്റോയിയും ദസ്തയേവ്സ്കിയും. അവരിൽ, നയിച്ച ജീവിതത്തി​​​െൻറ അസാധാരണത്വംകൊണ്ടും രചനക്ക് സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങൾകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്ന സാഹിത്യകാരനാണ് ദസ്തയേവ്സ്കി. അദ്ദേഹത്തിന് മലയാളത്തിൽ രണ്ട് ജീവചരിത്രമെങ്കിലും ഉണ്ട്. കൂടാതെ, മലയാള പുസ്തക വിൽപനയിൽ ​റെക്കോഡ് സൃഷ്​ടിച്ച പെരുമ്പടവം ശ്രീധര​​​െൻറ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിക്കപ്പെട്ടിരിക്കുന്നത് അസാമാന്യ പ്രതിഭാശാലിയായ ദസ്തയേവ്സ്കിയുടെ ജീവിതകഥ ആധാരമാക്കിയാണ്. പ്രശസ്ത മലയാള നോവലിസ്​റ്റായ കെ. സുരേന്ദ്രൻ ജീവചരിത്രകാരൻ എന്ന നിലയിലും പ്രസിദ്ധനാണ്. ടോൾസ്​റ്റോയ്, കുമാരനാശാൻ തുടങ്ങിയ പ്രതിഭകളുടെ ജീവചരിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1976-ൽ പ്രസിദ്ധീകരിച്ച ‘ദസ്തയേവ്സ്കിയുടെ കഥ’യാണ് അദ്ദേഹം മലയാളികൾക്ക് നൽകിയ മറ്റൊരു ജീവചരിത്രകൃതി. കെ. സുരേന്ദ്ര​​​െൻറ നോവലുകളിലെ കഥാപാത്രങ്ങൾ  ജീവിച്ചിരുന്നവരെ ഓർമപ്പെടുത്തുന്നതുകൊണ്ട് ജീവചരിത്ര സദൃശമാണ് എന്ന് പലരും പരാതി പറയാറുണ്ട്. പരാതിയുടെ മറുവശം അദ്ദേഹം എഴുതിയ ജീവചരിത്രങ്ങൾ നോവലുകൾ പോലെയാണ് എന്നതാണ്. അദ്ദേഹം അത് നിഷേധിച്ചിട്ടുമില്ല. ജീവചരിത്രരചനക്കായി സുരേന്ദ്രൻ സ്വീകരിച്ചത് അസാമാന്യ പ്രതിഭാശാലികളെയായിരുന്നു. സാധാരണയിൽനിന്ന് വ്യത്യസ്തമായ ജീവിതം നയിച്ചവരായിരുന്നു അവർ. അവർ അനുഭവിക്കുന്നതാകട്ടെ ആഴമേറിയ അന്തഃസംഘർഷവും. ശരാശരി മനുഷ്യനെ വിലയിരുത്തുന്ന അളവുകോലുകൾ അത്തരക്കാർക്ക് പാകമാവുകയില്ല.

ദസ്തയേവ്സ്കിയുടെ ജീവിതത്തെക്കാൾ നാടകീയവും ഉദ്വേഗജനകവും നാനാഭാവ ബഹുലവും ആയ ഒരു രൂക്ഷകഥ ഒരു നോവലെഴുത്തുകാരനും, ദസ്തയേവ്​സ്​കിക്കുപോലും, കിട്ടിയിട്ടില്ല എന്ന് സുരേന്ദ്രൻ കൃതിയുടെ മുഖവുരയിൽ പറഞ്ഞിട്ടുണ്ട്. നോവലിനേക്കാളും നോവലാണ് ഈ കൃതി എന്ന് പറഞ്ഞത് നേര്. എന്നാൽ, സംഭവിച്ചിട്ടില്ലാത്തതോ വസ്തുതാവിരുദ്ധമോ ആയ ഒരു കാര്യത്തിനും കൃതിയിൽ ഇടം നൽകിയിട്ടില്ല. ദേവനും അസുരനും ഒരേ വ്യക്തിയിൽത്തന്നെ കുടികൊണ്ടപ്പോൾ അനുഭവപ്പെടുന്ന സംഘർഷം അനുഭവിക്കാൻ ശപിക്കപ്പെട്ടവനായിരുന്നു  ദസ്തയേവ്സ്കി. 1921-ൽ മോസ്കോയിലായിരുന്നു ജനനം. ബാല്യത്തിലേ സാഹിത്യാഭിമുഖ്യം പിടികൂടി. ഇരുപത് വയസ്സായപ്പോൾ ആദ്യനോവൽ പ്രസിദ്ധീകരിച്ചു. ദേശവിരുദ്ധ സാഹിത്യം ചർച്ചചെയ്യുന്ന ഒരു സംഘത്തിൽ പങ്കാളിയായതി​​​െൻറ പേരിൽ  പൊലീസ് പിടിയിലായ അദ്ദേഹം വധശിക്ഷക്ക്​ വിധിക്കപ്പെട്ടു. ശിക്ഷ നടപ്പാക്കുന്നതിന് ഏതാനും നിമിഷം മുമ്പ് ഇളവ് കിട്ടി, സൈബീരിയയിലെ കൊടും തണുപ്പിൽ കഠിനവും ക്രൂരവുമായ ഏകാന്ത തടവിലാക്കപ്പെട്ടു. അതിനെത്തുടർന്ന് നിർബന്ധിത സൈനിക സേവനവും വേണ്ടിവന്നു. ജീവിതം പുനരാരംഭിച്ചത് പത്രപ്രവർത്തകനായിട്ടാണ്.

ചൂതാട്ടത്തിലുള്ള താൽപര്യം സാമ്പത്തികത്തകർച്ചയിലേക്ക് നയിച്ചു. സങ്കീർണമായ ചില സ്നേഹബന്ധങ്ങളിലും സൗഹൃദങ്ങളിലും ചെന്നുപെടുകയുംചെയ്തു. ഒന്നിനൊന്ന് മെച്ചപ്പെട്ട അദ്ദേഹത്തി​​​െൻറ നോവലുകൾ റഷ്യയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഏറെ ഭാഷകളിലേക്ക് വിവർത്തനങ്ങൾ വന്നതോടെ അദ്ദേഹം വിശ്വവിഖ്യാതനായി മാറി, ഐൻസ്​റ്റൈൻ, നീത് ഷേ, ഹെർമൻ ഹെസ്സേ, നട്ട് ഹസൻ, ആന്ദ്രെ ജീഡ് , വിർജീനിയ വുൾഫ്... തുടങ്ങി പ്രസിദ്ധരായ എഴുത്തുകാർ ദസ്തയേവ്സ്കിയെ പ്രശംസകൊണ്ട് മൂടി. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ തുടങ്ങി 15 നോവലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചെറുകഥ, നാടകം, വിവർത്തനം തുടങ്ങിയവ വേറെയും ഉണ്ട്.

പിശാചിൽ കുടിയിരിക്കുന്ന പ്രവാചകൻ, പ്രേമം എന്ന ആത്മക്ഷോഭം, പിശാചുക്കളോട് ഒരു കുരിശുയുദ്ധം തുടങ്ങി അർഥസൂചകങ്ങളായ തലക്കെട്ടുകൾ ഉള്ള 18 അധ്യായങ്ങളായാണ് ‘ദസ്തയേവ്സ്കിയുടെ ജീവിത കഥ’ ഇവിടെ ചുരുൾ നിവർത്തിയിരിക്കുന്നത്. ഒരു ​ൈവദേശിക സാഹിത്യകാര​​​െൻറ ദീർഘമായ ഈ ജീവിത കഥ മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ പത്രാധിപർ എം.ടി. വാസുദേവൻ നായർ തയാറാവുകയും വായനക്കാർ അത് സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dastoivsky
News Summary - Dastoivsky
Next Story