Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകൊച്ചിയിൽനിന്ന്...

കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക്

text_fields
bookmark_border
കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക്
cancel

ലണ്ടനിലേക്ക് ഒരു യാത്ര എന്നു കേൾക്കുമ്പോൾ മുമ്പായിരുന്നെങ്കിൽ കപ്പൽമാർഗവും ഇപ്പോഴാണെങ്കിൽ വിമാനത്തിലും എന്നായിരിക്കും ആരും കരുതുക. എന്നാൽ, ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്നു കേൾക്കുമ്പോഴോ? അസാധ്യം എന്ന് ആദ്യചിന്തയിൽ തോന്നുമെങ്കിലും അത്തരമൊരു യാത്രയെ യാഥാർഥ്യമാക്കിയ മൂന്ന് സാഹസികരുടെ അനുഭവങ്ങളാണ് ബൈജു എൻ. നായർ എഴുതിയ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ എന്ന പുസ്തകത്തിലുള്ളത്. ഇന്ത്യയിൽനിന്ന് നേപ്പാൾ, ചൈന, കിർഗിസ്താൻ, കസാഖ്സ്താൻ, റഷ്യ, ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ജർമനി, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വേനിയ, എസ്തോണിയ, സ്ലോവാക്യ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, ഇറ്റലി, നെതർലൻഡ്സ്, അയർലൻഡ്, യു.കെ എന്നിങ്ങനെ 27 രാജ്യങ്ങളിലൂടെ 72 ദിവസങ്ങളെടുത്ത് 24,000ത്തോളം കിലോമീറ്റർ താണ്ടി ലണ്ടനിലെത്തിയ അനുഭവങ്ങളാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു നമുക്കായി ഹൃദയഹാരിയായ ഭാഷയിൽ വിവരിക്കുന്നത്.

ദീർഘദൂരം കാറോടിച്ച് ഒരു വർഷത്തിനകം നാല് ദേശീയ റെക്കോർഡുകൾ സ്വന്തമാക്കി ലിംക ബുക്കിൽ ഇടംപിടിച്ച, ദുബൈ പോർട്ട് വേൾഡിെൻറ കൊച്ചി ഘടകം മുൻ ജനറൽ മാനേജറായ സുരേഷ് ജോസഫ്, പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസ് എന്നിവരാണ് ബൈജുവിന്‍റെ സഹയാത്രികർ. 12 ലക്ഷം രൂപക്ക് വാങ്ങിയ സെക്കൻഡ് ഹാൻഡ് എൻഡവറിലാണ്  ചരിത്രമായി മാറിയ ഈ യാത്ര നടത്തിയത്. എൻഡവർ പാഞ്ഞുപോയ ഇടങ്ങളിലെ ദൃശ്യവിസ്മയങ്ങൾ മാത്രമല്ല ഈ പുസ്തകത്തിലുള്ളത്. മറിച്ച് വിവിധ രാഷ്ട്രങ്ങളിൽ കാലുകുത്താനുള്ള (പുസ്തകമെഴുതിയയാളുടെ ഭാഷയിൽ ‘ടയർ കുത്താൻ’) അനുമതിയും വിസയും സംഘടിപ്പിക്കാനുള്ള തത്രപ്പാടുകൾ, കാറിെൻറ പാസ്പോർട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ‘കാർനെറ്റ്’ എന്ന രേഖയെക്കുറിച്ചുള്ള വിവരണം, ഇൻറർനാഷനൽ ൈഡ്രവിങ് ലൈസൻസ് കിട്ടാനുള്ള ബുദ്ധിമുട്ട്, യാത്രക്കിടയിൽ കാറിന് ഇന്ധനം നിറക്കാനുള്ള പ്രശ്നങ്ങൾ തുടങ്ങിയ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ലേഖകൻ നടത്തുന്ന വിവരണത്തിലൂടെ  സാധാരണവായനക്കാരൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരുപാട് അറിവുകൾകൂടി പുസ്തകം പങ്കുവെക്കുന്നുണ്ട്.

മലയാളികൾ പൊതുവേ യാത്രവിവരണ ഗ്രന്ഥങ്ങളും യാത്ര സംബന്ധിയായ ആനുകാലികങ്ങളും ചാനലുകളും ആസ്വദിക്കുന്നവരാണെങ്കിലും സ്വയം യാത്രക്ക് വിമുഖരാണെന്ന് ഈ പുസ്തകത്തിെൻറ മുഖവുരയിൽ എഴുത്തുകാരൻ സക്കറിയ നിരീക്ഷിക്കുന്നുണ്ട്. ബൈജു എൻ. നായരുടെയും കൂട്ടുകാരുടെയും യാത്ര അസാധാരണമായിത്തീരുന്നത് അതിെൻറ ദൈർഘ്യത്തിലും അതവലംബിച്ച കരമാർഗത്തിലും മാത്രമല്ല, അത് ഉൾക്കൊണ്ട സാഹസികതയിലും വെല്ലുവിളിയിലുമാണ് എന്നും അദ്ദേഹം പറയുന്നു. യാത്ര ചെയ്യാനുള്ളതാണ്, വായിക്കാനുള്ളതല്ല. വായനയിലൂടെ നിങ്ങൾക്ക് പകർന്നുകിട്ടുന്ന രസം എത്രയാണോ, അതിെൻറ എത്രയോ മടങ്ങാണ് ഒരു യാത്ര നിങ്ങളെ അനുഭവിപ്പിക്കുക എന്ന് ഈ സാഹസിക യാത്രയിലെ പങ്കാളികൂടിയായ സംവിധായകൻ ലാൽ ജോസ് ഈ പുസ്തകത്തിന് വേണ്ടിയെഴുതിയ ചെറുകുറിപ്പിൽ പറയുന്നു.  

കൊച്ചിയിൽനിന്ന് തുടങ്ങി ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂർ വഴി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലൂടെ അതിർത്തിപ്രദേശമായ സുനോലിയ വഴി നേപ്പാളിൽ പ്രവേശിക്കുന്നതാണ് യാത്രയുടെ ആദ്യഘട്ടം. യഥാർഥത്തിൽ ഗൊരഖ്പൂരിൽനിന്നാണ് ലേഖകൻ തെൻറ പുറംകാഴ്ചകളുടെയും അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വിവരണങ്ങൾ തുടങ്ങുന്നത്. തുടർന്ന് ചൈനയിലേക്കാണ് എൻഡവറിെൻറ യാത്ര. അവിടെ തിബത്തിലെ ഡിങ്ഗ്രി ടൗണിലെത്തുന്ന സംഘം യാത്രയുടെ കാഠിന്യം ആദ്യമായി ചെറിയതോതിൽ നേരിടുന്നുണ്ട്.

നരച്ച ആകാശത്തിന് താഴെ മൺകൂനകൾപോലെയുള്ള മലനിരകളിൽനിന്നുള്ള വരണ്ട കാറ്റിലൂടെ നടക്കാനിറങ്ങിയ ലേഖകനെ, സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഹൈ ആൾട്ടിറ്റ്യൂഡ് സിക്നെസ് എന്ന ശാരീരികാസ്വാസ്ഥ്യം പിടികൂടുന്നു. ഇതിന് പുറമെ അപ്രതീക്ഷിതമായി ‘ഹോം സിക്നെസും’ ലേഖകെൻറ മനസ്സിനെ വലക്കുന്നു. ആ സ്ഥലത്ത് ഒറ്റപ്പെട്ടുപോകുമെന്ന തോന്നലിനെതുടർന്ന് വീട്ടിലേക്ക് തിരികെപോകണമെന്ന ആഗ്രഹം അദ്ദേഹത്തിന് കലശലായി ഉണ്ടാകുന്നു. അങ്ങനെ ഇടക്കിടക്ക് സ്വന്തം മനസ്സിെൻറ അകത്തേക്കും ബാക്കിയുള്ള സമയം പുറംകാഴ്ചകളിലേക്കും കണ്ണുപായിച്ചാണ് ലേഖകൻ യാത്രചെയ്യുന്നത്.

യാത്രയിലുടനീളം തങ്ങൾ താണ്ടിയ രാജ്യങ്ങളുടെ സംസ്കാരം, അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ, വസ്ത്രധാരണ രീതി, ജനങ്ങൾക്ക് ഇന്ത്യക്കാരോടുള്ള സമീപനം, ഭക്ഷണങ്ങളിലെ വൈവിധ്യങ്ങൾ എന്നിവയെല്ലാം ഒപ്പിയെടുക്കാൻ ലേഖകനായിട്ടുണ്ട്, പ്രത്യേകിച്ച് ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ. തിബത്തിലെത്തുന്ന സംഘം ലാസയിലെ ഒരു റെസ്റ്റാറൻറിൽ അത്താഴം കഴിക്കാൻ പോയകാര്യം ഇങ്ങനെയാണ് ലേഖകൻ വിവരിക്കുന്നത്. ‘സംഗതി ബുഫേയാണ്. പക്ഷേ, എല്ലാം നമ്മൾതന്നെ വേവിച്ചുകഴിക്കണം. കഴിക്കാനിരുന്ന മേശയിൽ നാലു ഹോട്ട് പ്ലേറ്റ് അഥവാ ഇൻഡക്ഷൻ ഹീറ്ററുകളുണ്ട്. വെയിറ്റർ വന്ന് ആദ്യം ചോദിക്കുന്നത് എരിവ് കൂടുതൽ വേണോ കുറവുമതിയോ അതോ മീഡിയം വേണോ എന്നാണ്. ഉത്തരം കിട്ടിയാലുടൻ വെള്ളവും മസാലയും നിറച്ച പാത്രങ്ങൾ ഹോട്ട്പ്ലേറ്റിൽവെച്ച് ഹീറ്റർ ഓണാക്കുന്നു. തൊട്ടടുത്ത ബുഫേ സെക്ഷനിൽ നൂറുകണക്കിന് ഭക്ഷണ വിഭവങ്ങളാണുള്ളത്. വിവിധതരം മീനുകൾ, കടൽ വിഭവങ്ങൾ, ചിക്കൻ, പോത്ത്, പച്ചക്കറികൾ, പനീർ ഇങ്ങനെ എല്ലാ വിഭവങ്ങളും വേവിക്കാതെ മസാലപുരട്ടി വെച്ചിരിക്കുകയാണ്. ഇവയിൽനിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് മേശപ്പുറത്തെ ഹോട്ട്പ്ലേറ്റിൽ തിളച്ചുകൊണ്ടിരിക്കുന്ന മസാലവെള്ളത്തിൽ വേവിക്കാൻ ഇടുക..’

ഇങ്ങനെ അപൂർവവും രസകരവുമായ അനുഭവങ്ങളും കാഴ്ചകളും വിവരിച്ച്മുന്നേറുന്ന ഈ യാത്ര, അപ്രതീക്ഷിതമായി ഒരു ‘പ്രശ്ന’ത്തിെൻറ ചുഴിയിൽപെടുന്നുണ്ട്. റഷ്യയിലെ സെൻറ് പീറ്റേഴ്സ് ബർഗിലുള്ള ‘ജയ് ഹിന്ദ് റെസ്റ്റാറൻറി’ൽ വെച്ചായിരുന്നു അത്. അവിടെ ലാൽ ജോസിനെ കാണാനെത്തിയ ചില സുഹൃത്തുക്കളോട് സഹയാത്രികൻ മോശമായി പെരുമാറി എന്ന കാരണത്താൽ ലേഖകനായ ബൈജു യാത്രയിൽനിന്ന് വഴിപിരിയുന്നു. ആദ്യം തിരികെ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച ഇദ്ദേഹം പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ബസിലും മറ്റുമായി യാത്ര തുടരുന്നു. ലേഖകെൻറ ഭാഷയിൽ പറഞ്ഞാൽ 42 ദിവസവും 17,000 കിലോമീറ്ററും എൻഡവറിെൻറ ശീതളിമയിൽ സഹയാത്രികർക്കൊപ്പം ചെലവിട്ട യാത്ര പിന്നീട് ഒറ്റക്കുള്ള യാത്രയായി മാറുന്നു. തുടർന്ന് എസ്തോണിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, ജർമനി, ഡെന്മാർക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ബ്രിട്ടെൻറ മണ്ണിൽ കാലുകുത്തിയ കഥയാണ് ഈ പുസ്തകം വായനക്കാരനുമുന്നിൽ തുറന്നിടുന്നത്. കൂടെ യാത്രികർ കണ്ട അപൂർവ കാഴ്ചകൾ ഫോട്ടോകളുടെ രൂപത്തിലും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹമുണ്ടായിട്ടും യാത്രചെയ്യാനാവാത്ത വായനക്കാരനാണ് സഞ്ചാരസാഹിത്യം തേടിപ്പോകുന്നത്. അക്ഷരങ്ങളിലൂടെ അനുഭവങ്ങൾ ആസ്വദിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തരക്കാർക്ക് നൂറുശതമാനം സന്തോഷം പകരുന്നതാണ് ഈ പുസ്തകമെന്ന് പറയാതെ വയ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A road trip to LondonBaiju N Nair
News Summary - A road trip to London
Next Story